Thursday, January 31, 2013

സപ്ലൈകോയെ വേര്‍പെടുത്തുന്നു


ലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതില്‍ പ്രധാനപങ്കു വഹിക്കുന്ന സപ്ലൈകോയെ സിവില്‍ സപ്ലൈസ് വകുപ്പില്‍നിന്ന് വേര്‍പെടുത്താന്‍ സര്‍ക്കാര്‍ നീക്കം തുടങ്ങി. സപ്ലൈകോയ്ക്ക് സ്വതന്ത്രപദവി നല്‍കി സര്‍ക്കാര്‍ ബാധ്യത ഒഴിവാക്കുന്നതിനെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ വ്യാഴാഴ്ച ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ യോഗം ചേരും. സ്വതന്ത്രപദവി ലഭിക്കുന്ന സ്ഥാപനത്തിലെ മാനേജര്‍, അസിസ്റ്റന്റ് മാനേജര്‍ തസ്തികകളിലേക്ക് നിയമനത്തിന്ലേലം വിളിയും ആരംഭിച്ചിട്ടുണ്ട്. വേര്‍പെടുത്തല്‍ തീരുമാനത്തിന്റെ ഭാഗമായി സപ്ലൈകോയിലേക്ക് സ്ഥിരമായി പോകാന്‍ സിവില്‍സപ്ലൈസ് വകുപ്പ് ജീവനക്കാരില്‍നിന്ന് ഓപ്ഷന്‍ ക്ഷണിക്കും. 1295 തസ്തികകളിലേക്ക് വകുപ്പില്‍നിന്നുള്ള ജീവനക്കാരെ ഡെപ്യൂട്ടേഷനില്‍ മാറിമാറി നിയമിക്കുന്ന നിലവിലുള്ള സമ്പ്രദായം അവസാനിപ്പിക്കും. എന്നാല്‍, ഭൂരിപക്ഷം പേരും സപ്ലൈകോയിലേക്ക് പോകാന്‍ തയ്യാറാവില്ലെന്നാണ് അറിയുന്നത്.

സപ്ലൈകോയെ നേരിട്ടുള്ള നിയന്ത്രണത്തില്‍നിന്ന് ഒഴിവാക്കുന്നത് സര്‍ക്കാരിന്റെ വിപണിയിടപെടലിനെയും ബാധിക്കും. പ്രതിവര്‍ഷം കോടിക്കണക്കിന് രൂപ ചെലവിട്ടാണ് സര്‍ക്കാര്‍ ഇപ്പോള്‍ സബ്സിഡി നിരക്കില്‍ സപ്ലൈകോ വഴി നിത്യോപയോഗ സാധനങ്ങള്‍ വില്‍ക്കുന്നത്. സ്വതന്ത്ര പദവി ലഭിക്കുന്നതോടെ സ്വന്തം കാലില്‍ നില്‍ക്കാന്‍ സപ്ലൈകോ നിര്‍ബന്ധിതരാകും. സര്‍ക്കാര്‍ സഹായം നാമമാത്രവുമാവും. 1974ലാണ് സപ്ലൈകോ പ്രവര്‍ത്തനം ആരംഭിച്ചത്. 1980ലെ നായനാര്‍ മന്ത്രിസഭയുടെ കാലത്ത് മാവേലി സ്റ്റോറുകള്‍ക്ക് തുടക്കമായതോടെ സര്‍ക്കാരിന്റെ വിലക്കയറ്റ നിയന്ത്രണ പരിപാടികള്‍ സജീവമായി. തുടര്‍ന്ന്, ഇടതുപക്ഷ സര്‍ക്കാരുകള്‍ നല്‍കിയ പിന്തുണയിലൂടെ വളര്‍ന്ന സപ്ലൈകോയുടെ കീഴില്‍ ഇന്ന് 857 മാവേലി സ്റ്റോറും 333 സൂപ്പര്‍മാര്‍ക്കറ്റും 14 പീപ്പിള്‍സ് ബസാറും എട്ട് മൊബെല്‍ മാവേലിയും ഒന്നു വീതം അപ്നാ സ്റ്റോറും പ്രീമിയം മാര്‍ക്കറ്റും മൂന്ന് ഹൈപ്പര്‍ മാര്‍ക്കറ്റും 95 മാവേലി മെഡിക്കല്‍ സ്റ്റോറും 13 പെട്രോള്‍ ബങ്കും 10 റേഷന്‍ ഡിപ്പോയും നാല് എല്‍പിജി ഔട്ട്ലെറ്റും പ്രവര്‍ത്തിക്കുന്നു.

ടി എച്ച് മുസ്തഫ ഭക്ഷ്യമന്ത്രിയായിരിക്കെ സപ്ലൈകോയെ വേര്‍പെടുത്താന്‍ ശ്രമിച്ചിരുന്നു. അന്ന് ജീവനക്കാര്‍ നടത്തിയ പ്രക്ഷോഭമാണ് ആ നീക്കം അവസാനിപ്പിച്ചത്. വിഭജനീക്കം സജീവമാക്കിയത് കോഴ നിയമനങ്ങള്‍ ലക്ഷ്യമിട്ടാണെന്ന് കരുതുന്നു. താലൂക്ക് സപ്ലൈ ഓഫീസര്‍ക്ക് തുല്യമായി സപ്ലൈകോയില്‍ നിലവിലുള്ള അസിസ്റ്റന്റ് മാനേജര്‍ തസ്തികയില്‍ 76 പേര്‍ വകുപ്പില്‍നിന്ന് ഡെപ്യൂട്ടേഷനില്‍ എത്തുന്നവരാണ്. 16 എണ്ണം നേരിട്ടുള്ള നിയമനവും. ഡെപ്യൂട്ടേഷന്‍ അവസാനിപ്പിക്കുന്ന സാഹചര്യത്തില്‍ 76 തസ്തികയിലേക്കും നേരിട്ട് നിയമനം നടത്താനുള്ള ശ്രമങ്ങളും തുടങ്ങി. 25 ലക്ഷം രൂപയാണ് മിനിമം നിരക്ക്. മാനേജരടക്കമുള്ള ഉയര്‍ന്ന തസ്തികകളിലേക്ക് നിരക്ക് ഉയരും. വിഭജനത്തെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ വ്യാഴാഴ്ച ചേരുന്ന ഉന്നതതല യോഗത്തില്‍ ചീഫ് സെക്രട്ടറിക്കു പുറമെ ഭക്ഷ്യ-ധന വകുപ്പ് സെക്രട്ടറിമാര്‍, സപ്ലൈകോ മാനേജിങ് ഡയറക്ടര്‍, ജനറല്‍ മാനേജര്‍, ആസൂത്രണബോര്‍ഡ് പ്രതിനിധി തുടങ്ങിയവരും പങ്കെടുക്കും.
(ആര്‍ സാംബന്‍)

deshabhimani 310113

No comments:

Post a Comment