Saturday, January 26, 2013

ബലറാം സാര്‍ എല്ലാം കണക്കാണെന്ന് വരുത്തിത്തീര്‍ക്കുമ്പോള്‍

ഹരിതവാദിയും തിരുത്തല്‍ ശക്തിയുമായി അഭിനയിക്കുന്ന ബലറാം സാര്‍ തന്റെ ഫേസ്‌ബുക്കില്‍ ഇട്ട പോസ്റ്റില്‍ ഇങ്ങനെ കാണാം.

“സംസ്ഥാന ഖജനാവിൽ നിന്ന് വിദ്യാഭ്യാസത്തിനായി ചെലവഴിക്കുന്ന തുക കഴിഞ്ഞ വർഷം ശതമാനക്കണക്കിൽ ഏറ്റവുമധികം വെട്ടിക്കുറച്ചത് സി പി എം ഭരിക്കുന്ന ഏക സംസ്ഥാനമായ ത്രിപുരയിൽ. “ആഗോളവൽക്കരണ നയങ്ങളുടെ ഭാഗമായി” വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ സേവനമേഖലകളിൽ നിന്ന് ഭരണകൂടം പിൻവാങ്ങുന്നു എന്ന് സഖാക്കൾ വലിയ വായിൽ വിളിച്ചുപറയുന്നത് സ്വന്തം സംസ്ഥാനത്തിന്റെ അനുഭവത്തിൽ നിന്നാണെന്ന് ഇപ്പോഴാണ് ബോധ്യമായത് !“

ഇത്തരത്തിലുള്ള കമന്റിനു പിന്‍‌ബലമേകാനും വിശ്വാസ്യത വരുത്താനുമെന്നവണ്ണം അദ്ദേഹം state-wise expenditure on education എന്ന ഒരു പട്ടികയും ഇട്ടിട്ടുണ്ട്.

ഈ പട്ടിക എവിടെ നിന്നാണെന്നതിനു സൂചനകളൊന്നും ആ പോസ്റ്റിലില്ല.  ത്രിപുരയിലെ വിദ്യാഭ്യാസത്തിനായി ചിലവഴിക്കുന്ന തുക  2011-12ലെ 17.2 ശതമാനത്തില്‍ നിന്നും 2012-13 എത്തുമ്പോള്‍ 13.8 ശതമാനമായി എന്ന് പറയുകയും ശതമാനക്കണക്കില്‍ (നോട്ട് ദി പോയിന്റേ..) ഏറ്റവും കുറവ് വരുത്തിയിട്ടുള്ളത് ത്രിപുരയാണെന്ന് പ്രചരിപ്പിക്കുകയുമാണ്  ഈ അഭ്യാസത്തിലൂടെ ബലറാം സാര്‍ ചെയ്യുന്നത്.

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ വെബ് സൈറ്റില്‍ ഇതേ കണക്കുകള്‍ ഉള്ള പട്ടികയും അതിനു മുന്‍പുള്ള വര്‍ഷത്തെ പട്ടികയും കാണാം. 2012-13ലെ പട്ടികയില്‍  (മുകളിലെ ചിത്രം നോക്കിയാലും മതി) വളരെ വ്യക്തമായി പറഞ്ഞിട്ടുള്ള കാര്യം ബഡ്ജറ്റ് എസ്റ്റിമേറ്റ് എന്നാണ്. അതിനു മുന്‍പത്തെ വര്‍ഷത്തെ കണക്കുകള്‍ എസ്റ്റിമേറ്റ് അല്ലെന്ന് പറയേണ്ടതില്ലല്ലോ.

ഇനി ഈ ചിത്രം നോക്കുക.


 2011-12 ലെ പട്ടിക യുടെ, അതായത് തലേ വര്‍ഷത്തെ ബജറ്റ് എസ്റ്റിമേറ്റ് പട്ടികയുടെ, പ്രസക്തമായ ഭാഗമാണിത്. അത്  നോക്കിയാല്‍ മനസിലാകുന്ന കാര്യം ത്രിപുരയുടെ ബജറ്റ് എസ്റ്റിമേറ്റില്‍ 14.7% ആയിരുന്നു വിദ്യാഭ്യാസത്തിനായുള്ള തുക എന്നതാണ്. ഇതാണ് അവസാന കണക്ക് നല്‍കുന്ന റിസര്‍വ് ബാങ്കിന്റെ പട്ടികയിലും (ബലറാം സാര്‍ ഇട്ട പട്ടികയിലും) 17.2% ആയി വര്‍ദ്ധിച്ചത് . ഇത്തവണത്തെയും അവസാന ഫിഗര്‍ പ്രസിദ്ധീകരിക്കപ്പെടുമ്പോള്‍ അത്രയൊക്കെയോ അതിനു മുകളിലോ ആകാന്‍ എല്ലാ സാധ്യതയും ഉണ്ട്.

കാരണം

പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് ത്രിപുരയില്‍ സൌജന്യ വിദ്യാഭ്യാസം നല്‍കും എന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. ഇപ്പോള്‍ അത് പത്താം ക്ലാസ് വരെയാണ്. അഗര്‍ത്തലയില്‍ ഒരു റീജിയണല്‍ നേഴ്സിംഗ് കോളേജ്, എല്ലാ സ്കൂളുകള്‍ക്കും അംഗന്‍‌വാടി കേന്ദ്രങ്ങള്‍ക്കും 2012-13 ഓടെ തന്നെ കുടിവെള്ളവും സാനിറ്റേഷന്‍ സൌകര്യവും എന്നിവയും ബജറ്റില്‍ ഉണ്ട്. ത്രിപുര ഒരു വടക്ക് കിഴക്കന്‍ മേഖലയിലെ വിദ്യാഭ്യാസ ഹബ് ആകുന്ന പാതയിലുമാണ്.

ബലറാം സാര്‍ പുച്ഛിക്കാന്‍ നോക്കുന്ന ത്രിപുര 2011ലെ സെന്‍സസ് അനുസരിച്ച് സാക്ഷരതയില്‍ ഇന്ത്യയില്‍ നാ‍ലാം സ്ഥാനത്താണ് . 2001നും 2011നും ഇടക്ക് സ്ത്രീ-പുരുഷ സാക്ഷരതയിലെ വ്യത്യാസം കുറച്ചതിനുള്ള പ്രസിഡന്റിന്റെ അവാര്‍ഡ് നേടിയ സംസ്ഥാനവും ത്രിപുരയാണ്.

മറ്റൊന്ന് കൂടി വായിക്കാം

He said the Left Front government in Tripura is probably the only state government in the country which has been providing free education to all, covering the whole of school-level education.  The Tripura council of ministers, at a meeting here Tuesday, also decided to increase the emoluments of the teachers working in the Islamic madrasas.

According to School Education Minister Tapan Chakraborty, the Left Front government has been spending more than 20 percent of its total annual budget on the education sector, while the central government’s funding in this sector was less than 10 percent. In Tripura, there are about 800,000 students studying in 4,600 schools.

(http://www.northeasttoday.in/our-states/tripura/tripuras-poor-to-get-free-education-till-class-12/)

പിന്നെ ബലരാം സാറിന്റെ കേന്ദ്രം ത്രിപുരയോട് കാണിക്കുന്നതിനെപ്പറ്റി..

The 13th Finance Commission has limited the borrowing celling upto the level of 3% of the Gross State Domestic Product (GSDP) making additional resource mobilization through borrowing more difficult.

There is a rduction of Rs. 1041.20 crore in Non Plan Revenue Gap Grant recommended by 13th Finance Commission as compared to amount recommended by 12th Finance Commission.

ഒരു വശത്ത് സംസ്ഥാനങ്ങളെ ഞെരുക്കുക, മറുവശത്ത് കൂടി ഈ ഞെരുക്കം മൂലം ഉണ്ടാകുന്ന പ്രശ്നങ്ങളെ സംസ്ഥാനങ്ങളുടെ(പ്രത്യേകിച്ച് ഇടതുപക്ഷ സംസ്ഥാനമാകുമ്പോള്‍) കുഴപ്പമാണെന്ന് പ്രചരിപ്പിക്കുക. ഈ തന്ത്രമാണ് ബലറാം സാറന്മാര്‍ പയറ്റിക്കൊണ്ടിരിക്കുന്നത്. ““ആഗോളവൽക്കരണ നയങ്ങളുടെ ഭാഗമായി” വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ സേവനമേഖലകളിൽ നിന്ന് ഭരണകൂടം പിൻവാങ്ങുന്നു എന്ന് സഖാക്കൾ വലിയ വായിൽ വിളിച്ചുപറയുന്നത്“ എന്നൊക്കെ ഉളുപ്പില്ലാതെ പറയുന്ന ബലറാം സര്‍ യു.പി.എ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന നവലിബറല്‍ നയങ്ങളുടെ അടിസ്ഥാനശില തന്നെ ഇത്തരം പിന്‍‌വാങ്ങലുകളാണെന്നത് അറിയാത്തതോ അതോ അത് അദ്ദേഹത്തിനു ഇതുവരെയായിട്ടും മനസിലാകാത്തതോ? അര്‍ത്ഥപൂര്‍ണ്ണമായ ഫെഡറലിസം മരീചികയായ നമ്മുടെ രാജ്യത്ത് നയപരമായ പല കാര്യങ്ങളിലും സംസ്ഥാനങ്ങളുടെ അധികാരം പരിമിതമാണെന്നതും അദ്ദേഹം അറിയാത്തതാണോ?

രസകരമായൊരു കാര്യം കൂടി ഉണ്ട്.

ത്രിപുര 14.7% എന്ന ബജറ്റ് എസ്റ്റിമേറ്റില്‍ നിന്ന് 17.2 ശതമാനത്തിലേക്ക് അവസാന കണക്കില്‍ എത്തിയപ്പോള്‍ കേരളം പോലെയുള്ള ഒത്തിരി സംസ്ഥാനങ്ങളിലും ബഡ്ജറ്റിൽ ഉള്ളതിനേക്കാള്‍ വിഹിതം കുറയുകയാണ് ഉണ്ടായിട്ടുള്ളത്. താഴെയുള്ള പട്ടിക നോക്കുക.


2011-12ൽ ബഡ്ജറ്റ് എസ്റ്റിമേറ്റില്‍ കേരളം 19.1% ആണ്  വക കൊള്ളിച്ചിരുന്നത്. അത് പിന്നീട് 17.6% ത്തിലേക്ക് വെട്ടികുറച്ചു.(ബലറാം സാര്‍ തന്ന പട്ടിക നോക്കുക) അതായത് 1.5 ശതമാനത്തിന്റെ കുറവ്.  2012-13ലെ ബഡ്ജറ്റിൽ 17.0% ആണ് വകകൊള്ളിച്ചിരിക്കുന്നത്.  2011-12ലെ റിവൈസ്ഡ് തുകയെക്കാൾ 0.6% കുറവാണ് ഇപ്പോള്‍ത്തന്നെ ഇത്. ഇനി റിവൈസ്ഡ് കണക്കുകൾ റിസർവ് ബാങ്ക് പ്രസിദ്ധീകരിക്കുമ്പോൾ കേരളം എത്ര % ആവുമോ എന്തോ? ത്രിപുര അങ്ങനെ ബഡ്ജറ്റിൽ തുക പെരുപ്പിച്ചുകാട്ടിയിട്ട് ഒടുക്കം വെട്ടികുറക്കുകയല്ല ചെയ്തിരിക്കുന്നത്. മറിച്ച് ബഡ്ജറ്റിൽ കാട്ടിയതിനെക്കാൾ അധികം തുക വിദ്യാഭ്യാസത്തിനു വകകൊള്ളിക്കുകയാണ് റിവൈസ്ഡ് എസ്റ്റിമേറ്റിലൂടെ ചെയ്തിട്ടുള്ളത് എന്നത് നാം കാണാതിരുന്നുകൂടാ.

കേരളത്തിലെ ഉമ്മഞ്ചാണ്ടി സര്‍ക്കാര്‍ ബഡ്ജറ്റിൽ കൊള്ളിച്ച തുക വെട്ടികുറക്കുമ്പോൾ ബലറാം സാര്‍ നിയമസഭയിൽ പ്രതികരിച്ചിരുന്നുവോ? ഇനി വെട്ടിക്കുറച്ചാല്‍ പ്രതികരിക്കുമോ?

കടപ്പാട്: സ്റ്റാറ്റിസ്റ്റിക്സ് സംഘടിപ്പിക്കുകയും ഏകോപിപ്പിക്കുകയും ചെയ്ത സുഹൃത്തിന്

7 comments:

  1. സമയോജിതമായ ഇടപെടല്.
    അഭിനന്ദനങ്ങൾ..
    അഭിവാദ്യങ്ങൾ.

    ReplyDelete
  2. Good..but balram closed his post...otherwise we could have postes it there..

    ReplyDelete
  3. ബല്‍റാം ആ പോസ്റ്റില്‍ മിണ്ടുന്നില്ല :(

    ReplyDelete
  4. അത്രയുമായല്ലോ..:)

    ReplyDelete
  5. കണക്കുകൾ കള്ളം പറയില്ല.

    ത്രിപുരയിലെ വിദ്യാഭ്യാസച്ചെലവിനെക്കുറിച്ചുള്ള എന്റെ നേരത്തെയുള്ള പോസ്റ്റിനോട് പ്രതികരിച്ചുകൊണ്ട് ‘ജാഗ്രത’ എന്ന വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ച ലേഖനം ജാഗ്രതക്കുറവിന്റെ ഉത്തമ ഉദാഹരണമെന്ന നിലയിൽ വിലയിരുത്താവുന്ന ഒന്നാണ്.

    “ഹരിതവാദിയും തിരുത്തൽ ശക്തിയുമായി ‘അഭിനയിക്കുന്ന’ ബലറാം സാർ” എന്നാണ് പരിഹാസരൂപത്തിലുള്ള പോസ്റ്റിന്റെ ആദ്യവരി. ഡിഫിയിലെ പൊട്ടിക്കരയുന്ന അപ്പുക്കുട്ടന്മാരെല്ലാം ധീരവിപ്ലവകാരികളായും എഡിബി ലോൺ വാങ്ങാനും റിലയൻസ് ഫ്രഷിനെ സ്വീകരിക്കാനും മടിയില്ലാത്തവരെല്ലാം സാമ്രാജ്യത്തവിരോധികളായും പച്ചമനുഷ്യരെ നിഷ്ഠൂരമായി വെട്ടിക്കൊല്ലാൻ മടിയില്ലാത്തവരെല്ലാം മനുഷ്യസ്നേഹത്തിന്റെ മൊത്തക്കച്ചവടക്കാരായും എസ് എൻ സി ലാവലിന്റെയും സാന്റിയാഗോ മാർട്ടിന്റെയുമെല്ലാം കളിക്കൂട്ടുകാരെല്ലാം അഴിമതി വിരുദ്ധന്മാരായും പാവപ്പെട്ട കർഷകത്തൊഴിലാളിക്ക് നൽകുന്ന പെൻഷൻ തുക ഒരു ആയിരം രൂപയെങ്കിലുമാക്കണമെന്ന ആവശ്യമുയർത്താതെ പതിനായിരക്കണക്കിനു രൂപ പെൻഷൻ വാങ്ങുന്ന ഉദ്യോഗസ്ഥപ്രഭുക്കന്മാർക്ക് വേണ്ടി സമരം ചെയ്യുന്നവരെല്ലാം അടിസ്ഥാനവർഗ താത്പര്യസംരക്ഷകരായുമൊക്കെ അഭിനയിച്ചുകൊണ്ടിരിക്കുന്ന നമ്മുടെ നാട്ടിൽ എല്ലാവരും കണക്കാണെന്ന് വരുത്തിത്തീർക്കാനുള്ള ഒരു വിലകുറഞ്ഞ ശ്രമമെന്നതിൽക്കവിഞ്ഞ് ആ ആക്ഷേപത്തിൽ വലിയ കാര്യമില്ല എന്ന് സാ‍മാന്യവിവരമുള്ളവർക്കറിയാം.

    ഇനി കാര്യത്തിലേക്ക് കടക്കാം

    ഞാൻ പ്രസിദ്ധീ‍കരിച്ച പട്ടിക എവിടെ നിന്നാണെടുത്തതെന്നതിനു സൂചനകളൊന്നും നൽകുന്നില്ല എന്നതാണ് ആദ്യ ആരോപണം. പട്ടികയുടെ കീഴെ അത്യാവശ്യം വ്യക്തമായിത്തന്നെ സോഴ്സ് വെളിപ്പെടുത്തുന്നുണ്ട് എന്നത് സഖാക്കൾക്ക് തിമിരം കാരണം കാണാതെ പോയതാകാം. സോഴ്സിനേക്കുറിച്ച് കൂടുതലറിയണമെങ്കിൽ പി രാജീവ് എം.പിയോടോ എം.ഹംസ എം.എൽ.എ.യോടൊ ചോദിക്കാവുന്നതാണ്. അവർക്കൊക്കെ പാർലമെന്ററി പ്രവർത്തനത്തിന് സ്ഥിരമായി സഹായം നൽകുന്ന ഡൽഹി ആസ്ഥാനമായ ഒരു സംഘടന റിസർവ് ബാങ്കിന്റെ രേഖകളെ ആസ്പദമാക്കിത്തയ്യാറാക്കിയതാണ് പ്രസ്തുത പട്ടിക.

    ത്രിപുരയടക്കമുള്ള സംസ്ഥാനങ്ങളുടെ കഴിഞ്ഞ കുറച്ചു വർഷങ്ങളിലെ വിദ്യാഭ്യാസച്ചെലവ് ആകെ ചെലവിന്റെ ശതമാനക്കണക്കിൽ കാണിച്ചു എന്നതാണ് രണ്ടാമത്തെ ആക്ഷേപം. പിന്നെ എങ്ങനെയാണ് പറയേണ്ടത് സഖാക്കളെ? ഫേസ്ബുക്കിലെ സഖാക്കൾ പറയുന്നത് ശതമാനമല്ല, യഥാർത്ഥ തുക മാത്രമേ പറയേണ്ടതുള്ളൂ എന്നതാണ്. വിദ്യാഭ്യാസച്ചെലവ് ശതമാനക്കണക്കിൽ പറയുക എന്നത് ഞാൻ തുടങ്ങിയ പുതിയ ഏർപ്പാടൊന്നുമല്ല. കോത്താരി കമ്മീഷൻ റിപ്പോർട്ട് തൊട്ട് ആകെച്ചെലവിന്റെ ശതമാനക്കണക്കിൽത്തന്നെയാണ് വിദ്യാഭ്യാസച്ചെലവ് പറയാറുള്ളത്. നാണയപ്പെരുപ്പമടക്കമുള്ള യാഥാർത്ഥ്യങ്ങളെ വകയിരുത്തണമെങ്കിലും ശതമാനക്കണക്കുതന്നെയാണ് ആക്ച്വൽ ഫിഗറിനേക്കാൾ ഉചിതമായി കണക്കാക്കപ്പെടുന്നത്. പിന്നെ ത്രിപുരയുടെ കാര്യം മാത്രം ശതമാനക്കണക്കിലും മറ്റ് സംസ്ഥാനങ്ങളുടേത് മറ്റേതെങ്കിലും തരത്തിലുമൊക്കെ കാണിച്ച് കൺഫ്യൂഷനൊന്നും ഉണ്ടാക്കുന്നില്ലല്ലോ, എല്ലാം ഒരേ രീതിയിൽ തന്നെയല്ലേ താരതംയത്തിനായി എടുത്തിരിക്കുന്നത്? വിദ്യാഭ്യാസച്ചെലവിന്റെ കാര്യത്തിൽ ഏറ്റവുമധികം വെട്ടിക്കുറവ് നടത്താനുദ്ദേശിക്കുന്നത് (ശതമാനക്കണക്കിൽത്തന്നെ) ത്രിപുരയാണെന്നത് ഞാൻ പ്രചരിപ്പിക്കുന്നതുമാത്രമല്ല, വാസ്തവം കൂടിയാണ്.

    2012-13 വർഷത്തെ കാര്യം ബജറ്റ് എസ്റ്റിമേറ്റ് മാത്രമാണെന്നും പിന്നീട് അതിലൊക്കെ എത്രയോ കൂടുതൽ തുക മധുരമനോജ്ഞ ത്രിപുര ചെലവഴിച്ചുകൊള്ളുമെന്നുമാണ് മൂന്നാമത്തെയും പ്രധാനപ്പെട്ടതുമായ ഡിഫൻസ്. ഈ സാമ്പത്തികവർഷത്തെ കണക്ക് ബജറ്റ് എസ്റ്റിമേറ്റ് മാത്രമാണെന്നത് ഇത്ര വലിയ ഒരു കണ്ടുപിടുത്തമാണോ? സാമ്പത്തിക വർഷാവസാനം മാത്രമേ അതിന്റെ പൂർണ്ണരൂപം വരികയുള്ളൂ എന്നതും ഏത് കൊച്ചുകുട്ടിക്കുമറിയാം.

    എന്നാൽ ഇവിടെ സഖാക്കൾ സൌകര്യപൂർവം മറച്ചുപിടിക്കുന്ന പ്രധാനപ്പെട്ട ഒരു കാര്യമുണ്ട്. ഒരു സർക്കാരിന്റെ നയങ്ങളേക്കുറിച്ചും മുൻഗണനകളേക്കുറിച്ചും വ്യക്തമായ ഉൾക്കാഴ്ച നൽകുന്നത് ബജറ്റ് എസ്റ്റിമേറ്റ് തന്നെയാണ്. സർക്കാർ ഉദ്ദേശിക്കുന്നത് ബജറ്റ് എസ്റ്റിമേറ്റിൽ പറഞ്ഞ രീതിയിൽ കാര്യങ്ങൾ നടക്കണമെന്നാണ്. പിന്നീട് സാമ്പത്തിക വർഷം മുന്നോട്ടുപോകുമ്പോൾ അവിചാരിതമായ കാരണങ്ങളാൽ ആ പ്രതീക്ഷകൾ നടക്കാതെവന്നേക്കാമെന്ന് മാത്രം.

    ReplyDelete

  6. 2011-12 വർഷത്തിൽ എസ്റ്റിമേറ്റ് 14.7% മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നും വർഷാവസാനം അത് 17.2% ആയി ഉയർന്നു എന്നും സമാനമായ രീതിയിൽ ഈ വർഷവും ഉയർന്നുകൊള്ളും എന്നുമാണ് നാലാമത്തെ വാദം. എസ്റ്റിമേറ്റ് ചെയ്തതിനേക്കാൾ വർഷാവസാനം ശതമാനക്കണക്കിൽ തുക ചെലവഴിച്ചതായിക്കാണുന്നത് കൂടുതൽ തുക ചെലവ് ചെയ്തതുകൊണ്ടാവണമെന്നില്ല, മറ്റ് മേഖലകളിൽ തുക വിചാരിച്ചത്ര ചെലവഴിക്കാൻ സാധിക്കാത്തതിനാൽ ആകെ ചെലവ് കുറഞ്ഞതുകൊണ്ടുമാവാൻ ഇടയുണ്ട്. അതിന്റെ വിശദാംശങ്ങൾ നൽകാൻ ‘ജാഗ്രത’ക്കാർ തയ്യാറായിട്ടില്ല. ഉദാഹരണത്തിന് ആകെ എല്ലാ മേഖലകൾക്കുമായി 100 രൂപ ചെലവഴിക്കാൻ ഉദ്ദേശിക്കുന്നു. അതിൽ 10 രൂപ വിദ്യാഭ്യാസത്തിനും എന്ന് വയ്ക്കുക. അതായത് 10 % മാത്രം. എന്നാൽ വർഷാവസാനം ആകെ 50 രൂപ മാത്രമേ ചെലവഴിച്ചിട്ടുള്ളൂ എങ്കിൽ വിദ്യാഭ്യാസത്തിനായി ചെലവഴിച്ചത് 20% ആയി ഉയർന്നു എന്ന് വേണമെങ്കിൽ വീമ്പടിക്കാം.
    ഏതായാലും കഴിഞ്ഞ വർഷം ചെലവഴിച്ചത്ര തുക ശതമാനക്കണക്കിൽ ഈ വർഷം ചെലവഴിക്കേണ്ടതില്ല എന്ന് തന്നെയാണ് ബജറ്റ് എസ്റ്റിമേറ്റ് പ്രകാരം ത്രിപുരയുടെ തീരുമാനമായി നമ്മൾ മനസ്സിലാക്കേണ്ടത്. ഈ നയവും കാഴ്ചപ്പാടുമാണ് ഇവിടെ വിമർശനവിധേയമാകുന്നത്.
    പിന്നെ 13ആം ധനകാര്യകമ്മീഷൻ വായ്പയെടുക്കുന്നതിനു സംസ്ഥാനങ്ങൾക്ക് നിയന്ത്രണങ്ങളേർപ്പെടുത്തിയിട്ടുണ്ടെന്ന പരാതി. ഇത് ത്രിപുരയ്ക്കെതിരെ മാത്രമായുള്ള എന്തെങ്കിലും പ്രത്യേക നിയന്ത്രണമൊന്നുമല്ല. എഫ്.ആർ.ബി.എം ആക്റ്റിന്റെ ഭാഗമായി സംസ്ഥാന ജിഡിപിയുടെ 3% വരെ മാത്രമേ വായ്പയെടുക്കാൻ പാടുള്ളൂ എന്നത് എല്ലാ സംസ്ഥാനങ്ങൾക്കും അവയുടെ സാമ്പത്തിക രംഗം തകർന്നുപോവാതിരിക്കാൻ വേണ്ടി കൊണ്ടുവന്ന പൊതുനിയന്ത്രണമാണ്.
    ത്രിപുര ഇതിനോടകം നേടിയ നേട്ടങ്ങൾ ആരും വിസ്മരിക്കുന്നില്ല. സാക്ഷരതാ രംഗത്തൊക്കെ കാര്യമായ പുരോഗതി നേടാനവർക്ക് സാധിച്ചിട്ടുണ്ട് എന്നംഗീകരിക്കുന്നു. എന്നാൽ വിദ്യാഭ്യാസരംഗത്ത് ചെലവ് വെട്ടിക്കുറക്കാൻ മാത്രം എല്ലാം തികഞ്ഞവരാ‍യി അവർ മാറിയോ എന്ന ചോദ്യത്തിനാണുത്തരം വേണ്ടത്. അതല്ലാ‍തെ എഡ്യുക്കേഷൻ ഹബ് ആവുമെന്നൊക്കെയുള്ള ബഡായി പറച്ചിലല്ല ഇവിടെ വേണ്ടത്. ഈ രംഗത്ത് ത്രിപുരയേക്കാൾ എത്രയോ അധികം മുന്നേറിയ കേരളം ഇത്തരത്തിൽ ഗണ്യമായ ഒരു കുറവ് അടുത്ത ബജറ്റിൽ വരുത്തിയാൽ അത് ഇവിടത്തെ സഖാക്കൾ അംഗീകരിക്കാൻ തയ്യാറാകുമോ എന്ന ചോദ്യത്തിനും ഉത്തരമുണ്ടാവേണ്ടതുണ്ട്.
    “അർത്ഥപൂർണമായ ഫെഡറലിസമില്ലാത്തതിന്റെ“ ത്രിപുരയെ രക്ഷിച്ചെടുക്കാനും കുറ്റം കേന്ദ്രസർക്കാരിന്റേതാണെന്ന് സ്ഥാപിച്ചെടുക്കാനും പാടുപെടുന്നവർ സംസ്ഥാന ബജറ്റിൽ നിന്ന് വിദ്യാഭ്യാസത്തിന് തുക നീക്കിവെക്കുന്നതിന് കേന്ദ്രം എന്ത് നിയന്ത്രണമാണ് സംസ്ഥാനങ്ങൾക്ക് മേൽ അടിച്ചേൽ‌പ്പിക്കുന്നതെന്ന് വിശദീകരിച്ചാൽ നന്ന്.
    കേരളത്തിലെ സർക്കാർ വിദ്യാഭ്യാസച്ചെലവ് വെട്ടിക്കുറച്ചപ്പോൾ എം എൽ എ എന്ന നിലയിൽ ഞാനെവിടേയായിരുന്നു എന്ന ചോദ്യവും ‘ജാഗ്രത’യുടെ വകയായുണ്ട്. ഇവിടെ അങ്ങനെ ഗണ്യമായ ഒരു വെട്ടിക്കുറക്കലുണ്ടായിട്ടില്ല എന്നതാണതിനുള്ള ഉത്തരം. മാത്രമല്ല, വർഷങ്ങൾക്ക് ശേഷം സർക്കാർ മേഖലയിൽ മെഡിക്കൽ കോളേജുകൾ തുടങ്ങുന്നതും അധ്യാപക പാക്കേജ് നടപ്പാക്കുന്നതും നിയോജകമണ്ഡലം തല ആസ്തി വികസന ഫണ്ടുപയോഗിച്ച് നിരവധി സ്കൂളുകൾക്ക് കെട്ടിടം നിർമ്മിക്കുന്നതടക്കമുള്ള കൂടുതൽ ഇടപെടലുകളാണ് ഈ സർക്കാരിന്റെ കാലത്ത് വിദ്യാഭ്യാസമേഖലയിൽ കാണുന്നത്. ബജറ്റ് എസ്റ്റിമേറ്റിൽ നിന്ന് നേരിയ ഏറ്റക്കുറച്ചിലുകൾ അവസാന കണക്കുകളിൽ ഉണ്ടാകുന്നത് മനസ്സിലാക്കാം. ഓരോ വർഷത്തേയും എസ്റ്റിമേറ്റിൽ തന്നെ അര ശതമാനമോ ഒരു ശതമാനമോ ഒക്കെ ഏറ്റക്കുറച്ചിലുകൾ ഉണ്ടാവുന്നതും സ്വാഭാവികം. കേരളത്തിന്റെ കാര്യത്തിലൊക്കെ നമ്മൾ കാണുന്നത് അത്തരത്തിലുള്ള നേരിയ വ്യത്യാസമാണ്. എന്നാൽ ത്രിപുര കൊണ്ടുവരുന്നതുപോലെ ഗണ്യമായ വെട്ടിക്കുറക്കൽ (3.4%) കേരളത്തിൽ കൊണ്ടുവന്നാൽ അതിനെ എതിർക്കാൻ കക്ഷിരാഷ്ട്രീയം എനിക്കൊരു തടസ്സമാകില്ല എന്ന കാര്യം സുവ്യക്തമായിത്തന്നെ ഇവിടെ സൂചിപ്പിക്കുന്നു.

    ReplyDelete