Tuesday, November 20, 2012

പ്രധാനമന്ത്രിയെ ലോക്പാലിന്റെ പരിധിയിലാക്കണം: രാജ്യസഭാ കമ്മിറ്റി

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയെയും ലോക്പാല്‍ ബില്ലിന്റെ പരിധിയില്‍ കൊണ്ടുവരണമെന്ന് രാജ്യസഭാ സെലക്ട് കമ്മിറ്റി ശുപാര്‍ശ. രാജ്യസുരക്ഷ, ആണവോര്‍ജം, ഇന്റലിജന്റ്സ് എന്നീ വിഷയങ്ങളിലൊഴികെയുള്ള കാര്യങ്ങള്‍ ബില്ലിന്റെ പരിധിയില്‍ കൊണ്ടുവരണമെന്നാണ് നിര്‍ദേശം. ലോക്സഭയില്‍ പാസാക്കിയ ബില്‍ രാജ്യസഭയില്‍ വന്നപ്പോള്‍ പാസാക്കാതെ സെലക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിടുകയായിരുന്നു. കമ്മിറ്റിയുടെ റിപ്പോര്‍ട്ടോടെ പാര്‍ലമെന്റ് ശീതകാല സമ്മേളനത്തില്‍ ബില്‍ വീണ്ടും കൊണ്ടുവരുമെന്നാണ് കരുതുന്നത്. നിയമത്തില്‍ സിബിഐയുടെ പങ്ക്, സംസ്ഥാനങ്ങളിലെ ലോകായുക്ത സ്ഥാപിക്കുമ്പോള്‍ സംസ്ഥാനങ്ങളുടെ അധികാരം കവര്‍ന്നെടുക്കുന്നുവെന്ന പ്രശ്നം എന്നിവയെച്ചൊല്ലി അഭിപ്രായവ്യത്യാസം നിലനിന്നിരുന്നു. സിബിഐക്ക് വിടുന്ന കേസുകള്‍ സംബന്ധിച്ച് ലോക്പാല്‍ സൂക്ഷ്മനിരീക്ഷണം നടത്തണമെന്ന് റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചു. സിബിഐയുടെ അധികാരങ്ങള്‍ എന്തൊക്കെയായിരിക്കണം, സിബിഐ മേധാവിയെ എങ്ങനെ നിയമിക്കണം എന്നീ കാര്യങ്ങളില്‍ സമിതി അംഗങ്ങള്‍ക്കിടയില്‍ ശക്തമായ അഭിപ്രായവ്യത്യാസമുണ്ടായി. ലോക്പാല്‍ ബില്ലിന്റെ പരിധിയില്‍ സ്വകാര്യകമ്പനികളെയും കൊണ്ടുവരണമെന്ന് ഇടതുപക്ഷ പാര്‍ടികള്‍ ആവശ്യപ്പെട്ടു.

No comments:

Post a Comment