Saturday, August 25, 2012

ശമ്പളം ലഭിച്ചില്ല: ആര്‍എംഎസ്എ അധ്യാപകര്‍ക്ക് ഇത് പട്ടിണിയുടെ ഓണക്കാലം


കല്‍പ്പറ്റ: പണം അനുവദിക്കാത്തതിനാല്‍ ആര്‍എംഎസ്എ(രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാന്‍) സ്കൂള്‍ അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും ഓണത്തിന് മുമ്പുള്ള ശമ്പളം മുടങ്ങി. 16 മുതല്‍ ശമ്പളം നല്‍കുമെന്നായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപനം. എന്നാല്‍ വയനാട്, കാസര്‍കോട്, ഇടുക്കി ജില്ലകളിലെ അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കുമാണ് ഇതുവരെ ശമ്പളം ലഭിക്കാത്തത്. തിരുവനന്തപുരത്തെ പ്രൊജക്ട് ഓഫീസില്‍നിന്ന് പണം അനുവദിക്കാത്തതാണത്രെ ശമ്പളം മുടങ്ങാന്‍ കാരണം. ഓണബോണസും ലഭിച്ചിട്ടില്ല. ആര്‍എംഎസ്എ പ്രൊജക്ട് ഡയറക്ടറാണ് പണം അനുവദിക്കേണ്ടത്. ഡയറക്ടര്‍ ഡിഡിഇമാര്‍ക്ക് തുക അനുവദിക്കുകയും ഡിഡിഇ പ്രധാനാധ്യാപകര്‍ക്ക് ചെക്ക് നല്‍കുകയുമാണ് ചെയ്യുന്നത്. കഴിഞ്ഞ മാര്‍ച്ചില്‍ ആണ് വയനാട്ടില്‍ അവസാനമായി പണം അനുവദിച്ചത്. ഇത് കഴിഞ്ഞമാസത്തോടെ തീര്‍ന്നു. സ്കൂളുകള്‍ക്ക് കെട്ടിടം നിര്‍മിക്കാനുള്ള തുക വകമാറ്റിയാണ് ജൂലൈയില്‍ ശമ്പളം നല്‍കിയത്. ഓണശമ്പളത്തിനായി ദിവസങ്ങളായി പ്രധാനാധ്യാപകര്‍ ഡിഡിഇ ഓഫീസ് കയറിയിറങ്ങിയിട്ടും ഫലമുണ്ടായില്ല.

ഓരോ മാസത്തെയും ചെലവ് സംബന്ധിച്ച വിവരം ഡിഡിഇമാര്‍ യഥാസമയം പ്രെജക്ട് ഓഫീസില്‍ നല്‍കണം. എന്നാല്‍ ഇത് നല്‍കുന്നതില്‍ വീഴ്ചവരുത്തുന്നതായി പ്രൊജക്ട് അധികൃതര്‍ പറഞ്ഞു. ചെലവിന്റെ അടിസ്ഥാനത്തിലാണ് പിന്നീട് തുക അനുവദിക്കുക. ചെലവ് സംബന്ധിച്ച വിവരം (എക്സ്പെന്‍ഡീച്ചര്‍ സ്റ്റേറ്റ്മെന്റ്) നല്‍കാന്‍ നിരവധിതവണ ആവശ്യപ്പെട്ടാലും ലഭിക്കാറില്ലെന്നും പ്രൊജക്ട് അധികൃതര്‍ വ്യക്തമാക്കി. കഴിഞ്ഞ അധ്യയനവര്‍ഷമാണ് ജില്ലയിലെ 12 യുപി സ്കൂളുകള്‍ ആര്‍എംഎസ്എ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഹൈസ്കൂളാക്കിയത്. കുഞ്ഞോം, പേര്യ, തോല്‍പ്പെട്ടി, അതിരാറ്റുകുന്ന്, പരിയാരം, വാളേരരി, വാളവയല്‍, കോട്ടത്തറ, കുപ്പാടി, നെല്ലറച്ചാല്‍, കാപ്പിസെറ്റ്, മാതമംഗലം എന്നിവിടങ്ങളിലെ ഹൈസ്കൂളുകളാണ് ഇപ്പോള്‍ പദ്ധതിയിലുള്ളത്്. ഒരു സ്കൂളിലും ഇതേവരെ ഹൈസ്കൂള്‍ ക്ലാസുകള്‍ക്കുള്ള കെട്ടിടമില്ല. എല്ലയിടത്തുമുള്ളത് യുപിയുടെ സൗകര്യംമാത്രമാണ്. സ്കൂളുകള്‍ ഹൈസ്കൂളുകളായി ഉയര്‍ത്തിയതല്ലാതെ അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയില്ല. ഷെഡുകളിലാണ് ക്ലാസുകള്‍ പ്രവര്‍ത്തിക്കുന്നത്. തുക കുറവായതാണ് കെട്ടിടം നിര്‍മിക്കാന്‍ തടസം. 10 കാസ്സ് മുറികളും ഓഫീസും സ്റ്റാഫ് റൂമും മൂത്രപ്പുരകളും ലാബും ലൈബ്രറിയും ഉള്‍പ്പെടെയുള്ള കെട്ടിടം നിര്‍മ്മിക്കാന്‍ 58 ലക്ഷമാണ് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചിട്ടുള്ളത്. ഈ തുകകൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കാനാകില്ല. കെട്ടിടം നിര്‍മിക്കാന്‍ കേന്ദ്രം അനുവദിച്ച രണ്ടുകോടി 40 ലക്ഷം ഒന്നരവര്‍ഷത്തോളമായി ഡിഡിഇയുടെ അക്കൗണ്ടില്‍ കിടക്കുകയാണ്. ഒരുസ്കൂളിന് 20ലക്ഷം രൂപ വീതമാണുള്ളത്. ഈ തുക ഉപയോഗിച്ചാലേ 58 ലക്ഷത്തിലെ ബാക്കി ലഭിക്കുകയുള്ളു.

deshabhimani 240812

No comments:

Post a Comment