Saturday, September 29, 2012

സംസ്ഥാന വാര്‍ത്തകള്‍ - ജനശ്രീ, എം.വി.രാഘവന്‍, ലീഗ്


ഹസനെ പ്രതിരോധിക്കേണ്ട ബാധ്യതയില്ലെന്ന് ചെന്നിത്തല

ജനശ്രീക്ക് കോണ്‍ഗ്രസുമായി ബന്ധമില്ലെന്ന് ചെന്നിത്തല. പാര്‍ട്ടിയുടെ പോഷകസംഘടനയല്ല. അതുകൊണ്ട് ജനശ്രീയെ കോണ്‍ഗ്രസിന് നിയന്ത്രിക്കാനാവില്ല. കോണ്‍ഗ്രസുകാര്‍ അതിന്റെ നേതൃത്വത്തില്‍ ഉണ്ട് കെപിസിസിയുടെ കീഴിലുള്ള സംഘടനയല്ലെന്നും അതിനെതിരെയുള്ള ആരോപണങ്ങളെക്കുറിച്ചു മറുപടി പറയേതണ്ട് കെപിസിസിയല്ലെന്നും ചെന്നിത്തല പറഞ്ഞു. ഹസനെതിരെ ഉയര്‍ന്ന ആരോപണങ്ങളെ പ്രതിരോധിക്കേണ്ട ബാധ്യത കെപിസിസിക്കില്ല. ചാനല്‍ മേധാവി എന്ന നിലയിലായിരിക്കും ഹസന്‍ വ്യവസായി എന്നു ചേര്‍ത്തതെന്നും ചെന്നിത്തല പറഞ്ഞു. കുടുംബശ്രീയാണ് സ്ത്രീകളുടെ സംഘടന. അതിന് കൂടുതല്‍ ഫണ്ട് സര്‍ക്കാര്‍ നല്‍കി ശക്തിപ്പെടുത്തേണ്ടതുണ്ട്. കള്ള് വ്യവസായം നിര്‍ത്തണമെന്ന ലീഗ് അഭിപ്രായം പ്രായോഗികമല്ല. നിരവധി കുടുംബങ്ങളും ആളുകളും അതുകൊണ്ട് ജീവിക്കുന്നു. അതു കൊണ്ട് കള്ളുവ്യവസായം നിര്‍ത്താന്‍ കഴിയില്ലെന്നും ചെന്നിത്തല പറഞ്ഞു.

മന്‍മോഹനെ പ്രധാനമന്ത്രിയാക്കിയത് കൂട്ടക്കൊലയുടെ കറമായ്ക്കാന്‍: രാഘവന്‍

കണ്ണൂര്‍: ഡല്‍ഹിയില്‍ സിഖുകാരെ കൂട്ടക്കൊല ചെയ്തിന്റെ പാപക്കറ കഴുകിക്കളയാനാണ് മന്‍മോഹന്‍സിങിനെ സോണിയ ഗാന്ധി പ്രധാനമന്ത്രിയാക്കിയതെന്ന് സിഎംപി ജനറല്‍ സെക്രട്ടറി എം വി രാഘവന്‍ പറഞ്ഞു. എന്നാല്‍ മന്‍മോഹന്‍സിങ് വിലക്കയറ്റം സൃഷ്ടിച്ച് കോണ്‍ഗ്രസിനാകെ പാപക്കറയാക്കുകയാണ്. സിഎംപി കണ്ണൂര്‍ ജില്ലാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്ത് വിലക്കയറ്റം അതിരൂക്ഷമാണ്. പെട്രോളിയത്തിന്റെയും ഡീസലിന്റെയും വില അടക്കടി വര്‍ധിപ്പിക്കുകയാണ്. അരിക്കും നിത്യോപയോഗ സാധനങ്ങള്‍ക്കും വന്‍ വിലക്കയറ്റമാണ്. കേന്ദ്രത്തില്‍ കൊള്ളരുതാത്ത ഭരണമാണ് നടക്കുന്നത്.ഇതൊക്കെ സഹിച്ച് സിഎംപി എക്കാലവും കോണ്‍ഗ്രസിനൊപ്പം നില്‍ക്കുമെന്ന് കരുതേണ്ട.കോണ്‍ഗ്രസെന്ന ബൂര്‍ഷ്വാ പാര്‍ടി കുത്തക മുതലാളിമാരുടെയും ഭൂപ്രഭുക്കന്മാരുടെയും താത്പര്യമാണ് സംരക്ഷിക്കുന്നതെന്നും രാഘവന്‍ പറഞ്ഞു.

കള്ള് നിര്‍ത്തുന്നത് ആലോചിക്കണം: ലീഗ്

ഹൈക്കോടതി നടത്തിയ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ കേരളത്തില്‍ കള്ളുവ്യവസായം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കണമെന്ന് മുസ്ലീംലീഗ്. സിഗററ്റിന്റെ ഉപഭോഗം കുറഞ്ഞപ്പോള്‍ ബീഡിമേഖലയും മൊബൈല്‍ ഫോണുകള്‍ വ്യാപകമായപ്പോള്‍ അടച്ചുപൂട്ടേണ്ടിവന്ന എസ്.ടി.ഡി ബൂത്തുകളിലെ ജീവനക്കാരും മറ്റു മാര്‍ഗ്ഗങ്ങള്‍ തേടിയതുപോലെ കള്ളുനിര്‍ത്തുമ്പോള്‍ ആ മേഖലയിലെ തൊഴിലാളികളും മറ്റ് സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തും. അല്ലെങ്കില്‍ അവരെ പുനഃരധിവസിപ്പിക്കണമെന്ന് ലീഗ് പ്രവര്‍ത്തകസമിതിയോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

ഇന്നത്തെ സാഹചര്യത്തില്‍ പരിസ്ഥിതിയുമായി ബന്ധപ്പെടാതെ ഒരു രാഷ്ട്രീയപാര്‍ട്ടിക്കും മുന്നോട്ടുപോകാനാവില്ല. അതുകൊണ്ട് വിശാലമായ ഒരു ഹരിത അജണ്ട തയാറാക്കി അതിന്റെ അടിസ്ഥാനത്തില്‍ മുന്നോട്ടുപോകാന്‍ പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ടെന്നും യോഗതീരുമാനങ്ങള്‍ വിശദീകരിച്ച ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി. വ്യക്തമാക്കി.

ഇവിടെ കള്ളുചെത്തും വില്‍പ്പനയും തമ്മില്‍ യാതൊരു ബന്ധവുമില്ല. ചെത്ത് നാമമാത്രമാണ്. കള്ളുഷാപ്പുകളുടെ എണ്ണമാണെങ്കില്‍ വളരെക്കൂടുതലും. അതുകൊണ്ട് ഈ നിരീക്ഷണം മുഖവിലക്കെടുത്ത് സര്‍ക്കാര്‍ നിലപാട് സ്വീകരിക്കണം. മദ്യവില്‍പ്പനയുമായി ബന്ധപ്പെട്ട് കോടതി പറഞ്ഞ എല്ലാ നിരീക്ഷണങ്ങളും ഉള്‍ക്കൊള്ളണം. മദ്യമേഖലയില്‍ ചെലവാകുന്ന പണവും നഷ്ടപ്പെടുന്ന ആരോഗ്യവും വാഹനാപകടങ്ങളും മറ്റും പരിശോധിക്കുമ്പോള്‍ ഇതിലൂടെ ഉണ്ടാകുന്ന നേട്ടം വെറും താല്‍ക്കാലികമാണ്. അതുകൊണ്ട് സര്‍ക്കാര്‍ ഇതേക്കുറിച്ച് ഗൗരവമായി ചിന്തിക്കണം. ലോകമാകെ ഇന്ന് പരിസ്ഥിതി സൗഹൃദവികസനത്തെക്കുറിച്ചാണ് ചര്‍ച്ചചെയ്യുന്നത്. ഇന്ത്യയില്‍ എന്തുകൊണ്ടും പല പ്രത്യേകതകളുമുള്ള കേരളത്തിന് അതിന് കഴിയും. എന്നാല്‍ പരിസ്ഥിതിയുമായി ബന്ധപ്പെട്ട ദുഃശാഠ്യങ്ങള്‍ ഉപേക്ഷിക്കണം.  നവംബര്‍ 10ന് എറണാകുളത്ത് ചേരുന്ന ലീഗിന്റെ സമ്പൂര്‍ണ്ണ സമ്മേളനം ഹരിത അജണ്ടയുടെ കര്‍മ്മപരിപാടി പ്രഖ്യാപിക്കും.

നെല്ലിയാമ്പതി വിഷയത്തില്‍ യു.ഡി.എഫ് ഉപസമിതിയുടെ റിപ്പോര്‍ട്ട് വന്നശേഷം ലീഗിന്റെ അഭിപ്രായം പറയും. എയര്‍ ഇന്ത്യ കേരളത്തിലെ യാത്രക്കാരോട് ക്രൂരതയാണ് കാട്ടുന്നത്. ഗള്‍ഫ്-ആഭ്യന്തര മേഖലയിലെ യാത്രക്കാരെ ഒരുപോലെ പീഡിപ്പിക്കുകയാണ്. അനിയന്ത്രിതമായ ചാര്‍ജ്ജാണ് ഈടാക്കുന്നത്. നാടിന്റെ സമ്പത്തിന്റെ നട്ടെല്ലായ പ്രവാസികളോട് കാട്ടുന്ന ഈ ക്രൂരത അംഗീകരിക്കാനാവില്ല. ഒരു വിഭാഗം ജനങ്ങളോട് കാട്ടുന്ന വിവേചനമാണിത്. ഇതിനെതിരെ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളില്‍ വമ്പിച്ച പ്രതിഷേധറാലിയും അതോടൊപ്പം പാര്‍ലമെന്റ് മാര്‍ച്ചും നടത്തുമെന്നും ബഷീര്‍ പറഞ്ഞു. പച്ചതേങ്ങയുടെ സംഭരണവില വര്‍ദ്ധിപ്പിക്കണമെന്നും ലീഗ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു. പാണക്കാട് സെയ്ദ് ഹൈദരലി ശിഹാബ് തങ്ങള്‍, കേന്ദ്ര മന്ത്രി ഇ. അഹമ്മദ്, ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ് സംസ്ഥാനമന്ത്രിമാര്‍ എന്നിവരും യോഗത്തില്‍ സംബന്ധിച്ചു.

deshabhimani news

1 comment:

  1. ജനശ്രീക്ക് കോണ്‍ഗ്രസുമായി ബന്ധമില്ലെന്ന് ചെന്നിത്തല. പാര്‍ട്ടിയുടെ പോഷകസംഘടനയല്ല. അതുകൊണ്ട് ജനശ്രീയെ കോണ്‍ഗ്രസിന് നിയന്ത്രിക്കാനാവില്ല. കോണ്‍ഗ്രസുകാര്‍ അതിന്റെ നേതൃത്വത്തില്‍ ഉണ്ട് കെപിസിസിയുടെ കീഴിലുള്ള സംഘടനയല്ലെന്നും അതിനെതിരെയുള്ള ആരോപണങ്ങളെക്കുറിച്ചു മറുപടി പറയേതണ്ട് കെപിസിസിയല്ലെന്നും ചെന്നിത്തല പറഞ്ഞു.

    ReplyDelete