Tuesday, October 16, 2012

സെല്‍വരാജിനെതിരെ വിജിലന്‍സ് അന്വേഷണം


എംഎല്‍എ ഫണ്ടില്‍നിന്ന് അഞ്ചുലക്ഷം രൂപ തിരിമറി നടത്തിയ കേസില്‍ നെയ്യാറ്റിന്‍കര എംഎല്‍എ ആര്‍ സെല്‍വരാജിനെതിരെ അന്വേഷണം നടത്താന്‍ തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതി ഉത്തരവിട്ടു. ഒരു റോഡിന്റെ പണിക്ക് വ്യാജരേഖയുണ്ടാക്കി രണ്ടുതവണ പണം കൈപ്പറ്റിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ഉത്തരവ്. കൊല്ലയിലെ മുന്‍ പഞ്ചായത്തംഗം ടി ദയാനന്ദദാസ് നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് പ്രത്യേക കോടതി ജഡ്ജി എസ് മോഹന്‍ദാസ് അന്വേഷണത്തിന് ഉത്തരവിട്ടത്. മൂന്നു മാസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി വിജിലന്‍സ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. അന്വേഷണത്തില്‍ നിന്ന് സെല്‍വരാജിനെ ഒഴിവാക്കണമെന്ന വിജിലന്‍സ് വാദം കോടതി തള്ളി. സെല്‍വരാജിനെ അന്വേഷണത്തില്‍ നിന്ന് ഒഴിവാക്കേണ്ടതില്ലെന്ന് ഉത്തരവില്‍ പറഞ്ഞു. മുന്‍ പഞ്ചായത്തംഗം എ വിജയന്‍, കരാറുകാരനായ കെ ശ്രീകണ്ഠന്‍നായര്‍, തദ്ദേശസ്വയംഭരണ അസിസ്റ്റന്റ് എന്‍ജിനിയര്‍, എന്‍ആര്‍ഇജിഎസ് ഓവര്‍സിയര്‍ എന്നിവര്‍ക്കെതിരെയും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയില്‍ കൊല്ലയില്‍ പഞ്ചായത്തിലെ പനയംമൂല തോട്ടത്ത് റോഡിന്റെ പണി നടത്തിയിരുന്നു. ഇതേ പ്രവൃത്തിക്കുവേണ്ടി അതേ കാലയളവില്‍ എംഎല്‍എ ഫണ്ടില്‍നിന്നും വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ മറവില്‍ സംസ്ഥാന ദുരന്തനിവാരണ വകുപ്പില്‍നിന്നും അഞ്ചുലക്ഷം രൂപ വാങ്ങിയതായി ഹര്‍ജിയില്‍ പറഞ്ഞു. ഒറ്റ പ്രവൃത്തിക്കായി രണ്ട് എസ്റ്റിമേറ്റ് തയ്യാറാക്കിയാണ് വ്യാജരേഖയുണ്ടാക്കിയത്. കരാറുകാരനെത്തന്നെ പദ്ധതിയുടെ കണ്‍വീനറാക്കുകയും ചെയ്തു. ഗുണഭോക്താക്കളുടെ യോഗം നടന്നെന്ന് കാണിച്ച് വ്യാജ മിനിറ്റ്സ് ഉണ്ടാക്കിയെന്നും ഹര്‍ജിയില്‍ പറഞ്ഞു. അഴിമതി നടന്നതായി കാണിക്കുന്ന തൊഴിലുറപ്പു പദ്ധതിയുടെ സൈറ്റ് ഡയറി, പേമെന്റ് ഷീറ്റ്, പ്രോജക്ട് മീറ്റിങ്, വിജിലന്‍സ് ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റി റിപ്പോര്‍ട്ട്, ലെവല്‍ ഫീല്‍ഡ് ബുക്ക്, തൊഴിലാളികളുടെ സാക്ഷിപത്രം, എസ്റ്റിമേറ്റുകള്‍, ദുരന്തനിവാരണ വകുപ്പ്് എംഎല്‍എക്ക് അയച്ച കത്ത്, സര്‍ക്കാര്‍ ഉത്തരവ് തുടങ്ങി 31 രേഖ ഹര്‍ജിക്കൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്. പരാതിക്കാരനുവേണ്ടി അഡ്വ. നെയ്യാറ്റിന്‍കര പി നാഗരാജ് ഹാജരായി.

deshabhimani 161012

1 comment:

  1. എംഎല്‍എ ഫണ്ടില്‍നിന്ന് അഞ്ചുലക്ഷം രൂപ തിരിമറി നടത്തിയ കേസില്‍ നെയ്യാറ്റിന്‍കര എംഎല്‍എ ആര്‍ സെല്‍വരാജിനെതിരെ അന്വേഷണം നടത്താന്‍ തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതി ഉത്തരവിട്ടു. ഒരു റോഡിന്റെ പണിക്ക് വ്യാജരേഖയുണ്ടാക്കി രണ്ടുതവണ പണം കൈപ്പറ്റിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ഉത്തരവ്.

    ReplyDelete