Tuesday, December 25, 2012

ജനങ്ങളെ കൊള്ളയടിക്കാന്‍ വാള്‍മാര്‍ട്ടിന് അവസരം നല്‍കി: കെ വരദരാജന്‍


ജാഥകള്‍ സംഗമിച്ചു; ഇനി സമരഭൂമിയില്‍

കൊച്ചി: പിറന്നുവീണ മണ്ണില്‍ സ്വന്തം കിടപ്പാടവും ഭൂമിയും ഇല്ലാത്ത ലക്ഷങ്ങളുടെ വേദന ഏറ്റുവാങ്ങി, കേരളമണ്ണിനെ പോരാട്ടസജ്ജമാക്കി ഭൂസംരക്ഷണ ജാഥകള്‍ സംഗമിച്ചു. ശാന്തമായ കൊച്ചിക്കായലിനരികെ ഇരമ്പിയാര്‍ത്ത ജനസാഗരത്തെ മുന്‍നിര്‍ത്തി,ഭൂമാഫിയയെ കെട്ടുകെട്ടിക്കുമെന്നും ഭൂരഹിതരുടെ കണ്ണീരൊപ്പുമെന്നുമുള്ള ഉജ്വലപ്രഖ്യാപനത്തോടെയായിരുന്നു ഇരുജാഥകളുടെയും ഒത്തുചേരല്‍. എറണാകുളം രാജേന്ദ്രമൈതാനം മറ്റൊരു ചരിത്രപ്രഖ്യാപനത്തിനുകൂടി വേദിയായി. കര്‍ഷകസംഘം, കെഎസ്കെടിയു, ആദിവാസി ക്ഷേമസമിതി, പട്ടികജാതി ക്ഷേമസമിതി എന്നിവയുടെ ആഭിമുഖ്യത്തില്‍ രൂപംനല്‍കിയ ഭൂസംരക്ഷണസമിതിയുടെ നേതൃത്വത്തിലായിരുന്നു ജാഥകള്‍.

10ന് നെയ്യാറ്റിന്‍കരയില്‍ സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ഉദ്ഘാടനംചെയ്ത് കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജന്‍ നേതൃത്വംനല്‍കിയ തെക്കന്‍മേഖലാ ജാഥയും കാസര്‍കോട് കുമ്പളയില്‍ പിബി അംഗം എസ് രാമചന്ദ്രന്‍പിള്ള ഉദ്ഘാടനംചെയ്ത് പാര്‍ടി കേന്ദ്രകമ്മിറ്റി അംഗം എ വിജയരാഘവനും കര്‍ഷകസംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി കെ വി രാമകൃഷ്ണനും നയിച്ച വടക്കന്‍മേഖലാ ജാഥയും രണ്ടാഴ്ച വിവിധ ജില്ലകളില്‍ പര്യടനം നടത്തി. ""ഇത് ശൊന്നാല്‍ ചെയ്യുന്ന കക്ഷിയാണെ"ന്ന സംഗമസമ്മേളനത്തിന്റെ ഉദ്ഘാടകനായ അഖിലേന്ത്യാ കിസാന്‍സഭയുടെ അമരക്കാരന്‍ കെ വരദരാജന്റെ തമിഴ്മൊഴി ആവേശം തുടിക്കുന്ന കൈയടികളോടെ ജനസഹസ്രം ഏറ്റുവാങ്ങി.

ജനുവരി ഒന്നിന് സംസ്ഥാനത്തെ 2000 ഏക്കര്‍ ഭൂമിയില്‍ സമരവളണ്ടിയര്‍മാര്‍ പ്രവേശിക്കുമെന്ന് തുടര്‍ന്ന് സംസാരിച്ച സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ പ്രഖ്യാപനവും ആവേശത്തിന്റെ അലകള്‍ ഉയര്‍ത്തി. സമരത്തില്‍ പങ്കെടുക്കുന്ന ഒരു ലക്ഷംപേരെ അറസ്റ്റ് ചെയ്താല്‍ ആരും ജാമ്യം എടുക്കില്ല. ഇവരെ ഏത് ജയിലില്‍ ഉമ്മന്‍ചാണ്ടി അടക്കും. ഈ സമരംകൊണ്ട് ഫലമുണ്ടായില്ലെങ്കില്‍ ജനുവരി 11 മുതല്‍ സമരത്തിന്റെ രൂപം മാറും. പിന്നീട് കുടില്‍കെട്ടിയും സമരം നടത്തുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. സമിതിയുടെ നേതൃത്വത്തില്‍ ജനുവരി ഒന്നിന് കടമക്കുടിയിലെ കപില്‍ദേവിന്റെ ഉടമസ്ഥതയിലുള്ള 152 ഏക്കര്‍ ഭൂമിയില്‍ അവകാശം സ്ഥാപിച്ച് ഭൂസംരക്ഷണ പോരാട്ടത്തിന് തുടക്കംകുറിക്കുമെന്ന് യോഗാധ്യക്ഷന്‍ കെഎസ്കെടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എം വി ഗോവിന്ദന്‍ പ്രഖ്യാപിച്ചു. ഐതിഹാസിക സമരപോരാട്ടത്തിനാകും ജനുവരി ഒന്ന് സാക്ഷ്യംവഹിക്കുകയെന്ന് ഇ പി ജയരാജന്‍ പറഞ്ഞു.

സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം എം സി ജോസഫൈന്‍, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി രാജീവ് എംപി, പി കെ ബിജു എംപി, എസ് ശര്‍മ എംഎല്‍എ, കെ ചന്ദ്രന്‍പിള്ള, സി എന്‍ മോഹനന്‍, മുന്‍ മേയര്‍ പ്രൊഫ. മാത്യുപൈലി, സൈമണ്‍ ബ്രിട്ടോ, സിപിഐ എം, കര്‍ഷകസംഘം, കെഎസ്കെടിയു, സിഐടിയു, ജനാധിപത്യ മഹിളാ അസോസിയേഷന്‍, ഡിവൈഎഫ്ഐ, എസ്എഫ്ഐ, എകെഎസ്, പികെഎസ് തുടങ്ങിയ സംഘടനകളുടെ ജില്ലാ ഭാരവാഹികളും പങ്കെടുത്തു. ജാഥാംഗങ്ങളായ കെ വി രാമകൃഷ്ണന്‍, ബി രാഘവന്‍, കെ രാധാകൃഷ്ണന്‍, ആനാവൂര്‍ നാഗപ്പന്‍, ജോര്‍ജ് മാത്യു, കെ സി വിക്രമന്‍, കെ സോമപ്രസാദ്, കെ സി കുഞ്ഞിരാമന്‍, വിദ്യാധരന്‍ കാണി എന്നിവര്‍ക്ക് ഉജ്വല വരവേല്‍പ്പാണ് ജില്ലയിലെ വിവിധ സംഘടനകളുടെ ആഭിമുഖ്യത്തില്‍ നല്‍കിയത്. സംഘാടകസമിതി ചെയര്‍മാന്‍ കെ ജെ ജേക്കബ് സ്വാഗതവും ജനറല്‍ സെക്രട്ടറി ടി കെ മോഹനന്‍ നന്ദിയും പറഞ്ഞു.

ജനങ്ങളെ കൊള്ളയടിക്കാന്‍ വാള്‍മാര്‍ട്ടിന് അവസരം നല്‍കി: കെ വരദരാജന്‍

കൊച്ചി: കര്‍ഷകരുടെ ജീവിതവും കാര്‍ഷിക ഉല്‍പ്പാദനവും മെച്ചപ്പെടുത്താനെന്നപേരില്‍ കേന്ദ്രസര്‍ക്കാര്‍ ആഗോള കുത്തക ഭീമനായ വാള്‍മാര്‍ട്ടിന് ജനങ്ങളെ കൊള്ളയടിക്കാന്‍ അവസരം ഒരുക്കുകയാണെന്ന് കിസാന്‍സഭ ജനറല്‍ സെക്രട്ടറിയും സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗവുമായ കെ വരദരാജന്‍ പറഞ്ഞു. ഭൂസംരക്ഷണ ജാഥകളുടെ സമാപനസമ്മേളനം എറണാകുളത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കാര്‍ഷികോല്‍പ്പാദനം മെച്ചപ്പെടുത്താന്‍ ആയിരക്കണക്കിന് ഏക്കര്‍ ഭൂമി വാള്‍മാര്‍ട്ടിന് കൈമാറണമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങും കേന്ദ്രമന്ത്രി പി ചിദംബരവും പറയുന്നു. വാള്‍മാര്‍ട്ട് ഇന്ത്യയിലേക്ക് വരാന്‍ ലക്ഷക്കണക്കിന് കോടി രൂപ "ലോബിയിങ് ചാര്‍ജ്" കൊടുത്ത വിവരം പുറത്തായി. ഇതിന്റെ ഭാരം ചുമക്കേണ്ടിവരുന്നത് ഉപയോക്താവാണ്. ലോബിയിങ്ങിന് ഉപയോഗിച്ച പണംകൂടി ഉപയോക്താക്കളില്‍നിന്ന് വാള്‍മാര്‍ട്ട് ഈടാക്കും. വ്യവസായവല്‍ക്കരണത്തിനായി കൊണ്ടുവന്ന പ്രത്യേക സാമ്പത്തികമേഖലക്കായി ഏറ്റെടുത്ത ഭൂമിയുടെ 70 ശതമാനവും ഇപ്പോള്‍ റിയല്‍ എസ്റ്റേറ്റ് കച്ചവടക്കാരുടെ കൈയിലാണ്. കശ്മീരില്‍ ഉള്ളവര്‍പോലും തമിഴ്നാട്ടില്‍ ആയിരക്കണക്കിന് ഏക്കര്‍ ഭൂമി വാങ്ങിക്കൂട്ടുന്നു. ഇത് ഭൂമി മൂലധനമാക്കി കൊള്ളയടിക്കാനാണ്.

ഇരുപതുവര്‍ഷം മുമ്പ് മന്‍മോഹന്‍ സിങ് ഉദാരവല്‍ക്കരണം, സ്വകാര്യവല്‍ക്കരണം, ആഗോളവല്‍ക്കരണം എന്നീ നയങ്ങള്‍ കൊണ്ടുവന്നു. ഇത് രാജ്യത്തിന് ദോഷമാകുമെന്ന് അന്ന് സിപിഐ എം ചൂണ്ടിക്കാട്ടിയിരുന്നു. പുതിയ നയങ്ങള്‍ നടപ്പാക്കിയാല്‍ വന്‍ തോതില്‍ വ്യവസായങ്ങള്‍ വരുമെന്നും ഇന്ത്യ അമേരിക്കയാവുമെന്നുമാണ് മന്‍മോഹന്‍ സിങ്ങും ചിദംബരവും പറഞ്ഞത്. എന്നാല്‍ 20 വര്‍ഷം കഴിഞ്ഞപ്പോള്‍ അമേരിക്ക ഇന്ത്യയായി. ഒരു ശതമാനത്തിനുവേണ്ടി 99 ശതമാനത്തെ കൊള്ളയടിക്കുന്നതിനെതിരെ വാള്‍സ്ട്രീറ്റില്‍ പ്രക്ഷോഭം നടക്കുന്നു. പ്രതിവര്‍ഷം 20 ആഴ്ചയിലെങ്കിലും തൊഴില്‍ നല്‍കാന്‍ വാള്‍സ്ട്രീറ്റ് പ്രക്ഷോഭകര്‍ ആവശ്യപ്പെടുന്നു. എന്നാല്‍ മന്‍മോഹനും ചിദംബരവും ഇതൊന്നും കണ്ടമട്ടില്ല. കര്‍ഷകരുടെ പ്രശ്നങ്ങള്‍ പഠിക്കാന്‍ നിയോഗിച്ച ഡോ. എം എസ് സ്വാമിനാഥന്‍ കമ്മിറ്റി റിപ്പോര്‍ട്ടിനുനേരെ പ്രധാനമന്ത്രിയും കേന്ദ്രവും കണ്ണടച്ചു. സ്വാമിനാഥന്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ശരിയാണോ എന്ന് പരിശോധിക്കാന്‍ മറ്റൊരു കമ്മിറ്റിയെ നിയോഗിക്കുകയാണ് അവര്‍ ചെയ്തത്.

ഇപ്പോള്‍ നിങ്ങളുടെ കാശ് നിങ്ങളുടെ കൈയില്‍ എന്നു പറഞ്ഞ് സബ്സിഡി ബാങ്ക് വഴിയാക്കാനുള്ള ശ്രമമാണ് കേന്ദ്രസര്‍ക്കാന്‍ നടത്തുന്നത്. എന്നാല്‍ കൈ മാത്രമാണ് സാധാരണ ജനങ്ങളുടെ കൈയില്‍ ഉള്ളത്. കാശ് സര്‍ക്കാരിന്റെ പക്കലാണ്. സബ്സിഡികള്‍ പൂര്‍ണമായി ഇല്ലാതാക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്. ഇത് ചെറുത്തുതോല്‍പ്പിക്കണം. ബിജെപിയുടെ നേതാവ് എല്‍ കെ അദ്വാനി കൊടിയഴിക്കല്‍ സമരമാണിപ്പോള്‍ നടത്തുന്നത്. എന്നാല്‍ സിപിഐ എം ഭൂമിയില്‍ കൊടിവയ്പ് സമരമാണ് നടത്തുന്നത്. കേന്ദ്രസര്‍ക്കാരും സംസ്ഥാന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ഇത് ഓര്‍ക്കണമെന്ന് കെ വരദരാജന്‍ പറഞ്ഞു.

deshabhimani

No comments:

Post a Comment