Thursday, December 27, 2012

സി-ഡിറ്റില്‍ പിന്‍വാതില്‍ നിയമനത്തിന് നീക്കം


കോഴവാങ്ങിയുള്ള പിന്‍വാതില്‍ നിയമനത്തിന് സി-ഡിറ്റില്‍ വ്യാപക നീക്കം. സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ നിയമനം പാടില്ലെന്ന ഉത്തരവ് നിലനില്‍ക്കെയാണ് മുന്നൂറോളംപേരെ തള്ളിക്കയറ്റാനുള്ള നടപടി. പ്രോജക്ട് മാനേജര്‍ (ഒന്ന്), സോണല്‍ മാനേജര്‍ (നാല്), നെറ്റ് വര്‍ക്കിങ് അഡ്മിനിസ്ട്രേറ്റര്‍ (19), അസിസ്റ്റന്റ് സിസ്റ്റം അഡ്മിനിസ്ട്രേറ്റര്‍ (69), ഹൗസ് കീപ്പിങ് സ്റ്റാഫ് (109), ഹെല്‍പ്പ് ഡെസ്ക് സ്റ്റാഫ്, പാക്കിങ് അസിസ്റ്റന്റ് തുടങ്ങി 16 തസ്തികയിലേക്കാണ് നിയമനം. ഓണ്‍ലൈന്‍ വഴിയാണ് 14 എണ്ണത്തിന് അപേക്ഷ ക്ഷണിച്ചത്. രണ്ടെണ്ണത്തിന് വെള്ളക്കടലാസില്‍ അപേക്ഷിക്കാനും സി-ഡിറ്റ് വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച അറിയിപ്പില്‍ പറയുന്നു. അപേക്ഷ സ്വീകരിക്കുന്നത് 17ന് അവസാനിപ്പിച്ചു. ശമ്പളത്തിന്റെ വിശദാംശങ്ങള്‍, അപേക്ഷകന്റെ പ്രായപരിധി, തസ്തികയുടെ എണ്ണം തുടങ്ങിയ വിവരങ്ങള്‍ വ്യക്തമാക്കാതെയുള്ള അപൂര്‍ണ വിജ്ഞാപനം പ്രസിദ്ധീകരിച്ചത് തല്‍പ്പരകക്ഷികള്‍ക്ക് അവസരമൊരുക്കാനാണ്. സി-ഡിറ്റിലെ എല്ലാ നിയമനങ്ങള്‍ക്കും സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വാങ്ങണമെന്നുള്ള സര്‍ക്കാര്‍ ഉത്തരവ് 2010ല്‍ പുറത്തിറങ്ങിയതാണ്. ഇതിനെ മറികടന്നാണ് കോഴ നിയമനത്തിന് കളമൊരുക്കുന്നത്. 2010ലും ഇത്തരത്തില്‍ നിയമനത്തിന് നീക്കം നടന്നിരുന്നു. ജൂണില്‍ അപേക്ഷ ക്ഷണിച്ച് ജൂലൈയിലും ആഗസ്തിലും ഉദ്യോഗാര്‍ഥികളുടെ കൂടിക്കാഴ്ച നടത്തി പട്ടിക തയ്യാറാക്കി. എന്നാല്‍, നിയമനത്തിന് അംഗീകാരം വാങ്ങണമെന്ന സര്‍ക്കാര്‍ ഉത്തരവ് നിലനിന്നതിനാല്‍ പട്ടിക റദ്ദാക്കുകയായിരുന്നു.

പത്രങ്ങളിലും തൊഴില്‍ പ്രസിദ്ധീകരണങ്ങളിലും പരസ്യം നല്‍കി 2011 ഡിസംബറില്‍ വീണ്ടും അപേക്ഷ ക്ഷണിച്ചു. മൂവായിരത്തോളം അപേക്ഷയാണ് 2010ലും 2011ലും ലഭിച്ചത്. ഈ അപേക്ഷകളില്‍നിന്നാണ് രണ്ടു തവണയും പട്ടിക തയ്യാറാക്കിയത്. ഹൗസ് കീപ്പിങ്ങിലെ നിയമനത്തിന് ഏജന്‍സികളില്‍നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. അഞ്ചിലധികം ക്വട്ടേഷന്‍ ലഭിച്ചതില്‍ കുറഞ്ഞ ക്വട്ടേഷന്‍ നല്‍കിയ ഏജന്‍സിയെ കണ്ടെത്തി ചുമതലപ്പെടുത്താനുള്ള നടപടിയും ആരംഭിച്ചിരുന്നു. ഇതെല്ലാം അട്ടിമറിച്ചാണ് വെബ്സൈറ്റിലൂടെമാത്രം വിജ്ഞാപനം നടത്തിയുള്ള നിയമന നീക്കം. സാങ്കേതിക വിഭാഗം തസ്തികകളില്‍ സര്‍ക്കാരിന്റെ റിക്രൂട്ടിങ് ഏജന്‍സി വഴി നിയമനം നടത്തണമെന്നാണ് വ്യവസ്ഥ. പൂര്‍ണ വിവരം അടങ്ങുന്ന വിജ്ഞാപനം മാധ്യമങ്ങളില്‍ പരസ്യപ്പെടുത്തിയായിരിക്കണം അപേക്ഷ ക്ഷണിക്കേണ്ടത്. ഹൗസ് കീപ്പിങ് സ്റ്റാഫ്, പാക്കിങ് ഏജന്റ് തസ്തികകളില്‍ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുവഴിയാണ് നിയമനം നടത്തേണ്ടത്. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളെ നോക്കുകുത്തിയാക്കിയാണ് ഇപ്പോഴത്തെ അഴിമതി നീക്കം. അര്‍ഹിക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് വിദ്യാഭ്യാസ യോഗ്യതയിലും മുന്‍പരിചയത്തിലും ഇളവുനല്‍കാന്‍ സി-ഡിറ്റിന് അധികാരമുണ്ടെന്ന് വെബ്സൈറ്റിലെ വിജ്ഞാപനത്തില്‍ പറയുന്നു. യോഗ്യതയില്ലാത്തവരെ തിരുകിക്കയറ്റാനുള്ള നീക്കമാണ് ഇതിനുപിന്നില്‍.
(ജി രാജേഷ്കുമാര്‍)

deshabhimani

No comments:

Post a Comment