Monday, December 31, 2012

ജനദ്രോഹത്തിന്റെ ഒരു യുപിഎ വര്‍ഷം കൂടി


സ്വതന്ത്രഭാരതത്തിലെ ഇതുവരെയുള്ള കേന്ദ്ര സര്‍ക്കാരുകളെ വിലയിരുത്തിയാല്‍ ഏറ്റവും കുറഞ്ഞ കാലയളവില്‍ ഏറ്റവും കൂടുതല്‍ ജനവിരുദ്ധത പ്രകടിപ്പിച്ച സര്‍ക്കാര്‍ രണ്ടാം യുപിഎ സര്‍ക്കാരാണെന്ന് മനസ്സിലാക്കാന്‍ പ്രയാസമില്ല. അതില്‍ ഏറ്റവും കടുത്ത ജനവിരുദ്ധനടപടികളും നയങ്ങളും സ്വീകരിച്ച വര്‍ഷം 2012 ആണെന്നും കാണാം. പെട്രോളിന് ഒറ്റയടിക്ക് 7.54 രൂപയും ഡീസലിന് അഞ്ച് രൂപയും വര്‍ധിപ്പിച്ച കേന്ദ്ര സര്‍ക്കാര്‍ പാചകവാതക സിലിണ്ടറുകള്‍ (സബ്സിഡിയുള്ളത്) ആറായി വെട്ടിക്കുറയ്ക്കുകയും ചെയ്തു. കേന്ദ്ര ബജറ്റില്‍ 31126 കോടി രൂപയുടെ സബ്സിഡി വെട്ടിക്കുറയ്ക്കാന്‍ നിശ്ചയിച്ച യുപിഎ സര്‍ക്കാര്‍ അതിലുമെത്രയോ കൂടുതല്‍ തുകയാണ് ജനങ്ങളില്‍നിന്ന് പിഴിഞ്ഞെടുത്തത്. സാധാരണജനങ്ങളുടെ ജീവിതച്ചെലവ് കുതിച്ചുയരുന്നതില്‍ യുപിഎ സര്‍ക്കാരിന്റെ ഈ തീരുമാനങ്ങളാണ് എണ്ണയൊഴിച്ചത്. മള്‍ട്ടി ബ്രാന്‍ഡ് ചില്ലറവില്‍പ്പന മേഖലയില്‍ 51 ശതമാനം വിദേശനിക്ഷേപം അനുവദിച്ച് അമേരിക്കയിലെയും യൂറോപ്പിലെയും കോര്‍പറേറ്റ് ശക്തികള്‍ക്ക് വഴങ്ങിയ സര്‍ക്കാര്‍ അഞ്ച് കോടി വ്യാപാരികളുടെ ജീവിതം അനിശ്ചിതത്വത്തിലാക്കി. വ്യോമയാന മേഖലയിലടക്കം നിരവധി മേഖലകളില്‍ നിയന്ത്രണമില്ലാതെ വിദേശനിക്ഷേപം അനുവദിക്കാനും തീരുമാനിച്ചു.

വിദേശികള്‍ക്ക് ഇന്ത്യന്‍ ഓഹരി വിപണിയില്‍ നേരിട്ട് നിക്ഷേപം നടത്താന്‍ അനുവദിച്ചുകൊണ്ടാണ് യുപിഎ സര്‍ക്കാര്‍ 2012 ജനുവരി ഒന്നിന് അതിന്റെ തേരോട്ടം തുടങ്ങിയത്. വിദേശനിക്ഷേപകര്‍ക്ക് സര്‍ക്കാര്‍ ബോണ്ടുകളില്‍ 2000 കോടി രൂപ വരെ നിക്ഷേപിക്കാനും പിന്നീട് അനുമതി നല്‍കി. രാജ്യത്തേക്ക് കൂടുതല്‍ വിദേശനിക്ഷേപം ആകര്‍ഷിച്ച് രൂപയുടെ മൂല്യം പിടിച്ചുനിര്‍ത്താനും സമ്പദ്വ്യവസ്ഥയെ സംരക്ഷിക്കാനുമാണ് നടപടികളെന്നാണ് സര്‍ക്കാര്‍ വിശദീകരിച്ചതെങ്കിലും ഡിസംബര്‍ ആയിട്ടും സമ്പദ്വ്യവസ്ഥ തളര്‍ച്ചയില്‍ത്തന്നെ തുടര്‍ന്നു. രാജ്യത്ത് സാമ്പത്തികമാന്ദ്യമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ തന്നെ പ്രസ്താവനയിറക്കി. സാമ്പത്തികപരിഷ്കരണ നടപടികള്‍ അതിശക്തമായി നടപ്പാക്കിയ വര്‍ഷമായിരുന്നു 2012. ചില്ലറവില്‍പ്പന മേഖലയിലെ വിദേശനിക്ഷേപം അനുവദിച്ചതു കൂടാതെ ബാങ്കിങ് നിയമഭേദഗതി ബില്‍ പാസാക്കി രാജ്യത്തെ ബാങ്കിങ് മേഖലയെ തകര്‍ക്കാനുള്ള അരങ്ങൊരുക്കല്‍ കൂടി യുപിഎ സര്‍ക്കാര്‍ പൂര്‍ത്തിയാക്കി. ഇടതുപക്ഷത്തിന്റെ ശക്തമായ എതിര്‍പ്പുണ്ടായിട്ടും അവസരവാദ രാഷ്ട്രീയത്തെ ഫലപ്രദമായി ഉപയോഗിച്ച് യുപിഎ ഫ്ളോര്‍ മാനേജര്‍മാര്‍ ഈ ദേശദ്രോഹനിയമത്തിന് പിന്തുണ ഉറപ്പിച്ചു. ബാങ്ക് ദേശസാല്‍ക്കരണത്തിലൂടെ രാജ്യത്തെ ബാങ്കിങ് മേഖലയെ ജനജീവിതവുമായി ചേര്‍ത്തുനിര്‍ത്തിയ മുന്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ തീരുമാനമാണ് കുറെ കോര്‍പറേറ്റ് ഉപദേശകരുടെ വാക്കുകേട്ട് ഇപ്പോഴത്തെ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാര്‍ തകര്‍ത്തത്.

റെയില്‍വേ ബജറ്റില്‍ എല്ലാ ക്ലാസുകളിലേക്കും നിരക്കുവര്‍ധനയ്ക്കാണ് റെയില്‍വേ മന്ത്രി ദിനേശ് ത്രിവേദി നിര്‍ദേശിച്ചത്. ഇതിന്റെപേരില്‍ മമത ബാനര്‍ജിയുടെ സമ്മര്‍ദത്തെത്തുടര്‍ന്ന് ത്രിവേദിക്ക് രാജിവയ്ക്കേണ്ടിവന്നു. എന്നാല്‍, നിരക്കുവര്‍ധന ബജറ്റിനു പുറത്തുകൂടി നടപ്പാക്കി. റെയില്‍വേ ചരക്കുകൂലി 20 ശതമാനമാണ് കൂട്ടിയത്. എസി ക്ലാസുകളില്‍ സര്‍വീസ് ചാര്‍ജ് എന്ന പേരില്‍ 3.7 ശതമാനം നിരക്കുവര്‍ധന നടപ്പാക്കി. തപാല്‍നിരക്ക് 20 ശതമാനം കൂട്ടി. പെട്രോള്‍ വില എല്ലാ ദിവസവും പുതുക്കാന്‍ തീരുമാനിച്ചു. ഡീസല്‍ വിലയില്‍ അടുത്ത വര്‍ഷം 10 രൂപ വര്‍ധന വരുത്താനും മണ്ണെണ്ണ വിലയില്‍ രണ്ട് വര്‍ഷം കൊണ്ട് 10 രൂപ വര്‍ധന നടപ്പാക്കാനും തീരുമാനിച്ചു. സബ്സിഡിയുള്ള പാചകവാതക സിലിണ്ടറുകളുടെ എണ്ണം ആറായി ചുരുക്കിയതിലൂടെ ഒരു സിലിണ്ടറിന് ഫലത്തില്‍ 500 രൂപ വില വര്‍ധിച്ചു. അവശ്യസാധനങ്ങളുടെ വില കുതിച്ചുയര്‍ന്നു.

സമ്പദ്വ്യവസ്ഥയെ നേരെ നിര്‍ത്താനെന്നുപറഞ്ഞ് നിരവധി ജനദ്രോഹനടപടികളെടുത്തെങ്കിലും സമ്പദ്വ്യവസ്ഥ തളര്‍ന്നുതന്നെ കിടക്കുന്നു. കാരണം ആഗോള സാമ്പത്തികമാന്ദ്യമെന്നു പറഞ്ഞ് ജനങ്ങളെ കബളിപ്പിക്കുകയും ചെയ്യുന്നു. 2012-13 സാമ്പത്തികവര്‍ഷം ആദ്യപാദത്തില്‍ 5.4 ശതമാനം സാമ്പത്തികവളര്‍ച്ച മാത്രമേ നേടാനായുള്ളൂ. ഈ സാമ്പത്തികവര്‍ഷത്തെ മൊത്തം സാമ്പത്തികവളര്‍ച്ച ഏകദേശം അഞ്ച് ശതമാനമായിരിക്കുമെന്നാണ് വിവിധ ഏജന്‍സികളും വിദഗ്ധരും പ്രവചിക്കുന്നത്. കയറ്റുമതി കുത്തനെ ഇടിയുകയും വ്യാപാരക്കമ്മിയും ധനക്കമ്മിയും വര്‍ധിക്കുകയും ചെയ്തു. വ്യവസായവളര്‍ച്ച പല മാസവും പൂജ്യത്തില്‍നിന്ന് താഴേക്കുപോയി. സമ്പദ്വ്യവസ്ഥ "മെച്ചപ്പെടുത്താന്‍" യുപിഎ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ കാരണം ജനങ്ങളുടെ ദുരിതവും വര്‍ധിച്ചു.

രാഷ്ട്രീയമായും യുപിഎ സര്‍ക്കാരിന് ഏറെ തിരിച്ചടിയേറ്റ വര്‍ഷമാണിത്. യുപിഎയിലെ രണ്ടാമത്തെ വലിയ ഘടകകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് യുപിഎ വിട്ടു. ന്യൂനപക്ഷമായ ഒരു സര്‍ക്കാരായി രണ്ടാം യുപിഎ സര്‍ക്കാര്‍ മാറി. സങ്കുചിതമായ രാഷ്ട്രീയതാല്‍പ്പര്യങ്ങള്‍ക്കായി നിലകൊള്ളുന്ന പാര്‍ടികളുടെ സഹായത്താലാണ് ജനവിരുദ്ധഭരണം ഇപ്പോള്‍ മുന്നോട്ടുപോകുന്നത്.

(വി ജയിന്‍) deshabhimani 311212

No comments:

Post a Comment