Sunday, January 13, 2013

എണ്‍പതില്‍പ്പരം കള്ളക്കേസ് : വിറളിപൂണ്ട് സര്‍ക്കാര്‍


സംസ്ഥാന ജീവനക്കാരും അധ്യാപകരും തുടരുന്ന പണിമുടക്കിനെ തകര്‍ക്കാന്‍ കള്ളക്കേസുകളും അറസ്റ്റും ഉള്‍പ്പെടെയുള്ള പ്രതികാര നടപടികളുമായി സര്‍ക്കാര്‍. നാലു ദിവസത്തിനുള്ളില്‍ എണ്‍പതില്‍പ്പരം കള്ളക്കേസാണ് പൊലീസ് എടുത്തത്. അറസ്റ്റ് ചെയ്ത വനിതാ ജീവനക്കാരെയടക്കം ജയിലിടച്ചു. നിരവധി പേരെ സസ്പെന്‍ഡ് ചെയ്തു. കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട മുന്നൂറോളം പേര്‍ സസ്പെന്‍ഷന്‍ ഭീഷണിയിലാണ്.

തിരുവനന്തപുരം ജില്ലയില്‍ 13 കേസെടുത്തു. കൊല്ലം- മൂന്ന്, പത്തനംതിട്ട- മൂന്ന്, ആലപ്പുഴ- അഞ്ച്, കോട്ടയം- ഒമ്പത്, ഇടുക്കി- നാല്, എറണാകുളം- ഒമ്പത്, തൃശൂര്‍- നാല്, പാലക്കാട്- നാല്, മലപ്പുറം- മൂന്ന്, കണ്ണൂര്‍- എട്ട്, കാസര്‍കോട്- ഏഴ് എന്നിങ്ങനെയാണ് മറ്റു ജില്ലകളില്‍ എടുത്ത കേസ്. പണിമുടക്ക് ശക്തമായതില്‍ വിളറിപൂണ്ട സര്‍ക്കാര്‍, കേസുകളില്‍പ്പെടുത്തി അറസ്റ്റ് ചെയ്യുന്നവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പാണ് ചുമത്തുന്നത്. കോടതില്‍ ഹാജരാകുന്ന സര്‍ക്കാര്‍ അഭിഭാഷകര്‍ ഇവര്‍ക്ക് ജാമ്യം അനുവദിക്കരുതെന്ന് ആവശ്യപ്പെടുന്നു. ഇതുമൂലം വനിതാ ജീവനക്കാര്‍ക്കും ജാമ്യം നിഷേധിക്കപ്പെടുന്നു.

പണിമുടക്കിന്റെ പ്രചാരണം ഏറ്റെടുക്കുക, പ്രകടനം നയിക്കുക, മുദ്രാവാക്യം മുഴക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങളെല്ലാം കുറ്റമായിക്കണ്ട് കേസെടുക്കുകയാണ്. സമരാനുകൂല സംഘടനകളിലെ പ്രവര്‍ത്തകര്‍ ഓഫീസിനു മുന്നിലൂടെ നടന്നുപോയാലും കേസില്‍ പ്രതിയാകുന്നു. തിരുവനന്തപുരത്ത് നാലുപേരെ കേസില്‍പ്പെടുത്തി സസ്പെന്‍ഡ് ചെയ്തു. തൃശൂരില്‍ മൂന്നുപേരെയും. എംപ്ലോയ്മെന്റ് ഡയറക്ടറേറ്റിലെ അഞ്ച് ഉദ്യോഗസ്ഥരെയാണ് സസ്പെന്‍ഡ് ചെയ്തത്. 65 അധ്യാപകരെ സസ്പെന്‍ഡ് ചെയ്തു. ഐടി@സ്കൂളില്‍ പ്രത്യേക പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിച്ച 34 അധ്യാപകരെ പിരിച്ചുവിടുകയും മാതൃസ്കൂളുകളിലേക്ക് അയക്കുകയും ചെയ്തു. ഗസറ്റഡ് ഉദ്യോഗസ്ഥരെപ്പോലും അകാരണമായി സസ്പെന്‍ഡ് ചെയ്യുന്നു, സ്ഥലംമാറ്റുന്നു. കേസില്‍ ഉള്‍പ്പെടുന്നവരെ മുഴുവന്‍ സസ്പെന്‍ഡ് ചെയ്യാനും നീക്കമുണ്ട്.

ഐടി@സ്കൂളില്‍ 34 പരിശീലകരെ ഒഴിവാക്കി

തിരു: പണിമുടക്കിന്റെ പേരില്‍ ഐടി@സ്കൂള്‍ പ്രോജക്ടില്‍നിന്ന് 34 പേരെ ഒഴിവാക്കിയ തീരുമാനം എസ്എസ്എല്‍സി പരീക്ഷ താറുമാറാക്കും. മലപ്പുറത്ത് നടക്കാനിരിക്കുന്ന സ്കൂള്‍ കലോത്സവവും താളംതെറ്റും. അഞ്ച് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍മാരും 29 വിദ്യാഭ്യാസ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍മാരെയുമാണ് ഐടി@സ്കൂള്‍ പ്രോജക്ടില്‍നിന്ന് ഒഴിവാക്കി മാതൃ സ്കൂളുകളിലേക്ക് തിരിച്ചയച്ചത്. ചൊവ്വാഴ്ച മുതല്‍ ജോലിയില്‍ ഹാജരായില്ലെന്ന കാരണത്താലാണ് ഒഴിവാക്കുന്നതെന്ന് ഉത്തരവില്‍ പറയുന്നു. എന്നാല്‍, വ്യാഴാഴ്ച അതത് സ്കൂളില്‍ ഹാജരാകണമെന്നാണ് വെള്ളിയാഴ്ച ഇറക്കിയ ഉത്തരവിലുള്ളത്. പ്രത്യേക പ്രോജക്ടില്‍ 110 പേരാണുള്ളത്. ഇതില്‍ 72 പേരും പണിമുടക്കില്‍ അണിനിരന്നു. ഇതാണ് സര്‍ക്കാരിനെ ചൊടിപ്പിച്ചത്.

തൊഴില്‍ സമരം സമൂഹത്തിന് വേണ്ടിയും: അഹമ്മദ്കുട്ടി ഉണ്ണികുളം

കാസര്‍കോട്: ഭരണകര്‍ത്താക്കള്‍ അനുവര്‍ത്തിക്കുന്ന നയങ്ങള്‍ക്കെതിരെ ഉയര്‍ന്നുവരുന്ന പ്രക്ഷോഭങ്ങള്‍ പൊതുസമൂഹത്തിന്റെ കൂടി അവകാശങ്ങള്‍ക്കുവേണ്ടിയുള്ളതാണെന്ന് എസ്ടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി അഹമ്മദ്കുട്ടി ഉണ്ണികുളം പറഞ്ഞു. കോര്‍പറേറ്റുകളുടെ ഇംഗിതത്തിന് വഴങ്ങി നടപ്പാക്കുന്ന ദ്രോഹനയങ്ങള്‍ക്കെതിരെ നിരന്തരം പ്രക്ഷോഭങ്ങള്‍ നടത്തിയിട്ടും തൊഴിലാളി സംഘടനകളുമായി കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ചക്ക് തയ്യാറാകാത്തത് അപലപനീയമാണ്. പെട്രോള്‍, ഡീസല്‍ വിലവര്‍ധന, തൊഴില്‍ സുരക്ഷ തുടങ്ങിയവ തൊഴിലാളികളുടെമാത്രം പ്രശ്നമല്ല, രാജ്യത്തിന്റെ പ്രശ്നമാണ്. ഇത് അടുത്ത തലമുറയെകൂടി ബാധിക്കും. സാമൂഹ്യബാധ്യത നിറവേറ്റേണ്ടത് തൊഴിലാളി സമൂഹത്തിന്റെ ചുമതലയാണ്. ഫെബ്രുവരി 20, 21 തിയതികളില്‍ നടത്തുന്ന പണിമുടക്കിലൂടെ ആ ബാധ്യത ഏറ്റെടുക്കുകയാണെന്ന് അഹമ്മദ് കുട്ടി പറഞ്ഞു.

ശമ്പളവും പെന്‍ഷനും വികസനം മുടക്കുന്നു: ചെന്നിത്തല

കണ്ണൂര്‍: ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ശമ്പളവും പെന്‍ഷനും കൊടുക്കുന്നതിനാലാണ് സംസ്ഥാനത്ത് വികസന പ്രവര്‍ത്തനത്തിനും മറ്റ് ആവശ്യങ്ങള്‍ക്കും പണമില്ലാത്തതെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നത്തില. ഇതുമൂലം വികസനം മുരടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ ഒരു വിഭാഗം ജീവനക്കാരും അധ്യാപകരും പണിമുടക്കുന്നതിനു പിന്നില്‍ രാഷ്ട്രീയ താല്‍പര്യമാണ്. കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ചെന്നിത്തല. നാല്‍പ്പതു വര്‍ഷത്തിനുശേഷം നടപ്പാക്കപ്പെടുന്ന പങ്കാളിത്ത പെന്‍ഷനുവേണ്ടിയാണ് പണിമുടക്ക്. ഇതിന് ജീവനക്കാരെ കിട്ടാതെവന്നപ്പോള്‍ ചര്‍ച്ചയ്ക്ക് വിളിക്കണമെന്ന് യാചിക്കുകയാണ്. എന്ത് എതിര്‍പ്പുണ്ടായാലും സംസ്ഥാനത്ത് പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കും. മറ്റ് സംസ്ഥാനങ്ങളിലും ഈ പദ്ധതി നടപ്പാക്കാന്‍ പോവുകയാണ്. സമരവുമായി ബന്ധപ്പെട്ട അക്രമത്തിനെതിരെ കെപിസിസി ആഹ്വാനപ്രകാരം തിങ്കളാഴ്ച ജില്ലാകേന്ദ്രങ്ങളില്‍ കൂട്ടായ്മ സംഘടിപ്പിക്കും.

deshabhimani 130113

1 comment:

  1. സമരം ആയിരുന്നോ വേണ്ടിയിരുന്നത്...?
    ശരിയായ പ്രചരണം ആയിരുന്നില്ലേ....
    ജിവനക്കാര്‍ക്ക് ഇടയിലൊ,ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇടയിലോ സമരത്തെക്കുറിച്ച് ശരിയായ ധാരണകള്‍ ഉണ്ടായിരുന്നോ എന്ന് സംശയമായിരുന്നു എന്നതല്ലെ സത്യം..?

    ReplyDelete