Wednesday, July 25, 2012

ജനജീവിതം തകര്‍ക്കുന്ന യുഡിഎഫ് വാഴ്ച


പതിനാല് മാസത്തിനുള്ളില്‍ വയനാട്ടില്‍ 32 കൃഷിക്കാരെ ആത്മഹത്യയിലേക്ക് തള്ളിവിട്ട ഉമ്മന്‍ചാണ്ടിയുടെ യുഡിഎഫ് സര്‍ക്കാര്‍ സംസ്ഥാനത്തിലെ ജനങ്ങളുടെ ജീവിതം ദുരിതമയമാക്കിത്തീര്‍ത്തിരിക്കുന്നു. പൊതുമുതല്‍ മോഷ്ടിച്ചും വെട്ടിച്ചും പങ്കിട്ടെടുക്കുന്ന വെപ്രാളത്തിനിടയില്‍, സാധാരണക്കാരുടെ നീറുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനോ പരിഗണിക്കുന്നതിനുപോലുമോ അവര്‍ക്ക് സമയവും സന്നദ്ധതയുമില്ല. നിത്യോപയോഗ സാധനങ്ങളുടെ വില സാധാരണക്കാര്‍ക്ക് താങ്ങാനാവാത്തവിധം ഉയര്‍ന്നുകൊണ്ടിരിക്കുമ്പോള്‍, അതിനു പരിഹാരം കാണാതെ, നെല്‍വയലുകളും നീര്‍ത്തടങ്ങളും നിയമവിരുദ്ധമായി നികത്തിയെടുത്ത തങ്ങളുടെ സ്വന്തക്കാരുടെ അനധികൃത നടപടിക്ക് അംഗീകാരം നല്‍കുന്നതിന് അവര്‍ വ്യഗ്രത കാണിക്കുന്നത് അതിന്റെ തെളിവാണ്.

ജൂലൈ 16, 17, 18 തീയതികളിലായി ചേര്‍ന്ന കെപിസിസിയുടെ ഉന്നതാധികാര ഏകോപന സമിതിയിലും യുഡിഎഫ് നേതൃ സമിതിയിലും വിലക്കയറ്റം ചര്‍ച്ചയ്ക്കു വന്നതേയില്ല എന്ന വസ്തുത ശ്രദ്ധേയമാണ്. അതിനുപകരം കേന്ദ്ര ഫണ്ടില്‍ സ്ഥാപിച്ച സ്കൂളുകള്‍ എങ്ങനെ എയ്ഡഡ് ആക്കിയെടുക്കാം, നെല്ലിയാമ്പതിയിലെ എസ്റ്റേറ്റ് ഉടമകളെ എങ്ങനെ പ്രീതിപ്പെടുത്താം, ആറന്മുളയിലെ ഭൂമി നികത്തലിനെ എങ്ങനെ നിയമവിധേയമാക്കാം, 2008ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ പാസാക്കിയ നെല്‍വയല്‍ നീര്‍ത്തട സംരക്ഷണനിയമം എങ്ങനെ അട്ടിമറിക്കാം എന്നൊക്കെയായിരുന്നു അവരുടെ ചര്‍ച്ചയിലെ അജണ്ട. അങ്ങനെ അവര്‍ ചര്‍ച്ച നടത്തിക്കൊണ്ടിരിക്കുന്നതിനിടയിലാണ്, വയനാട്ടില്‍ വീണ്ടും കര്‍ഷക ആത്മഹത്യ നടന്നതും ഇടുക്കിയില്‍ പട്ടിണി കാരണം കുട്ടിയെ വിറ്റതും. നിക്ഷിപ്ത താല്‍പര്യം സംരക്ഷിക്കുന്ന സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്ക് തെളിവാണ് ഇത്. സര്‍ക്കാരും കുത്തക മാധ്യമങ്ങളും മറച്ചുവെയ്ക്കാനും അവഗണിക്കാനും എത്രമാത്രം ശ്രമിച്ചാലും, ജനജീവിതം നിത്യേന കൂടുതല്‍ നരകതുല്യമായിത്തീരുന്നു എന്ന യാഥാര്‍ത്ഥ്യം കേരളത്തെ തുറിച്ചുനോക്കുന്നു. നിത്യോപയോഗ സാധനങ്ങളുടെ വില അനുദിനം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ രണ്ടുമാസത്തിനുള്ളില്‍ അരിയും പച്ചക്കറികളും പഞ്ചസാരയും പഴങ്ങളും പലവ്യഞ്ജനങ്ങളുമടക്കമുള്ള അവശ്യവസ്തുക്കളുടെ വില 30 ശതമാനം കണ്ടാണ് വര്‍ധിച്ചത്. അരിയുടെയും പഞ്ചസാരയുടെയും പരിപ്പ്-പയര്‍വര്‍ഗ്ഗങ്ങളുടെയും വില, അനുദിനം മാറിക്കൊണ്ടിരിക്കുന്ന അവസ്ഥയാണ്. മിക്ക പലവ്യഞ്ജനങ്ങളുടെയും വില, കിലോയ്ക്ക് നൂറുരൂപയുടെ അടുത്തെത്തിയിരിക്കുന്നു. സാധാരണക്കാരുടെ കുടുംബ ബജറ്റ് ആകെ താറുമാറായിരിക്കുന്നു. മുണ്ടുമുറുക്കിയുടുത്തിട്ടുപോലും ജീവിക്കാനാവാത്തവിധം സാധാരണക്കാര്‍ക്ക് തങ്ങളുടെ കപടമാന്യത നിലനിര്‍ത്താന്‍ കഴിയാതെ വന്നിരിക്കുന്നു. അവര്‍ പട്ടിണിയിലേക്ക് വഴതിവീണുകൊണ്ടിരിക്കുകയാണ്. നിത്യവരുമാനക്കാരും കൃത്യശമ്പളക്കാരും ജീവിതത്തിന്റെ രണ്ടറ്റവും മുട്ടിക്കാന്‍ മുമ്പെന്നത്തേക്കാളുമധികം പാടുപെടുന്നു. വിലക്കയറ്റംകാരണം ഉപഭോഗ സാധനങ്ങളുടെ അളവും ഗുണനിലവാരവും കുറയ്ക്കാന്‍ സാധാരണക്കാര്‍ നിര്‍ബന്ധിതരായിത്തീരുന്നതോടെ, അവരുടെ പ്രതിദിന-പ്രതിശീര്‍ഷ ഭക്ഷ്യധാന്യലഭ്യതയും ഉപഭോഗവും പ്രോട്ടീന്‍ ഉപഭോഗവും കലോറി ഉപഭോഗവും കുറയുന്നു. സ്ത്രീകളെയും കുട്ടികളെയുമാണ് അത് കൂടുതല്‍ ബാധിക്കുന്നത്. അവരുടെ പോഷകാഹാരക്കുറവിന്റെ പ്രശ്നം കൂടുതല്‍ രൂക്ഷമാവുകയാണ്. ഒരു തലമുറയെത്തന്നെ ബാധിക്കുന്ന പ്രശ്നമായി അത് രൂക്ഷമായി വളരുകയാണ്. അതിനുള്ള അടിസ്ഥാന കാരണം, ഉദാരവല്‍ക്കരണ-ആഗോളവല്‍ക്കരണ സാമ്പത്തിക നടപടികള്‍ അതിവേഗം നടപ്പാക്കിക്കൊണ്ടിരിക്കുന്ന കേന്ദ്ര ഗവണ്‍മെന്റിന്റെ ജനവിരുദ്ധ നയങ്ങളാണെങ്കിലും, പ്രശ്നം രൂക്ഷമാക്കുന്നതില്‍ സംസ്ഥാനത്തിലെ യുഡിഎഫ് സര്‍ക്കാരിനും തുല്യമായ പങ്കാളിത്തമാണുള്ളത്. വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ സംസ്ഥാന ഗവണ്‍മെന്റിനെക്കൊണ്ട് കഴിയാവുന്ന നടപടികള്‍, യുഡിഎഫ് ഗവണ്‍മെന്റ് കൈക്കൊള്ളുന്നില്ല. മൊത്തക്കച്ചവടക്കാരുടെയും ഊഹക്കച്ചവടക്കാരുടെയും കൊള്ള ലാഭക്കൊതിക്ക് സംസ്ഥാനത്തിലെ ജനങ്ങളെ വലിച്ചെറിഞ്ഞുകൊടുക്കുകയാണ് യുപിഎ സര്‍ക്കാരും യുഡിഎഫ് സര്‍ക്കാരും.

വമ്പന്‍ വിളവെടുപ്പുണ്ടായവര്‍ഷത്തില്‍ ഭക്ഷ്യധാന്യങ്ങള്‍ സ്റ്റോക്കുചെയ്യാന്‍ സ്ഥലമില്ലാതെ, വെളിമ്പ്രദേശത്ത് കുന്നുകൂട്ടിയിട്ടിരിക്കുമ്പോഴും അവ മഴയും മഞ്ഞുംകൊണ്ട് ചീഞ്ഞുപോകുമ്പോഴും സാധാരണക്കാരായ ജനങ്ങള്‍ പട്ടിണി കിടക്കേണ്ടിവരുന്ന അവസ്ഥ ദയനീയംതന്നെയാണ്. "ആംആദ്മി" (സാധാരണക്കാര്‍)യെപ്പറ്റി പ്രസംഗിക്കുന്നത്, അവര്‍ ഇപ്പോള്‍ അവസാനിപ്പിച്ചിരിക്കുന്നു. കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധമായ സാമ്പത്തിക പരിഷ്കാരങ്ങള്‍ക്കുള്ളില്‍നിന്നുകൊണ്ടാണെങ്കിലും സംസ്ഥാന ഗവണ്‍മെന്റിന് കഴിയാവുന്ന നടപടികള്‍ ഏറ്റെടുത്തുകൊണ്ട് ജനങ്ങള്‍ക്ക് ആശ്വാസം നല്‍കിയിരുന്ന എല്‍ഡിഎഫ് സര്‍ക്കാരിന്റെ ബദല്‍ നയങ്ങള്‍ ശ്രദ്ധേയമായിത്തീരുന്നത് ഈ സന്ദര്‍ഭത്തിലാണ്. ഏതാണ്ടെല്ലാ ഉപഭോഗ സാധനങ്ങള്‍ക്കും അന്യസംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടിവരുന്ന കേരളത്തിലെ സാധാരണക്കാര്‍ക്ക് റേഷന്‍കടകളിലൂടെ കൃത്യമായ അര്‍ഹതപ്പെട്ട വിഹിതം വിതരണംചെയ്യുന്നതിന് ആ സര്‍ക്കാര്‍ പ്രത്യേകം നിഷ്കര്‍ഷിച്ചിരുന്നു. അതിനായി കേന്ദ്രവിഹിതം കണക്കുപറഞ്ഞു വാങ്ങുന്നതിനും ശ്രദ്ധിച്ചിരുന്നു. അതിനുപുറമെ സാധനങ്ങള്‍ ഉല്‍പാദിപ്പിക്കുന്ന സംസ്ഥാനങ്ങളില്‍ചെന്ന് മൊത്തമായി വാങ്ങിച്ചുകൊണ്ടുവന്ന്, പറയത്തക്ക ലാഭമൊന്നും എടുക്കാതെ, പലപ്പോഴും സബ്സിഡി നിരക്കിലും ആവശ്യക്കാര്‍ക്ക് വിതരണംചെയ്യുന്നതിനും ശ്രദ്ധിച്ചിരുന്നു. സപ്ലൈകോ, മാവേലി, ത്രിവേണി, കണ്‍സ്യൂമര്‍ഫെഡ്, സഹകരണസംഘങ്ങള്‍ തുടങ്ങിയ സംവിധാനങ്ങള്‍വഴി ഗുണനിലവാരമുള്ള അവശ്യവസ്തുക്കള്‍ മിതമായ വിലയ്ക്ക് എല്‍ഡിഎഫ് സര്‍ക്കാര്‍ വിതരണംചെയ്തു. ഓണം, ക്രിസ്തുമസ്, റംസാന്‍ തുടങ്ങിയ പ്രത്യേക സീസണുകളില്‍ വിതരണ ശൃംഖല കൂടുതല്‍ വിപുലമാക്കി. ഇതിന്റെയൊക്കെ ഫലമായി സാധാരണക്കാര്‍ക്ക് സ്വകാര്യ വിപണിയെ ആശ്രയിക്കേണ്ട അവസ്ഥ അധികം ഉണ്ടായില്ല. സ്വകാര്യ വിപണിയില്‍, അതിനാല്‍ വിലക്കയറ്റം അധികം ഉണ്ടായില്ല. ഊഹക്കച്ചവടക്കാരും പൂഴ്ത്തിവെയ്പുകാരും ആ സര്‍ക്കാരിന്റെമുന്നില്‍ പരാജയപ്പെട്ടു. ഇതിനൊക്കെ പുറമെ അവശ്യസാധനങ്ങളായ നെല്ലും പച്ചക്കറികളും കൂടുതല്‍ ഉല്‍പാദിപ്പിക്കുന്നതിനും അവ കൃത്യമായി സംഭരിക്കുന്നതിനും സ്റ്റോക്കുചെയ്യുന്നതിനും വിതരണംചെയ്യുന്നതിനും ഫലപ്രദമായ സംവിധാനമുണ്ടാക്കി. അതിലൊക്കെ ജനങ്ങളുടെ പങ്കാളിത്തവും മേല്‍നോട്ടവും ഉറപ്പുവരുത്തി; സുതാര്യതയും കാര്യക്ഷമതയും ഉറപ്പുവരുത്തി. നെല്ലിന്റെ താങ്ങുവില വര്‍ദ്ധിപ്പിച്ച് കൃഷിക്കാര്‍ക്ക് പ്രോത്സാഹനംനല്‍കി. റേഷന്‍കടകളിലും സപ്ലൈകോ കടകളിലും മറ്റും സാധനങ്ങള്‍ ആവശ്യത്തിന് മിതമായനിരക്കില്‍ ലഭ്യമാക്കിയിരുന്നുവെന്ന് മാത്രമല്ല, സാധാരണക്കാരും പാവങ്ങളുമായ ആളുകള്‍ക്കുള്ള നിരവധി ക്ഷേമ-പെന്‍ഷന്‍ പദ്ധതികളിലൂടെ അവരുടെ വാങ്ങല്‍ കഴിവ് വര്‍ദ്ധിപ്പിക്കുകയും ചെയ്തു. അങ്ങനെ ഭാവനാപൂര്‍ണ്ണമായ നടപടികളിലൂടെ സമ്പദ്വ്യവസ്ഥയെ സജീവവും ചലനാത്മകവുമായി നിലനിര്‍ത്താന്‍ എല്‍ഡിഎഫ് സര്‍ക്കാരിന് കഴിഞ്ഞിരുന്നു. ഏറക്കുറെ ആവശ്യക്കാര്‍ക്കെല്ലാം രണ്ടുരൂപ നിരക്കില്‍ അരിവിതരണംചെയ്യാന്‍ കഴിഞ്ഞിരുന്ന ആ സര്‍ക്കാരിന്, അങ്ങനെ വിലക്കയറ്റത്തിന്റെ ആഘാതം തടയുന്നതിന് കഴിഞ്ഞു. എന്നാല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ മുന്‍ സംവിധാനങ്ങളെയെല്ലാം തകര്‍ത്തിരിക്കുന്നു. റേഷന്‍കടകളില്‍ ഇന്ന് ഒരു തിരക്കുമില്ല.

സപ്ലൈകോ കടകളില്‍ മിക്ക അവശ്യസാധനങ്ങളും ലഭ്യമല്ല; ലഭ്യമായവയ്ക്ക് ഗുണനിലവാരവുമില്ല. പച്ചക്കറി-നെല്ല് കൃഷി വര്‍ദ്ധിപ്പിക്കുന്നതിനുപകരം, നെല്‍വയല്‍ നികത്തിയ കെട്ടിടനിര്‍മ്മാണ മാഫിയകളെ സന്തോഷിപ്പിക്കുകയാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ചെയ്യുന്നത്. മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് അവശ്യസാധനങ്ങള്‍ സംഭരിക്കുന്ന ഏര്‍പാടുതന്നെ നിര്‍ത്തിയിരിക്കുന്നു. റേഷന്‍ വിതരണത്തിനുള്ള ഭക്ഷ്യധാന്യങ്ങളുടെ വിഹിതം കേന്ദ്രസര്‍ക്കാര്‍ വെട്ടിക്കുറയ്ക്കുമ്പോള്‍, അതില്‍ പ്രതിഷേധം രേഖപ്പെടുത്താന്‍പോലും യുഡിഎഫ് തയ്യാറില്ല. ചുരുക്കത്തില്‍ വിപണിയില്‍ ഫലപ്രദമായി ഇടപെട്ട് വിലക്കയറ്റം തടഞ്ഞുനിര്‍ത്തുന്നതിനുള്ള യാതൊരു നടപടിയും സര്‍ക്കാര്‍ കൈക്കൊള്ളുന്നില്ല. മറിച്ച് ഊഹക്കച്ചവടക്കാരേയും അവധിവ്യാപാരക്കാരേയും കയറൂരിവിട്ട് അവരുടെ ദയാദാക്ഷിണ്യങ്ങള്‍ക്ക് ജനങ്ങളെ വലിച്ചെറിഞ്ഞുകൊടുക്കുന്ന കേന്ദ്രനയം അതേ രൂപത്തില്‍ കൂടുതല്‍ ഊര്‍ജ്ജിതമായി നടപ്പാക്കുകയാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍.

സര്‍ക്കാരിന്റെ കീഴിലുള്ള പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍പോലും സ്വകാര്യ കമ്പനികളെ ഏല്‍പിക്കാന്‍ വെമ്പുന്ന യുഡിഎഫ് സര്‍ക്കാര്‍, എല്‍ഡിഎഫ് സര്‍ക്കാരിന്റെ എല്ലാ ജനോപകാര നയങ്ങളെയും നടപടികളെയും തകിടംമറിക്കുന്നു. അതിന്റെ ഫലമാണ് ഇന്നത്തെ രൂക്ഷമായ വിലക്കയറ്റം. ഈ പോക്ക് കേരളത്തിന്റെ സര്‍വ്വനാശത്തിലേക്കാണ് എന്ന് നാം തിരിച്ചറിയേണ്ടിയിരിക്കുന്നു. അതിനെതിരായി, വിപുലമായ ജനവിഭാഗങ്ങളെ അണിനിരത്തിക്കൊണ്ടുള്ള സമരങ്ങള്‍ വളര്‍ത്തിക്കൊണ്ടുവരേണ്ടത് അനിവാര്യമായിത്തീര്‍ന്നിരിക്കുന്നു.

chintha editorial 270712

No comments:

Post a Comment