Sunday, December 23, 2012

ഭൂസമരം ഭാവിയുടെ പ്രത്യാശ: ഇ പി


1200 കിലോമീറ്റര്‍, നൂറ്റിരണ്ട് സ്വീകരണ കേന്ദ്രങ്ങള്‍.... കഴിഞ്ഞ പതിമൂന്നു ദിവസങ്ങളിലായി ഇ പി ജയരാജന്‍ നയിക്കുന്ന ഭൂസംരക്ഷണ ജാഥ രണ്ടുലക്ഷത്തിലേറെ പേരുമായി സംവദിച്ചു. റെയില്‍വെ പുറമ്പോക്കില്‍ താമസിക്കുന്നവര്‍, അവിടെനിന്ന് കുടിയൊഴിപ്പിക്കപ്പെട്ട് തെരുവാധാരമായവര്‍, ഭൂരഹിതര്‍, സ്വാതന്ത്ര്യസമരസേനാനികള്‍, സാംസ്കാരികനായകര്‍, കച്ചവടക്കാര്‍, കര്‍ഷകര്‍ എന്നുവേണ്ട നാടിന്റെ പരിഛേദം തന്നെ ജാഥയെ സ്വീകരിക്കാനെത്തി. വഴിവക്കില്‍ തടഞ്ഞു നിര്‍ത്തി സ്വീകരിച്ചവരും നിവേദനങ്ങള്‍ നല്‍കിയവരും വേറെ. എന്നാല്‍ ഒരിടത്തും സംതൃപ്തിയുടെയും സന്തോഷത്തിന്റെയും മുഖം കാണാനായില്ലെന്ന് ഇ പി ജയരാജന്‍ പറഞ്ഞു. ഈ നാടിന്റെ നഷ്ടമാകുന്ന നന്മകള്‍ വീണ്ടെടുത്ത് പുതിയ കേരളം കെട്ടിപ്പെടുക്കാനുള്ള പോരാട്ടത്തിന്റെ കാഹളമായാണ് ഭൂസംരക്ഷണ ജാഥയെ ജനങ്ങള്‍ കാണുന്നതെന്ന് ലഭിച്ച സ്വീകരണങ്ങള്‍ വ്യക്തമാക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളത്തിന്റെ നേട്ടങ്ങള്‍ക്ക് അടിസ്ഥാനമായ ഭൂപരിഷ്കരണം അട്ടിമറിക്കാനുള്ള നീക്കത്തിനെതിരായ പോരാട്ടം കേരളം ഏറ്റെടുത്തുകഴിഞ്ഞു. ഈ പോരാട്ടം വന്‍ വിജയമാകുമെന്നതില്‍ തര്‍ക്കമില്ല. സംസ്ഥാനത്ത് ആദിവാസികളും പട്ടികജാതി- പട്ടികവര്‍ഗക്കാരുമടക്കം രണ്ട് ലക്ഷത്തിലേറെ കുടുംബങ്ങള്‍ ഒരു തുണ്ടു ഭൂമിയില്ലാത്തവരായുണ്ട്. ഹാരിസണും ടാറ്റയും മാത്രം കേരളത്തില്‍ 1.60 ലക്ഷം ഹെക്ടര്‍ ഭൂമി കൈവശം വെക്കുന്നു. കശുവിന്‍മാവ് നട്ടാല്‍ അതിന് തോട്ടങ്ങളുടെ പദവി നല്‍കാനുള്ള നിയമം മിച്ചഭൂമി നിയമത്തെ അട്ടിമറിക്കാനാണ്. തോട്ട ഭൂമിയുടെ അഞ്ചു ശതമാനം റിസോര്‍ട്ടുകള്‍ക്കായി മാറ്റിവെക്കാനുള്ള നിര്‍ദേശം ഉള്ള വനഭൂമി പോലും ഇല്ലാതാക്കും. മിച്ച ഭൂമി പിടിച്ചെടുത്ത് കര്‍ഷകനും ഭൂരഹിതര്‍ക്കും നല്‍കിയാല്‍ അത് ഉല്‍പ്പാദനരംഗത്തും വന്‍ കുതിച്ചുചാട്ടത്തിന് ഇടയാക്കും. ഇവ മാത്രമല്ല; വിലക്കയറ്റവും ഒരോ പ്രദേശത്തിന്റെ വികസനവുമടക്കം ജീവിതവുമായി ബന്ധപ്പെട്ട എല്ലാം ജാഥയില്‍ ചര്‍ച്ചയായി. കോട്ടയത്ത് തന്നെ കാണാനെത്തിയ റബര്‍ കര്‍ഷകര്‍ക്ക് റബറിന്റെ വിലയിടിവിനെ കുറിച്ചായിരുന്നു ഉത്കണ്ഠ. കച്ചവക്കാര്‍ക്കാകട്ടെ ക്രിസ്തുമസായിട്ടും കച്ചവടമില്ലെന്നായിരുന്നു പരാതി. ഇടുക്കിയിലെത്തിയപ്പോള്‍ ഏലത്തിന്റെ വിലയിടിവിനോടൊപ്പം ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ കുറിച്ചും കര്‍ഷകര്‍ പരാതിപ്പെട്ടു. പൊലീസിനെ ദുരുപയോഗിച്ച് എം എം മണിയെ അറസ്റ്റ് ചെയ്തതിലും അവിടെ കനത്ത രോഷമുണ്ട്. ഇടുക്കിയില്‍ കലക്ടറേറ്റിന് മുന്നില്‍ സമരം ചെയ്യുന്ന ആദിവാസികള്‍ ജാഥംഗങ്ങളുമായി ചര്‍ച്ചചെയ്യാനെത്തി.

ആറന്മുളയിലെ വിമാനത്താവള പദ്ധതിസ്ഥലവും സന്ദര്‍ശിച്ചു. ഇത് ഭൂമാഫിയുടെ ഒത്തുകളിയാണെന്ന് ഇപ്പോള്‍ വ്യക്തമായി. മൂന്നാറില്‍ കൊടുംതണുപ്പിലും പുതപ്പും പുതച്ച് രാത്രിയിലും കാത്തുനിന്ന ആയിരങ്ങള്‍, കുടികിടപ്പ് സമരത്തില്‍ പൊലീസിന്റെ വെടിയുണ്ടയേറ്റ് മരിച്ച രക്തസാക്ഷി ഭാര്‍ഗവിയുടെ മകള്‍ പൊന്നമ്മ, ഈ കൊടി രക്ഷയുടെ കൊടിയാണെന്ന് വിളിച്ച് പറഞ്ഞ് ഓടിയെത്തിയ തമിഴ്വംശജര്‍, വാരിക്കുന്തം നല്‍കി സ്വീകരിച്ച പുന്നപ്ര സമരസേനാനി സുകുമാരന്‍ ഇവയെല്ലാം ഈ ജാഥ സമ്മാനിച്ച അവിസ്മരണീയ മുഹൂര്‍ത്തങ്ങളാണെന്നും ഇ പി ജയരാജന്‍ പറഞ്ഞു.

അവിസ്മരണീയം ഈ ആവേശം: കെ വി രാമകൃഷ്ണന്‍

തൃശൂര്‍: ഭൂസമരം കേരളത്തിന്റെ സമരചരിത്രത്തില്‍ പുതിയ ഏട് രചിക്കുമെന്ന് ഭൂസംരക്ഷണ വടക്കന്‍ മേഖലാജാഥാ ക്യാപ്റ്റന്‍ കെ വി രാമകൃഷ്ണന്‍. പ്രക്ഷോഭ സന്ദേശമുയര്‍ത്തിയുള്ള ജാഥയ്ക്ക് നാട്ടിലുടനീളം ലഭിക്കുന്ന ആവേശകരമായ സ്വീകരണം സമരം ഇതിനകം തന്നെ ജനങ്ങള്‍ ഏറ്റെടുത്തതിന്റെ പ്രത്യക്ഷ തെളിവാണെന്ന് അദ്ദേഹം പറഞ്ഞു. സമൂഹത്തിലെ എല്ലാ വിഭാഗം ആളുകളും പിന്തുണയുമായി എത്തുന്നത് സമരത്തിന്റെ പ്രാധാന്യം വെളിപ്പെടുത്തുന്നു. വയനാട്ടിലെ ആദിവാസികള്‍, കോഴിക്കോട്ടെയും പാലക്കാട്ടെയും കര്‍ഷകര്‍, സ്വന്തം മണ്ണിനുവേണ്ടി പോരാട്ട പ്രഖ്യാപനവുമായി മലപ്പുറത്തെ മുസ്ലീംജനവിഭാഗങ്ങള്‍- ഭൂസംരക്ഷണ സമര സന്ദേശജാഥയ്ക്ക് മുഴുവന്‍ ജനവിഭാഗങ്ങളുടെയും പിന്തുണയാണ് വിവിധ സ്വീകരണകേന്ദ്രങ്ങളില്‍ പ്രതിഫലിക്കുന്നത്. കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത സമരാവേശമാണ് ജനങ്ങള്‍ക്ക്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെയുള്ള വന്‍ പ്രതിഷേധത്തിന്റെ പ്രതിഫലനംകൂടിയാണിത്. ഓരോ സ്വീകരണ കേന്ദ്രങ്ങളിലെയും വന്‍ ജനപങ്കാളിത്തം ഇത് വ്യക്തമാക്കുന്നു. പഴയപോരാളികളും സമരത്തിന് പിന്തുണയുമായെത്തുന്നത് അവിസ്മരണീയ കാഴ്ചയാണ്. അതുകൊണ്ടുതന്നെ സമരസന്ദേശജാഥയും പ്രക്ഷോഭവും ചരിത്രസംഭവമാകുമെന്നതിന് രണ്ടു പക്ഷമില്ല.

തൃശൂര്‍ ജില്ലയില്‍ ചേറ്റുവയില്‍ മുസ്ലിംലീഗ് പ്രവര്‍ത്തകന്‍ സ്വീകരിക്കാനെത്തിയത് മുഴുവന്‍ ജനവിഭാഗങ്ങളും സമരത്തെ പിന്തുണക്കുന്നതിന് തെളിവാണ്. പാലക്കാട്ട് എന്‍സിപി നേതാവും സമരത്തിന് പിന്തുണയുമായെത്തി. ധീരരക്തസാക്ഷികളുടെ മണ്ണില്‍നിന്നാണ് ജാഥാപ്രയാണം തുടങ്ങിയത്. കുമ്പളയും കയ്യൂരും കരിവള്ളൂരും ഉള്‍പ്പെടെയുള്ള രക്തസാക്ഷികളുടെ നാട്ടിലെ സ്വീകരണം ഉജ്വലമായി. മിച്ചഭൂമി സമരപോരാളികള്‍ ജാഥയെ സ്വീകരിക്കാനെത്തിയത് മറക്കാനാവില്ല. കാസര്‍കോട്് ഇന്നേവരെ കാണാത്ത ജനക്കൂട്ടമാണ് സ്വീകരണത്തിനെത്തിയത്. ആദിവാസികളടക്കമുള്ള ഭൂരഹിതരാണ് ഒരുതുണ്ടു ഭൂമിക്കായുള്ള പോരാട്ടത്തിന് പിന്തുണയുമായി വയനാട്ടിലെ സ്വീകരണ കേന്ദ്രങ്ങളിലേക്ക് ഒഴുകിയെത്തിയത്. വരള്‍ച്ചയുടെയും പിടിയിലും സംഭരിച്ച നെല്ലിന്റെ വില കിട്ടാതെയും വലയുകയാണ് പാലക്കാട്ടെ കര്‍ഷകര്‍. യുഡിഎഫ് സര്‍ക്കാരിനെതിരെയുള്ള ഇവരുടെ പ്രതിഷേധവും പ്രകടമായിരുന്നു. മലപ്പുറത്ത് ബുര്‍ഖ ധരിച്ചെത്തിയ സ്ത്രീകളടക്കമുള്ള മുസ്ലീംജനവിഭാഗങ്ങളുടെ വന്‍സാന്നിധ്യം മാറ്റത്തിന്റെ കാഹളമുയര്‍ത്തുന്നു. കേരളത്തിന്റെ സമരചരിത്രത്തില്‍ ഐതിഹാസികമായ പുതിയൊരു ഏട് കൂട്ടിച്ചേര്‍ക്കുന്നതാകും പാവപ്പെട്ടവന് ഭൂമിക്കുവേണ്ടിയുള്ള ഈ പ്രക്ഷോഭമെന്ന് നിസ്സംശയം പറയാം- കെ വി രാമകൃഷ്ണന്‍ പറഞ്ഞു.

രണസ്മരണകളിലേക്ക് നീട്ടിയ വാരിക്കുന്തവുമായി സുകുമാരന്‍

അമ്പലപ്പുഴ: വാരിക്കുന്തം കൈമാറി പുന്നപ്ര-വയലാര്‍ സമരസേനാനി ജായയെ വരവേറ്റു. ഭൂപരിഷ്കരണ സംരക്ഷണസമിതി ചെയര്‍മാന്‍ ഇ പി ജയരാജന്‍ നയിച്ച തെക്കന്‍ മേഖലാജാഥയ്ക്ക് അമ്പലപ്പുഴ ഏരിയയില്‍ പുന്നപ്ര കപ്പക്കട എസ്എന്‍ഡിപി അങ്കണത്തില്‍ നല്‍കിയ സ്വീകരണത്തിലാണ് പുന്നപ്ര -വയലാര്‍ സമരസേനാനി പുന്നപ്ര തെക്ക് പഞ്ചായത്ത് പതിമൂന്നില്‍ വീട്ടില്‍ സുകുമാരന്‍ (86) ജാഥാക്യാപ്റ്റനെ വാരിക്കുന്തം നല്‍കി വരവേറ്റത്.

സര്‍. സിപിയുടെ കിരാത ഭരണത്തിനെതിരെ അമേരിക്കന്‍ മോഡല്‍ അറബിക്കടലില്‍ എന്ന മുദ്രാവാക്യമുയര്‍ത്തി സംഘടിച്ച അമ്പലപ്പുഴ-ചേര്‍ത്തല താലൂക്കുകളിലെ തൊഴിലാളികളുടെ സമരായുധമായ വാരിക്കുന്തം സുകുമാരന്‍ ഇ പി ജയരാജന് കൈമാറുമ്പോള്‍ അത് 66 വര്‍ഷങ്ങള്‍ക്ക് മുമ്പത്തെ രണസ്മരണ പുതുക്കല്‍ കൂടിയായി വേദി. സിപിയുടെ ചോറ്റുപട്ടാളത്തെ നേരിടാന്‍ ഒത്തുകൂടിയ സമരക്കാര്‍ സംഘടിപ്പിച്ച അടയ്ക്കാമരങ്ങള്‍ അലകിന്‍ കഷണങ്ങളാക്കി അളന്നുമുറിച്ച് അറ്റം കൂര്‍പ്പിച്ച് മൂര്‍ഛ കൂട്ടി പുന്നപ്രയിലെ പട്ടാളക്യാമ്പിന് സമീപം എത്തിക്കുകയായിരുന്നു സുകുമാരന്റെ കര്‍ത്തവ്യം. തനിക്കും പിന്‍തലമുറക്കും അഭിമാനത്തോടെ ജീവിക്കാന്‍ ഏറ്റെടുത്ത ഉത്തരവാദിത്വം കൃത്യമായി നിര്‍വഹിച്ച സുകുമാരന്‍, ഇന്ന് ഭൂമിയും കിടപ്പാടവുമില്ലാത്ത പാവങ്ങള്‍ക്ക് വേണ്ടി ജനുവരി ഒന്നുമുതല്‍ പാര്‍ടി വീണ്ടുമേറ്റെടുക്കാന്‍ പോകുന്ന സമരത്തിന് ശക്തിപകരാന്‍ ഇളയമകന്‍ വേണുക്കുട്ടനൊപ്പമാണ് എത്തിയത്. മറ്റൊരു സമരസേനാനിയും സിപിഐ എം സംസ്ഥാനകമ്മിറ്റിയംഗമായ പി കെ ചന്ദ്രാനന്ദന്റെ സാന്നിധ്യം ചടങ്ങിന് മാറ്റുകൂട്ടി.

കുടികിടപ്പു സമരത്തിന്റെ സ്മരണയില്‍ കെ എ മുഹമ്മദ്

കൊടുങ്ങല്ലൂര്‍: കോട്ടപ്പുറം പുഴയിലൂടെ വള്ളങ്ങളില്‍ ഇന്‍ക്വിലാബ് വിളിച്ച് മേത്തല വലിയപണിക്കന്‍തുരുത്തിലെ ഭൂമിയില്‍ അവകാശം സ്ഥാപിച്ചതിന്റെ ഉജ്വല സ്മരണയുമായാണ് കെ എ മുഹമ്മദ് (നമ്പൂതിരി മുഹമ്മദ്) ഭൂസംരക്ഷണ സമിതിയുടെ സംസ്ഥാന ജാഥയെ സ്വീകരിക്കാന്‍ പൊലീസ് മൈതാനിയിലെത്തിയത്. കുടികിടപ്പാവകാശത്തിനുവേണ്ടിയും മിച്ചഭൂമി പിടിച്ചടക്കാനും ജന്മിത്വത്തെ വെല്ലുവിളിച്ച ധീര പോരാട്ടമാണ് കൊടുങ്ങല്ലൂരില്‍ നടന്നത്.

പാവങ്ങളുടെ പടത്തലവന്‍ എകെജിയുടെ ആത്മകഥയില്‍ പരാമര്‍ശിക്കുന്ന കൊടുങ്ങല്ലൂര്‍ നിയോജകമണ്ഡലം കുടികിടപ്പു സംഘത്തിന്റെ സെക്രട്ടറിയായിരുന്നു കെ എ മുഹമ്മദ്. 69ലാണ് സംഘം രൂപീകരിച്ചത്. 1971 ജനുവരി ഒന്നിന് എറണാകുളം, തൃശൂര്‍ ജില്ലാതിര്‍ത്തിയിലുള്ള ഏക്കര്‍കണക്കിന് ഭൂമിയില്‍ അവകാശം സ്ഥാപിക്കാന്‍ കുടികിടപ്പുസംഘത്തിന്റെ നേതൃത്വത്തില്‍ സഖാക്കള്‍ വള്ളങ്ങളില്‍ തുരുത്തിലെത്തിയത്. ആമിനാഭായിയുടെ ഉടമസ്ഥതയിലായിരുന്ന വലിയപണിക്കന്‍ തുരുത്ത് സമരക്കാര്‍ തെങ്ങുകളില്‍ പൊത്തുവച്ചുകയറി തേങ്ങയിട്ടാണ് അവകാശം സ്ഥാപിച്ചത്. തുരുത്തില്‍ ചെങ്കൊടി പാറിപ്പറന്നു. പിന്നീട് സമരം ശക്തമായി. ഒരുതുണ്ടു ഭൂമിക്കായുള്ള പോരാട്ടം കൊടുങ്ങല്ലൂരിലെ വിവിധ പ്രദേശങ്ങളില്‍ ആളിപ്പടര്‍ന്നു.

സമരം തകര്‍ക്കാന്‍ ജന്മിമാരും ഗുണ്ടകളും അക്രമമഴിച്ചുവിട്ടു. മോഷണമുള്‍പ്പെടെയുള്ള കള്ളക്കേസുകള്‍ ചുമത്തി സഖാകളെ അറസ്റ്റുചെയ്തു. പലരും ജയിലിലായി എന്നിട്ടും മിച്ചഭൂമി പിടിച്ചടക്കാനും കുടികിടപ്പാവകാശത്തിനും വേണ്ടിയുള്ള സമരം കൂടുതല്‍ ശക്തമായി. കെ എ മുഹമ്മദ് ആ കാലം ഓര്‍ത്തെടുത്ത് പറഞ്ഞു. സമരത്തിന്റെ ഭാഗമായി 15000ല്‍ പരം പേര്‍ക്കാണ് കൊടുങ്ങല്ലൂരില്‍ കുടികിടപ്പാവകാശം ലഭിച്ചത്.

കൊടുങ്ങല്ലൂര്‍ നിയോജകമണ്ഡലം കുടികിടപ്പുസംഘത്തിന്റെ പ്രസിഡന്റായിരുന്ന കെ എ കുട്ടി, അമ്പാടി വേണു, വി കെ ഗോപാലന്‍, ടി കെ നാരായണന്‍, സി എസ് കറപ്പന്‍, സി എസ് സുബ്രഹ്മണ്യന്‍, ടി പി കൊച്ചലി, സി എസ് നാരായണന്‍, കൊട്ടിക്കല്‍ കുമാരന്‍, മനപ്പുള്ളി സുബ്രഹ്മണ്യന്‍, പി പി തോമസ് തുടങ്ങിയവരും സമരത്തിന്റെ നേതൃനിരയിലുണ്ടായി. ഭൂമിക്കുവേണ്ടി നടത്തുന്ന ജനുവരി ഒന്നിനാരംഭിക്കുന്ന സമരത്തിലും പങ്കെടുക്കുമെന്ന് കെ എ മുഹമ്മദ് ആവേശത്തോടെ പറഞ്ഞു.

കടലിരമ്പംപോല്‍ രണസ്മരണകള്‍

തൃശൂര്‍: പഴയ സമരപോരാട്ടങ്ങളുടെ ആവേശോജ്വല സ്മരണകള്‍ ഇറ്റ്യാനത്തിന്റെയും പൈങ്കിയുടെയും മനസ്സിലുണ്ട്. തലചായ്ക്കാനൊരിടം തേടിയുള്ള രണസ്മരണകളാണത്. ഇനിയും പോരാട്ടത്തിന് ഊര്‍ജം സിരകളിലുണ്ടെന്ന് പ്രഖ്യാപിച്ചാണ് തളരാത്ത സമരവീര്യവുമായി ഇവരെത്തിയത്. പഴയ സമരപോരാളികളില്‍ നിരവധിപേരാണ് വാര്‍ധക്യത്തിന്റെ അവശതകള്‍ മറന്ന് ഭൂസംരക്ഷണ സമര സന്ദേശവുമായി പര്യടനം നടത്തുന്ന വടക്കന്‍ മേഖലാ ജാഥയുടെ സ്വീകരണകേന്ദ്രങ്ങളിലെത്തിയത്.

മുക്കാട്ടുകരനെല്ലങ്കര സമരനായിക ഇറ്റ്യാനം 86ാം വയസ്സിലും തളരാത്ത സമരവീര്യവുമായാണ് മണ്ണുത്തിയിലെ സ്വീകരണകേന്ദ്രത്തിലെത്തിയത്. 46ാം വയസ്സിലാണ് മുക്കാട്ടുകര നെല്ലങ്കരയില്‍ പൊലീസിന്റെ ക്രൂരമര്‍ദനത്തിനിരയായത്. പഴയ സമരത്തിന്റെ വീരസ്മരണകള്‍ അവരുടെ മനസ്സിലുണ്ട്. പാവപ്പെട്ടവന് ഒരു തുണ്ടു ഭൂമിക്കുവേണ്ടിയുള്ള പോരാട്ടത്തിന്റെ സന്ദേശവുമായി ജാഥ മണ്ണുത്തിയില്‍ എത്തുന്നുവെന്നറിഞ്ഞ് ആവേശത്തിലാണ് ഇറ്റ്യാനം എത്തിയത്. വാര്‍ധക്യത്തിന്റെ അവശതകളേറെയുണ്ട്. എങ്കിലും പ്രക്ഷോഭത്തെക്കുറിച്ച് കേട്ടപ്പോള്‍ ആവേശം അടക്കാനായില്ല. ജീവനുണ്ടെങ്കില്‍ താന്‍ പാര്‍ടിയുടെ സമരപരിപാടികളിലേക്കെത്തുമെന്ന് ഇറ്റ്യാനം പറഞ്ഞു.

എരവിമംഗലം ചുക്കത്ത് ഗോവിന്ദന്‍ (76) പങ്കുവയ്ക്കുന്നത് കാച്ചേരി മിച്ചഭൂമി സമരത്തിന്റെ സ്മരണകളാണ്. മൂര്‍ക്കനിക്കര കരാട്ടുവളപ്പില്‍ നാരായണന്‍(76) ജയില്‍നിറയ്ക്കല്‍ സമരത്തില്‍ പങ്കെടുത്ത് ജയില്‍വാസം അനുഷ്ഠിച്ചിട്ടുണ്ട്. വീണ്ടും പോരാട്ടത്തിനുള്ള തയ്യാറാണെന്ന് പ്രഖ്യാപിച്ചാണ് ഇവര്‍ മണ്ണുത്തിയിലെ സ്വീകരണകേന്ദ്രത്തിലെത്തിയത്. ചാലക്കുടിയിലെ സ്വീകരണകേന്ദ്രത്തില്‍ പരിയാരം സമരസേനാനി കെ കെ പൈങ്കി, പഴയ സമരപോരാളികളായ കെ കെ ഭാനുമതി, സി യു മാധവന്‍, വി എം സുധാകരന്‍, കെ എസ് സത്യന്‍ എന്നിവര്‍ ഇരിങ്ങാലക്കുടയിലെ സ്വീകരണകേന്ദ്രത്തിലുമെത്തിയിരുന്നു. ഇനിയും സമരത്തിന് സജ്ജമാണ്. പാവങ്ങള്‍ക്ക് കിടപ്പാടം നേടിയെടുക്കാനുള്ള സമരമാണിത് ഇവര്‍ പറഞ്ഞു.

അഞ്ഞൂര്‍ മുട്ടില്‍വീട്ടില്‍ പരേതനായ ചോഴിയുടെ ഭാര്യ അമ്മിണി (72), ചൂണ്ടല്‍ ഇരുമ്പന്‍ ഇയ്യുക്കുട്ടി (83), പുന്നയൂര്‍ക്കുളം ചരപറമ്പില്‍ കേശവന്‍ (83), ചേറ്റുവ പണിക്കവീട്ടില്‍ പി വി മുഹമ്മദ് (76) എന്നിവരും കഴിഞ്ഞദിവസം പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് സ്വീകരണകേന്ദ്രങ്ങളിലെത്തി. പാര്‍ടിയുടെ സമരപോരാട്ടങ്ങള്‍ക്ക് തങ്ങളും അണിചേരുന്നുവെന്ന പ്രഖ്യാപനവുമായാണ് ഈ പഴയ പോരാളികളെത്തിയത്.

deshabhimani 231212

No comments:

Post a Comment