Tuesday, January 29, 2013

റിപ്പോ, കരുതല്‍ ധനാനുപാത നിരക്കുകള്‍ കാല്‍ ശതമാനം കുറച്ചു


റിപ്പോ നിരക്കും കരുതല്‍ ധനാനുപാത നിരക്കും(സിആര്‍ആര്‍) കാല്‍ ശതമാനം കുറച്ചുകൊണ്ട് റിസര്‍വ് ബാങ്ക് മൂന്നാം പാദ വായ്പാനയം പ്രഖ്യാപിച്ചു. നിരക്ക് കുറച്ചതോടെ വ്യക്തിഗത, ഭവന, വാഹന വായ്പകളുടെ പലിശ നിരക്ക് കുറയാന്‍ സാധ്യതയുണ്ട്. വാണിജ്യ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്‍കുന്ന വായ്പയുടെ പലിശയായ റിപ്പോ നിരക്ക് 8 ശതമാനത്തില്‍ നിന്ന് 7.75 ശതമാനമായും ബാങ്കുകള്‍ റിസര്‍വ് ബാങ്കില്‍ സൂക്ഷിക്കേണ്ട കരുതല്‍ ധനത്തിന്റെ അനുപാതം(സിആര്‍ആര്‍) 4.25 ശതമാനത്തില്‍ നിന്ന് 4മായാണ് കുറച്ചത്.

പുതിയ നിരക്കുകള്‍ ഫെബ്രുവരി 9ന് നിലവില്‍ വരും. കരുതല്‍ ധനാനുപാതം കുറച്ചതോടെ 18,000 കോടി രൂപ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ. സാമ്പത്തിക വളര്‍ച്ച ലക്ഷ്യമിട്ടുള്ള തീരുമാനമാണ് കൈക്കൊണ്ടതെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കി. പണപ്പെരുപ്പനിരക്ക് മൂന്നുവര്‍ഷത്തെ താഴ്ന്ന നിലയിലായതിന്റെ പിന്‍ബലത്തിലാണ് നിരക്ക് കുറച്ചത്. അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഒന്നോ, രണ്ടോ തവണകൂടി നിരക്ക് കുറയ്ക്കാനുള്ള സാധ്യതയുണ്ടെന്ന് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നുണ്ട്.

സമ്പദ് വ്യവസ്ഥ മന്ദഗതിയിലാകുകയും പണപ്പെരുപ്പം ഉയരുകയും ചെയ്തതോടെ പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി റിസര്‍വ് ബാങ്ക് 2011 മാര്‍ച്ചിനുശേഷം 13 തവണ മുഖ്യവായ്പാ പലിശനിരക്ക് വര്‍ധിപ്പിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഭവന, വാഹന വായ്പ ഉള്‍പ്പെടെ എല്ലാത്തരം വായ്പകളുടെയും പലിശനിരക്ക് 3.5 ശതമാനംവരെ ഉയര്‍ന്ന് സാധാരണക്കാര്‍ക്ക് അപ്രാപ്യമായി. ഇത് കാരണം സമ്പദ് വ്യവസ്ഥയില്‍ കടുത്ത പ്രത്യാഘാതങ്ങളുണ്ടാകുകയും വ്യവസായരംഗം മന്ദീഭവിക്കുകയും ചെയ്തിരുന്നു. 25 ശതമാനം കുറവ് വിപണിയില്‍ വലിയ പ്രതിഫലനമുണ്ടാക്കാന്‍ സാധ്യതയില്ലെങ്കിലും ശുഭാപ്തിവിശ്വാസം കൈവരാന്‍ സഹായിക്കുമെന്നാണ് വിദഗ്ധരുടെ പ്രതീക്ഷ.

deshabhimani

No comments:

Post a Comment