Monday, December 31, 2012

ആത്മാര്‍ഥതയുണ്ടെങ്കില്‍ ഭൂസംരക്ഷണസമരത്തില്‍ ഹരിത എംഎല്‍എമാരും അണിനിരക്കണം: കോടിയേരി


പരിസ്ഥിതി സംരക്ഷണപ്രവര്‍ത്തനങ്ങളോട് യുഡിഎഫിലെ ഹരിത എംഎല്‍എമാര്‍ക്ക് ആത്മാര്‍ഥതയുണ്ടെങ്കില്‍ അവര്‍ ജനുവരി ഒന്നിന് ആരംഭിക്കുന്ന ഭൂസംരക്ഷണസമരത്തില്‍ അണിനിരക്കണമെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ജനുവരി ഒന്നിന് ആരംഭിക്കുന്ന ഭൂസം രക്ഷണ സമര വളന്റിയര്‍മാക്ക് പാളയം രക്തസാക്ഷിമണ്ഡപത്തില്‍ നല്‍കിയ സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഭൂപരിഷ്കരണനിയമം അട്ടിമറിച്ചും മിച്ചഭൂമികള്‍ ഇല്ലാതാക്കിയും ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ മുതലാളിത്ത ഭൂപ്രഭുത്വത്തിന് ശ്രമിക്കുകയാണ്. ഇത് അനുവദിക്കാനാകില്ല. ഇത് ഭൂമിക്കുവേണ്ടിയുള്ള സമരം മാത്രമല്ല, നമ്മുടെ മണ്ണും പ്രകൃതിയും സംരക്ഷിക്കാന്‍ കൂടിയുള്ളതാണ്. ശിക്ഷയേറ്റുവാങ്ങാന്‍ തയ്യാറായി ഭൂസംരക്ഷണ സമരരംഗത്ത് ആയിരക്കണക്കിന് വളന്റിയര്‍മാര്‍ അണിനിരക്കുമെന്ന് കണ്ടപ്പോള്‍ ഒരുലക്ഷം പേര്‍ക്ക് ഭൂമി കൊടുക്കാമെന്നാണ് സര്‍ക്കാര്‍ ഇപ്പോള്‍ പറയുന്നത്. മൂന്ന് സെന്റ് ഭൂമി നല്‍കാമെന്ന പ്രഖ്യാപനം അംഗീകരിക്കാനാകില്ല. ഭൂരഹിതര്‍ക്ക് കുറഞ്ഞത് 10 സെന്റെങ്കിലും നല്‍കണമെന്നാണ് കേന്ദ്ര നിയമം. പാവപ്പെട്ടവര്‍ക്ക് ഒരു സെന്റ് പോലും വാങ്ങാനാകാത്ത അവസ്ഥയായിട്ടും ഭൂമി മുഴുവന്‍ വന്‍കിടക്കാരുടെ കൈയില്‍ കേന്ദ്രീകരിക്കുന്നതിന് അനുകൂല തീരുമാനങ്ങള്‍ മാത്രമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഭൂപരിഷ്കരണനിയമമെല്ലാം അട്ടിമറിച്ചുകൊണ്ടിരിക്കുന്നു. 150 കശുമാവിന്‍ തൈ നട്ടാല്‍ ഒരു വ്യക്തിക്ക് എത്ര ഹെക്ടര്‍ വേണമെങ്കിലും കൈവശം വയ്ക്കാന്‍ അനുവദിക്കുകയാണ്. തോട്ടഭൂമിയില്‍ അഞ്ചു ശതമാനം മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ അനുമതി നല്‍കുന്നു. ഇത് വന്‍ പാരിസ്ഥിതിക പ്രത്യാഘാതവും ഉണ്ടാക്കും.

കുന്നുകള്‍ ഇടിച്ചുനിരത്തി വയലുകള്‍ നികത്തുന്നു. നമ്മുടെ നെല്‍വയലുകള്‍ മഴവെള്ള സംഭരണികള്‍ കൂടിയാണ്. ഈ വയലുകള്‍ വന്‍കിടക്കാര്‍ വാങ്ങിക്കൂട്ടി വര്‍ഷങ്ങളോളം തരിശ്ശിട്ടശേഷം നികത്തുകയാണ്. കേരളത്തില്‍ കാലാവസ്ഥാ വ്യതിയാനം രൂക്ഷമായതിന് പ്രകൃതി ചൂഷണവും കാരണമാണ്. ഡിസംബറില്‍ സമ്പൂര്‍ണ വരള്‍ച്ചാ സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിച്ച ചരിത്രം മുമ്പുണ്ടായിട്ടില്ല. ഭൂസമരം ഉമ്മന്‍ചാണ്ടിക്ക് എതിരായ സമരമല്ല. നമ്മുടെ ഭൂമിയും പരിസ്ഥിതിയും സംരക്ഷിക്കാനുള്ള പ്രക്ഷോഭമാണ്. വി എസ് സര്‍ക്കാര്‍ കൊണ്ടുവന്ന നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണനിയമങ്ങള്‍ സര്‍ക്കാര്‍ അട്ടിമറിച്ചു. മുമ്പ് കെഎസ്കെടിയു നേതൃത്വത്തില്‍ കര്‍ഷകത്തൊഴിലാളികള്‍ നടത്തിയ നെല്‍വയല്‍ സംരക്ഷണപ്രക്ഷോഭമാണ് നമ്മുടെ പാടശേഖരങ്ങളില്‍ കുറച്ചെങ്കിലും സംരക്ഷിച്ചുനിര്‍ത്തിയത്. എന്നാല്‍, വെട്ടിനിരത്തല്‍ സമരമെന്ന് പറഞ്ഞ് അന്ന് അവഹേളിക്കുകയായിരുന്നു ചിലര്‍- കോടിയേരി പറഞ്ഞു.

വീണ്ടും സമരസജ്ജം മലയോര മണ്ണ്

അഞ്ചല്‍: പ്രക്ഷോഭങ്ങളുടെ വിളനിലമായ കൊല്ലം ജില്ലയുടെ കിഴക്കന്‍ മലയോര മണ്ണ് വീണ്ടും ചരിത്രപോരാട്ടത്തിന് വേദിയാകും. സഹ്യപര്‍വത നിരകളെ തൊട്ടുകിടക്കുന്ന കുളത്തൂപ്പുഴയിലെ അരിപ്പയില്‍ ജനുവരി ഒന്നിന് ആരംഭിക്കുന്ന ഭൂസമരത്തില്‍ ആയിരങ്ങള്‍ അണിചേരും. എ കെ ജി ഉള്‍പ്പെടെയുള്ള ജനായകര്‍ പങ്കെടുത്ത് 1971ല്‍ നടന്ന ഭൂസമരത്തിന്റെ സ്മരണകള്‍ ഇരമ്പുകയാണ് ഇവിടെ. അന്ന് വെള്ളിമല ഭൂസമരത്തിന് ആവേശം പകര്‍ന്ന് എ കെ ജി എത്തിയിരുന്നു. ഇപ്പോള്‍ സമരം ആരംഭിക്കുന്ന അരിപ്പയിലും 1971ല്‍ ഭൂസമരം നടന്നു. തെന്മല ഡാമിനായി കുടിയൊഴിപ്പിച്ച കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിനായി കളംകുന്നില്‍ നടന്നതും മലയോരമേഖലയില്‍ ചരിത്രമെഴുതിയ പ്രക്ഷോഭമാണ്. സമരത്തില്‍ പങ്കെടുത്ത സ്ത്രീകളും കുട്ടികളും അടക്കം 183 പേരെ കൊട്ടാരക്കര സബ്ജയിലില്‍ റിമാന്‍ഡ് ചെയ്തു. പത്തു ദിവസത്തിനുശേഷമാണ് ഇവരെ വിട്ടയച്ചത്. സിപിഐ എം പത്തനാപുരം താലൂക്ക് സെക്രട്ടറിയായിരുന്ന കെ രാജഗോപാല്‍ സമരമുന്നണിയില്‍ ഉണ്ടായിരുന്നു.

ഇപ്പോള്‍ സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമിയും സമീപത്തെ നൂറുകണക്കിന് ഏക്കറും സ്വകാര്യവ്യക്തികള്‍ കൈവശപ്പെടുത്തിയ അവസരത്തിലാണ് 1971ല്‍ അരിപ്പയില്‍ ഭൂസമരം നടന്നത്. കുളത്തൂപ്പുഴ പഞ്ചായത്തിലെ തിങ്കള്‍കരിക്കകം വില്ലേജില്‍ 94 സെന്റ് ആണ് സര്‍ക്കാര്‍ ഏറ്റെടുത്തത്. ഇതില്‍ 13.54 സെന്റ് പട്ടിജാതി ക്ഷേമവകുപ്പിന്റെ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂള്‍ കെട്ടിടം നിര്‍മിക്കാന്‍ വിട്ടുകൊടുത്തു. ചെങ്ങറ ഭൂസമരത്തിന്റെ ഒത്തുതീര്‍പ്പു വ്യവസ്ഥപ്രകാരം 21 ഏക്കര്‍ ആദിവാസികള്‍ക്ക് വീടുവയ്ക്കുന്നതിനായി പതിച്ചു നല്‍കി. അവശേഷിക്കുന്ന 59 ഏക്കറിലാണ് ഇപ്പോള്‍ സമരം ആരംഭിക്കുന്നത്. ഭൂരഹിതരായ ജില്ലയിലെ ആയിരക്കണക്കിനു കുടുംബങ്ങള്‍ സമരത്തില്‍ പങ്കാളികളാകും. ചോഴിയക്കോട് ജങ്ഷനില്‍ ജനുവരി ഒന്നിനു രാവിലെ പത്തിന് കേന്ദ്രകമ്മിറ്റിഅംഗം പി കെ ഗുരുദാസന്‍ സമരം ഉദ്ഘാടനംചെയ്യും. കെഎസ്കെടിയു സംസ്ഥാന പ്രസിഡന്റ് ബി രാഘവന്റെ നേതൃത്വത്തില്‍ അരിപ്പയിലെ സര്‍ക്കാര്‍ ഭൂമിയിലേക്ക് സമരഭടന്മാരും ഭൂരഹിതരായ കുടുംബങ്ങളും പ്രകടനമായി നീങ്ങും. ആദ്യദിവസം 250 വളന്റിയര്‍മാര്‍ സമരത്തില്‍ പങ്കെടുക്കും.

യാത്രയായത് ഇടയ്ക്കാട് ഭൂസമരനായകന്‍

ശാസ്താംകോട്ട: നിരവധി തൊഴിലാളിസമരങ്ങളുടെ നായകന്‍ പി പി ഡാനിയല്‍ ഓര്‍മയായി. നാട്ടുകാര്‍ക്കും കശുവണ്ടിത്തൊഴിലാളികള്‍ക്കും പ്രിയപ്പെട്ട "ഓച്ചിറ അളിയന്‍" എന്ന കുന്നത്തൂര്‍ മാനാമ്പുഴ ചരുവിള വടക്കതില്‍ പി പി ഡാനിയല്‍ ശനിയാഴ്ചയാണ് വിടവാങ്ങിയത്. കശുവണ്ടിത്തൊഴിലാളികളുടെ നിരവധി കര്‍ഷകസമരങ്ങള്‍ക്കു നേതൃത്വം നല്‍കിയ പി പി ഡാനിയലിന്റെ നിര്യാണം പുരോഗമനപ്രസ്ഥാനങ്ങള്‍ക്ക് തീരാനഷ്ടമായി. കര്‍ഷകത്തൊഴിലാളിസമരങ്ങളുടെ ചരിത്രത്തില്‍ വേണ്ടത്ര സ്ഥാനം നേടാത്ത ഇടയ്ക്കാട് ഭൂസമരത്തിന്റെ പ്രധാനിയായിരുന്നു അദ്ദേഹം. ഇടയ്ക്കാട് സമരത്തിന്റെ കരുത്തും ആവേശവുമായിരുന്നു പി പി ഡാനിയല്‍. ഇടയ്ക്കാട് ഭൂസമരചരിത്രം പി പി ഡാനിയലില്‍ തുടങ്ങുന്നു.

1955ല്‍ പോരുവഴി പടിഞ്ഞാറ് മാരൂര്‍ പപ്പുപിള്ളയ്ക്ക് ഇടയ്ക്കാട്ട് 44 സെന്റ് സ്ഥലമുണ്ടായിരുന്നു. ചാലുംപാട്ടെ കര്‍ഷകത്തൊഴിലാളികളാണ് ഇവിടെ കൃഷിയിറക്കിയിരുന്നത്. അങ്ങനെയിരിക്കെ ഭൂമി സ്വന്തമാക്കാന്‍ കര്‍ഷകത്തൊഴിലാളികള്‍ തീരുമാനിച്ചു. ഇതിനായി പപ്പുപിള്ള ആവശ്യപ്പെട്ട പണവും തൊഴിലാളികള്‍ നല്‍കി. എന്നാല്‍, നാട്ടിലെ കോണ്‍ഗ്രസ് പ്രമാണിയായിരുന്ന വെളുത്ത ജോര്‍ജ് ഈ ഭൂമി സ്വന്തമാക്കാന്‍ രംഗത്തെത്തി. ഭൂവുടമ ഇയാളില്‍നിന്ന് പണവും വാങ്ങി. തൊഴിലാളികളെ പപ്പുപിള്ള കബളിപ്പിക്കുകയായിരുന്നു. ഇത് പ്രതിഷേധത്തിനിടയാക്കി. വിഷയം കമ്യൂണിസ്റ്റ് പാര്‍ടി ഏറ്റെടുത്തു. തെങ്ങമം ബാലകൃഷ്ണന്‍, പി പി ഡാനിയല്‍, അഡ്വ. രാമകൃഷ്ണപിള്ള, മുടീത്തറ ഭാസ്കരപിള്ള, താഴത്ത് ചെല്ലപ്പന്‍പിള്ള, കറുത്ത ജോര്‍ജ് എന്നിവരുടെ നേതൃത്വത്തില്‍ സമരം ആരംഭിച്ചു. പൊലീസിന്റെ സഹായത്തോടെ ഭൂമി വെളുത്ത ജോര്‍ജ് കൈയടക്കി. കമ്യൂണിസ്റ്റുകാര്‍ക്കെതിരെ 68 കേസെടുത്തു. പി പി ഡാനിയല്‍ അടക്കം 286 തൊഴിലാളികളും നാട്ടുകാരും പ്രതികളായി. ഭൂമി സ്വന്തമാക്കിയ വെളുത്ത ജോര്‍ജ് പി പി ഡാനിയലിനെ ഇടയ്ക്കാട്ടുവച്ച് വെട്ടിയ സംഭവമുണ്ടായി. കഴുത്തിനും നട്ടെല്ലിനും കൈയ്ക്കും ഗുരുതരമായി വെട്ടേറ്റു. ഇടയ്ക്കാട് കേസില്‍ ഏഴുപേരായിരുന്നു പ്രതികള്‍. തെങ്ങമത്തെയാണ് ആദ്യംപൊലീസ് അറസ്റ്റ് ചെയ്തത്. ഏഴാംമൈലിലെ യോഗത്തിനിടെ പി പി ഡാനിയലിനെയും അറസ്റ്റ്ചെയ്തു. 57ലെ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ ഇടയ്ക്കാട് കേസ് പിന്‍വലിക്കുകയായിരുന്നു. "ഓച്ചിറ അളിയനെ"ന്ന് നാട്ടുകാര്‍ സ്നേഹവാത്സല്യത്തോടെ വിളിക്കുന്ന പി പി ഡാനിയലിന്റെ ജന്മദേശം ഓച്ചിറയാണ്.

അവുങ്ങുംപൊയിലില്‍ ഭൂസമരത്തിന് നാളെ തുടക്കം

തളിപ്പറമ്പ്: ഭൂസമരചരിത്രത്തില്‍ പുത്തന്‍ അധ്യായം തുറന്ന് തിരുവട്ടൂര്‍ വില്ലേജിലെ അവുങ്ങുംപൊയില്‍ മിച്ചഭൂമിയില്‍ ഭൂരഹിതര്‍ പുതുവത്സരദിനത്തില്‍ അവകാശം സ്ഥാപിക്കും. ജനുവരി ഒന്നിന് രാവിലെ പത്തിന് വായാട് കവലയില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എളമരം കരീം സമരം ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും പട്ടികജാതി- വര്‍ഗവിഭാഗങ്ങളും ആദിവാസികളുമടങ്ങുന്ന സമരവളണ്ടിയര്‍മാര്‍ എം പ്രകാശന്റെ നേതൃത്വത്തില്‍ വായാട്ടുകവലയില്‍ കേന്ദ്രീകരിച്ച് മിച്ചഭൂമിയിലേക്ക് മാര്‍ച്ച് ചെയ്യും. സമരത്തോടനുഭാവം പ്രകടിപ്പിച്ച് തളിപ്പറമ്പ്, ആലക്കോട്, മാടായി, പയ്യന്നൂര്‍ ഏരിയകളിലെ 1050 പേര്‍ വളണ്ടിയര്‍മാരെ സമരഭൂമിയിലേക്ക് ആനയിക്കും. മിച്ചഭൂമിയില്‍ ചെങ്കൊടി നാട്ടി വളണ്ടിയര്‍മാര്‍ അവകാശം സ്ഥാപിക്കും. ആദ്യദിവസം ജില്ലയിലെ മുഴുവന്‍ ഏരിയകളെയും പ്രതിനിധീകരിച്ചെത്തുന്ന 250 വളണ്ടിയര്‍മാര്‍് അറസ്റ്റ്വരിക്കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ 100 വളണ്ടിയര്‍മാര്‍ വീതം അറസ്റ്റ്വരിക്കും. ഇവരെ 500 പേര്‍ വീതം അനുഗമിക്കും. സമരത്തില്‍ പങ്കെടുക്കുന്ന ഏരിയകള്‍: ജനുവരി 2: പെരിങ്ങോം, ഇരിട്ടി. 3: കണ്ണൂര്‍, കൂത്തുപറമ്പ്. 4: ശ്രീകണ്ഠപുരം, എടക്കാട്്. 5: മയ്യില്‍, അഞ്ചരക്കണ്ടി. 6: പിണറായി, പേരാവൂര്‍. 7: മട്ടന്നൂര്‍, പാനൂര്‍. 8: തലശേരി, പാപ്പിനിശേരി. 9: പയ്യന്നൂര്‍, ആലക്കോട്. 10: തളിപ്പറമ്പ്, മാടായി.

എല്ലാ കൈവശക്കാര്‍ക്കും പട്ടയം അനുവദിക്കുക, ഭൂസംരക്ഷണ നിയമം അട്ടിമറിക്കാതിരിക്കുക, എല്ലാ ആദിവാസികള്‍ക്കും ഒരേക്കര്‍ ഭൂമി അനുവദിക്കുക, ഭൂരഹിത പട്ടികജാതിക്കാര്‍ക്ക് ഉടന്‍ ഭൂമി നല്‍കുക, എല്ലാ പാവപ്പെട്ടവര്‍ക്കും സമയബന്ധിതമായി ഭൂമി നല്‍കുക, നെല്‍വയല്‍- നീര്‍ത്തട സംരക്ഷണ നിയമം അട്ടിമറിക്കാനുള്ള നീക്കം ഉപേക്ഷിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളാണ് സമരത്തില്‍ ഉന്നയിക്കുക. കേരള കര്‍ഷകസംഘം, കര്‍ഷകത്തൊഴിലാളി യൂണിയന്‍, ആദിവാസി ക്ഷേമസമിതി, കോളനി അസോസിയേഷന്‍ എന്നീ സംഘടനകള്‍ സംയുക്തമായാണ് സംസ്ഥാന വ്യാപകമായി പുതവത്സരദിനത്തില്‍ തുടര്‍പ്രക്ഷോഭം ആരംഭിക്കുന്നത്. വളണ്ടിയര്‍മാരുടെ റിക്രൂട്ട്മെന്റുള്‍പ്പെടെ അവുങ്ങുംപൊയില്‍ മിച്ചഭൂമി സമരത്തിന്റെ ഒരുക്കങ്ങള്‍ സംഘാടകസമിതി യോഗം വിലയിരുത്തി. ചെയര്‍മാന്‍ കെ കുഞ്ഞപ്പ അധ്യക്ഷനായി. പി വാസുദേവന്‍, കെ ദാമോദരന്‍, പി വി ചാത്തുക്കുട്ടി, കെ കുഞ്ഞിക്കോരന്‍, എം ശ്രീധരന്‍, പി മുകുന്ദന്‍, പി സി റഷീദ് എന്നിവര്‍ സംസാരിച്ചു. പുല്ലായിക്കൊടി ചന്ദ്രന്‍ സ്വാഗതം പറഞ്ഞു. അറസ്റ്റ് വരിക്കുന്ന വളണ്ടിയര്‍മാര്‍ക്ക് ജില്ലയിലെ 18 ഏരിയാ കേന്ദ്രങ്ങളില്‍ തിങ്കളാഴ്ച യാത്രയയപ്പ് നല്‍കും. സമരത്തിന്റെ ഭാഗമായി ഇരുന്നൂറോളം വില്ലേജുകളില്‍ പ്രചാരണ ജാഥ പൂര്‍ത്തിയായി. എ വിജയരാഘവന്‍ നയിച്ച സംസ്ഥാന പ്രചാരണജാഥക്ക് 18 കേന്ദ്രങ്ങളില്‍ വരവേല്‍പ്പ് നല്‍കി. സമരത്തിന്റെ സന്ദേശം വിശദീകരിക്കാന്‍ എല്ലാ ഏരിയകളിലും ഭൂരഹിതരുടെ കണ്‍വന്‍ഷനുകള്‍ വിളിച്ചുചേര്‍ത്തു. വന്‍പങ്കാളിത്തമാണ് കണ്‍വന്‍ഷനുകളില്‍ ഉണ്ടായത്.

deshabhimani 311212

No comments:

Post a Comment