Sunday, October 21, 2012

ലാവ്ലിന്‍ കേസ് ഡിസം. 4ന് പരിഗണിക്കാന്‍ മാറ്റി


ലാവ്ലിന്‍ കേസ് പ്രത്യേക സിബിഐ കോടതി ഡിസംബര്‍ നാലിന് വീണ്ടും പരിഗണിക്കും. വിചാരണ തുടങ്ങുന്നകാര്യവും കുറ്റപത്രം വേര്‍തിരിക്കണമെന്ന ആവശ്യവും ശനിയാഴ്ച പരിഗണിക്കുമെന്ന് കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍, ആറാംപ്രതി ലാവ്ലിന്‍ മുന്‍ സീനിയര്‍ വൈസ് പ്രസിഡന്റ് ക്ലോസ് ട്രെന്‍ഡലിനും ഒമ്പതാം പ്രതി കമ്പനി പ്രതിനിധിക്കുമെതിരായ വാറന്റ് നടപ്പാക്കാന്‍ മൂന്നു മാസംകൂടി അനുവദിക്കണമെന്ന സിബിഐ അഭിഭാഷകന്റെ അപേക്ഷയെത്തുടര്‍ന്നാണ് ജഡ്ജി ടി എസ് പി മൂസ്സത് നാലിന് പരിഗണിക്കാന്‍ കേസ് മാറ്റിയത്. ട്രെന്‍ഡലിനും കമ്പനി പ്രതിനിധിക്കുമെതിരെ വാറന്റ് നടപ്പാക്കാനുള്ള നടപടി അനന്തമായി നീട്ടാനാവില്ലെന്ന് കോടതി വ്യക്തമാക്കി. കൂടുതല്‍ സമയം വേണമെന്ന ആവശ്യത്തെതുടര്‍ന്നാണ് കഴിഞ്ഞ തവണ സിബിഐക്ക് രണ്ടുമാസം കൂടി അനുവദിച്ചത്. എന്നാല്‍, നടപടി അനന്തമായി നീളുകയാണ്. മുന്‍ ചീഫ് സെക്രട്ടറി അടക്കം പ്രതിപ്പട്ടികയില്‍ ഉള്ളവര്‍ മാസംതോറും കോടതി കയറിയിറങ്ങുന്നത് നീതീകരിക്കാനാകില്ല. ഇവരുടെ വിചാരണയ്ക്ക് കാലതാമസം പാടില്ല. സിബിഐ കൂടുതല്‍ സമയം തേടുകയാണ്. അതേസമയം, കോടതിയില്‍ ഹാജരായി ജാമ്യത്തില്‍ കഴിയുന്ന കുറ്റാരോപിതര്‍ക്കും നീതി ഉറപ്പാക്കേണ്ടതുണ്ട്-കോടതി നിരീക്ഷിച്ചു.

കൂടുതല്‍ സമയം വേണമെന്ന സിബിഐ ആവശ്യം നിലനില്‍ക്കുന്നതിനാല്‍ സ്വമേധയാ വിചാരണ നടപടി പ്രഖ്യാപിക്കാന്‍ വിഷമമുണ്ട്. നിലവില്‍ മൂന്ന് കുറ്റാരോപിതര്‍ വിടുതല്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. ഈ ഹര്‍ജികള്‍ പെട്ടെന്ന് പരിഗണിക്കാന്‍ ഇവര്‍ക്ക് ഡിസംബര്‍ നാലിന് പ്രത്യേക ഹര്‍ജി നല്‍കാമെന്നും കോടതി അഭിപ്രായപ്പെട്ടു. ട്രെന്‍ഡലിനെയും കമ്പനി പ്രതിനിധിയെയും ഒഴിവാക്കി കുറ്റപത്രം വേര്‍തിരിക്കണമെന്ന് അഭിഭാഷകര്‍ രണ്ടുതവണ ആവശ്യപ്പെട്ടിരുന്നു. ഇത് അംഗീകരിച്ചാണ് ഇരുവരെയും ഹാജരാക്കാന്‍ രണ്ടു മാസത്തെ സമയപരിധി നിശ്ചയിച്ചത്. കേസില്‍ പ്രതിചേര്‍ക്കപ്പെട്ട കെ ബി രാജശേഖരന്‍നായര്‍, പി എ സിദ്ധാര്‍ഥമേനോന്‍, ഫ്രാന്‍സിസ് എന്നിവര്‍ ശനിയാഴ്ച ഹാജരായി.

deshabhimani 211012

1 comment:

  1. ലാവ്ലിന്‍ കേസ് പ്രത്യേക സിബിഐ കോടതി ഡിസംബര്‍ നാലിന് വീണ്ടും പരിഗണിക്കും. വിചാരണ തുടങ്ങുന്നകാര്യവും കുറ്റപത്രം വേര്‍തിരിക്കണമെന്ന ആവശ്യവും ശനിയാഴ്ച പരിഗണിക്കുമെന്ന് കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍, ആറാംപ്രതി ലാവ്ലിന്‍ മുന്‍ സീനിയര്‍ വൈസ് പ്രസിഡന്റ് ക്ലോസ് ട്രെന്‍ഡലിനും ഒമ്പതാം പ്രതി കമ്പനി പ്രതിനിധിക്കുമെതിരായ വാറന്റ് നടപ്പാക്കാന്‍ മൂന്നു മാസംകൂടി അനുവദിക്കണമെന്ന സിബിഐ അഭിഭാഷകന്റെ അപേക്ഷയെത്തുടര്‍ന്നാണ് ജഡ്ജി ടി എസ് പി മൂസ്സത് നാലിന് പരിഗണിക്കാന്‍ കേസ് മാറ്റിയത്. ട്രെന്‍ഡലിനും കമ്പനി പ്രതിനിധിക്കുമെതിരെ വാറന്റ് നടപ്പാക്കാനുള്ള നടപടി അനന്തമായി നീട്ടാനാവില്ലെന്ന് കോടതി വ്യക്തമാക്കി

    ReplyDelete