Wednesday, August 29, 2012

നെല്‍വയല്‍-നീര്‍ത്തട സംരക്ഷണ കണ്‍വന്‍ഷന്‍ സെപ്തംബര്‍ 4ന്


സംസ്ഥാനത്തെ നെല്‍വയലുകളും നീര്‍ത്തടങ്ങളും വാണിജ്യ താല്‍പ്പര്യത്തോടെ വ്യാപകമായി നികത്തുന്നതിനെതിരെ കെഎസ്കെടിയു നേതൃത്വത്തില്‍ സെപ്തംബര്‍ നാലിന് തൃശൂര്‍ ടൗണ്‍ ഹാളില്‍ നെല്‍വയല്‍-നീര്‍ത്തട സംരക്ഷണ സമരപ്രഖ്യാപന കണ്‍വന്‍ഷന്‍ ചേരും. കേരളത്തിന്റെ ഭക്ഷ്യസുരക്ഷയും പരിസ്ഥിതിസന്തുലനവും അപകടത്തിലാക്കുന്ന ഗുരുതര സ്ഥിതിയാണ് നിലനില്‍ക്കുന്നതെന്ന് കെഎസ്കെടിയു ജനറല്‍ സെക്രട്ടറി എം വി ഗോവിന്ദന്‍ പ്രസ്താവനയില്‍ പറഞ്ഞു.

ശേഷിക്കുന്ന നെല്‍വയലുകള്‍ മറ്റാവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതിന്റെ ഫലമായി സസ്യങ്ങളും പക്ഷികളും ചെറുജീവികളും പാടെ നീക്കം ചെയ്യപ്പെടുന്നു. ഇതുവഴി നമ്മുടെ ആവാസവ്യവസ്ഥയും തകരുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന നെല്‍വയല്‍-നീര്‍ത്തട സംരക്ഷണനിയമം അട്ടിമറിക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ നിയമഭേദഗതി കൊണ്ടുവരുകയാണ്. ഭൂമാഫിയകളും റിയല്‍ എസ്റ്റേറ്റ് ബിസിനസ്സുകാരും ഇതൊരവസരമായി കണ്ട് വയലുകള്‍ നികത്തി, കോണ്‍ക്രീറ്റ് സൗധങ്ങള്‍ പണിയാന്‍ തുടങ്ങും. ഭൂപരിധിയില്‍ നിന്നും ഒഴിവ് നേടിയ തോട്ടങ്ങളുടെ ഒരു ഭാഗം മറ്റാവശ്യങ്ങള്‍ക്കായി ഉപയോഗിക്കാന്‍ അനുവാദം നല്‍കുകയാണ്. നിയമാനുസൃതം കൈവശം വയ്ക്കാവുന്ന 15 ഏക്കറില്‍ അധികമുള്ള ഭൂമി മിച്ച ഭൂമിയായി ഏറ്റെടുത്ത് ഭൂരഹിതര്‍ക്ക് വിതരണം ചെയ്യണം. സമ്പന്ന താല്‍പ്പര്യം മാത്രം സംരക്ഷിക്കുന്ന യുഡിഎഫ് സര്‍ക്കാരില്‍നിന്ന് അനുകൂല നിലപാട് ഉണ്ടാകുവാന്‍ ശക്തമായ പോരാട്ടത്തിന് കണ്‍വന്‍ഷന്‍ രൂപംനല്‍കും. കേരളത്തിന്റെ പരിസ്ഥിതി സംരക്ഷിക്കാനും ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താനുമുള്ള പോരാട്ടത്തില്‍ നാടിനെ സ്നേഹിക്കുന്ന മുഴുവന്‍ ജനങ്ങളുടെയും പങ്കാളിത്തം എം വി ഗോവിന്ദന്‍ അഭ്യര്‍ഥിച്ചു.

deshabhimani 290812

No comments:

Post a Comment