Monday, December 31, 2012

ബഹുദൂരം ഇനിയും... തോണി നീങ്ങുന്നില്ല


ഇങ്ങനെ പോയാല്‍ വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് നിലംതൊടില്ലെന്ന് ഏത് കൊച്ചുകുട്ടിക്കാണ് അറിയാത്തത്. അതിവേഗം ബഹുദൂരം സഞ്ചരിച്ചിട്ടും തോണി കരയില്‍ തന്നെ നില്‍പ്പാണ്. മുടി ചീകാന്‍പോലും സമയമില്ലാതെ ഉറക്കമിളച്ചാണ് മുഖ്യന്‍ നാടുഭരിക്കുന്നതെന്നാണ് മുനിയുടെ കേട്ടുകേള്‍വി. എന്നിട്ടും നാട്ടില്‍ ഒന്നും നടക്കുന്നില്ലെന്ന് പറയുന്നത് മറ്റാരുമല്ല, ഭരണമുന്നണിയിലെ തിണ്ണമിടുക്കുള്ള ടീമാണ്. പറഞ്ഞത് രഹസ്യമല്ല. പത്രങ്ങള്‍ക്കും ചാനലുകള്‍ക്കും സദ്യ വിളമ്പിയാണ് വിവരം മാലോകരെ അറിയിച്ചത്. ഇക്കൂട്ടര്‍ക്ക് എന്താണ് പറ്റിയത്. എത്ര ആലോചിച്ചിട്ടും മുനിക്ക് സംഗതിയുടെ ഗുട്ടന്‍സ് പിടികിട്ടുന്നില്ല. സാധാരണ സൂര്യന്‍ പടിഞ്ഞാറ് ഉദിച്ചെന്ന് നേതാവ് പറഞ്ഞാല്‍ അത് ഏറ്റുചൊല്ലുന്നവരാണ്. ആരെങ്കിലും ചോദ്യംചെയ്താല്‍ കിത്താബ് കാട്ടി വിരട്ടും. അങ്ങനെയുള്ള കൂട്ടരാണ് രാജാവും പരിവാരവും നഗ്നരാണെന്ന് വിളിച്ചുകൂവി നടക്കുന്നത്.

ഒരു നേതാവിന്റെ മകളുടെ നിക്കാഹിന് ഒത്തുകൂടിയപ്പോഴാണത്രെ മന്ത്രിസംഘത്തിനും പരിവാരത്തിനും ചില വെളിപാടുകളുണ്ടായത്. കോഴിബിരിയാണി രണ്ടാമതും ചോദിച്ചപ്പോള്‍ വിളമ്പലുകാരനാണ് ഇറച്ചിമുതല്‍ മസാലക്കൂട്ടുവരെയുള്ളവയുടെ വിലവിവര പട്ടിക നേതാക്കള്‍ക്ക് നല്‍കിയത്. അപ്പോഴാണ് സാധനങ്ങള്‍ക്ക് വില കയറിയത് മന്ത്രിമാര്‍ അറിഞ്ഞത്. ഉടനെ "അവൈലബ്ള്‍" നേതൃയോഗം തട്ടിക്കൂട്ടിയാണ് മന്ത്രിമാരും നേതാക്കളും ഉച്ചത്തില്‍ നിലവിളിച്ചത്. മന്ത്രിമാരും എംഎല്‍എമാരുമല്ലാത്ത നേതാക്കളാണ് ആദ്യം കരഞ്ഞത്. അത് എന്താണെന്ന് പൂര്‍ണമായും മുനിക്ക് അറിയില്ല. മതിലുകടന്ന നിലവിളിയില്‍ ചിലത് മാത്രമാണ് കേട്ടത്. ""ഞമ്മക്ക് ഭരിക്കാന്‍ അറിയില്ലേ.... സത്യമായും അറിയില്ലേ..."" തുടര്‍ന്ന് മന്ത്രിമാരും ആരും കേള്‍ക്കാതെ വിലപിച്ചു. കുറ്റം സമ്മതിച്ചു. കണ്ണുകള്‍ ഈറനണിഞ്ഞു. സ്വയംവിമര്‍ശമെന്ന് പറഞ്ഞാല്‍ ഇതാണ്. സര്‍ക്കാര്‍ ഒന്നിനും കൊള്ളില്ലെന്ന് മന്ത്രിമാരും അതിന്റെ പാര്‍ടിയും ജനങ്ങളോട് വിളിച്ചുപറയുന്നു. ജനാധിപത്യത്തിന്റെ വിജയമെന്നല്ലാതെ മുനിക്ക് മറ്റൊന്നും പറയാനില്ല. എണ്ണത്തില്‍ പോരാഞ്ഞിട്ട് വണ്ണം പറഞ്ഞ് മന്ത്രിയെ വാങ്ങിയ പാര്‍ടി ഇങ്ങനെ വിലപിക്കേണ്ടിവന്നതിലാണ് മുനിക്ക് സങ്കടം. ഭരിക്കാനറിയില്ലെങ്കില്‍ ഇങ്ങനെ കഷ്ടപ്പെട്ട് കടിച്ചുതൂങ്ങണോ എന്നൊന്നും ആരും ചോദിച്ചേക്കരുത്. ഭരിക്കുന്നത് പാര്‍ടിക്കും നേതാക്കള്‍ക്കും വേണ്ടിയല്ല. സമുദായത്തിന്റെയാകെ ഗുണത്തിനാണ്. ചോദിക്കുന്നവര്‍ക്ക് സ്കൂളും കോളേജും, കോളേജിന്റെ പടി കാണാത്തവര്‍ക്കും സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ പദവി... മുന്തിയ മന്ത്രി പ്രസംഗം നിര്‍ത്തിയപ്പോള്‍ കാരണവര്‍ എംഎല്‍എ മൊഴിഞ്ഞത് ഇങ്ങനെയാണത്രെ. ""സായിബേ ഇങ്ങള് പറഞ്ഞതൊക്കെ ഞമ്മക്കറിയാം. പക്ഷേ, അന്നം കഴിച്ച് ജീവിക്കണമെങ്കില്‍ ഞമ്മള് രാജിവെക്ക്വാ നല്ലത്ന്നാ ആളുകള് പറേണത്"".

deshabhimani 311212

No comments:

Post a Comment