Monday, January 21, 2013

കെഎസ്ആര്‍ടിസി സര്‍വീസ് വെട്ടിക്കുറയ്ക്കുന്നു


ഡീസല്‍ വിലയിലെ ഭീമമായ വര്‍ധനയെത്തുടര്‍ന്ന് കെഎസ്ആര്‍ടിസി വന്‍തോതില്‍ സര്‍വീസ് വെട്ടിച്ചുരുക്കുന്നു. എത്ര ബസുകള്‍ വെട്ടിക്കുറയ്ക്കണമെന്നതിനായി കണക്കെടുപ്പ് ആരംഭിച്ചു. ഡീസല്‍ വില വര്‍ധനയോടെ കൂടുതല്‍ റൂട്ടുകള്‍ നഷ്ടത്തിലാകുകയും ചെയ്തു. ആദ്യപടിയായി പമ്പയിലേക്ക് മണ്ഡലകാല സര്‍വീസിനായി നല്‍കിയ 650 ബസുകളില്‍ 150 എണ്ണം റീജണല്‍ വര്‍ക്ക്ഷോപ്പുകളിലേക്ക് മാറ്റി. 500 ബസുകള്‍ മാതൃഡിപ്പോകളിലേക്ക് അയച്ചിട്ടുണ്ട്. നാട്ടിലുള്ള മന്ത്രി ആര്യാടന്‍ ചൊവ്വാഴ്ച തിരുവനന്തപുരത്തെത്തും. തുടര്‍ന്ന് തീരുമാനമുണ്ടാകും. അതേസമയം, ശനിയാഴ്ച മുതല്‍ കോര്‍പറേഷന്‍ സ്വന്തം നിലയില്‍ സര്‍വീസ് ചുരുക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഇതിനായി ഡിപ്പോകള്‍ക്ക് അനൗപചാരികമായ അറിയിപ്പ് നല്‍കുകയായിരുന്നു.

താങ്ങാനാകാത്ത ബാധ്യത ഒഴിവാക്കാനായി സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കുമ്പോള്‍ യാത്രാസൗകര്യം കുറഞ്ഞ ഗ്രാമീണ മേഖലയെയായിരിക്കും കൂടുതല്‍ ബാധിക്കുക. കെഎസ്ആര്‍ടിസിക്കുള്ള ഡീസലിന് ലിറ്ററിന് 11.53 രൂപയാണ് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ വര്‍ധിപ്പിച്ചത്. ഇതിലൂടെ പ്രതിമാസം 14 കോടി രൂപയുടെ അധിക ബാധ്യത കോര്‍പറേഷനുണ്ടാകും. ശമ്പളവും പെന്‍ഷനും പലിശയും ഉള്‍പ്പെടെ നൂറുകോടിയിലേറെ രൂപയുടെ ബാധ്യതയാണ് കോര്‍പറേഷന്‍ വഹിക്കേണ്ടത്. എന്നാല്‍, ഡീസല്‍ വില വര്‍ധനയുടെ അധിക ബാധ്യത ഏറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറല്ല. കെഎസ്ആര്‍ടിസിയുടെ സ്ഥിതിയിലാണ് സര്‍ക്കാരെന്നാണ് ധനമന്ത്രി കെ എം മാണി പ്രതികരിച്ചത്. കേന്ദ്രത്തിന് കത്തെഴുതുമെന്ന് പറഞ്ഞ് മുഖ്യമന്ത്രിയും കൈയൊഴിഞ്ഞു. സര്‍ക്കാരിന്റെ കാര്യമായ സഹായമില്ലാതെ കോര്‍പറേഷന് പിടിച്ചുനില്‍ക്കാനാകില്ല. ഈ സാഹചര്യത്തിലാണ് സര്‍വീസുകള്‍ വെട്ടികുറച്ച് ബാധ്യത കുറയ്ക്കാന്‍ കോര്‍പറേഷന്‍ നടപടി തുടങ്ങിയത്.

കെഎസ്ആര്‍ടിസി പ്രതിസന്ധി ജില്ലയില്‍ 100ല്‍പ്പരം സര്‍വീസുകള്‍ നിര്‍ത്തും

തൃശൂര്‍: ഗുരുതര സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ കെഎസ്ആര്‍ടിസിയുടെ ലാഭകരമല്ലാത്ത സര്‍വീസുകള്‍ നിര്‍ത്തലാക്കാനുള്ള നീക്കത്തിന്റെ ഭാഗമായി തൃശൂരില്‍ നൂറില്‍പ്പരം സര്‍വീസുകള്‍ ഇല്ലാതാവാന്‍ സാധ്യത. വന്‍കിട ഉപയോക്താവെന്ന പേരില്‍ കെഎസ്ആര്‍ടിസി വാങ്ങുന്ന ഡീസലിന്റെ സബ്സിഡി ഇല്ലാതാവുന്നതോടെ ദിവസം 15 കോടിയുടെ അധികബാധ്യത തരണം ചെയ്യുന്നതിന്റെ ഭാഗമാണ് ലാഭകരമല്ലാത്ത ഷെഡ്യൂളുകള്‍ റദ്ദാക്കല്‍. സംസ്ഥാനത്ത് 1500ല്‍പ്പരം ലാഭകരമല്ലാത്ത സര്‍വീസുകളുണ്ടെന്നാണ് കണക്ക്. ജില്ലയിലെ ഏഴ് ഡിപ്പോകളില്‍ നിന്നായി പ്രതിദിനം 325 ഷെഡ്യൂളുകളാണ് സര്‍വീസ് നടത്തുന്നത്. ലാഭകരമല്ലാത്തതും വരുമാനം കുറഞ്ഞതുമായ സര്‍വീസുകള്‍ നിര്‍ത്തലാക്കിയാല്‍ ഇതില്‍ 30-40 ശതമാനം വരെ ഇല്ലാതാവുമെന്ന് കെഎസ്ആര്‍ടിസി വൃത്തങ്ങള്‍ സൂചിപ്പിച്ചു. ജില്ലയുടെ പല വിദൂരമേഖലകളിലേക്കുമുള്ള ജനങ്ങളുടെ യാത്രാസംവിധാനം ഇതോടെ താറുമാറാകും.

ശബരിമല സീസണില്‍ പമ്പ സര്‍വീസിനായി ജില്ലയില്‍നിന്നും രണ്ട് മാസമായി മുപ്പതോളം ബസുകള്‍ വിട്ടുകൊടുത്തിരുന്നു. ഇതുവഴി സാധാരണ യാത്രക്കാര്‍ ദുരിതത്തിലായിരുന്നു. അത് അവസാനിച്ചതോടെയാണ് പുതിയ പ്രതിസന്ധി. വിദൂര പ്രദേശത്തേക്കുള്ള ഷെഡ്യൂളുകള്‍ക്കാണ് പൊതുവേ വരുമാനക്കുറവ്. ചാലക്കുടിയില്‍നിന്ന് മലക്കപ്പാറ, അടിച്ചിലി, കാലടി പ്ലാന്റേഷന്‍, തൃശൂരില്‍നിന്ന് പുത്തൂര്‍ വഴി പീച്ചിഡാം തുടങ്ങിയ റൂട്ടുകളില്‍ കെഎസ്ആര്‍ടിസി മാത്രമാണ് സര്‍വീസ് നടത്തുന്നത്. പഞ്ഞപ്പിള്ളി വഴി ഇരിങ്ങാലക്കുട, പാലപ്പിള്ളി, വെള്ളിക്കുളങ്ങര, മുളങ്ങ്, മാള, പുതുക്കാട് ഡിപ്പോകളില്‍നിന്നുള്ള ഏതാനും സര്‍വീസുകള്‍, തൃശൂരില്‍നിന്നുള്ള സ്റ്റേ സര്‍വീസുകളില്‍പ്പെട്ട നിലമ്പൂര്‍, പെരിന്തല്‍മണ്ണ, നാട്യമംഗലം തുടങ്ങിയവ നഷ്ടത്തിലുള്ളവയാണ്. ഇതുവരെ സര്‍വീസ് ലാഭകരമല്ലെങ്കിലും ജനതാല്‍പ്പര്യം കണക്കിലെടുത്ത് എംഎല്‍എമാരുടെ നിര്‍ദേശപ്രകാരം നിരവധി സര്‍വീസുകള്‍ നടത്തിയിരുന്നു. ഇനിയും അത് തുടരാനാവില്ലെന്നാണ് കെഎസ്ആര്‍ടിസി തീരുമാനം.

ഡീസിലിന് ലിറ്ററിന് 11.53 രൂപ അധികബാധ്യത വരുന്ന സാഹചര്യത്തില്‍ കിലോമീറ്ററിന് 27 രൂപയെങ്കിലും വരുമാനമുണ്ടെങ്കിലേ കെഎസ്ആര്‍ടിസി നഷ്ടമില്ലാതെ നടത്തിക്കൊണ്ടുപോകാനാവൂ എന്ന് തൃശൂര്‍ ഡിടിഒ കെ വിജയകുമാര്‍ പറഞ്ഞു. 20 രൂപയേക്കാള്‍ വരുമാനക്കുറവുള്ള സര്‍വീസുകള്‍ തുടരാനാവില്ല. തൃശൂരില്‍ നിലവില്‍ സര്‍വീസുകള്‍ റദ്ദാക്കിയിട്ടില്ലെങ്കിലും വരുംദിവസങ്ങളില്‍ സ്ഥിതി മാറും. ലാഭകരമല്ലാത്തവ നിര്‍ത്തലാക്കാനുള്ള തീരുമാനമുണ്ടായാല്‍ 30 ശതമാനം സര്‍വീസുകളെ ബാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്നത്തെ പ്രതിസന്ധി മറികടക്കാന്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനില്‍നിന്നും കെഎസ്ആര്‍ടിസി നേരിട്ട് ഡീസല്‍ വാങ്ങുന്നത് താല്‍ക്കാലികമായി അവസാനിപ്പിക്കണമെന്ന് കെഎസ്ആര്‍ടി എപ്ലോയീസ് അസോസിയേഷന്‍ (സിഐടിയു) ജില്ലാ സെക്രട്ടറി എം വാസുദേവന്‍ പറഞ്ഞു. പുറമേനിന്ന് ഡീസലടിച്ചാല്‍ സബ്സിഡി നിരക്കില്‍ ലഭിക്കും. സഹകരണസംഘങ്ങള്‍ക്കു കീഴിലുള്ള പമ്പുകളില്‍നിന്ന് ഡീസല്‍ വാങ്ങി അന്നുതന്നെ പണം കൊടുക്കാന്‍ ജില്ലാതലത്തില്‍ അധികാരം നല്‍കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

ഡീസല്‍കൊള്ളയ്ക്കെതിരെ ട്രാന്‍സ്പോര്‍ട്ട് ജീവനക്കാര്‍ പ്രചാരണത്തിന്

കോട്ടയം: ഇരുട്ടടിപോലെ ഡീസല്‍ വിലയില്‍ വരുത്തിയ വന്‍ വര്‍ധനവിനെതിരെ കെഎസ്ആര്‍ടിസിയിലെ എംപ്ലോയീസ് അസോസിയേഷന്‍(സിഐടിയു) സംസ്ഥാന വ്യാപകമായി പ്രചാരണം സംഘടിപ്പിക്കും. ഇതിനു മുന്നോടിയായി ഞായറാഴ്ച എറണാകുളത്ത് സിഐടിയു ഓഫീസില്‍ സംയുക്ത ട്രേഡ് യൂണിയന്‍ യോഗം ചേരും. പൊതുമേഖലയെ തകര്‍ത്ത് കോര്‍പറേറ്റുകളെ സഹായിക്കുക എന്ന കേന്ദ്ര സര്‍ക്കാര്‍ നയത്തിന്റെ ഭാഗമാണ് പുതിയ തീരുമാനം.

ഇന്ത്യ ഭരിക്കുന്നത് കോണ്‍ഗ്രസല്ല, റിലയന്‍സും എസ്സാര്‍ ഗ്രൂപ്പുമാണെന്ന് തെളിഞ്ഞു. സംസ്ഥാന സര്‍ക്കാരും ഇതേ വഴിക്കാണെന്ന് വ്യക്തം-കെഎസ്ആര്‍ടിഇഎ (സിഐടിയു) ജില്ലാ ഭാരവാഹികളായ മേരിക്കുട്ടി തോമസ്, പി കെ പ്രസാദ്, മാത്യു ജോസഫ് എന്നിവര്‍ പറഞ്ഞു. ഡീസല്‍കൊള്ളയ്ക്ക് ചാര്‍ജ്വര്‍ധന പരിഹാരമല്ല. അത് ആത്യന്തികമായി ജനങ്ങളുടെ മേല്‍ പതിക്കും. പ്രതിഷേധം എല്ലാ തലത്തിലും സംസ്ഥാന സര്‍ക്കാരും ഉയര്‍ത്തുകയാണ് വേണ്ടത്. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ കെഎസ്ആര്‍ടിസിക്ക് നല്‍കുന്ന ഡീസല്‍ വില ലിറ്ററിന് 11.53 രൂപ കൂട്ടിയതു മൂലം ദിവസേന രണ്ട് ലക്ഷം രൂപയുടെ അധികച്ചെലവ് കോട്ടയം ഡിപ്പോയ്ക്കുണ്ടാകുമെന്ന് അധികൃതര്‍ ദേശാഭിമാനിയോട് പറഞ്ഞു. കോട്ടയം, പാലാ, ഈരാറ്റുപേട്ട, വൈക്കം, പൊന്‍കുന്നം, എരുമേലി, ചങ്ങനാശേരി എന്നിങ്ങനെ ഏഴ് ഡിപ്പോകളാണ് കോര്‍പറേഷന് ജില്ലയിലുള്ളത്. ഇവയില്‍ എരുമേലിയില്‍ മാത്രം പമ്പില്ല. അവിടെ നിന്നും ശബരിമല സീസണില്‍ പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി, തിരുവല്ല ഡിപ്പോകളില്‍ നിന്നും കോട്ടയത്തെത്തുന്ന ബസുകള്‍ക്ക് കോട്ടയം ഡിപ്പോയിലാണ് ഡീസല്‍ നല്‍കുന്നത്. ഇവയുള്‍പ്പെടെ കോട്ടയത്ത് പ്രതിദിനം വേണ്ടിവരുന്ന മൊത്തം ഡീസല്‍ 12,000 ലിറ്ററാണ്. പുതുക്കിയ നിരക്ക്പ്രകാരം ദിവസേനയുള്ള അധികച്ചെലവ് 1,44,000 രൂപ വരും. ഇതില്‍ പമ്പ ഒഴികെ കോട്ടയം ഡിപ്പോ മാത്രം മൊത്തം സര്‍വീസ് 40,000 കി. മീ. വരും. പമ്പ ഉള്‍പ്പെടെ 60,000 കി. മീ. വരും.

ഡീസല്‍ വിലവര്‍ധന ബസ്സും ചുമലിലേറ്റി പ്രതിഷേധം

കാസര്‍കോട്: ബസ്സിന്റെ മാതൃക ചുമലിലേറ്റി വ്യത്യസ്ത പ്രതിഷേധ പ്രകടനവുമായി കെഎസ്ആര്‍ടിസി ജീവനക്കാര്‍. ഡീസല്‍ വില ലിറ്ററിന് 11 രൂപ വര്‍ധിപ്പിച്ച് കെഎസ്ആര്‍ടിസിയെ തകര്‍ക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ച് കെഎസ്ആര്‍ടിഇഎ (സിഐടിയു) നേതൃത്വത്തിലാണ് ജീവനക്കാര്‍ കാസര്‍കോട് ഡിപ്പോയില്‍ പ്രതിഷേധം നടത്തിയത്. പ്രതിദിനം 7000 ലിറ്റര്‍ ഡീസല്‍ ഉപയോഗിക്കുന്ന കാസര്‍കോട് ഡിപ്പോയില്‍ ദിവസം ഒരു ലക്ഷം രൂപയാണ് വര്‍ധനയെ തുടര്‍ന്ന് അധികം കണ്ടെത്തേണ്ടി വരിക. 40000 ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ജീവിതമാര്‍ഗമായ പൊതുമേഖല സ്ഥാപനത്തെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ഉടന്‍ ഇടപെടണമെന്ന് അസോസിയേഷന്‍ ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു. എം ലക്ഷ്മണന്‍, മോഹന്‍കുമാര്‍ പാടി, എന്‍ ടി ചന്ദ്രന്‍, സി പ്രകാശ്, പി പി മനോജ്കുമാര്‍, എന്‍ വി ഗോപാലകൃഷ്ണന്‍, എ എം രാധാകൃഷ്ണന്‍, എം സന്തോഷ്, എം വി കുഞ്ഞിരാമന്‍, പി വി രതീഷ് എന്നിവര്‍ സംസാരിച്ചു.

deshabhimani 210113

No comments:

Post a Comment