Saturday, September 29, 2012

കിറ്റെക്സ്: വ്യവസായികളെ കെട്ടിയിടാനാകില്ല: കുഞ്ഞാലിക്കുട്ടി


കേരളത്തിനു പുറത്ത് പോകുന്ന വ്യവസായികളെ ഇവിടെ കെട്ടിയിടാനാകില്ലെന്ന് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി. മലയാളികള്‍ക്ക് കേരളത്തിനുപുറത്തും വ്യവസായം നടത്താം. എമര്‍ജിങ് കേരളയിലൂടെ നിക്ഷേപത്തിന് ശ്രമിക്കുമ്പോള്‍ സര്‍ക്കാരിന്റെ അനാസ്ഥമൂലം കിറ്റെക്സ് ഗ്രൂപ്പ് എറണാകുളത്തുനിന്ന് ശ്രീലങ്കയിലേക്ക് വ്യവസായ സംരംഭം മാറ്റുന്നതിനെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വ്യവസായം സംസ്ഥാനത്തിനകത്തേയ്ക്ക് വരിക മാത്രമല്ല, പുറത്തേയ്ക്ക് പോകുകയുംചെയ്യും. പുറത്താണ് സാധ്യതയെങ്കില്‍ ആരെയും തടയേണ്ടതില്ല. കിറ്റെക്സ് മാനേജ്മെന്റ് ഉയര്‍ത്തുന്ന പ്രശ്നങ്ങള്‍ തനിക്ക് അറിയില്ല. പ്രശ്നം പ്രാദേശികമാണ്. ഗ്രാമ പഞ്ചായത്തുമായാണ് തര്‍ക്കം. മലിനീകരണ വിഷയവുമുണ്ട്. പ്രശ്നം സര്‍ക്കാരിനുമുന്നില്‍ വന്നാല്‍ ഗൗരവമായി പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.

കിറ്റെക്സ് കേരളം വിടുന്നത് നിക്ഷേപാന്തരീക്ഷം മോശമായതിനാല്‍: ഐസക്

കണ്ണൂര്‍: പ്രമുഖ വ്യവസായ ഗ്രൂപ്പായ കിറ്റെക്സ് കേരളം വിടുന്നത് നിക്ഷേപാന്തരീക്ഷത്തിന്റെ പരിതാപകരമായ അവസ്ഥയാണ് സൂചിപ്പിക്കുന്നതെന്ന് മുന്‍ ധനമന്ത്രി ഡോ. തോമസ് ഐസക് പറഞ്ഞു. വന്‍കിട വ്യവസായങ്ങള്‍ തുടങ്ങാന്‍ കാണിക്കുന്ന താല്‍പര്യം നിലവിലുള്ളവ സംരക്ഷിക്കുന്ന കാര്യത്തില്‍ സര്‍ക്കാരിനില്ല. വന്‍കിട ഭൂമി ഇടപാടുകള്‍ക്കുള്ള താല്‍പര്യമാണ് ഇതിനുപിന്നിലെന്ന് സംശയിക്കണം. പുതിയ വ്യവസായം ആരംഭിക്കുന്നതിനേക്കാള്‍ എളുപ്പമാണ് നിലവിലുള്ളവ സംരക്ഷിക്കാനെന്നും ഐസക് പറഞ്ഞു. കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എമര്‍ജിങ് കേരള പോലുള്ള കൊട്ടിഘോഷിച്ച പദ്ധതികള്‍ നടപ്പാക്കുന്നതിനിടെയാണ് കിറ്റെക്സിന്റെ പിന്മാറ്റം. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ച പത്ത് പൊതുമേഖലാ വ്യവസായങ്ങളും ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പൂട്ടി. സംസ്ഥാനത്തെ വ്യവസായങ്ങളുടെ അവസ്ഥയെക്കുറിച്ച് സംരംഭകരുമായി പ്രതിപക്ഷം കൂടിയാലോചന നടത്തും. ബഹുജനങ്ങളുമായും ട്രേഡ് യൂണിയനുകളുമായും ചര്‍ച്ച നടത്തും. ജനശ്രീക്ക് സര്‍ക്കാര്‍ സഹായം നല്‍കിയത് എന്തിന്റെ അടിസ്ഥാനത്തിലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. ഹസന്റെ ഓഹരി സംബന്ധിച്ചു വിശദീകരിക്കാനും മുഖ്യമന്ത്രിക്ക് ബാധ്യതയുണ്ട്- ഐസക് പറഞ്ഞു.

"മറ്റുള്ളവരും കിറ്റെക്സിന്റെ വഴി തേടും"

കൊച്ചി: സര്‍ക്കാരിന്റെയും കോണ്‍ഗ്രസ് നേതാക്കളുടെയും പീഡനം സഹിക്കാനാകാതെ പ്രമുഖ വ്യവസായസ്ഥാപനമായ കിറ്റെക്സ് ഗ്രൂപ്പ് കേരളം വിടുന്നെന്ന വാര്‍ത്ത വ്യവസായമേഖലയിലെങ്ങും ഞെട്ടലുളവാക്കി. വ്യവസായമേഖലയ്ക്കാകെ ദോഷകരമാകുന്ന സര്‍ക്കാരിന്റെ തെറ്റായ സമീപനം തിരുത്തുന്നതിന് സമ്മര്‍ദം ചെലുത്തുമെന്ന് വിവിധ സംഘടനകളുടെ ഭാരവാഹികള്‍ വ്യക്തമാക്കി. തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കിറ്റെക്സ് മേധാവികളെയും ഇവര്‍ സമീപിക്കും. ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത കാര്യമാണ് ഇതെന്ന് വ്യവസായസംരംഭകരുടെ ആഗോള സംഘടനയായ "ടൈ"യുടെ കേരള ചാപ്റ്റര്‍ പ്രസിഡന്റ് ജോണ്‍ പൂങ്കുടി പറഞ്ഞു. കേരളത്തില്‍ ഏറ്റവുമധികം പേര്‍ക്ക് തൊഴില്‍ നല്‍കുന്ന സ്ഥാപനമാണ് കിറ്റെക്സ്. ഇവരുന്നയിച്ച വിഷയം നിസ്സാരമായി കാണാനാവില്ല. ഇത് ടൈ ഏറ്റെടുക്കും. ഭരണാധികാരികളുടെ പീഡനം സഹിക്കാതെ കേരളത്തില്‍ വ്യവസായസ്ഥാപനം പൂട്ടിപ്പോകേണ്ടിവരുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

കേരളം നിക്ഷേപകസൗഹാര്‍ദമാണെന്ന് സര്‍ക്കാരും വാണിജ്യ-വ്യവസായ സമൂഹവും ആവര്‍ത്തിക്കുമ്പോഴും കിറ്റെക്സിനുണ്ടായ അവസ്ഥ അംഗീകരിക്കാനാവില്ലെന്ന് കേരള ചേംബര്‍ ഓഫ് കൊമേഴ്സ് മുന്‍ പ്രസിഡന്റ് ഇ എസ് ജോസ് പറഞ്ഞു. പീഡനം ഏറിയാല്‍ സംരംഭകര്‍ സ്വസ്ഥതയുള്ള സ്ഥലത്തേക്ക് പോകും. ഇത്തരം നയം തിരുത്താന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ കിറ്റെക്സ് ഇപ്പോള്‍ ചിന്തിച്ചതുപോലെ ഇതര സ്ഥാപനങ്ങളും ചിന്തിക്കും. പ്രശ്നപരിഹാരത്തിന് ചേംബര്‍ അടിയന്തര ശ്രദ്ധ ചെലുത്തുമെന്നും ജോസ് വ്യക്തമാക്കി. കിറ്റെക്സ് കേരളം വിടുന്നത് നിര്‍ഭാഗ്യകരമാണെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്‍ഡ്യന്‍ ഇന്‍ഡസ്ട്രി വൈസ് ചെയര്‍മാനും ജിയോജിത്ത് എംഡിയുമായ സി ജെ ജോര്‍ജ് പറഞ്ഞു. എമര്‍ജിങ് കേരളയിലൂടെ നിക്ഷേപകരെ ക്ഷണിക്കുമ്പോള്‍ ഇവിടെനിന്നുള്ള സ്ഥാപനം വിദേശത്തേക്ക് പറിച്ചുനടപ്പെടുന്നത് നിക്ഷേപകരുടെ മുന്നില്‍ തെറ്റായ സന്ദേശമാണ് നല്‍കുകയെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ വ്യവസായമേഖല പൊതുവേ അനുഭവിക്കുന്ന പ്രശ്നങ്ങളാണ് കിറ്റെക്സ് അധികൃതരുടെ വെളിപ്പെടുത്തലിലൂടെ പുറത്തുവന്നിരിക്കുന്നതെന്ന് ഓള്‍ കേരള ചെറുകിട വ്യവസായ അസോസിയേഷന്‍ മുന്‍ പ്രസിഡന്റും വികെസി ഗ്രൂപ്പ് ഉടമയുമായ വി കെ സി മമ്മദ്കോയ പറഞ്ഞു. പഞ്ചായത്ത്അംഗം വിചാരിച്ചാല്‍പ്പോലും വ്യവസായസ്ഥാപനങ്ങള്‍ക്കുള്ള അനുമതി നിഷേധിക്കപ്പെടുന്ന അവസ്ഥയാണുള്ളത്. കേരളത്തില്‍നിന്നുള്ള ഒരു വ്യവസായസ്ഥാപനം ഇവിടെ നിലനില്‍ക്കാനാവാതെ വിദേശത്തേക്ക് കൂടുമാറ്റുന്നത് ഖേദകരമാണെന്ന് സിഐഐ കേരള ചാപ്റ്റര്‍ മുന്‍ പ്രസിഡന്റ് ജോസ് ഡൊമിനിക് പറഞ്ഞു.


കേരളം വിടാനുള്ള കിറ്റക്സ് തീരുമാനം തൊഴിലാളികളെ ആശങ്കയിലാഴ്ത്തുന്നു

കോലഞ്ചേരി: സര്‍ക്കാര്‍പീഡനത്തെ തുടര്‍ന്ന് കേരളംവിടാനുള്ള കിറ്റക്സ് കമ്പനി മാനേജ്മെന്റ് തീരുമാനം തൊഴിലാളികളെ ആശങ്കയിലാഴ്ത്തുന്നു. കമ്പനിയുടെ വിവിധ യൂണിറ്റുകളിലായി എണ്ണായിരത്തോളം ജീവനക്കാരാണുള്ളത്. സംസ്ഥാന സര്‍ക്കാരിന്റെയും യുഡിഎഫ് ഭരിക്കുന്ന കിഴക്കമ്പലം പഞ്ചായത്തിന്റെയും നിരന്തര പീഡനങ്ങളില്‍ മനംനൊന്ത് വ്യവസായം ശ്രീലങ്കയിലേക്ക് പറിച്ചുനടാനാണ് മാനേജ്മെന്റിന്റെ തീരുമാനം.

1995ല്‍ ആരംഭിച്ച കമ്പനിയുടെ വിവിധ യൂണിറ്റുകളില്‍ എട്ടാംക്ലാസ്മുതല്‍ ഡിഗ്രിവരെ വിദ്യാഭ്യാസയോഗ്യതയുള്ളവരാണ് ജോലിചെയ്യുന്നത്. എറണാകുളം, ഇടുക്കി, കോട്ടയം, വയനാട് ജില്ലകളില്‍നിന്നുള്ളവരാണ് തൊഴിലാളികളില്‍ ഏറിയപങ്കും. തീര്‍ത്തും ദരിദ്രമായ ജീവിത പശ്ചാത്തലത്തില്‍നിന്ന് എത്തുന്നവരാണ് ഇവിടത്തെ തൊഴിലാളികളില്‍ ഭൂരിഭാഗവും. എല്ലാവിധ ആനുകൂല്യങ്ങളോടുംകൂടി തൊഴിലെടുക്കുന്ന ഇവരെ സംബന്ധിച്ചിടത്തോളം കമ്പനിയുടെ തീരുമാനം തിരിച്ചടിയായി. കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ വിലയിടിവുമൂലം കടക്കെണിയിലായ കുടുംബങ്ങളില്‍നിന്നുള്ളവരും ആത്മഹത്യചെയ്ത കര്‍ഷകരുടെ കുടുംബങ്ങളില്‍നിന്നുള്ളവരും ഇവിടെ ഉപജീവനം തേടുന്നു. സര്‍ക്കാര്‍നിലപാടിനെ തുടര്‍ന്നുള്ള കമ്പനിയുടെ കേരളത്തില്‍നിന്നുള്ള പിന്മാറ്റം ജീവനക്കാരുടെ പ്രതീക്ഷകളെയാണ് തകിടം മറിക്കുന്നത്. ഗൃഹനിര്‍മാണത്തിന് ഉള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ക്കായി ബാങ്ക് വായ്പയെടുത്ത് ബാധ്യതകളുള്ളവരാണ് ജീവനക്കാരില്‍ ഏറെയും. ഇവരുടെ ഭാവിക്കുമേല്‍ കരിനിഴല്‍ വീഴ്ത്തുന്നതാണ് മാനേജ്മെന്റിന്റെ പുതിയ തീരുമാനം.

അതേസമയം മലിനീകരണ നിയന്ത്രണബോര്‍ഡിന്റെ അനുമതി കത്ത് സമര്‍പ്പിക്കുന്നതുപ്രകാരം പഞ്ചായത്ത് ലൈസന്‍സ് പുതുക്കി നല്‍കുമെന്ന് കിഴക്കമ്പലം പഞ്ചായത്ത് പ്രസിഡന്റ് ജോളി ബേബി പറഞ്ഞു.



deshabhimani 290912

1 comment:

  1. കേരളത്തിനു പുറത്ത് പോകുന്ന വ്യവസായികളെ ഇവിടെ കെട്ടിയിടാനാകില്ലെന്ന് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി. മലയാളികള്‍ക്ക് കേരളത്തിനുപുറത്തും വ്യവസായം നടത്താം. എമര്‍ജിങ് കേരളയിലൂടെ നിക്ഷേപത്തിന് ശ്രമിക്കുമ്പോള്‍ സര്‍ക്കാരിന്റെ അനാസ്ഥമൂലം കിറ്റെക്സ് ഗ്രൂപ്പ് എറണാകുളത്തുനിന്ന് ശ്രീലങ്കയിലേക്ക് വ്യവസായ സംരംഭം മാറ്റുന്നതിനെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

    ReplyDelete