Thursday, November 29, 2012

പുകസ ദേശീയസെമിനാര്‍ നാളെ തുടങ്ങും


പുരോഗമന കലാസാഹിത്യപ്രസ്ഥാനത്തിന്റെ പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി വെള്ളിയാഴ്ച തിരുവനന്തപുരത്ത് ദേശീയ സെമിനാര്‍ ആരംഭിക്കും. വൈകിട്ട് 4.30ന് ഗാന്ധിപാര്‍ക്കില്‍ ഡോ. ഐജാസ് അഹമ്മദ് സെമിനാര്‍ ഉദ്ഘാടനംചെയ്യുമെന്ന് സ്വാഗതസംഘം ചെയര്‍മാന്‍ പ്രൊഫ. നൈാന്‍കോശി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഒ എന്‍ വി കുറുപ്പ് അധ്യക്ഷനാകും. പി ഗോവിന്ദപ്പിള്ള അവസാനമായി രചിച്ച "ദി ഭക്തി മൂവ്മെന്റ്; റിനൈസന്‍സ് ഓര്‍ റിവൈവലിസം" ഡോ. പ്രഭാത്പട്നായിക് പ്രകാശനംചെയ്യും. മേയര്‍ കെ ചന്ദ്രിക പുസ്തകം ഏറ്റുവാങ്ങും. ഒഎന്‍ വി കുറുപ്പ്, സുഗതകുമാരി, ഡോ. പുതുശേരി രാമചന്ദ്രന്‍ എന്നിവരെ സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം എം എ ബേബി ആദരിക്കും. രാത്രി 7.30ന് പ്രൊഫ. വസന്തകുമാര്‍ സാംബശിവന്‍ "പ്രേമശില്‍പ്പി" എന്ന കഥാപ്രസംഗത്തിന്റെ ആദ്യ അവതരണം നടത്തും.

ഡിസംബര്‍ ഒന്നിന് കെ ദാമോദരന്‍ നഗറില്‍ (ഇ എം എസ് അക്കാദമി) വിവിധ വിഷയങ്ങളില്‍ സെമിനാര്‍ നടക്കും. "പുരോഗമനകലാസാഹിത്യപ്രസ്ഥാനം ഇന്ത്യയില്‍" എന്ന വിഷയത്തില്‍ പ്രഭാത്പട്നായിക്, ഡോ. ഐജാസ് അഹമ്മദ്, മിഹിര്‍ ഭട്ടാചാര്യ, പ്രൊഫ. കെ ഇ എന്‍ കുഞ്ഞഹമ്മദ് എന്നിവര്‍ പങ്കെടുക്കും. തുടര്‍ന്ന് "പുരോഗമനകലാസാഹിത്യ പ്രസ്ഥാനം പ്രാദേശിക പ്രതിഫലനങ്ങള്‍" എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാറില്‍ രാജ്യത്തെ ഒമ്പതുഭാഷകളിലെ പ്രമുഖര്‍ പങ്കെടുക്കും. ചഞ്ചല്‍ ചൗഹാന്‍, തമിഴ്ശെല്‍വന്‍, ജി രവി, സ്വയംപ്രവ പഥി, നരേഷ് നദീം, ഇന്ദ്രനാഥ് ബന്ദോപാധ്യായ, ഡോ. ഉദയ്നാര്‍ക്കര്‍, സുരേന്ദ്രറാവു, ഡോ. കെ പി മോഹനന്‍ എന്നിവര്‍ പങ്കെടുക്കും. ഡിസംബര്‍ രണ്ടിന് ചിത്രകല, കേരളീയകലകള്‍, നാടകവേദി, നാടന്‍കലകള്‍, സിനിമ, സംഗീതം എന്നീ വിഷയങ്ങളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. "മതനിരപേക്ഷ സംസ്കാരം", "പുരോഗമന കലാസാഹിത്യ പ്രസ്ഥാനം നാളെ: സാധ്യതകള്‍, വെല്ലുവിളികള്‍" എന്നീ വിഷയങ്ങളിലും സെമിനാര്‍ നടക്കും. പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രൊഫ. വി എന്‍ മുരളി, ജില്ലാ പ്രസിഡന്റ് നീലമ്പേരൂര്‍ മധുസൂദനന്‍നായര്‍, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ഡോ. എസ് രാജശേഖരന്‍, സ്വാഗതസംഘം കണ്‍വീനര്‍ വിനോദ് വൈശാഖി എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

deshabhimani 291112

1 comment:

  1. പുരോഗമന കലാസാഹിത്യപ്രസ്ഥാനത്തിന്റെ പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി വെള്ളിയാഴ്ച തിരുവനന്തപുരത്ത് ദേശീയ സെമിനാര്‍ ആരംഭിക്കും. വൈകിട്ട് 4.30ന് ഗാന്ധിപാര്‍ക്കില്‍ ഡോ. ഐജാസ് അഹമ്മദ് സെമിനാര്‍ ഉദ്ഘാടനംചെയ്യുമെന്ന് സ്വാഗതസംഘം ചെയര്‍മാന്‍ പ്രൊഫ. നൈാന്‍കോശി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഒ എന്‍ വി കുറുപ്പ് അധ്യക്ഷനാകും. പി ഗോവിന്ദപ്പിള്ള അവസാനമായി രചിച്ച "ദി ഭക്തി മൂവ്മെന്റ്; റിനൈസന്‍സ് ഓര്‍ റിവൈവലിസം" ഡോ. പ്രഭാത്പട്നായിക് പ്രകാശനംചെയ്യും. മേയര്‍ കെ ചന്ദ്രിക പുസ്തകം ഏറ്റുവാങ്ങും.

    ReplyDelete