Monday, August 27, 2012

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ടിവിക്കും പത്രത്തിനും വിലക്ക്


കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാര്‍ ടെലിവിഷന്‍ കാണുന്നതിനും പത്രങ്ങള്‍ വായിക്കുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തി. പകല്‍ ടെലിവിഷന്‍ പ്രവര്‍ത്തിപ്പിക്കരുതെന്നാണ് നിര്‍ദേശം. സ്ഥാനക്കയറ്റം ലഭിച്ചെത്തിയ രണ്ട് ജയിലര്‍മാര്‍ സ്റ്റാഫ് കൗണ്‍സില്‍ തീരുമാനമെന്ന വ്യാജേനയാണ് വിലക്കേര്‍പ്പെടുത്തിയത്. നിലവില്‍ രാവിലെ പത്തുമുതല്‍ എല്ലാ ബ്ലോക്കിലും ദിനപ്പത്രങ്ങള്‍ ലഭിക്കുമായിരുന്നു. മലയാളം, ഇംഗ്ലീഷ് പത്രങ്ങള്‍ക്കുപുറമെ, ജയില്‍ ലൈബ്രറിയില്‍നിന്ന് ആനുകാലികങ്ങളും വായിക്കാം. ഇപ്പോള്‍ പകല്‍ പന്ത്രണ്ടോടെയാണ് പത്രം നല്‍കുന്നത്. ടെലിവിഷന്‍ രാവിലെ പത്തുമുതലാണ് പ്രവര്‍ത്തിപ്പിക്കുന്നത്. പകല്‍ ഒരു കാരണവശാലും ടെലിവിഷന്‍ ഓണ്‍ ചെയ്യരുതെന്നാണ് പുതിയ ഉത്തരവ്. കള്ളക്കേസില്‍ തടവിലായ സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന് ടെലിവിഷനും ദിനപ്പത്രങ്ങളും ഡിജിപി അനുവദിച്ചിരുന്നു. ഞായറാഴ്ച മുതല്‍ ജയരാജന്റെ മുറിയിലെ ടെലിവിഷനും മറ്റ് ബ്ലോക്കുകളിലെ സമയത്തിനുസരിച്ച് ഓണ്‍ ചെയ്താല്‍ മതിയെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.

ഭരണാനുകൂല സംഘടനയുടെ നേതാക്കളായ രണ്ടുപേര്‍ ജയിലര്‍മാരായി എത്തിയതോടെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിന്റെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും കുത്തഴിഞ്ഞു. തൃശൂര്‍ സ്വദേശിയായ ജയിലര്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന സ്റ്റാഫ് കൗണ്‍സിലില്‍ സിപിഐ എം നേതാക്കളെ ജയില്‍പ്പുള്ളികളെന്ന് അധിക്ഷേപിച്ചിരുന്നു. "കണ്ണൂരിലെ നാണവും മാനവുമില്ലാത്ത ജനങ്ങള്‍ ജയില്‍വാസം അനുഭവിക്കേണ്ടവരാണ്" എന്ന ഇയാളുടെ പരാമര്‍ശം ഉദ്യോഗസ്ഥരിലും പ്രതിഷേധമുണ്ടാക്കിയിരുന്നു. ഫസല്‍ വധക്കേസില്‍ കുടുക്കപ്പെട്ട കാരായി രാജനെയും കാരായി ചന്ദ്രശേഖരനെയും സെന്‍ട്രല്‍ ജയിലിലെത്തിച്ചപ്പോള്‍ കാണാനെത്തിയ തടവുകാരെ അസഭ്യം വിളിച്ച് പ്രകോപിപ്പിക്കാനും ജയിലര്‍മാര്‍ ശ്രമിച്ചിരുന്നു. തടവുകാരെ നിരന്തരം പ്രകോപിപ്പിച്ചിരുന്ന ഭരണാനുകൂല സംഘടനാനേതാവായ വാര്‍ഡറെ അച്ചടക്കനടപടിയുടെ ഭാഗമായി അടുത്തിടെ സ്ഥലംമാറ്റിയിരുന്നു. തടവുകാരന്റെ ഭാര്യയെ വീട്ടിലേക്ക് ഫോണ്‍ വിളിച്ച് ശല്യപ്പെടുത്തിയത് ഉള്‍പ്പെടെ നിരവധി പ്രശ്നം ഇയാളുടെപേരിലുണ്ട്. ജയിലുദ്യോഗസ്ഥരുടെ പരിശീലനകേന്ദ്രമായ സിക്കയിലെ വാര്‍ഡര്‍ ട്രെയിനികളായ യുവതികളുടെ താമസസ്ഥലത്ത് കഴിഞ്ഞദിവസം രാത്രിയില്‍ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ എത്തിയതും വിവാദമായിട്ടുണ്ട്. സംഭവം ഒതുക്കിയെങ്കിലും സ്ഥാപനത്തിന്റെ മുകള്‍നില ഗ്രില്ലിട്ട് സുരക്ഷിതമാക്കാന്‍ വകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്.

deshabhimani 270812

1 comment:

  1. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാര്‍ ടെലിവിഷന്‍ കാണുന്നതിനും പത്രങ്ങള്‍ വായിക്കുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തി. പകല്‍ ടെലിവിഷന്‍ പ്രവര്‍ത്തിപ്പിക്കരുതെന്നാണ് നിര്‍ദേശം. സ്ഥാനക്കയറ്റം ലഭിച്ചെത്തിയ രണ്ട് ജയിലര്‍മാര്‍ സ്റ്റാഫ് കൗണ്‍സില്‍ തീരുമാനമെന്ന വ്യാജേനയാണ് വിലക്കേര്‍പ്പെടുത്തിയത്.

    ReplyDelete