Tuesday, November 20, 2012

നിര്‍മാണമേഖല സ്തംഭനത്തില്‍

തിരു: കരിങ്കല്ല്, സിമന്റ്, മണല്‍ക്ഷാമം രൂക്ഷമായതിനെത്തുടര്‍ന്ന് സംസ്ഥാനത്ത് നിര്‍മാണമേഖല സ്തംഭിച്ചു. നഗരത്തിലെ വന്‍കിട ഫ്ളാറ്റുകള്‍മുതല്‍ നാട്ടിന്‍പുറങ്ങളിലെ കൊച്ചുവീടുകള്‍വരെ നിര്‍മാണം നിര്‍ത്തിവച്ചിരിക്കുകയാണ്. നിര്‍മാണമേഖലയിലെ മരവിപ്പ് ഈ മേഖലയെ ആശ്രയിച്ചുകഴിയുന്ന 12 ലക്ഷത്തോളം പേരുടെ ജീവിതം പ്രതിസന്ധിയിലാക്കി. നിര്‍മാണമേഖലയില്‍നിന്ന് ആയിരംകോടിരൂപയിലധികം വാര്‍ഷികവരുമാനം ലഭിക്കുന്ന സര്‍ക്കാരിനും ദിനംപ്രതി കോടികളാണ് നഷ്ടം. 
 
സംസ്ഥാന വാണിജ്യനികുതി വകുപ്പ് അനാവശ്യനികുതി ഈടാക്കുന്നെന്ന് ആരോപിച്ച് വ്യാപാരികള്‍ സിമന്റുവില്‍പ്പന നിര്‍ത്തിവച്ചിട്ട് ഒരാഴ്ചയായി. സിമന്റ് കമ്പനികള്‍ വ്യാപാരികള്‍ക്കു നല്‍കുന്ന കിഴിവിന് മൂല്യവര്‍ധിതനികുതി ഈടാക്കേണ്ടതില്ലെന്നായിരുന്നു എല്‍ഡിഎഫ് സര്‍ക്കാരിന്റെ നിലപാട്. എന്നാല്‍, യുഡിഎഫ് സര്‍ക്കാര്‍ മുന്‍കാലപ്രാബല്യത്തോടെ പലിശയടക്കം നികുതി ഈടാക്കാന്‍ തുടങ്ങിയതാണ് സമരത്തിന് ഇടയാക്കിയത്. മാസം ഒമ്പതുലക്ഷം ടണ്ണിലധികം സിമന്റാണ് കേരളത്തില്‍ വില്‍ക്കുന്നത്. ചാക്കിന് 340 മുതല്‍ 365 രൂപവരെയാണ് വില. ഇതില്‍ 41 രൂപവരെ നികുതിയിനത്തില്‍ സര്‍ക്കാരിന് കിട്ടും. അനാവശ്യ നികുതി അടിച്ചേല്‍പ്പിച്ചതിനോട് സഹകരിക്കാത്ത വ്യാപാരികളുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കുകയും വില്ലേജ് ഓഫീസര്‍മാരെ അയച്ച് കണ്ടുകെട്ടല്‍നടപടി സ്വീകരിക്കുകയും ചെയ്യുകയാണ് സര്‍ക്കാര്‍. ഇതോടെയാണ് വ്യാപാരികള്‍ കഴിഞ്ഞ ഒരാഴ്ചയായി സിമന്റുകച്ചവടം പൂര്‍ണമായും നിര്‍ത്തിവച്ചത്. അത്യാവശ്യക്കാര്‍ കരിഞ്ചന്തയില്‍ 800 രൂപവരെ കൊടുത്താണ് സിമന്റ് വാങ്ങുന്നത്. പെര്‍മിറ്റ് പുതുക്കി നല്‍കണമെന്നാവശ്യപ്പെട്ടു നടത്തിയ സമരം താല്‍ക്കാലികമായി അവസാനിപ്പിച്ചെങ്കിലും കരിങ്കല്‍ ക്വാറികളുടെയും ക്രഷറുകളുടെയും പ്രവര്‍ത്തനം പഴയ നിലയിലെത്തിയിട്ടില്ല. പാറപ്പൊടി, മണല്‍ ക്ഷാമവും രൂക്ഷമാണ്.

No comments:

Post a Comment