Friday, November 30, 2012

ജെഎന്‍എന്‍യുആര്‍എം ലക്ഷ്യം നേടിയില്ലെന്ന് സിഎജി


ജവാഹര്‍ലാല്‍നെഹ്റു ദേശീയ നഗര പുനര്‍നിര്‍മാണമിഷന്‍ (ജെഎന്‍എന്‍യുആര്‍എം) പദ്ധതി ലക്ഷ്യം നേടിയില്ലെന്ന് സിഎജി. പദ്ധതി ലക്ഷ്യമിട്ടതിന്റെ നാലിലൊന്നുപോലും നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞില്ലെന്ന റിപ്പോര്‍ട്ട് സിഎജി പാര്‍ലമെന്റില്‍ സമര്‍പ്പിച്ചു. നഗരപ്രദേശങ്ങളില്‍ ആരംഭിച്ച 1517 ഭവനിര്‍മാണ പദ്ധതികളില്‍ 2011 മാര്‍ച്ച് 31 വരെ പൂര്‍ത്തിയാക്കിയത് 22 എണ്ണംമാത്രം. ഒരുലക്ഷം കോടിയിലധികം രൂപയാണ് പദ്ധതികള്‍ക്കായി അനുവദിച്ചത്. ഇതില്‍ പകുതി കേന്ദ്രസര്‍ക്കാരിന്റെ വിഹിതമാണ്. തുക അനുവദിക്കുന്നതിനപ്പുറം പദ്ധതികളുടെ നിര്‍വഹണത്തിലോ മേല്‍നോട്ടത്തിലോ ഒട്ടും ശ്രദ്ധിക്കാന്‍ കേന്ദ്രസര്‍ക്കാരിന് കഴിഞ്ഞില്ലെന്നും സിഎജി കുറ്റപ്പെടുത്തി.

2005നും 2011നുമിടയില്‍ നടപ്പാക്കാനായി 1571 നഗരഭഭവനിര്‍മാണ പദ്ധതികളും 1298 നഗര പശ്ചാത്തലസൗകര്യ വികസന പദ്ധതികളുമാണ് അംഗീകരിച്ചത്. നഗര പശ്ചാത്തലസൗകര്യ വികസനപദ്ധതികളില്‍ നടപ്പായത് 231 എണ്ണം മാത്രമാണ്. പദ്ധതികള്‍ക്ക് ഭൂമി കിട്ടാനുള്ള താമസം, യഥാസമയം പ്രവൃത്തി ആരംഭിക്കാത്തതിനാല്‍ നിര്‍മാണച്ചെലവിലുണ്ടായ വര്‍ധന എന്നിവ മൂലം ഭവനിര്‍മാണ പദ്ധതികള്‍, കുടിവെള്ളം, മലിനജലനിര്‍മാര്‍ജനം, റോഡുകള്‍, ഫ്ളൈഓവറുകള്‍ തുടങ്ങിയവയുടെ നിര്‍മാണം എന്നിവ അനിശ്ചിതമായി നീണ്ടു. ജെഎന്‍എന്‍യുആര്‍എം പദ്ധതികളുടെ മാര്‍ഗനിര്‍ദേശങ്ങള്‍ ഫലപ്രദമല്ലെന്ന് സിഎജി പറഞ്ഞു. പല സംസ്ഥാനങ്ങളിലും മൂന്നാമതൊരു ഏജന്‍സിയെക്കൊണ്ട് പ്രവൃത്തികള്‍ വിലയിരുത്താന്‍ നടത്തിയ ശ്രമങ്ങള്‍ വിജയിച്ചിട്ടില്ല. പദ്ധതി നടപ്പാക്കുന്നതിന് സഹായകമായ മാര്‍ഗനിര്‍ദേശങ്ങളും പരിഷ്കാരങ്ങളും ആവിഷ്കരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക പ്രോത്സാഹനം നല്‍കണമെന്ന് സിഎജി ശുപാര്‍ശചെയ്തു. ഭവനപദ്ധതികളുടെ നിലവിലുള്ള അവസ്ഥ വിലയിരുത്തി യോഗ്യരായ ഗുണഭോക്താക്കളെ കണ്ടെത്താന്‍ സര്‍ക്കാര്‍ നടപടിയെടുക്കണം. കാലതാമസത്തിനുള്ള കാരണം കണ്ടെത്താനും സമയബന്ധിതമായി പദ്ധതികള്‍ പൂര്‍ത്തിയാക്കാനും ശ്രമിക്കണമെന്നും സിഎജി റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചു. പദ്ധതിയുടെ പ്രവര്‍ത്തന കാലാവധി 2005 മുതല്‍ 2012 വരെയായിരുന്നു. ഇത് 2014 വരെ നീട്ടിയിട്ടുണ്ട്.
(വി ജയിന്‍)

deshabhimani 301112

1 comment:

  1. ജവാഹര്‍ലാല്‍നെഹ്റു ദേശീയ നഗര പുനര്‍നിര്‍മാണമിഷന്‍ (ജെഎന്‍എന്‍യുആര്‍എം) പദ്ധതി ലക്ഷ്യം നേടിയില്ലെന്ന് സിഎജി. പദ്ധതി ലക്ഷ്യമിട്ടതിന്റെ നാലിലൊന്നുപോലും നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞില്ലെന്ന റിപ്പോര്‍ട്ട് സിഎജി പാര്‍ലമെന്റില്‍ സമര്‍പ്പിച്ചു. നഗരപ്രദേശങ്ങളില്‍ ആരംഭിച്ച 1517 ഭവനിര്‍മാണ പദ്ധതികളില്‍ 2011 മാര്‍ച്ച് 31 വരെ പൂര്‍ത്തിയാക്കിയത് 22 എണ്ണംമാത്രം. ഒരുലക്ഷം കോടിയിലധികം രൂപയാണ് പദ്ധതികള്‍ക്കായി അനുവദിച്ചത്. ഇതില്‍ പകുതി കേന്ദ്രസര്‍ക്കാരിന്റെ വിഹിതമാണ്. തുക അനുവദിക്കുന്നതിനപ്പുറം പദ്ധതികളുടെ നിര്‍വഹണത്തിലോ മേല്‍നോട്ടത്തിലോ ഒട്ടും ശ്രദ്ധിക്കാന്‍ കേന്ദ്രസര്‍ക്കാരിന് കഴിഞ്ഞില്ലെന്നും സിഎജി കുറ്റപ്പെടുത്തി.

    ReplyDelete