Monday, January 7, 2013

ജനകീയ മുന്നേറ്റം


തുമ്പോട്: തലസ്ഥാനത്തെ ഭൂരഹിതരുടെ പേരാട്ടകേന്ദ്രത്തില്‍ ചരിത്രസമരം ഒരാഴ്ച പിന്നിടുന്നു. ഏഴാം ദിവസത്തിലേക്ക് തുമ്പോട്ടെ ഭൂസംരക്ഷണ സമരം പ്രവേശിക്കുമ്പോള്‍ ജില്ലയിലെ നിര്‍ധനരായ ആയിരങ്ങളാണ് കിടപ്പാടം കിട്ടിയേ പോരാട്ടം മതിയാക്കൂ എന്നുറപ്പിച്ച് സമരകേന്ദ്രത്തിലെത്തുന്നത്. പുത്തന്‍പണക്കാരുടെ അടങ്ങാത്ത ചൂഷണത്തില്‍നിന്ന് മണ്ണ് സംരക്ഷിക്കാന്‍ കൂടിയുള്ള ഈ സന്ധിയില്ലാസമരം കാണാനും അഭിവാദ്യം നേരാനുമായി രാഷ്ട്രീയ വിത്യാസമില്ലാതെയും ആളുകളെത്തുന്നുണ്ട്. മടവൂര്‍ തുമ്പോട് ഗ്രാമകേന്ദ്രത്തില്‍ വി ശിവന്‍കുട്ടി എംഎല്‍എ ഉദ്ഘാടനംചെയ്തു. പട്ടികജാതി ക്ഷേമസമിതി ജില്ലാസെക്രട്ടറി വണ്ടിത്തടം മധു അധ്യക്ഷനായി. കെ എസ് കെ ടിയു സംസ്ഥാന കമ്മിറ്റി അംഗം പി ടൈറ്റസിന് വി ശിവന്‍കുട്ടി ഹാരമണിയിച്ച് പതാക കൈമാറി.സിപിഐ എം സംസ്ഥാന കമ്മിറ്റിഅംഗം എം വിജയകുമാര്‍, ജില്ലാ സെക്രട്ടറിയറ്റ് അംഗം എന്‍ രതീന്ദ്രന്‍, എം എം ബഷീര്‍, കല്ലിയൂര്‍ ശ്രീധരന്‍, എസ് കെ പ്രീജ, മടവൂര്‍ അനില്‍ എന്നിവര്‍ സംസാരിച്ചു. ബി പി മുരളി സ്വാഗതം പറഞ്ഞു. നേമം ഏരിയയിലെ 113 വളണ്ടിയര്‍മാരാണ് ഞായറാഴ്ച അണിനിരന്നത്. ഇരട്ടിയിലേറെപ്പേര്‍ അഭിവാദ്യമര്‍പ്പിക്കാനെത്തി. പ്രകടനം ആരംഭിച്ചപ്പോള്‍ മുതല്‍ വൈകിട്ടുവരെ വന്‍ പൊലീസ് സംഘം സ്ഥലത്ത് നിലയുറപ്പിച്ചിരുന്നെങ്കിലും അറസ്റ്റിന് മുതിര്‍ന്നില്ല. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം കോലിയക്കോട് കൃഷ്ണന്‍ നായര്‍ എംഎല്‍എ സമരഭൂവില്‍ സഖാക്കളെ അഭിവാദ്യം അര്‍പ്പിച്ചു. വൈകിട്ട് സമാപനത്തില്‍ കെ എസ് കെ ടിയു ജില്ലാ സെക്രട്ടറി കെ ശശാങ്കന്‍ അധ്യക്ഷനായി. പി ടൈറ്റസ് സംസാരിച്ചു.

ആവേശഭരിതനായി കോണ്‍ഗ്രസ് നേതാവും

തുമ്പോട്: ഭൂസംരക്ഷണസമരത്തില്‍ ആകൃഷ്ടനായി സമരഭൂവില്‍ രാഷ്ട്രീയവ്യത്യാസം മറന്ന് കോണ്‍ഗ്രസ് നേതാവും. ബ്ലോക്ക് പഞ്ചായത്ത് അംഗവും കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കൈപ്പത്തി ചിഹ്നത്തില്‍ മത്സരിച്ച് വിജയിച്ച പള്ളിക്കല്‍ ഡിവിഷന്‍ അംഗവുമായ എ അന്‍സറാണ് തുമ്പോട്ട് കത്തിക്കയറുന്ന സമരത്തില്‍ അണിചേര്‍ന്നത്. പാവപ്പെട്ടവര്‍ക്കുവേണ്ടിയുള്ള ഈ സമരം കാണാന്‍ എത്തിയത് ആവേശം കൊണ്ടുമാത്രമാണെന്ന് അന്‍സര്‍ പറഞ്ഞു. തുടര്‍ന്നും സമരത്തിന് സഹായം നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. പള്ളിക്കല്‍ കാര്‍ഷിക സഹകരണബാങ്ക് ഭരണസമിതി അംഗവുമായ ഇദ്ദേഹം സമരഭടന്മാര്‍ക്കൊപ്പം ഉച്ചഭക്ഷണവും കഴിച്ചാണ് മടങ്ങിയത്.

അതിമോഹങ്ങളില്ല; തലചായ്ക്കാന്‍ ഇടം മതി

തുമ്പോട്: മണ്ണിനുവേണ്ടി പുത്തന്‍പണക്കാര്‍ കാണിക്കുന്ന അതിമോഹങ്ങളൊന്നുമല്ല ഞങ്ങള്‍ക്ക്. തലചായ്ക്കാന്‍ 10 സെന്റ് മതി. പതിറ്റാണ്ടുകളായി വാടകക്കൂരകളില്‍ മാറിമാറിത്താമസിക്കുകയാണ്. മക്കള്‍ക്കെങ്കിലും ഒരു തരി മണ്ണുവേണ്ടേ?- സമരത്തിനെത്തിയ പാപ്പനംകോട് പേരേക്കോണത്തെ പി സേതുക്കുട്ടിയമ്മയ്ക്കും മങ്കാരത്തോപ്പ്, ചാനല്‍ക്കര പുറമ്പോക്കിലെ ജി അപ്പുക്കുട്ടന്‍നായര്‍, എന്‍ പത്മനാഭന്‍ എന്നിവര്‍ക്കെല്ലാം ഒരേ ചോദ്യമാണ് ഉന്നയിക്കാനുള്ളത്. ഈ സമരത്തിന്റെ വിജയം മാത്രമാണ് ഇവരുടെ ഏക പ്രതീക്ഷ. സേതുക്കുട്ടിയമ്മ 35 വര്‍ഷമായി വാടകവീട്ടിലാണ്. വീട്ടിലാണെങ്കില്‍ കിടപ്പിലായ സഹോദരനുമുണ്ട്. 600 രൂപ മാസം ചികിത്സയ്ക്ക് മാത്രം വേണം. മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്കപരിപാടിയില്‍ ചെന്നെങ്കിലും സവര്‍ണരാണെന്നുപറഞ്ഞ് ആനുകൂല്യം നിഷേധിക്കുകയായിരുന്നു. ഭാര്യയും ഏക മകളും മരിച്ച അപ്പുക്കുട്ടന്‍നായര്‍ ഏകനായാണ് കഴിയുന്നത്. പുറമ്പോക്കില്‍ കഴിയുകയാണ്. അറിവായ കാലംമുതല്‍ താന്‍ ഭൂരഹിതനാണെന്ന് 57കാരനായ പത്മനാഭന്‍ പറയുന്നു. ഇനി ചെങ്കൊടിയേന്തി മരണംവരെ പോരാട്ടംതന്നെ- എല്ലാവര്‍ക്കും ഒരേസ്വരംമാത്രം.

നാടിന്റെ സമരത്തില്‍ നാടന്‍പാട്ടും

തുമ്പോട്: തുമ്പോട്ടെ പോരാളികളായ മണ്ണിന്റെ മക്കള്‍ക്ക് ആവേശം പകര്‍ന്ന് നാടന്‍പാട്ടും. ബാലസംഘം കിളിമാനൂര്‍ ഏരിയ ജോയിന്റ് കണ്‍വീനര്‍കൂടിയായ രാജേന്ദ്രനാണ് നാടന്‍പാട്ടിന്റെ കലവറയുമായി സമരഭൂവിലെത്തിയത്. കത്തുന്ന വെയില്‍ ആവേശം പകരാന്‍ ആ പാട്ടുകള്‍ക്കായി. കര്‍ഷകസംസ്കൃതിയുടെ സ്മരണകള്‍ തുടിക്കുന്ന പാട്ടുകള്‍ സമരഭൂവില്‍ അനുഭൂതിയാകുകയായി മാറി.

ഭൂസമരം 7-ാം നാളിലേക്ക്:ആവേശത്തിരയിളക്കം

അരിപ്പ: തല ചായ്ക്കാന്‍ ഒരു തുണ്ടു ഭൂമിക്കായി കുളത്തൂപ്പുഴയിലെ അരിപ്പയില്‍ നടക്കുന്ന സമരം ശക്തമായി തുടരുന്നു. തിങ്കളാഴ്ച ഏഴാം ദിവസത്തിലേക്കു കടക്കുകയാണ് സമരം. ദിനംപ്രതി ജില്ലയുടെ നാനാഭാഗങ്ങളില്‍നിന്നായി ആയിരക്കണക്കിനാളുകളാണ് സമരത്തില്‍ അണിചേരുന്നത്. ഭൂമി ഇല്ലാത്ത എല്ലാവര്‍ക്കും ഭൂമി നല്‍കുക, ഭൂപരിധി നിയമം ലംഘിച്ച് കൈവശം വച്ചിരിക്കുന്ന ഭൂമി സര്‍ക്കാര്‍ പിടിച്ചെടുത്ത് ഭൂമി ഇല്ലാത്തവര്‍ക്കു നല്‍കുക, നെല്‍വയല്‍-നീര്‍ത്തടസംരക്ഷണ നിയമം കര്‍ശനമായി നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കെഎസ്കെടിയു, പട്ടികജാതി ക്ഷേമസമിതി, ആദിവാസിക്ഷേമ സമിതി എന്നിവയുടെ നേതൃത്വത്തിലാണ് സമരം നടത്തുന്നത്.

ആറാം ദിവസത്തെ സമരം സിപിഐ എം സംസ്ഥാന കമ്മിറ്റിഅംഗം എസ് രാജേന്ദ്രന്‍ ഉദ്ഘാടനംചെയ്തു. കേരളത്തിലെ മിച്ചഭൂമി തിരിമറി നടത്താന്‍ അവസരം ഉണ്ടാക്കിയത് കോണ്‍ഗ്രസ് സര്‍ക്കാരാണെന്ന് സിപിഐ എം സംസ്ഥാന കമ്മിറ്റിഅംഗം എസ് രാജേന്ദ്രന്‍ പറഞ്ഞു. അധികാരത്തില്‍ വന്നതിന്റെ അഞ്ചാംനാള്‍ ഭൂപരിഷ്കരണനിയമം നടപ്പാക്കി ലോകത്തിനു തന്നെ മാതൃകയായ സര്‍ക്കാരായിരുന്നു ഇ എം എസിന്റെ നേതൃത്വത്തിലുള്ള കമ്യൂണിസ്റ്റ് സര്‍ക്കാര്‍. എന്നാല്‍, ഇ എം എസ് സര്‍ക്കാരിനെ അട്ടിമറിച്ചുകൊണ്ട് പരിധിയില്‍ കവിഞ്ഞ ഭൂമി തിരിമറി നടത്താന്‍ ഭൂസ്വാമിമാര്‍ക്കു സഹായം നല്‍കുന്ന നിലപാട് സ്വീകരിക്കുകയായിരുന്നു കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാരുകള്‍. 90,000 ഏക്കര്‍ ഭൂമിയാണ് ഇവരുടെ സഹായത്തോടെ ഭൂമാഫിയകള്‍ അന്നു തിരിമറി നടത്തിയത്. തോട്ടങ്ങള്‍ക്ക് ഭൂപരിധി നിയമത്തില്‍ ഇളവുകള്‍ അനുവദിച്ചു. നാണ്യവിളകള്‍ കൃഷിചെയ്തു വിദേശധനം നേടിത്തരുന്നതാണ് തോട്ടം മേഖലയെന്നും അതിനാല്‍ അതിന് ഭൂപരിധി നിയമത്തില്‍ ഇളവുചെയ്തു കൊടുക്കണമെന്ന് കേന്ദ്ര പ്ലാനിങ്ബോര്‍ഡും മറ്റും സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു. അതുകൊണ്ടാണ് ഇളവ് അനുവദിച്ചത്. എന്നാല്‍, ഇന്ന് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പറയുന്നത് വന്‍കിട തോട്ടങ്ങളിലെ അഞ്ചുശതമാനം ഭൂമി എന്തിനു വേണമെങ്കിലും വിനിയോഗിക്കാമെന്നാണ്. അതുമാത്രമല്ല നെല്‍പ്പാടങ്ങള്‍ നികത്തുന്നതിനും അവസരം നല്‍കിയിരിക്കുന്നു. ഈ അവസരം ഉപയോഗിച്ച് ഭൂമാഫിയകള്‍ നെല്‍വയലുകള്‍ നികത്തുകയാണ്. ഇതുമൂലം നമ്മുടെ പ്രകൃതിയുടെ സന്തുലിതാവസ്ഥ തന്നെ തകര്‍ന്നുകൊണ്ടിരിക്കുന്നു. 2008ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന നെല്‍വയല്‍ - നീര്‍ത്തട സംരക്ഷണ നിയമം കാര്യക്ഷമമായി നടപ്പാക്കാതെ വയല്‍ നികത്തുന്നവര്‍ക്കു സഹായം ചെയ്തു കൊടുക്കുകയാണ് യുഡിഎഫ് സര്‍ക്കാര്‍. സാധാരണക്കാരനു ഭൂമിയും വീടും നല്‍കുന്ന തരത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ ഇ എം എസ് ഭവനപദ്ധതിയും ഈ സര്‍ക്കാര്‍ അട്ടിമറിച്ചു. സ്ഥാനമാനങ്ങള്‍ പങ്കുവയ്ക്കുന്നതിലുള്ള തമ്മിലടിമൂലം പ്രതിസന്ധിയിലായിരിക്കുന്ന യുഡിഎഫ് സര്‍ക്കാരിന് കേരളത്തിലെ സാധാരണക്കാരന്റെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സമയമില്ലെന്നും എസ് രാജേന്ദ്രന്‍ പറഞ്ഞു. സമരം നയിക്കുന്ന സി ആര്‍ മധുവിനെ അദ്ദേഹം ഹാരമണിയിച്ചു. കര്‍ഷകസംഘം ഏരിയ പ്രസിഡന്റ് സോമന്‍പിള്ള അധ്യക്ഷനായി.

കൂത്താടിമണ്‍ സമരത്തിന്റെ തിളങ്ങുന്ന സ്മരണയുമായി വാസുപിള്ള

ആറന്മുള: കൂത്താടിമണ്‍ കര്‍ഷക സമരത്തിന്റെ തുടിക്കുന്ന ഓര്‍മകളുമായി സമരനായകന്‍ പി കെ വാസുപിള്ള ആറന്മുള സമര ഭൂമിയില്‍. കര്‍ഷക സംഘം ജില്ലാ കമ്മിറ്റിയംഗം കൂടിയായ വാസുപിള്ള വിമാനത്താവള ഭൂമിയില്‍ ഭൂസംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നടന്നുവരുന്ന സമരത്തില്‍ അണിചേരുന്നത് 1984 ലെ കൂത്താടിമണ്‍ കര്‍ഷക സമരത്തിന്റെ ആവേശം ചോര്‍ന്നുപോകാതെ. പത്തനംതിട്ട ജില്ലയുടെ രൂപീകരണ നാളുകളിലാണ് ഐതിഹാസികമായ കൂത്താടിമണ്‍ സമരം നടന്നത്. കിഴക്കന്‍ മലയോര ഗ്രാമമായ തണ്ണിത്തോട് പഞ്ചായത്തിലെ തേക്കുതോട് കൂത്താടിമണ്ണില്‍നിന്ന് 55 കര്‍ഷക കുടുംബങ്ങളെ കുടിയിറക്കിയതിന് എതിരേയായിരുന്നു പ്രക്ഷോഭം. പതിറ്റാണ്ടുകളായി ചോര വിയര്‍പ്പാക്കി മണ്ണില്‍ പണിയെടുത്ത് സമ്പാദിച്ചതെല്ലാം തല്ലിത്തകര്‍ത്ത് ഈ പാവങ്ങളെ അധികാരികള്‍ തെരുവിലേക്ക് വലിച്ചെറിഞ്ഞു. ഇതിനെതിരെ 1984 ലാണ് കേരള കര്‍ഷക സംഘം സമരം പ്രഖ്യാപിച്ചത്. അന്ന് കര്‍ഷക സംഘം ജില്ലാ സെക്രട്ടറിയായിരുന്നു പി കെ വാസുപിള്ള. പൊലീസിന്റെ ഭീകര താണ്ഡവങ്ങള്‍ക്കിടയില്‍ ഒരു മാസം കൂത്താടിമണ്ണില്‍ താമസിച്ചാണ് ഇദ്ദേഹം സമരത്തിന് നേതൃത്വം നല്‍കിയത്. പി രാമകൃഷ്ണനും ആര്‍ ഉണ്ണികൃഷ്ണപിള്ളയും ഒപ്പം ഉണ്ടായിരുന്നു. സ്വന്തമായി ഒന്നും രണ്ടും ഏക്കര്‍ ഭൂമിയുള്ളവര്‍ കണ്ണിലെ കൃഷ്ണമണി പോലെ നട്ടുപരിപാലിച്ച ഫലവൃക്ഷാദികളും, ഉള്ള സാമ്പദ്യമെല്ലാം ചെലവഴിച്ച് നിര്‍മിച്ച വീടുകളും എല്ലാം തകര്‍ത്ത നരാധമന്‍ന്മാര്‍ കര്‍ഷക സമരത്തെ ചോരയില്‍ മുക്കിക്കൊല്ലാനാണ് ശ്രമിച്ചത്. പൊലീസിന്റെ ക്രൂരമായ ലാത്തിച്ചാര്‍ജിലും പീഡനത്തിലും എട്ട് കര്‍ഷകരാണ് മൃതപ്രായരായത്. നേതാക്കള്‍ക്ക് ഉള്‍പ്പെടെ മര്‍ദനമേറ്റു. മലയോര ജില്ലയുടെ രൂപീകരണത്തിന് ശേഷം നടന്ന പ്രഥമ ഭൂസമരം മറക്കാനാവാത്ത ഓര്‍മയാണ് 69ന്റെ നിറവിലും വാസുപിള്ളയ്ക്ക്. അന്നത്തെ സമരത്തിന്റെ ആവേശം തെല്ലും ചോരാതെയാണ് പുതിയ ആകാശത്തിനും ഭൂമിക്കും വേണ്ടിയുള്ള പ്രക്ഷോഭത്തിന് വാസുപിള്ള ആറന്മുളയിലെത്തിയത്.

പടയണിയായി...

മങ്കൊമ്പ്: അനശ്വര രക്തസാക്ഷികള്‍ കെ ജെ ജോസഫ്, ടി കെ വാസു, എം ആര്‍ മനോഹരന്‍, സഹദേവന്‍ എന്നിവരുടെ ചുടുചോര വീണുചുവന്ന കൈനകരിയുടെ മണ്ണില്‍ പൂപ്പള്ളി കുടുംബക്കാരുടെ വക 52 ഏക്കറില്‍ തുടങ്ങിയ ഭൂസമരം ഭൂരഹിതരുടെ പടയണിയായി. പാടവും നീര്‍ച്ചാലുകളും നികത്തി കോടികള്‍ കൊയ്തുകൂട്ടുന്ന മാഫിയകള്‍ക്ക് താക്കീതായി മാറുകയാണ് ജനമുന്നേറ്റം. ഭൂപരിഷ്കരണനിയമത്തിലെ വ്യവസ്ഥകള്‍ ലംഘിക്കുന്നവര്‍ നെല്‍വയല്‍ നീര്‍ത്തടസംരക്ഷണനിയമങ്ങളെ അട്ടിമറിച്ചവര്‍ക്ക് കേരളമണ്ണില്‍ ഇടമില്ല എന്ന് പ്രഖ്യാപിച്ചാണ് ആറാംദിവസം സമരം അവസാനിച്ചത്. കര്‍ഷകസംഘം ജില്ലാ എക്സിക്യുട്ടീവ് അംഗം ശ്രീകുമാരന്‍ ഉണ്ണിത്താന്‍ ലീഡറായും കെഎസ്കെടിയു സംസ്ഥാന കമ്മിറ്റിയംഗം വി വി അജയന്‍ ഉപലീഡറുമായുള്ള വളണ്ടിയര്‍മാരാണ് ശനിയാഴ്ച സമരഭൂമിയില്‍ പ്രവേശിച്ച് കൊടിനാട്ടിയത്. ഹരിപ്പാട്, കാര്‍ത്തികപ്പള്ളി ഏരിയയില്‍ നിന്നുള്ള 146 വളണ്ടിയര്‍മാര്‍ സമരത്തില്‍ പങ്കെടുത്തു. സിപിഐ എം സംസ്ഥാനകമ്മിറ്റിയംഗം സി എസ് സുജാത സമരം ഉദ്ഘാടനം ചെയ്തു. കര്‍ഷകസംഘം ജില്ലാകമ്മിറ്റിയംഗം കെ വിജയകുമാര്‍ അധ്യക്ഷനായി. ജില്ലാ ഭൂസമരസമിതി കണ്‍വീനര്‍ ഡി ലക്ഷ്മണന്‍, പാര്‍ടി ഹരിപ്പാട് ഏരിയ സെക്രട്ടറി സത്യപാലന്‍, ജില്ലാകമ്മിറ്റിയംഗം ബി രാജേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. സി പ്രസാദ് സ്വാഗതം പറഞ്ഞു.

സംസ്ഥാനത്ത് സര്‍ക്കാരില്ല: സി എസ് സുജാത

മങ്കൊമ്പ്: കേരളത്തിന്റെ രാഷ്ട്രീയസമരചരിത്രത്തില്‍ പുതിയ അധ്യായമായിരിക്കും ഭൂസമരമെന്ന് സിപിഐ എം സംസ്ഥാനകമ്മിറ്റിയംഗം സി എസ് സുജാത പറഞ്ഞു. പൂപ്പള്ളിക്കാരുടെ വക മിച്ചഭൂമിയില്‍ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.

കേരളത്തില്‍ ഒരു സര്‍ക്കാര്‍ ഇല്ലാത്തതിന്റെ തെളിവാണ് സമരക്കാരെ അറസ്റ്റുചെയ്യാത്തത്. പത്താം തീയതിക്കുശേഷം സമരത്തിന്റെ രൂപംമാറും. തീരുമാനത്തില്‍ എത്തുന്നതുവരെ സമരത്തില്‍ പിന്നോട്ടുപോകില്ല. ഭൂമി പിടിച്ചുവാങ്ങി പാവപ്പെട്ടവന് നല്‍കും. രാജ്യത്ത് സമഗ്ര ഭൂപരിഷ്കരണം നടത്താന്‍ സിപിഐ എമ്മിന് മാത്രമേ കഴിഞ്ഞിട്ടുള്ളൂ. കേരളം ഈ സമരത്തിലൂടെ വീണ്ടും ഇന്ത്യയ്ക്ക് മാതൃകയാവുകയാണ്. കേരളത്തില്‍ അവശേഷിക്കുന്ന തണ്ണീര്‍ത്തടവും സംരക്ഷിക്കാന്‍ സമരംകൊണ്ട് കഴിയുമെന്നും സുജാത പറഞ്ഞു.

കിലോമീറ്ററുകള്‍ താണ്ടി അണിചേര്‍ന്നു

ചിന്നക്കനാല്‍: അടിമാലി പഞ്ചായത്തിലെ വിദൂര ആദിവാസി ഗ്രാമമായ പ്ലാമല കുടിയിലെ ഭൂരഹിതരായവര്‍ ആദിവാസി ക്ഷേമസമിതി പ്രവര്‍ത്തകരോടൊപ്പം കിലോമീറ്ററുകള്‍ കാല്‍നടയായി സഞ്ചരിച്ച് ഭഭൂസമരത്തില്‍ അണിചേര്‍ന്നു. സഞ്ചാരയോഗ്യമായ റോഡ് ഇല്ലാത്തതിനാല്‍ വാഹനസൗകര്യം ഇവരുടെ സ്വപ്നം മാത്രമാണ്. വൈദ്യുതി കടന്നുചെല്ലാത്ത പഞ്ചായത്തിലെ ആദിവാസി ഗ്രാമമാണ് പ്ലാമല. സോളാര്‍ വൈദ്യുതി ഉപയോഗിച്ചിരുന്നെങ്കിലും കാലപ്പഴക്കത്താല്‍ ഇവയും ഉപയോഗ ശൂന്യമാണ്. 2010 ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ഇവിടെ വൈദ്യുതി എത്തിക്കുന്നതിന് നടപടി പൂര്‍ത്തീകരിച്ചിരുന്നു. എന്നാല്‍ തുടര്‍ന്ന് അധികാരത്തില്‍ വന്ന യുഡിഎഫ് സര്‍ക്കാര്‍ ഇത് അട്ടിമറിച്ചു. കഴിഞ്ഞ എല്‍ഡിഎഫ് നേതൃത്വത്തിലുള്ള അടിമാലി പഞ്ചായത്ത് ഭഭരണസമിതിയാണ് ഇഎംഎസ് ഭഭവനപദ്ധതി പ്രകാരം ഇവിടെ നിരവധി വീടുകള്‍ നിര്‍മിച്ച്നല്‍കിയത്. എങ്കിലും കുടിയിലെ ആദിവാസികളില്‍ ഭഭൂരിപക്ഷത്തിനും സ്വന്തമായി ഭഭൂമിയോ വീടുകളോ ഇല്ലാത്ത അവസ്ഥയാണ്.

deshabhimani 070113

No comments:

Post a Comment