Saturday, October 20, 2012

വരള്‍ച്ചയെപ്പറ്റി മഴയത്ത് പഠനം; കേന്ദ്രസംഘം മടങ്ങി


വരള്‍ച്ച വിലയിരുത്താനായുള്ള കേന്ദ്രസംഘത്തിന്റെ സന്ദര്‍ശനം പ്രഹസനമായി. വരള്‍ച്ചമൂലം ദുരിതം അനുഭവിക്കുന്ന പാലക്കാട്, കോഴിക്കോട് ജില്ലകള്‍ സംഘം സന്ദര്‍ശിച്ചില്ല. വയനാട്, ഇടുക്കി, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ തടാകങ്ങളും പാടശേഖരങ്ങളും അണക്കെട്ടുകളുടെ ജലസംഭരണികളും സന്ദര്‍ശിച്ച സംഘം മുഖ്യമന്ത്രിയെ കണ്ട് മടങ്ങി. വരള്‍ച്ചാ ദുരിതം തിട്ടപ്പെടുത്താനെത്തിയ സംഘത്തെ സ്വീകരിച്ചത് മഴയായിരുന്നു.

ജലസംഭരണികളിലെയടക്കം ജലനിരപ്പിന്റെ സ്ഥിതിയും വൈദ്യുതി ഉല്‍പ്പാദനത്തിലുണ്ടായ കുറവുമൊക്കെ സംസ്ഥാനം സംഘത്തിനു മുമ്പാകെ അവതരിപ്പിച്ചു. എന്നാല്‍, ഇതടക്കം കേരളം മുന്നോട്ടുവച്ച പല കാര്യങ്ങളിലും കേന്ദ്രസഹായം ശുപാര്‍ശ ചെയ്യുന്നതിന് മാനദണ്ഡങ്ങള്‍ തടസ്സമാകുന്നുവെന്ന് സംഘത്തലവന്‍ മുഖ്യമന്ത്രിയെ അറിയിച്ചു. കേന്ദ്ര കൃഷി ജോയിന്റ് സെക്രട്ടറി നരേന്ദ്രഭൂഷന്റെ നേതൃത്വത്തില്‍ ഒമ്പതംഗ സംഘമാണ് ചൊവ്വാഴ്ച കേരളത്തിലെത്തിയത്. നരേന്ദ്രഭൂഷന്റെയും കേന്ദ്ര മൃഗസംരക്ഷണവകുപ്പ് ഡയറക്ടര്‍ എ നന്ദകുമാറിന്റെയും നേതൃത്വത്തിലുള്ള രണ്ടു സംഘം രണ്ടു ദിവസം ചില കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചു. വയനാട്, ഇടുക്കി, കൊല്ലം, തിരുവനന്തപുരം ജില്ലകളെ നിലവില്‍ വരള്‍ച്ചബാധിതമായി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍, മഴക്കുറവ് തുടര്‍ന്നാല്‍ ആലപ്പുഴ, പാലക്കാട് ജില്ലകളിലും വലിയ ദുരിതമുണ്ടാകും. ഈ ജില്ലകള്‍ സന്ദര്‍ശിക്കാനും സ്ഥിതിഗതി വിലയിരുത്താനും സംഘം തയ്യാറായില്ല. മഴ കുറഞ്ഞതോടെ സംസ്ഥാനത്തെ ജലസ്രോതസ്സുകളിലെല്ലാം വെള്ളം കുറഞ്ഞിരുന്നു. ഇതുമൂലം രണ്ടാംവിള നെല്‍ക്കൃഷി കടുത്ത പ്രതിസന്ധിയിലായി. രണ്ടാംവിളയ്ക്കാവശ്യമായ വെള്ളം നല്‍കാന്‍ സാധിക്കില്ലെന്ന് ജലസേചനവകുപ്പ് അറിയിച്ചിട്ടുണ്ട്. കുടിവെള്ള വിതരണവും അവതാളത്തിലാണ്. നെല്ല്, പച്ചക്കറി, കുരുമുളക്, കൊക്കോ ഉള്‍പ്പെടെ വന്‍തോതില്‍ ഉല്‍പ്പാദനക്കുറവ് ഉണ്ടാകുമെന്ന് കണക്കൂകൂട്ടുന്നു.

ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഉണ്ടാകാവുന്ന വന്‍ നഷ്ടം സംഘത്തെ കൃത്യമായി ബോധ്യപ്പെടുത്താനായില്ല. മഴയത്ത് എത്തി വരള്‍ച്ച പഠിക്കുന്നതിന്റെ അനൗചിത്യം ചൂണ്ടിക്കാട്ടിയപ്പോള്‍ രാജസ്ഥാനില്‍ പോയത് വെള്ളപ്പൊക്കത്തിലായിരുന്നു എന്നായിരുന്നു അധികൃതരുടെ മറുപടി. കാര്‍ഷിക കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാനോ കര്‍ഷകരില്‍നിന്ന് പരാതികള്‍ സ്വീകരിക്കാനോ സംഘം താല്‍പ്പര്യം കാട്ടിയില്ല. കൃഷിനാശം, കുടിവെള്ളപ്രശ്നം തുടങ്ങിയവ സംബന്ധിച്ച് ഉദ്യോഗസ്ഥരില്‍നിന്നുമാത്രം വിവരം ശേഖരിച്ചു. സന്ദര്‍ശനം ജനപ്രതിനിധികളെ അറിയിച്ചില്ല. ഇടുക്കിയില്‍ ആര്‍ച്ച് ഡാമിലെ ജലനിരപ്പ് വിലയിരുത്തലായിരുന്നു സംഘത്തിന്റെ പ്രധാന ദൗത്യം. വയനാട്ടില്‍ മുള്ളംകൊല്ലി, പുല്‍പ്പള്ളി പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. പുല്‍പ്പള്ളി നിവാസിയായ ഡിസിസി അംഗവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ കെ എല്‍ പൗലോസിനെപ്പോലും സന്ദര്‍ശനവിവരം അറിയിച്ചില്ല. പത്തനംതിട്ടയില്‍ കൊച്ചുപമ്പ, ആനത്തോട്, കക്കി അണക്കെട്ടുകളുടെ സന്ദര്‍ശനത്തില്‍ ഒതുങ്ങി. കൊല്ലത്ത് ശാസ്താംകോട്ട കായലും പരവൂരും തിരുവനന്തപുരത്ത് നഗരൂര്‍, നാവായിക്കുളം, പുളിമാത്ത് പ്രദേശങ്ങളും സന്ദര്‍ശിച്ചു. സംഘം വെള്ളിയാഴ്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി തിരുവനന്തപുരത്ത് കൂടിക്കാഴ്ച നടത്തിയശേഷം മടങ്ങി.

deshabhimani news

1 comment:

  1. വരള്‍ച്ച വിലയിരുത്താനായുള്ള കേന്ദ്രസംഘത്തിന്റെ സന്ദര്‍ശനം പ്രഹസനമായി. വരള്‍ച്ചമൂലം ദുരിതം അനുഭവിക്കുന്ന പാലക്കാട്, കോഴിക്കോട് ജില്ലകള്‍ സംഘം സന്ദര്‍ശിച്ചില്ല. വയനാട്, ഇടുക്കി, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ തടാകങ്ങളും പാടശേഖരങ്ങളും അണക്കെട്ടുകളുടെ ജലസംഭരണികളും സന്ദര്‍ശിച്ച സംഘം മുഖ്യമന്ത്രിയെ കണ്ട് മടങ്ങി. വരള്‍ച്ചാ ദുരിതം തിട്ടപ്പെടുത്താനെത്തിയ സംഘത്തെ സ്വീകരിച്ചത് മഴയായിരുന്നു.

    ReplyDelete