Monday, December 31, 2012

ഭൂസമരം വന്‍വിജയമാക്കുക: സിപിഐ എം


ജനുവരി ഒന്നുമുതല്‍ സംസ്ഥാനത്ത് ആരംഭിക്കുന്ന ഭൂസമരം വിജയിപ്പിക്കാന്‍ സിപിഐ എം സംസ്ഥാനകമ്മിറ്റി യോഗം എല്ലാ കേരളീയരോടും അഭ്യര്‍ഥിച്ചു. പിറന്ന മണ്ണില്‍ ജീവിക്കാനായി കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും ആദിവാസികളും പട്ടികവിഭാഗക്കാരും ചേര്‍ന്നാണ് പ്രക്ഷോഭം നടത്തുന്നത്. മിച്ചഭൂമി ചൂണ്ടിക്കാണിച്ചും നെല്‍വയല്‍ വാങ്ങിക്കൂട്ടി നികത്തുന്നതിനെതിരായും ആരംഭിക്കുന്ന സമരത്തില്‍ പതിനായിരക്കണക്കിന് വളന്റിയര്‍മാര്‍ അണിനിരക്കും. കേരളത്തിന്റെ സാമൂഹ്യ-സാമ്പത്തിക വളര്‍ച്ചയ്ക്ക് നിര്‍ണായക പങ്ക് വഹിച്ചതായിരുന്നു ഭൂപരിഷ്കരണ നിയമനിര്‍മാണം. ഇത് ജന്മിത്വത്തിനും നാടുവാഴിത്തത്തിനുമെതിരെ കമ്മ്യൂണിസ്റ്റ് പാര്‍ടിയും കര്‍ഷകപ്രസ്ഥാനവും നടത്തിയ ഐതിഹാസികമായ പോരാട്ടങ്ങളുടെ ഉല്‍പ്പന്നമായിരുന്നു. കമ്യൂണിസ്റ്റ് പാര്‍ടിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരുകളാണ് ഇതിനാവശ്യമായ നിയമനിര്‍മാണം നടത്തിയത്. എന്നാല്‍, ഈ നിയമങ്ങളെ അട്ടിമറിക്കുന്നതിനും മിച്ചഭൂമി പാവങ്ങള്‍ക്ക് വിതരണംചെയ്യുന്നത് തടയുന്നതിനുമാണ് വലതുപക്ഷശക്തികള്‍ ശ്രമിച്ചത്. മാത്രമല്ല ജനക്ഷേമകരമായ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ സര്‍ക്കാരിനെ അട്ടിമറിക്കുന്ന നടപടിയും ഇവര്‍ സ്വീകരിച്ചു. എന്നാല്‍, ഈ നിയമം പ്രാവര്‍ത്തികമാക്കാനുള്ള സുശക്തമായ പോരാട്ടം കമ്യൂണിസ്റ്റ് പാര്‍ടിയുടെ നേതൃത്വത്തില്‍ നടത്തി. ഇതിന്റെ ഭാഗമായി 1967ലെ ഇ എം എസ് സര്‍ക്കാര്‍ കൊണ്ടുവന്ന ഭൂപരിഷ്കരണനിയമം നടപ്പാക്കാനും കുടികിടപ്പവകാശം നേടിയെടുക്കാനും 1970കളില്‍ വീറുറ്റ സമരം നടത്തേണ്ടിവന്നു. കൊടിയ മര്‍ദനങ്ങളെയും അടിച്ചമര്‍ത്തലിനെയും നേരിട്ടാണ് ആ സമരം വിജയിപ്പിക്കാനായത്. കേരളചരിത്രത്തില്‍ ഉജ്വലമായി ജ്വലിച്ചുനില്‍ക്കുന്ന ആ സമരത്തിന്റെ തുടര്‍ച്ചയാണ് ഭൂസമരം.

മൂന്നുലക്ഷത്തോളം കുടുംബങ്ങളാണ് സംസ്ഥാനത്ത് ഇപ്പോള്‍ ഭൂരഹിതരായിട്ടുള്ളത്. അവരില്‍ ഭൂരിഭാഗവും പട്ടികജാതി-പട്ടികവര്‍ഗവിഭാഗത്തില്‍പെട്ട പാവപ്പെട്ടവരാണ്. അവര്‍ക്കെല്ലാം കിടപ്പാടം നല്‍കാന്‍ മാത്രം ഭൂമി സംസ്ഥാനത്തുണ്ട്. എന്നിട്ടും മിച്ചഭൂമി തിരിമറി നടത്താനും നിയമംമൂലം ഇവ ഇല്ലാതാക്കാനും വന്‍കിടക്കാര്‍ക്ക് വന്‍തോതില്‍ അനധികൃതമായി ഭൂമി കൈവശംവയ്ക്കാനും ഉതകുന്ന നടപടികളാണ് യുഡിഎഫ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. കശുമാവ് പ്ലാന്റേഷനെ ഭൂപരിധിയില്‍നിന്നൊഴിവാക്കാനും തോട്ടങ്ങളുടെ അഞ്ചുശതമാനം ഭൂമി ടൂറിസം പദ്ധതികള്‍ക്കുപയോഗിക്കാനും അനുമതി നല്‍കാനുമുള്ള സര്‍ക്കാരിന്റെ നടപടികള്‍ ഇതിന് ഉത്തമദൃഷ്ടാന്തമാണ്. അരിയുല്‍പ്പാദനത്തില്‍ ഗണ്യമായ കുറവുള്ള സംസ്ഥാനത്ത് അവശേഷിക്കുന്ന നെല്‍പ്പാടങ്ങള്‍ സംരക്ഷിക്കാനാണ് 2008ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ "നെല്‍വയല്‍-തണ്ണീര്‍തട സംരക്ഷണനിയമം" കൊണ്ടുവന്നത്. സംസ്ഥാനത്തിന്റെ പരിസ്ഥിതി സംരക്ഷണത്തിനും ഈ നിയമം ലക്ഷ്യംവയ്ക്കുന്നു. എന്നാല്‍, ഈ നിയമത്തെ അട്ടിമറിക്കാനും വന്‍തോതില്‍ നെല്‍പ്പാടങ്ങള്‍ നികത്താനും യുഡിഎഫ് സര്‍ക്കാര്‍ ശ്രമിക്കുകയാണ്. എമര്‍ജിങ് കേരളയുമായി ബന്ധപ്പെട്ട് മുന്നോട്ടുവച്ച പല പദ്ധതികളും നെല്‍പ്പാടങ്ങള്‍ നികത്താനും വനഭൂമി കൈയടക്കാനും ലക്ഷ്യംവച്ചുള്ളതായിരുന്നു. ഇതിനെതിരെ വ്യാപകമായ എതിര്‍പ്പ് എല്ലാ മേഖലയില്‍ നിന്നും ഉയര്‍ന്നുവരികയുണ്ടായി. ചുരുക്കത്തില്‍ സംസ്ഥാനതാല്‍പ്പര്യത്തേക്കാള്‍ കള്ളപ്പണക്കാരുടെയും കോര്‍പറേറ്റുകളുടെയും താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനാണ് യുഡിഎഫ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതിനെ ചെറുത്ത് പരാജയപ്പെടുത്താന്‍ ജനങ്ങള്‍ ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും സംസ്ഥാന കമ്മിറ്റി കമ്യൂണികെയില്‍ അഭ്യര്‍ഥിച്ചു. കോടിയേരി ബാലകൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പ്രവര്‍ത്തനറിപ്പോര്‍ട്ട് അവതരിപ്പിച്ചു.

deshabhimani

No comments:

Post a Comment