Thursday, October 18, 2012

കോണ്‍ഗ്രസും ബിജെപിയും വിദേശസംഭാവന കൈപ്പറ്റി: തെര.കമീഷന്‍


വിദേശസംഭാവന നിയന്ത്രണനിയമങ്ങള്‍ ലംഘിച്ച് കോണ്‍ഗ്രസും ബിജെപിയും ബഹുരാഷ്ട്രകമ്പനികളില്‍നിന്ന് സംഭാവന കൈപ്പറ്റിയതായി തെരഞ്ഞെടുപ്പ് കമീഷന്‍ കണ്ടെത്തി. ഇതിനെക്കുറിച്ച് എഫ്സിആര്‍ഐ നിയമമനുസരിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന് തെരഞ്ഞെടുപ്പ് കമീഷന്‍ ആഭ്യന്തരമന്ത്രാലയത്തോട് ആവശ്യപ്പെട്ടു. വേദാന്ത ഗ്രൂപ്പുകളും അനുബന്ധ കമ്പനികളുമാണ് ഇരുപാര്‍ടികള്‍ക്കും സംഭാവന നല്‍കിയത്. ആദായനികുതി വിഭാഗത്തിന്റെ സഹായത്തോടെയാണ് തെരഞ്ഞെടുപ്പ് കമീഷന്‍ അന്വേഷണം നടത്തിയത്.

വേദാന്ത ഗ്രൂപ്പ് കമ്പനികളായ സ്റ്റെര്‍ലെറ്റ് ഇന്‍ഡസ്ട്രീസും സേസാ ഗോവാ ഗ്രൂപ്പും രണ്ടു പാര്‍ടികള്‍ക്കും അഞ്ചുകോടി രൂപവീതം നല്‍കിയെന്നാണ് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുള്ളത്. ഈ പണം സ്വീകരിച്ചത് 1976ലെ വിദേശസംഭാവന നിയന്ത്രണത്തിന്റെ രണ്ടാമത്തെ അനുച്ഛേദത്തിന്റെ ലംഘനമാണെന്നും തെരഞ്ഞെടുപ്പ് കമീഷന്‍ ചൂണ്ടിക്കാട്ടുന്നു. വേദാന്ത കമ്പനികള്‍ വിദേശരാഷ്ട്രമായ ബ്രിട്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്നതിനാലാണ് എഫ്സിആര്‍ഐ നിയമമനുസരിച്ച് അന്വേഷണം വേണമെന്ന് തെരഞ്ഞെടുപ്പ് കമീഷന്‍ ആവശ്യപ്പെട്ടത്. ജനപ്രാതിനിധ്യനിയമത്തിലെ 29-ബി വകുപ്പിന്റെ ലംഘനംകൂടിയാണിതെന്ന് കമീഷന്‍ ചൂണ്ടിക്കാട്ടി. വേദാന്ത റിസോഴ്സസ് എന്ന കമ്പനിയുടെ 2011-12 വാര്‍ഷിക റിപ്പോര്‍ട്ടനുസരിച്ച് കഴിഞ്ഞ മൂന്നുവര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെ രാഷ്ടീയപാര്‍ടികള്‍ക്ക് 23 കോടി രൂപ സംഭാവന നല്‍കിയിട്ടുണ്ട്. വേദാന്ത ഗ്രൂപ്പ് കമ്പനികളില്‍നിന്ന് പണം സ്വീകരിച്ചതായി കോണ്‍ഗ്രസ് വൃത്തങ്ങള്‍ സമ്മതിച്ചു.

deshabhimani

1 comment:

  1. വിദേശസംഭാവന നിയന്ത്രണനിയമങ്ങള്‍ ലംഘിച്ച് കോണ്‍ഗ്രസും ബിജെപിയും ബഹുരാഷ്ട്രകമ്പനികളില്‍നിന്ന് സംഭാവന കൈപ്പറ്റിയതായി തെരഞ്ഞെടുപ്പ് കമീഷന്‍ കണ്ടെത്തി. ഇതിനെക്കുറിച്ച് എഫ്സിആര്‍ഐ നിയമമനുസരിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന് തെരഞ്ഞെടുപ്പ് കമീഷന്‍ ആഭ്യന്തരമന്ത്രാലയത്തോട് ആവശ്യപ്പെട്ടു. വേദാന്ത ഗ്രൂപ്പുകളും അനുബന്ധ കമ്പനികളുമാണ് ഇരുപാര്‍ടികള്‍ക്കും സംഭാവന നല്‍കിയത്. ആദായനികുതി വിഭാഗത്തിന്റെ സഹായത്തോടെയാണ് തെരഞ്ഞെടുപ്പ് കമീഷന്‍ അന്വേഷണം നടത്തിയത്.

    ReplyDelete