Sunday, November 25, 2012

കൂലിയില്ല, ഇമ്പമുള്ള പേരു മാത്രം


ആഷ, ഉഷ, യശോദ, മമത, മിത്ര, സഹായി, സേവക്, ശിക്ഷാമിത്ര്...മനോഹരമായ ഈ പേരുകള്‍ കേന്ദ്ര സര്‍ക്കാര്‍ കനിഞ്ഞുനല്‍കുന്നതാണ്. വിവിധ ക്ഷേമപദ്ധതികള്‍ നടപ്പാക്കാന്‍ രാപകല്‍ വിയര്‍പ്പൊഴുക്കുന്ന ജീവനക്കാര്‍ക്ക് കേന്ദ്രം ആദരപൂര്‍വം നല്‍കുന്ന പേരുകള്‍. എന്നാല്‍ ഈ ക്ഷേമപദ്ധതികളില്‍ പണിയെടുക്കുന്നവരെ ജീവനക്കാരായി അംഗീകരിക്കാന്‍ പോലും സര്‍ക്കാര്‍ തയ്യാറല്ല. അവര്‍ക്ക് കൂലിയില്ല; ഓണറേറിയം, ഇന്‍സെന്റീവ് എന്നീ പേരുകളില്‍ പിച്ചക്കാശ് മാത്രം. പള്‍സ് പോളിയോ പ്രതിരോധ കുത്തിവയ്പ് മുതല്‍ സെന്‍സസ് വരെയുള്ള ചെറുതും വലുതുമായ നൂറുകൂട്ടം ജോലികള്‍ ചെയ്യുന്ന അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍, ആഷ, ഉച്ചഭക്ഷണപരിപാടി നടപ്പാക്കുന്നവര്‍, വിവിധ മേഖലകളിലെ ക്ഷേമപദ്ധതികളുടെ നടത്തിപ്പുതലത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ എന്നിവരെ സര്‍ക്കാര്‍ ജീവനക്കാരായി അംഗീകരിച്ചിട്ടില്ല. അവരെ സന്നദ്ധസേവകര്‍ എന്ന വിഭാഗത്തില്‍പ്പെടുത്തിയിരിക്കുന്നു.

വിവിധ ക്ഷേമപദ്ധതികള്‍ക്കായി ഒരുകോടി ജീവനക്കാരാണ് പ്രവര്‍ത്തിക്കുന്നത്. ക്ഷേമപദ്ധതികള്‍ വലിയ ആഘോഷത്തോടെയാണ് ആരംഭിക്കുന്നതെങ്കിലും ആവശ്യമായ ഫണ്ടും സംവിധാനവും സര്‍ക്കാര്‍ ഏര്‍പ്പെടുത്താറില്ല. പല ക്ഷേമപദ്ധതികളും സ്വകാര്യവല്‍ക്കരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. സംയോജിത ശിശുവികസന പദ്ധതി(ഐസിഡിഎസ്) വേദാന്ത പോലുള്ള സ്വകാര്യ കമ്പനികളെയും ഉച്ചഭക്ഷണപരിപാടി ഇക്കോണ്‍, നന്ദി ഫൗണ്ടേഷന്‍ എന്നിവയെയും ഏല്‍പ്പിക്കാനുള്ള ശ്രമമാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നത്. 27 ലക്ഷം പേര്‍ വീതം ഐസിഡിഎസിലും ഉച്ചഭക്ഷണപരിപാടിയിലും പണിയെടുക്കുന്നുണ്ട്. എട്ടര ലക്ഷം പേര്‍ ദേശീയ ഗ്രാമീണ ആരോഗ്യമിഷനില്‍ ആഷ വര്‍ക്കര്‍മാരായി പ്രവര്‍ത്തിക്കുന്നു.

സര്‍ക്കാരിന്റെ അവഗണനയ്ക്കെതിരെ ദേശവ്യാപക പ്രക്ഷോഭത്തിനൊരുങ്ങുകയാണ് ക്ഷേമപദ്ധതി പ്രവര്‍ത്തകര്‍. സിഐടിയു ആഭിമുഖ്യത്തില്‍ ഡല്‍ഹിയിലെ ജന്തര്‍ മന്ദറില്‍ 26, 27 തീയതികളില്‍ ക്ഷേമപദ്ധതി ജീവനക്കാര്‍ മഹാപടാവ്(വിശാല ധര്‍ണ) നടത്തുമെന്ന് സിഐടിയു പ്രസിഡന്റ് എ കെ പത്മനാഭന്‍, ജനറല്‍ സെക്രട്ടറി തപന്‍ സെന്‍ എംപി, സെക്രട്ടറി ഡോ. ഹേമലത എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ക്ഷേമപദ്ധതിയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവരെയും ശമ്പളവും ആനുകൂല്യങ്ങളോടും കൂടി സ്ഥിരം ജീവനക്കാരായി അംഗീകരിക്കുക, പ്രതിമാസം 10,000 രൂപ മിനിമം വേതനം അംഗീകരിക്കുക, പെന്‍ഷന്‍, ഗ്രാറ്റുവിറ്റി, പ്രോവിഡന്റ് ഫണ്ട്, ആരോഗ്യ-ഇന്‍ഷുറന്‍സ് പദ്ധതികള്‍ എന്നിവ അനുവദിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മഹാപടാവ് നടത്തുന്നത്. വിവിധ സംസ്ഥാനങ്ങളില്‍നിന്ന് 50,000 പേര്‍ പങ്കെടുക്കുമെന്ന് നേതാക്കള്‍ അറിയിച്ചു.

deshabhimani 251112

1 comment:

  1. ആഷ, ഉഷ, യശോദ, മമത, മിത്ര, സഹായി, സേവക്, ശിക്ഷാമിത്ര്...മനോഹരമായ ഈ പേരുകള്‍ കേന്ദ്ര സര്‍ക്കാര്‍ കനിഞ്ഞുനല്‍കുന്നതാണ്. വിവിധ ക്ഷേമപദ്ധതികള്‍ നടപ്പാക്കാന്‍ രാപകല്‍ വിയര്‍പ്പൊഴുക്കുന്ന ജീവനക്കാര്‍ക്ക് കേന്ദ്രം ആദരപൂര്‍വം നല്‍കുന്ന പേരുകള്‍. എന്നാല്‍ ഈ ക്ഷേമപദ്ധതികളില്‍ പണിയെടുക്കുന്നവരെ ജീവനക്കാരായി അംഗീകരിക്കാന്‍ പോലും സര്‍ക്കാര്‍ തയ്യാറല്ല. അവര്‍ക്ക് കൂലിയില്ല; ഓണറേറിയം, ഇന്‍സെന്റീവ് എന്നീ പേരുകളില്‍ പിച്ചക്കാശ് മാത്രം.

    ReplyDelete