Saturday, January 26, 2013

സമുദായ സംഘടനാ നേതാക്കള്‍ ഫാന്‍സ് അസോസിയേഷനുണ്ടാക്കുന്നു: ടി വി രാജേഷ്


സമുദായസംഘടനാ നേതാക്കള്‍ ഫാന്‍സ് അസോസിയേഷനുകളെ സൃഷ്ടിക്കുന്ന നിലയിലേക്ക് മാറുകയാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി ടി വി രാജേഷ് പറഞ്ഞു. യൂത്ത് മാര്‍ച്ചിന് കുലശേഖരമംഗലത്തും വൈക്കത്തും നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ സാമൂഹ്യ നവോത്ഥാന പ്രസ്ഥാനങ്ങള്‍ക്ക് വലിയ പങ്ക് വഹിച്ചതാണ് ഇവിടുത്തെ സമുദായ സംഘടനകളെല്ലാം. എന്നാല്‍ ഇന്ന് നിഷിപ്ത താല്‍പര്യങ്ങളുടെ സംരക്ഷകരായി ഇവര്‍ ചുരുങ്ങി. സമുദായ നേതാക്കളുടെ എന്‍ഒസി കിട്ടിയാല്‍ എത് ഉന്നത സ്ഥാനത്തും എത് അനര്‍ഹനും എത്താമെന്ന നിലയാണ് ഉമ്മന്‍ചാണ്ടിയുടെ ഭരണത്തിന്‍ കീഴിലുള്ളത്- രാജേഷ് പറഞ്ഞു.

സര്‍ക്കാര്‍ സമുദായ സംഘടനകളുടെ തടവറയില്‍: എം സ്വരാജ്

സമുദായ-മത സംഘനകളുടെ തടവറയിലാണ് യുഡിഎഫ് സര്‍ക്കാരെന്ന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് എം സ്വരാജ് പറഞ്ഞു. യൂത്ത്മാര്‍ച്ചിന് ജില്ലയില്‍ നല്‍കിയ സ്വീകരണങ്ങള്‍ക്ക് നന്ദി പറയുകയായിരുന്നു അദ്ദേഹം. വൈക്കം, ഗുരുവായൂര്‍ സത്യഗ്രഹങ്ങളിലൂടെ കേരള നവോത്ഥാന മുന്നേറ്റത്തിന് വലിയ സംഭാവന നല്‍കാന്‍ അക്കാലത്തെ സമുദായ സംഘടനകള്‍ക്കും നേതാക്കള്‍ക്കും കഴിഞ്ഞു. എന്നാല്‍ ഇന്നവര്‍ തങ്ങളുടെ സംഘടനകളുടെ ശക്തി ഉപയോഗിച്ച് ഭരണക്കാരെ തടവറയിലാക്കാനാണ് ശ്രമിക്കുന്നത്. ഇത്തരം സമീപനത്തിനെതിരെ യുവജനങ്ങള്‍ സമരസജ്ജരായിരിക്കണമെന്നും സ്വരാജ് പറഞ്ഞു.

നവോത്ഥാന മൂല്യങ്ങള്‍ വീണ്ടെടുക്കാന്‍ യുവാക്കള്‍ മുന്നിട്ടിറങ്ങണം: എം വി ഗോവിന്ദന്‍

വൈക്കം: കേരളത്തിന്റെ നവോത്ഥാന മൂല്യങ്ങള്‍ വീണ്ടെടുക്കാന്‍ യുവാക്കള്‍ മുന്നിട്ടിറങ്ങണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം വി ഗോവിന്ദന്‍ പറഞ്ഞു. യൂത്ത് മാര്‍ച്ചിന്റെ ആദ്യദിന പര്യടനത്തിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഗുരുവായൂര്‍, വൈക്കം സത്യഗ്രഹത്തിലൂടെയും എണ്ണമറ്റ മറ്റ് സമരങ്ങളിലൂടെയും ത്യാഗനിര്‍ഭരമായ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്താണ് കേരളത്തിലെ ഇന്നത്തെ പരിഷ്കൃത സമൂഹത്തെ രൂപപ്പെടുത്തിയത്. എന്നാല്‍ ഈ നേട്ടങ്ങളെയെല്ലാം നിക്ഷിപ്ത താല്‍പര്യങ്ങളുടെ പേരില്‍ പിന്നോട്ടുവലിക്കുന്ന സ്ഥിതിയാണുള്ളത്. സ്വന്തം സമുദായങ്ങളുടെ പേരിലും ശക്തിയിലും ഊറ്റം കൊള്ളുന്ന നിലയില്‍ സമുദായ നേതാക്കള്‍ അധ:പതിക്കുന്നു. ക്ഷേത്രങ്ങളുടെയും ആരാധനയുടെയും പേരില്‍ ഇക്കൂട്ടര്‍ സമൂഹത്തില്‍ അസ്വസ്ഥ പടര്‍ത്തുകയാണ്. ഇത്തരം വിപത്തുകളെ പ്രതിരോധിക്കാന്‍ യുവാക്കള്‍ മുന്നോട്ടിറങ്ങണം. ജാതിയുടെ വേര്‍തിരിവ് ഇല്ലാതാക്കാന്‍ ജാതിരഹിത വിവാഹത്തിന് യുവാക്കള്‍ മാതൃക കാട്ടണം. ഇത്തരം വിവാഹങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ സമുദായ നേതാക്കളും തയ്യാറാകണമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

deshabhimani 260113

No comments:

Post a Comment