Thursday, January 24, 2013

വൈദ്യുതിയും സ്വകാര്യ മേഖലക്ക്

കുടിവെള്ളത്തിനൊപ്പം വൈദ്യുതിയുടെ വിതരണവും സ്വകാര്യ മേഖലയ്ക്ക് കൈമാറാന്‍ യു ഡി എഫ് സര്‍ക്കാര്‍ തീരുമാനം. ഇത് സംബന്ധിച്ച് കേരളത്തിലെ ജനങ്ങള്‍ക്ക് മുമ്പ് നല്‍കിയിരുന്ന ഉറപ്പുകള്‍ ലംഘിച്ചാണ് വിതരണമേഖലയില്‍ സ്വകാര്യകമ്പനികള്‍ക്ക് അവസരം നല്‍കാന്‍ നീക്കം നടക്കുന്നത്.

ഈ തീരുമാനം കേന്ദ്രത്തിനെ സംസ്ഥാനം അറിയിച്ചുകഴിഞ്ഞു. കെ എസ് ഇ ബിയും അനുകൂല നിലപാട് എടുത്തതായാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. വിതരണം സ്വകാര്യ കമ്പനികള്‍ക്ക് കൈമാറുന്നതോടെ വൈദ്യുതി വിലയിലും ഗണ്യമായ മാറ്റമുണ്ടാകും. വര്‍ഷാവര്‍ഷം വില വര്‍ധിപ്പിക്കാനുളള അധികാരം സ്വകാര്യ കമ്പനികള്‍ക്ക് ഉണ്ടാകുമെന്ന ഉറപ്പ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നല്‍കിയിട്ടുണ്ടെന്നാണ് സൂചന.

നിലവില്‍ വന്‍ ബാധ്യതയാണ് കെ എസ് ഇ ബിയ്ക്കുള്ളതെന്ന് സര്‍ക്കാര്‍ പറയുന്നു. ഈ ബാധ്യത ഒഴിവാക്കുന്നതിന് വിതരണം സ്വകാര്യ കമ്പനികളെ ഏല്‍പ്പിക്കണമെന്നും അത് പൊതു സ്വകാര്യ പങ്കാളിത്തത്തിലോ അല്ലെങ്കില്‍ ഫ്രാഞ്ചൈസികളെ അനുവദിച്ചുകൊണ്ടോ ആയിരിക്കണമെന്നും നിര്‍ദേശമുണ്ട്. എല്ലാ വര്‍ഷവും ഏപ്രിലില്‍ ലാഭ നഷ്ട കണക്കുകള്‍ പരിശോധിക്കും. തുടര്‍ന്ന് ചെലവിന് ആനുപാതികമായി നിരക്കില്‍ വ്യതിയാനം വരുത്തുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചത്.

വൈദ്യുതി മേഖല നവീകരിക്കാനുള്ള തുക ലഭിക്കണമെങ്കില്‍ കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട് വയ്ക്കുന്ന വ്യവസ്ഥകള്‍ അംഗീകരിക്കണമെന്ന് കേന്ദ്രം നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നാണ് തങ്ങളുടെ ഭാഗം ന്യായീകരിക്കാനായി സംസ്ഥാനം നല്‍കുന്ന വിശദീകരണം.


വൈദ്യുതിബോര്‍ഡ് സ്വകാര്യവല്‍ക്കരണം കേരളജനതയോടുള്ള വഞ്ചന: രാജന്‍

കൊല്ലം: വൈദ്യുതിബോര്‍ഡ് സ്വകാര്യവല്‍ക്കരി ക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ സമ്മതിച്ചത് കേരള ജനതയോടുള്ള വഞ്ചനയാണെന്ന് ഇലക്ട്രിസിറ്റി വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ (എഐടിയുസി) പ്രസിഡന്റ് എ എന്‍ രാജന്‍ പ്രസ്താവനയില്‍ പറഞ്ഞു.

കേന്ദ്രഗവണ്‍മെന്റിന്റെ വൈദ്യുതി സാമ്പത്തിക പുനഃസംഘടന പാക്കേജിലെ വ്യവസ്ഥ പ്രകാരമാണ് സ്വകാര്യവല്‍ക്കരണം നടത്തുന്നത്. എല്ലാവര്‍ഷവും ഏപ്രില്‍ മാസം വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിക്കണമെന്നും സാമ്പത്തിക പാക്കേജില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. അതിനും സര്‍ക്കാര്‍ സമ്മതം പ്രകടിപ്പിച്ചിട്ടുണ്ട്.

ഫ്രാഞ്ചൈസി സമ്പ്രദായം ഏര്‍പ്പെടുത്തി വിതരണമേഖല സ്വകാര്യകോര്‍പ്പറേറ്റുകളെ ഏല്‍പിച്ചുകൊണ്ടാണ് സ്വകാര്യവല്‍ക്കരണം നടപ്പാക്കുന്നത്. ആഗോളനിലവാരത്തില്‍ ഇന്ത്യയില്‍ വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിക്കണമെന്നാണ് വൈദ്യുതിമേഖലയിലെ സ്വകാര്യ കുത്തകകള്‍ ആവശ്യപ്പെടുന്നത്.  കേരളത്തില്‍ സ്വകാര്യവല്‍ക്കരണം യാതൊരുകാരണവശാലും അനുവദിക്കുകയില്ലെന്നും ശക്തമായ പണിമുടക്ക് ഉള്‍പ്പെടെയുള്ള സമരപരിപാടികളിലേക്ക് തൊഴിലാളികള്‍ നീങ്ങുമെന്നും രാജന്‍ മുന്നറിയിപ്പ് നല്‍കി.


janayugom 240113

No comments:

Post a Comment