Sunday, August 26, 2012

ഷുക്കൂര്‍ കേസില്‍ ശിക്ഷ വിധിച്ച് മാധ്യമക്കോടതി


ഷുക്കൂര്‍ വധക്കേസ് കോടതിയിലെത്തുംമുമ്പേ പി ജയരാജനെയും ടി വി രാജേഷ് എംഎല്‍എയെയും വിചാരണ ചെയ്ത് മാതൃഭൂമി ശിക്ഷവിധിച്ചു. ഇരുവരും ചെയ്തത് ഏഴുവര്‍ഷം വരെ തടവുശിക്ഷ കിട്ടാവുന്ന കുറ്റമാണെന്നാണ് മാതൃഭൂമിയുടെ ഒടുവിലത്തെ കണ്ടെത്തല്‍. ഇന്ത്യന്‍ശിക്ഷാനിയമത്തിലെ മൂന്നുവകുപ്പുകള്‍ പരിശോധിച്ച വിധിയില്‍ ജനനേതാക്കളെ തടങ്കലിലിടുമെന്ന മുന്‍വിധി. ലീഗക്രമത്തില്‍ പരിക്കേറ്റ വാദികളെ പ്രതികളാക്കിയ പൊലീസ് ബുദ്ധിയെയും തോല്‍പ്പിക്കുന്നതായി "സത്യവും സമത്വവും സ്വാതന്ത്ര്യവും" തലക്കുറിയാക്കിയ പത്രത്തിന്റെ പക്ഷപാതം.

ഷുക്കൂറിന്റെ ചിത്രം എംഎംഎസായി അയച്ച്, പാര്‍ടിക്കോടതി വിചാരണ നടത്തി അരുംകൊല ചെയ്തെന്ന് പച്ചക്കള്ളം പ്രചരിപ്പിച്ച മാതൃഭൂമിയും മനോരമയും വിയര്‍ത്തത് കുറ്റപത്രം സമര്‍പ്പിച്ചപ്പോഴാണ്. സിപിഐ എം, ഡിവൈഎഫ്ഐ നേതാക്കളെ കുടുക്കണമെന്ന ലീഗ് തിട്ടൂരം നടപ്പാക്കുന്ന പൊലീസിന്റെ വഴികാട്ടികളായ മാധ്യമങ്ങള്‍ക്ക് മുഖം നഷ്ടപ്പെട്ടത് കുറ്റപത്രത്തില്‍ പാര്‍ടിക്കോടതിയെന്ന പരാമര്‍ശം കാണാത്തപ്പോഴാണ്. പ്രതികളെ മുന്‍കൂട്ടി നിശ്ചയിച്ച് പൊലീസ് മര്‍ദനവും ജയില്‍വാസവും വാങ്ങിക്കൊടുക്കുന്ന മാധ്യമങ്ങള്‍ വകുപ്പ് എണ്ണി ശിക്ഷാവിധിയും പ്രഖ്യാപിക്കുമ്പോള്‍ ഒളിഅജന്‍ഡ വ്യക്തം.

കള്ളക്കഥ പൊളിഞ്ഞു പാളീസായപ്പോള്‍ മനോരമ വീണ്ടും പൊലീസിന് ചൂട്ടുപിടിക്കുന്നു. പ്രതികളെ "ഒളിപ്പിച്ചവര്‍"ക്കെതിരെ കേസില്ലെന്നാണ് ഓര്‍മപ്പെടുത്തല്‍. 16 പ്രതികളെ തിരിച്ചറിയാനുണ്ടെന്നും അവരെക്കുറിച്ചുള്ള പരാമര്‍ശം വ്യക്തമല്ലെന്നും മനോരമ ആശങ്കപ്പെടുന്നു. പ്രതികളെ ഒളിപ്പിച്ചവര്‍ക്കെതിരെ ഐപിസി 212 ചുമത്തണമെന്ന് നിയമോപദേശവും നല്‍കുന്നു. സത്യത്തെ പക്ഷപാതത്തോടെ കാണുന്നത് പതിവാക്കിയ "യുഡിഎഫ് മുഖപത്രങ്ങള്‍" പൊലീസിലെ വേട്ടക്കാര്‍ക്ക് ഉത്തേജനം പകരുകയാണ്.

അവിവേകത്തിന്റെ തൊപ്പിയണിഞ്ഞ പൊലീസ് ഉന്നതര്‍ മാധ്യമങ്ങളൊരുക്കുന്ന നാടകത്തില്‍ കോമാളിവേഷവും ഭംഗിയാക്കുന്നു. വീടുകയറി ആരെയും അറസ്റ്റ് ചെയ്യരുതെന്ന ഐജിയുടെ ഉത്തരവിനെതിരെ എരിതീയില്‍ എണ്ണപകരും വിധമാണ് ജില്ലാ പൊലീസ് മേധാവി ശനിയാഴ്ച പ്രസ്താവനയിറക്കിയത്. വീടുകയറിയില്ലെങ്കിലും കിട്ടുന്നിടത്തുവച്ച് പിടിക്കണമെന്നാണ് ജില്ലാ മേധാവിയുടെ ഉത്തരവ്. കോളേജ് മുറ്റത്തും ജയിലങ്കണത്തിലും തൊഴില്‍ശാലകളിലും നിരവധി പേരെ തെരഞ്ഞുപിടിച്ച് തല്ലിച്ചതച്ച കാട്ടുനീതി ഇനിയും തുടരുമെന്ന് വ്യക്തം. ജില്ലയില്‍ ഡിവൈഎസ്പിയെവരെ വധിക്കാന്‍ ശ്രമിച്ച ലീഗിലെ കൊടുംക്രിമിനലുകളുള്‍പ്പെട്ട കേസുകള്‍ എഴുതിത്തള്ളുന്നതില്‍ നീതിസംരക്ഷണത്തിന്റെ നാരായമേന്തുന്ന മാധ്യമങ്ങള്‍ക്ക് ആശങ്കയില്ല. ഈ അക്രമിസംഘത്തിന്റെ വെട്ടേറ്റ് പാതിജീവനായവരെക്കുറിച്ചും വീടും വസ്തുവകകളും നഷ്ടപ്പെട്ടവരെക്കുറിച്ചും ആകുലതയില്ല. സിപിഐ എമ്മുമായി ബന്ധമുണ്ടെങ്കില്‍ അവര്‍ നീതിയര്‍ഹിക്കുന്നില്ലെന്ന് നവമാധ്യമപാഠം.
(സതീഷ് ഗോപി)

പ്രതികള്‍ 100; അറസ്റ്റിലായത് 5 പേര്‍ മാത്രം

തളിപ്പറമ്പ്: സിപിഐ എം ജില്ലാസെക്രട്ടറി പി ജയരാജനെയും ടി വി രാജേഷ് എംഎല്‍എയെയും അരിയില്‍ വധിക്കാന്‍ ശ്രമിച്ച കേസിലെ മുസ്ലിംലീഗുകാരായ 100 പ്രതികളില്‍ ഇതുവരെ അറസ്റ്റിലായത് വെറും അഞ്ചുപേര്‍. സംഭവം നടന്ന് അഞ്ചുമാസം പിന്നിടുമ്പോഴുമുള്ള അവസ്ഥയാണിത്. ലീഗ് പ്രവര്‍ത്തകന്‍ ഷുക്കൂര്‍ കൊല്ലപ്പെട്ട കേസിലെ പ്രതികളില്‍ മൂന്നുപേരൊഴികെ എല്ലാവരെയും പിടികൂടാന്‍ മത്സരിച്ച പൊലീസിന്റെ "വേറിട്ട നീതിയുടെ" തെളിവ്.

പട്ടുവം അരിയില്‍ ഫെബ്രുവരി ഇരുപതിനാണ് ജയരാജനും രാജേഷും ആക്രമണത്തിനിരയായത്. സിപിഐ എം ഏരിയാനേതാക്കള്‍, ദേശാഭിമാനി ലേഖകന്‍ അടക്കമുള്ള മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ക്കും ഗുരുതര പരിക്കേറ്റു. പാര്‍ടി ജില്ലാസെക്രട്ടറിയെ വധിക്കണമെന്ന ഉദ്ദേശ്യത്തോടെ ആസൂത്രിതവും ഏകപക്ഷീയവുമായി നടന്ന ആക്രമണമെന്നു ബോധ്യപ്പെട്ടതിനെതുടര്‍ന്ന് മാവിച്ചേരി അബൂബക്കര്‍, പള്ളി ആലി എന്നിവരടക്കം കണ്ടാലറിയാവുന്ന 100 ലീഗുകാര്‍ക്കെതിരെ വധശ്രമത്തിന് കേസെടുക്കുകയായിരുന്നു. പി കെ അന്‍സാര്‍, പി റഫീഖ്, എം കെ റൗഫ്, കണ്ണങ്കീല്‍ സക്കറിയ, പുതിയാറമ്പത്ത് ഷഫീഖ് എന്നിവര്‍ മാത്രമേ ഇതുവരെ പിടിയിലായുള്ളൂ. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെയും മുസ്ലിംലീഗ് നേതൃത്വത്തിന്റെയും നിര്‍ദേശമനുസരിച്ചാണ് കേസന്വേഷണം നീങ്ങിയത്. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ അക്രമമുള്‍പ്പെടെ ലീഗുകാര്‍ക്കെതിരായ 30 കേസില്‍ 546 പേരാണ് പ്രതികള്‍. ഇതുവരെ പിടികൂടിയത് 22 പേരെ മാത്രവും.
(എം രാജീവന്‍)

deshabhimani 260812

No comments:

Post a Comment