Sunday, September 30, 2012

ഭഗത്സിങ്ങിന്റെ ഓര്‍മയില്‍ സംഗമിച്ചത് ആയിരങ്ങള്‍


ബംഗ(പഞ്ചാബ്): അനശ്വര രക്തസാക്ഷി ഭഗത്സിങ്ങിന്റെ 105-ാം ജന്മവാര്‍ഷികത്തില്‍ ഒത്തുചേരാന്‍ ഖത്കര്‍ കലാനിലെത്തിയത് ആയിരങ്ങള്‍. ഡിവൈഎഫ്ഐയും എസ്എഫ്ഐയും സംയുക്തമായി സംഘടിപ്പിച്ച ദിനാചരണം സമീപകാലത്ത് പഞ്ചാബില്‍ നടന്ന ഏറ്റവും വലിയ വിദ്യാര്‍ഥി-യുവജന മുന്നേറ്റമായി. അയ്യായിരത്തോളം യുവജനങ്ങളും വിദ്യാര്‍ഥികളുമാണ് സംഗമത്തില്‍ പങ്കെടുത്തത്. ഭഗത്സിങ്ങിനോടുള്ള ആദരവും വികാരവായ്പും എല്ലാ തലമുറയിലുംപെട്ട ജനങ്ങളില്‍ ഇപ്പോഴും ഒരേയളവില്‍ നിലനില്‍ക്കുന്നുവെന്ന് ബോധ്യപ്പെടുത്തുന്ന കാഴ്ചയാണ് ഭഗത്സിങ്ങിന്റെ ജന്മദേശമായ ഖത്കര്‍ കലാനില്‍ കണ്ടത്.

ഭഗത്സിങ്ങിന്റെ ജന്മദിനമായ സെപ്തംബര്‍ 28ന് രാവിലെതന്നെ പഞ്ചാബിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രവര്‍ത്തകര്‍ ഷഹീദ് ഭഗത്സിങ് നഗര്‍ ജില്ലയിലുള്ള (പഴയ നവാഷഹര്‍ ജില്ല) ബംഗ പട്ടണത്തിനു സമീപമുള്ള ഖത്കര്‍ കലാനിലേക്ക് ഒഴുകി. ഭഗത്സിങ്ങ് മ്യൂസിയത്തിനു മുന്നില്‍ സ്ഥാപിച്ച പ്രതിമയ്ക്കുമുന്നില്‍ ആയിരങ്ങള്‍ പുഷ്പാഞ്ജലി അര്‍പ്പിച്ചു. ഖത്കര്‍ കലാനില്‍നിന്ന് ബംഗ ടൗണിലേക്ക് നടന്ന പ്രകടനത്തില്‍ അയ്യായിരത്തോളം പേരാണ് പങ്കെടുത്തത്. ഭഗത്സിങ് മഞ്ചില്‍ നടന്ന അനുസ്മരണയോഗത്തിനു മുന്നോടിയായി ഭഗത്സിങ്, സുഖ്ദേവ്, രാജ്ഗുരു എന്നീ ധീര യോദ്ധാക്കളുടെ രക്തസാക്ഷിത്വവും അതിന്റെ സമകാലിക പ്രസക്തിയും ചിത്രീകരിച്ച കലാശില്‍പ്പം അവതരിപ്പിച്ചു.

അനുസ്മരണയോഗം എം ബി രാജേഷ് എംപി ഉദ്ഘാടനംചെയ്തു. യോഗത്തില്‍ സിഐടിയു സംസ്ഥാന പ്രസിഡന്റ് വിജയ് മിശ്ര, ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് സുരീന്ദര്‍സിങ് ഖിവ, സംസ്ഥാന സെക്രട്ടറി സത്നാംസിങ്, വൈസ് പ്രസിഡന്റുമാരായ ഗുര്‍ണിത്സിങ്, കാലുറാം, സുര്‍ജിത്സിങ് ദേര്‍, ട്രഷറര്‍ ഗുര്‍നാംസിങ്, എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് സ്വരണ്‍സിങ്, ഡിവൈഎഫ്ഐ മുന്‍ സംസ്ഥാന പ്രസിഡന്റും സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗവുമായ ദര്‍ശന്‍സിങ് മട്ടു, അഖിലേന്ത്യാ കര്‍ഷകത്തൊഴിലാളി യൂണിയന്‍ സംസ്ഥാന വൈസ്പ്രസിഡന്റ് രാംസിങ് നുര്‍പുരി എന്നിവര്‍ പങ്കെടുത്തു. അനുസ്മരണയോഗത്തില്‍ പങ്കെടുത്തവരെല്ലാം ഖത്കര്‍ കലാനിലെ ഭഗത്സിങ്ങിന്റെ ജന്മഗൃഹവും സന്ദര്‍ശിച്ചു.

deshabhimani 300912

1 comment:

  1. അനശ്വര രക്തസാക്ഷി ഭഗത്സിങ്ങിന്റെ 105-ാം ജന്മവാര്‍ഷികത്തില്‍ ഒത്തുചേരാന്‍ ഖത്കര്‍ കലാനിലെത്തിയത് ആയിരങ്ങള്‍. ഡിവൈഎഫ്ഐയും എസ്എഫ്ഐയും സംയുക്തമായി സംഘടിപ്പിച്ച ദിനാചരണം സമീപകാലത്ത് പഞ്ചാബില്‍ നടന്ന ഏറ്റവും വലിയ വിദ്യാര്‍ഥി-യുവജന മുന്നേറ്റമായി. അയ്യായിരത്തോളം യുവജനങ്ങളും വിദ്യാര്‍ഥികളുമാണ് സംഗമത്തില്‍ പങ്കെടുത്തത്. ഭഗത്സിങ്ങിനോടുള്ള ആദരവും വികാരവായ്പും എല്ലാ തലമുറയിലുംപെട്ട ജനങ്ങളില്‍ ഇപ്പോഴും ഒരേയളവില്‍ നിലനില്‍ക്കുന്നുവെന്ന് ബോധ്യപ്പെടുത്തുന്ന കാഴ്ചയാണ് ഭഗത്സിങ്ങിന്റെ ജന്മദേശമായ ഖത്കര്‍ കലാനില്‍ കണ്ടത്.

    ReplyDelete