Wednesday, August 29, 2012

സിഎജിയെ വിമര്‍ശിച്ച് കോര്‍പറേറ്റുകളും


കുത്തകകള്‍ക്ക് വഴിവിട്ട് സഹായംചെയ്യുന്ന കേന്ദ്രസര്‍ക്കാര്‍ നടപടിയും അതിനു പിന്നിലെ അഴിമതികളും പുറത്തുകൊണ്ടുവന്ന ഭരണഘടനാ സ്ഥാപനമായ സിഎജിക്കെതിരെ വിമര്‍ശവുമായി രാജ്യത്തെ വന്‍കിട വ്യവസായികള്‍ രംഗത്ത്. കോര്‍പറേറ്റ് സ്ഥാപനങ്ങളുടെ കൂട്ടായ്മയായ "അസോച"മാണ് സിഎജിക്കെതിരെ രംഗത്തുവന്നത്. സിഎജി റിപ്പോര്‍ട്ട് തെറ്റെന്നു സ്ഥാപിക്കാന്‍ വന്‍ തുക മുടക്കി രാജ്യത്തെ പ്രമുഖ പത്രങ്ങളില്‍ അസോചം പരസ്യവും നല്‍കി.

കല്‍ക്കരി ഖനി അനുവദിക്കല്‍, ഡല്‍ഹി വിമാനത്താവളം, വന്‍കിട വൈദ്യുതപദ്ധതികള്‍ എന്നീ വിഷയങ്ങളിലായി സിഎജി തയ്യാറാക്കിയ റിപ്പോര്‍ട്ടുകള്‍ക്കെതിരെയാണ് അസോചം രംഗത്ത് വന്നിരിക്കുന്നത്. സിഎജിയുടെ കണക്കുകള്‍ സാങ്കല്‍പ്പികം മാത്രമാണെങ്കിലും സ്വകാര്യ കോര്‍പറേറ്റുകള്‍ക്ക് സര്‍ക്കാര്‍ വലിയ സൗജന്യങ്ങള്‍ നല്‍കിയെന്ന തെറ്റായ സന്ദേശമാണ് പ്രചരിക്കുന്നത്. സ്വകാര്യ നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കുകയും തടസ്സങ്ങള്‍ നീക്കുകയുമാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. എന്നാല്‍, തെറ്റായ സിഎജി റിപ്പോര്‍ട്ടുകള്‍ ഉദാരീകരണ പരിഷ്കാരങ്ങളെല്ലാം വലിയ രാഷ്ട്രീയ വെല്ലുവിളിയെന്ന അവസ്ഥ സൃഷ്ടിച്ചിരിക്കുന്നു. പ്രകൃതിവിഭവങ്ങള്‍ ലേലത്തിലൂടെ മാത്രമേ വിതരണം ചെയ്യാവൂ എന്ന വിഷയത്തില്‍ സുപ്രീംകോടതി അന്തിമതീര്‍പ്പ് കല്‍പ്പിച്ചിട്ടില്ല. പ്രകൃതിവിഭവങ്ങള്‍ അനുവദിക്കാന്‍ ലേലംമാത്രമാണ് ഏറ്റവും സുതാര്യമായ മാര്‍ഗമെന്നത് ശരിയല്ല. 3ജി സ്പെക്ട്രം ലേലം ഇതിന് ഉദാഹരണമാണ്. 3ജി സ്പെക്ട്രം ലഭിച്ച കമ്പനികള്‍ക്ക് തങ്ങളുടെ സേവനം ഇപ്പോഴും വിപുലപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല.ലേലത്തുക സൃഷ്ടിച്ച ഉയര്‍ന്ന മുടക്കുമുതലാണ് കാരണം. ഇത് വലിയ കടബാധ്യതയിലേക്ക് ടെലികോംമേഖലയെ തള്ളിവിട്ടു. പൊതുനയങ്ങള്‍ ആര് തീരുമാനിക്കണമെന്നതില്‍ സര്‍ക്കാര്‍ നിലപാട് എടുക്കണം. ജുഡീഷ്യറിയോ ചീഫ് ഓഡിറ്ററോ, മറ്റ് പൗരസംഘടനകളോ പൊതുനയങ്ങള്‍ നയിക്കുന്ന നില വന്നാല്‍ കൂട്ടകുഴപ്പങ്ങള്‍ മാത്രമാകും ഫലമെന്നും അസോചം പറയുന്നു. കല്‍ക്കരി ഖനി ഇടപാടിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് പ്രധാനമന്ത്രിയും സിഎജിയെ വിമര്‍ശിച്ചിരുന്നു.
(എം പ്രശാന്ത്)

deshabhimani 290812

1 comment:

  1. കുത്തകകള്‍ക്ക് വഴിവിട്ട് സഹായംചെയ്യുന്ന കേന്ദ്രസര്‍ക്കാര്‍ നടപടിയും അതിനു പിന്നിലെ അഴിമതികളും പുറത്തുകൊണ്ടുവന്ന ഭരണഘടനാ സ്ഥാപനമായ സിഎജിക്കെതിരെ വിമര്‍ശവുമായി രാജ്യത്തെ വന്‍കിട വ്യവസായികള്‍ രംഗത്ത്. കോര്‍പറേറ്റ് സ്ഥാപനങ്ങളുടെ കൂട്ടായ്മയായ "അസോച"മാണ് സിഎജിക്കെതിരെ രംഗത്തുവന്നത്. സിഎജി റിപ്പോര്‍ട്ട് തെറ്റെന്നു സ്ഥാപിക്കാന്‍ വന്‍ തുക മുടക്കി രാജ്യത്തെ പ്രമുഖ പത്രങ്ങളില്‍ അസോചം പരസ്യവും നല്‍കി.

    ReplyDelete