Monday, December 24, 2012

മാധ്യമങ്ങള്‍ വിശ്വാസീയത നഷ്ടപ്പെടുത്തുന്ന വാര്‍ത്തകള്‍ സൃഷ്ടിക്കുന്നു: സെബാസ്റ്റ്യന്‍ പോള്‍


അടൂര്‍: ജനാധിപത്യത്തെ കശാപ്പ്ചെയ്ത് വിശ്വാസീയത നഷ്ടപ്പെടുത്തുന്ന വാര്‍ത്തകളാണ് മാധ്യമങ്ങള്‍ സൃഷ്ടിക്കുന്നതെന്ന് ഡോ. സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു. പത്തനംതിട്ട ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ അടൂര്‍ ബിഎഡ് സെന്ററില്‍ നടന്ന "ജനാധിപത്യവും മാധ്യമങ്ങളും മാധ്യമങ്ങളുടെ ജനാധിപത്യവും" എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ പ്രബന്ധം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു സെബാസ്റ്റ്യന്‍പോള്‍.

വിശ്വാസീയത നഷ്ടപ്പെടുത്തുന്ന മാധ്യമങ്ങള്‍ക്ക് ഏറെക്കാലം മുന്നോട്ട് പോകാന്‍ കഴിയില്ല. പ്രചാരത്തില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന പത്രം എന്തുകൊണ്ട് നല്ല പത്രമെന്ന് പറയുന്നില്ല. അവര്‍ പറയുന്നത് പ്രചാരത്തില്‍ ഒന്നാമത് എന്നുമാത്രമാണ്. സംഭവങ്ങള്‍ സത്യമായി ജനങ്ങളെ അറിയിക്കുന്നതിന് പകരം തെറ്റായ വാര്‍ത്തകള്‍ നല്‍കി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് പത്രങ്ങള്‍ ശ്രമിക്കുന്നത്. നല്‍കുന്ന വാര്‍ത്ത തെറ്റാണെന്ന് അറിഞ്ഞുകൊണ്ടുതന്നെ സത്യമാണെന്ന് പറഞ്ഞ് സ്വന്തം വാര്‍ത്തയാക്കി ജനങ്ങളുടെ മുന്നില്‍ അവതരിപ്പിക്കുകയാണ്. എവിടെ നിന്നോ സൃഷ്ടിക്കുന്ന വാര്‍ത്തകള്‍ പണം വാങ്ങി പത്രങ്ങള്‍ ഏറ്റെടുത്ത് അവരുടെ വാര്‍ത്തയായി മാറ്റുന്ന രീതിയാണ് കണ്ടുവരുന്നത്. ഇതിനെയാണ്് മാധ്യമ സിന്‍ഡിക്കറ്റ് എന്നുപറയുന്നത്. ഐഎസ്ആര്‍ഒ ചാരക്കേസ് കെട്ടിച്ചമച്ചതാണെന്ന് ഇപ്പോഴാണ് ബോധ്യപ്പെട്ടത്. കേരളത്തെ പിടിച്ചുകുലുക്കിയ ഈ സംഭവത്തിന് പിന്നില്‍ മാധ്യമ സിന്‍ഡിക്കറ്റായിരുന്നു. കേരളത്തില്‍ ആദ്യമായി മാധ്യമ സിന്‍ഡിക്കറ്റ് പിറവിയെടുക്കുന്നത് ഇങ്ങനെയാണ്. ടി പി വധത്തിന്റെ പേരില്‍ സിപിഐ എമ്മിനെ തകര്‍ക്കാന്‍ ആസൂത്രീതമായി നടത്തിയ ശ്രമം കണ്ടതാണ്. സിപിഐ എമ്മിനെ കടന്നാക്രമിക്കാനും അവഹേളിക്കാനുമാണ് ചില മാധ്യമങ്ങള്‍ ശ്രമിച്ചത്. ആഗോള മൂലധന താല്‍പര്യവും പണവുമാണ് ഇതിന് പിന്നില്‍. ജനങ്ങളില്‍ ഇടതുപക്ഷത്തിനുള്ള വിശ്വാസീയത തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് മാധ്യമങ്ങള്‍ വാര്‍ത്തകള്‍ സൃഷ്ടിക്കുന്നത്-സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു.

സെമിനാര്‍ ചിറ്റയം ഗോപകുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് കെ ആര്‍ സുശീല അധ്യക്ഷയായി. സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ അംഗം പ്രൊഫ. ടികെജി നായര്‍ മോഡറേറ്ററായി. നഗരസഭ ചെയര്‍മാന്‍ ഉമ്മന്‍തോമസ്, ഡോ. പി ജെ ഫിലിപ്പ്, തങ്കമണി നാണപ്പന്‍, പി സി ഫിലിപ്പ്, എ പി ജയന്‍, അഡ്വ. ബാബുജി കോശി, എസ് ഹരിഹരന്‍,ഡോ. വി ആര്‍ മോഹനന്‍നായര്‍, വി ബാലചന്ദ്രന്‍, വി പി ശശി,വി കെ ബാബുരാജന്‍, അഡ്വ.അഭിലാഷ് ഗോപന്‍, പി പി ഉണ്ണികൃഷ്ണന്‍നായര്‍, ടി ജി പുരുഷോത്തമന്‍നായര്‍, തോമസ് മാത്യു, പി കെ പ്രഭാകരന്‍, എം എന്‍ സോമരാജന്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി ആര്‍ തുളസീധരന്‍പിള്ള സ്വാഗതവും താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി സി പി സുഭാഷ് നന്ദിയും പറഞ്ഞു.

deshabhimani

No comments:

Post a Comment