Saturday, September 29, 2012

വ്യവസ്ഥ മാറ്റിയാല്‍ ഡിഎംആര്‍സി പിന്മാറും


കരട് ധാരണപത്രത്തിലെ വ്യവസ്ഥകളില്‍ മാറ്റംവരുത്തിയാല്‍ ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍ (ഡിഎംആര്‍സി) മെട്രോ റെയില്‍ നിര്‍മാണ ചുമതല ഏല്‍ക്കില്ലെന്നു സൂചന. കേന്ദ്രാനുമതി ലഭിച്ച് മൂന്നുമാസം പൂര്‍ത്തിയാകുമ്പോഴും കരട് ധാരണപത്രം ഒപ്പിടാനോ നിര്‍മാണം തുടങ്ങാനോ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായിട്ടില്ല. കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെഎംആര്‍എല്‍) എംഡിയുടെ അധികാരപരിധി വിപുലമാക്കുന്നതിന്റെ മറവില്‍ ധാരണപത്രത്തിലെ വ്യവസ്ഥകള്‍ കാര്യമായി മാറ്റിയാല്‍ പിന്മാറുമെന്ന് ഡിഎംആര്‍സി വൃത്തങ്ങള്‍ സൂചിപ്പിച്ചു. പദ്ധതി വൈകാനും സാമ്പത്തികബാധ്യത വര്‍ധിക്കാനും ഇതു കാരണമാകും.

ഡിസംബറിലാണ് ഡിഎംആര്‍സി കരട് ധാരണപത്രം കെഎംആര്‍എല്ലിന് സമര്‍പ്പിച്ചത്. ഇതിലെ ചില വ്യവസ്ഥകളുടെ പേരിലാണ്് മുന്‍ എംഡി ടോം ജോസും ഡിഎംആര്‍സിയുമായി തര്‍ക്കം ഉടലെടുത്തത്. മെട്രോയുടെ നടത്തിപ്പിന് രൂപീകരിച്ച തങ്ങള്‍ക്ക് ധാരണപത്രത്തിലെ വ്യവസ്ഥകള്‍പ്രകാരം നിര്‍മാണത്തില്‍ കാര്യമായ പങ്കില്ലെന്നതാണ് കെഎംആര്‍എലിന്റെ എതിര്‍പ്പിനു കാരണം. നിര്‍മിച്ച് കൈമാറുക (ടേണ്‍ കീ) എന്ന വ്യവസ്ഥയില്‍ ഡിഎംആര്‍സി പദ്ധതി ഏറ്റെടുക്കുന്നതിനെ കെഎംആര്‍എല്‍ എതിര്‍ക്കുന്നു. ഡല്‍ഹിയില്‍ റിലയന്‍സിന്റെ എയര്‍പോര്‍ട്ട് മെട്രോ ഡിഎംആര്‍സി നിര്‍മിച്ച് കൈമാറിയതിനു പിന്നാലെ സാങ്കേതിക തകരാറുണ്ടായി. എക്സ്പ്രസ് മെട്രോ അടച്ചുപൂട്ടി. എന്നാല്‍ ബാധ്യതയില്‍നിന്ന് ഡിഎംആര്‍സി ഒഴിവായത് അവര്‍ ഉദാഹരണമായി പറയുന്നു.

സാമ്പത്തിക ഇടപാടുകളിലും ടെന്‍ഡര്‍, പര്‍ച്ചേസ് എന്നിവയിലും കെഎംആര്‍എലിന് റോളില്ലാത്തതാണ് മറ്റൊരു തര്‍ക്കവിഷയം. കരട് വ്യവസ്ഥകള്‍ അംഗീകരിച്ചാല്‍ കൊച്ചി മെട്രോ നിര്‍മാണത്തില്‍ ഡിഎംആര്‍സിയുടെ സഹായി മാത്രമായി കെഎംആര്‍എല്‍ മാറുമെന്നാണ് പരാതി. എംഡിസ്ഥാനത്തുനിന്ന് ടോം ജോസിനെ മാറ്റിയെങ്കിലും അദ്ദേഹം ഉന്നയിച്ച എതിര്‍പ്പുകളെ പുനഃസംഘടിപ്പിച്ച കെഎംആര്‍എല്‍ ബോര്‍ഡും പിന്തുണയ്ക്കുകയാണ്. 11ന് ചേര്‍ന്ന ആദ്യ ബോര്‍ഡ് യോഗം പദ്ധതിനടത്തിപ്പിനെക്കുറിച്ച് വിശദ ചര്‍ച്ച നടത്തി എംഡിയുടെ അധികാരങ്ങള്‍ പുനഃപരിശോധിക്കാന്‍ തീരുമാനിച്ചു. ഡിഎംആര്‍സി തയ്യാറാക്കിയ റിപ്പോര്‍ട്ട് (ഡിപിആര്‍) അവരുടെ സഹായമില്ലാതെ കാലോചിതമാക്കാനും തീരുമാനിച്ചു. ഇതെല്ലാം ഡിഎംആര്‍സിയെയും ഇ ശ്രീധരനെയും ലക്ഷ്യംവച്ചുതന്നെയാണെന്നാണ് ഡിഎംആര്‍സി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. 13ന് പ്രധാനമന്ത്രി പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ച ചടങ്ങില്‍ ടോം ജോസിനു ലഭിച്ച സ്വീകരണവും പുതിയ ബോര്‍ഡിന്റെ ചായ്വ് വ്യക്തമാക്കുന്നതായി. എന്നാല്‍ ധാരണപത്രത്തിലെ വ്യവസ്ഥകള്‍ മാറ്റി ഡിഎംആര്‍സിയെ നോക്കുകുത്തിയാക്കാന്‍ ശ്രമിച്ചാല്‍ ഇ ശ്രീധരന്‍ വഴങ്ങാനിടയില്ല. അദ്ദേഹം പിന്‍വാങ്ങിയാല്‍ നിര്‍മാണം വൈകും. ഇപ്പോള്‍തന്നെ കെഎംആര്‍എല്ലിന്റെ ഡിപിആര്‍ പുതുക്കലും എംഡിയുടെ അധികാരം പരിശോധിക്കലുമെല്ലാം തീരാന്‍ ഒരുമാസത്തെ താമസമുണ്ട്. ഇ ശ്രീധരന്‍ പിന്‍വാങ്ങിയാല്‍ മറ്റൊരു ഏജന്‍സിയെ കണ്ടെത്താനും കാലതാമസമുണ്ടാകും. നിലവില്‍ നിര്‍മാണം വൈകുന്ന ഓരോ ദിവസവും 40 ലക്ഷം അധികച്ചെലവുണ്ടാകുന്നതായി ശ്രീധരന്‍ വെളിപ്പെടുത്തിയിരുന്നു. ഈ വര്‍ഷം നിര്‍മാണം തുടങ്ങാനായില്ലെങ്കില്‍ നിര്‍മാണച്ചെലവ് 6500 കോടിക്കുമേല്‍ ഉയരുമെന്നാണ് കണക്ക്.

deshabhimani 280912

No comments:

Post a Comment