Wednesday, August 29, 2012

38,000 പേര്‍ക്കെതിരെ കേസ്


വിലക്കയറ്റം തടയണമെന്നും ഭക്ഷ്യസുരക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് സംഘടിപ്പിച്ച പ്രക്ഷോഭത്തില്‍ അണിനിരന്ന സിപിഐ എം പ്രവര്‍ത്തകരെയും നേതാക്കളെയും കേസെടുത്ത് വേട്ടയാടാന്‍ സര്‍ക്കാര്‍ നീക്കം. ജനദ്രോഹനയങ്ങള്‍ക്കും അഴിമതിക്കും എതിരെ നടക്കുന്ന ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി കഴിഞ്ഞ 22ന് സംഘടിപ്പിച്ച ഉപരോധത്തെ, മഹാഅപരാധമായി ചിത്രീകരിക്കാനാണ് സര്‍ക്കാര്‍ ശ്രമം. പൊതുനിരത്ത് കൈയേറല്‍, ഗതാഗതസ്തംഭനം സൃഷ്ടിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി, സമരത്തില്‍ അണിനിരന്ന 38,000 വളന്റിയര്‍മാര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

തലസ്ഥാനത്ത് സെക്രട്ടറിയറ്റ് ഉപരോധത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഉള്‍പ്പെടെ 5000 പേര്‍ക്കെതിരെയാണ് കേസെടുത്തത്. സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദന്‍, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം വിജയകുമാര്‍, ആനാവൂര്‍ നാഗപ്പന്‍, ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍, വി ശിവന്‍കുട്ടി എംഎല്‍എ എന്നിവര്‍ ഉള്‍പ്പെടെ 17 നേതാക്കള്‍ക്കെതിരെയും ബാക്കി കണ്ടാലറിയാവുന്നവര്‍ക്കെതിരെയും കന്റോണ്‍മെന്റ് പൊലീസാണ് കേസെടുത്തത്. കണ്ണൂരില്‍ പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍, കേന്ദ്രകമ്മിറ്റി അംഗങ്ങളായ പി കെ ശ്രീമതി, കെ കെ ശൈലജ, ജില്ലാ ആക്ടിങ് സെക്രട്ടറി എം വി ജയരാജന്‍, സംസ്ഥാനകമ്മിറ്റി അംഗങ്ങളായ കെ പി സഹദേവന്‍, കെ കെ രാഗേഷ് തുടങ്ങി അയ്യായിരത്തോളം പേര്‍ക്കെതിരെയാണ് ടൗണ്‍ പൊലീസ് കേസെടുത്തത്. കാസര്‍കോട്ട് കേന്ദ്രകമ്മിറ്റി അംഗം പി കരുണാകരന്‍ എംപിയെ ഒന്നാംപ്രതിയാക്കി 10,000 പേര്‍ക്കെതിരെ വിദ്യാനഗര്‍ പൊലീസ് കേസെടുത്തു. കേന്ദ്രകമ്മിറ്റി അംഗം പി കെ ശ്രീമതി ആറാംപ്രതിയാണ്. സംസ്ഥാന കമ്മിറ്റിയംഗം കെ കുഞ്ഞിരാമന്‍ എംഎല്‍എ, ജില്ലാസെക്രട്ടറി കെ പി സതീഷ്ചന്ദ്രന്‍ തുടങ്ങിയവരെയും പ്രതിചേര്‍ത്തു.

ഇടുക്കിയിലെ സബ്ട്രഷറി ഉപരോധത്തില്‍ പങ്കെടുത്ത കേന്ദ്രകമ്മിറ്റിയംഗം വൈക്കം വിശ്വന്‍ ഉള്‍പ്പെടെ നാലായിരത്തോളം പേര്‍ക്കെതിരെയാണ് കേസെടുത്തത്. ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രന്‍ എംഎല്‍എ, സംസ്ഥാന കമ്മിറ്റിയംഗം കെ പി മേരി, എം എം മണി തുടങ്ങിയവര്‍ക്കെതിരെയും കട്ടപ്പന പൊലീസ്് കേസെടുത്തു. എറണാകുളത്ത് സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം വി ഗോവിന്ദന്‍, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ എം സുധാകരന്‍, കെ ചന്ദ്രന്‍പിള്ള, എസ് ശര്‍മ, സി എം ദിനേശ്മണി, പി രാജീവ് എംപി, സി എന്‍ മോഹനന്‍ എന്നിവരടക്കം 1000 പേര്‍ക്കെതിരെയാണ് കേസെടുത്തത്. കോട്ടയത്ത് കലക്ടറേറ്റ് ഉപരോധം ഉദ്ഘാടനംചെയ്ത സംസ്ഥാന സെക്രട്ടറിയറ്റംഗം എളമരം കരീം ഉള്‍പ്പെടെ 1500 ഓളം പേര്‍ക്കെതിരെ ഈസ്റ്റ് പൊലീസ് കേസെടുത്തു. സംസ്ഥാന കമ്മിറ്റിയംഗം വി ആര്‍ ഭാസ്കരനും പ്രതിയാണ്.

പത്തനംതിട്ടയില്‍ ഉപരോധം ഉദ്ഘാടനംചെയ്ത സംസ്ഥാനസെക്രട്ടറിയറ്റ് അംഗം ബേബിജോണ്‍, ജില്ലാസെക്രട്ടറി അഡ്വ. കെ അനന്തഗോപന്‍, സംസ്ഥാനകമ്മിറ്റി അംഗം ആര്‍ ഉണ്ണികൃഷ്ണപിള്ള തുടങ്ങിയവരെല്ലാം പ്രതികളാണ്. തൃശൂരില്‍ വെസ്റ്റ് പൊലീസെടുത്ത കേസില്‍ അഞ്ഞൂറോളം വളന്റിയര്‍മാരെ പ്രതിചേര്‍ത്തു. പാലക്കാട്ട് എം ഹംസ എംഎല്‍എ, കെ വി വിജയദാസ് എംഎല്‍എ, എന്‍ എന്‍ കൃഷ്ണദാസ് എന്നിവരടക്കം 600 പേര്‍ക്കെതിരെയും കേസെടുത്തു. ആലപ്പുഴയില്‍ സിപിഐ എം ജില്ലാ സെക്രട്ടറി സി ബി ചന്ദ്രബാബു ഒന്നാംപ്രതിയായി 38 പേര്‍ക്കെതിരെയും കണ്ടാലറിയുന്ന 1000 പേര്‍ക്കെതിരെയും കേസെടുത്തു. സി കെ സദാശിവന്‍ എംഎല്‍എ, സി എസ് സുജാത എന്നിവരും പ്രതികളാണ്. കൊല്ലത്ത് സിപിഐ എം ജില്ലാ സെക്രട്ടറി കെ രാജഗോപാല്‍, സംസ്ഥാന കമ്മിറ്റിയംഗം പി രാജേന്ദ്രന്‍ എന്നിവരടക്കം 5000 പേര്‍ക്കെതിരെയാണ് കേസെടുത്തത്.

deshabhimani 290812

1 comment:

  1. വിലക്കയറ്റം തടയണമെന്നും ഭക്ഷ്യസുരക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് സംഘടിപ്പിച്ച പ്രക്ഷോഭത്തില്‍ അണിനിരന്ന സിപിഐ എം പ്രവര്‍ത്തകരെയും നേതാക്കളെയും കേസെടുത്ത് വേട്ടയാടാന്‍ സര്‍ക്കാര്‍ നീക്കം. ജനദ്രോഹനയങ്ങള്‍ക്കും അഴിമതിക്കും എതിരെ നടക്കുന്ന ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി കഴിഞ്ഞ 22ന് സംഘടിപ്പിച്ച ഉപരോധത്തെ, മഹാഅപരാധമായി ചിത്രീകരിക്കാനാണ് സര്‍ക്കാര്‍ ശ്രമം. പൊതുനിരത്ത് കൈയേറല്‍, ഗതാഗതസ്തംഭനം സൃഷ്ടിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി, സമരത്തില്‍ അണിനിരന്ന 38,000 വളന്റിയര്‍മാര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

    ReplyDelete