Wednesday, November 28, 2012

സൗരോര്‍ജ പദ്ധതി: കൊറിയന്‍ കമ്പനിക്ക് പങ്കാളിത്തമില്ല


സംസ്ഥാനത്ത് 330 മെഗാവാട്ടിന്റെ സൗരോര്‍ജ പദ്ധതി സ്ഥാപിക്കാനുള്ള നടപടി അനിശ്ചിതത്വത്തില്‍. പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ചിരിക്കുന്ന ഹാന്‍ജോങ് എനര്‍ജി ആന്‍ഡ് ടെക്നോളജി പ്രൈവറ്റ് ലിമിറ്റഡ് ജര്‍മന്‍ കമ്പനിയുടെ സാങ്കേതിസഹായം തേടുമെന്ന് വ്യക്തമാക്കി വൈദ്യുതി ബോര്‍ഡിന് കത്ത് നല്‍കി. "ദക്ഷിണകൊറിയന്‍ കമ്പനി"യെന്ന് സര്‍ക്കാര്‍ വിശേഷിപ്പിച്ചിരുന്ന ഇവര്‍ക്ക് കൊറിയയുമായി ഒരു ബന്ധവുമില്ലെന്നും പദ്ധതിയുടെ മറവില്‍ വന്‍ തട്ടിപ്പാണ് ലക്ഷ്യമെന്നും ഇതോടെ വ്യക്തമായി. സംസ്ഥാന സര്‍ക്കാരുമായി ധാരണാപത്രം ഒപ്പിടാന്‍ നടപടി പുരോഗമിക്കവേയാണ് പുതിയ വഴിത്തിരിവ്.

"ദക്ഷിണകൊറിയന്‍" കമ്പനിയുമായാണ് ധാരണാപത്രം ഒപ്പിടുന്നതെന്നാണ് മന്ത്രിസഭായോഗശേഷം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞത്. എന്നാല്‍, ഒലവക്കോട് റെയില്‍വേ സ്റ്റേഷന്‍ റോഡിലെ ഒരു ലോഡ്ജ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇവര്‍ക്ക് കൊറിയയുമായി ഒരു ബന്ധവുമില്ലെന്ന് ആരോപണം ഉയര്‍ന്നതോടെയാണ് ജപ്പാന്‍ കമ്പനിയുമായി ചേര്‍ന്ന് പദ്ധതി നടപ്പാക്കുമെന്ന് കെഎസ്ഇബിയെ അറിയിച്ചിരിക്കുന്നത്. ഇതിനുശേഷവും ധരണാപത്രം ഒപ്പിടാനുള്ള നടപടി പുരോഗമിക്കുകയാണ്. ആഗോള ടെന്‍ഡര്‍ വിളിക്കാതെയുള്ള ഇടപാട് സംസ്ഥാനത്തിന് വന്‍ നഷ്ടമുണ്ടാക്കും. യൂണിറ്റിന് 3.35 രൂപ നിരക്കില്‍ കമ്പനി വൈദ്യുതി തരുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍, കേന്ദ്ര റെഗുലേറ്ററി കമീഷന്റെ അംഗീകാരമില്ലാത്ത കരാറായതിനാല്‍ കേരളം റിന്യൂവബിള്‍ എനര്‍ജി സര്‍ട്ടിഫിക്കറ്റ് (ആര്‍ഇസി) കൂടി വാങ്ങേണ്ടിവരും. ഇതോടെ ഒരു യൂണിറ്റിന് കേരളം മുടക്കേണ്ടിവരുന്ന തുക 15.75 രൂപയായി ഉയരും. ഇതു മറച്ചുവച്ചാണ് ധാരണാപത്രം ഒപ്പിടുന്നത്. ആഗോള ടെന്‍ഡര്‍ വിളിച്ചിരുന്നെങ്കില്‍ ഇതിലും വളരെ കുറഞ്ഞനിരക്കില്‍ സൗരോര്‍ജ വൈദ്യുതി ലഭിച്ചേനെ. യൂണിറ്റിന് 7.90 രൂപ നിരക്കില്‍ മധ്യപ്രദേശും 7.49 രൂപ നിരക്കില്‍ എന്‍ടിപിസിയും ആഗോള ടെന്‍ഡറിലൂടെ ഈയിടെ കരാറുണ്ടാക്കിയിരുന്നു. ആര്‍ഇസിക്ക് റെഗുലേറ്ററി കമീഷന്‍ നിശ്ചയിച്ചിരിക്കുന്ന തറവില 9.50 രൂപയാണ്. അഞ്ചുവര്‍ഷത്തേക്ക് ഇതില്‍ മാറ്റമുണ്ടാകില്ല. അതിനാല്‍, സൗരോര്‍ജ വൈദ്യുതിയുടെ നിരക്ക് അന്താരാഷ്ട്ര വിപണിയില്‍ ഇടിയുമ്പോഴും ഉയര്‍ന്ന തുക മുടക്കാന്‍ കേരളം നിര്‍ബന്ധിതരാകും. ആഗോളതലത്തില്‍ സൗരോര്‍ജ വൈദ്യുതിയുടെ ഉല്‍പ്പാദനച്ചെലവ് കുറയുന്നതും കമ്പനിക്ക് കൊള്ളലാഭമൊരുക്കും.

സൗരോര്‍ജ പാനലുകളുടെ വില പ്രതിവര്‍ഷം 20-22 ശതമാനം കുറയുന്നതായി കേന്ദ്ര വൈദ്യുതി റെഗുലേറ്ററി കമീഷന്റെ പഠനം വ്യക്തമാക്കുന്നു. കേരളവുമായി ഉണ്ടാക്കുന്ന കരാര്‍ മുന്‍നിര്‍ത്തി ആര്‍ഇസി വില്‍പ്പനയ്ക്കുള്ള അംഗീകാരം നേടിയെടുക്കുകയാണ് പാലക്കാട്ടെ കമ്പനിയുടെ ലക്ഷ്യമെന്ന് അറിയുന്നു. കോണ്‍ഗ്രസുമായി അടുപ്പമുള്ള റിയല്‍ എസ്റ്റേറ്റുകാരനാണ് ഇടനിലക്കാരന്‍. എമര്‍ജിങ് കേരളയിലൂടെ എത്തിയ കമ്പനിയെപ്പറ്റി പ്രാഥമിക അന്വേഷണംപോലും നടത്താതെ സര്‍ക്കാര്‍ കരാറുണ്ടാക്കുന്നതും ദുരൂഹമാണ്.
(ആര്‍ സാംബന്‍)

deshabhimani 

No comments:

Post a Comment