Tuesday, January 29, 2013

ഒരുവിഭാഗത്തിന്റെ ആവശ്യം എന്‍എസ്എസ് ഏറ്റെടുത്തു: വി എസ്


കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന്റെ ആവശ്യമാണ് ഇപ്പോള്‍ എന്‍എസ്എസ് ഏറ്റെടുത്തിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. ലീഗിന്റെ അഞ്ചാംമന്ത്രി സ്ഥാനത്തെ കോണ്‍ഗ്രസിലെ ഒരു വിഭാഗംതന്നെ എതിര്‍ത്തിരുന്നു. ഉമ്മന്‍ചാണ്ടിയെ ഇറക്കിവിട്ടേ അടങ്ങൂ എന്നാണ് എന്‍എസ്എസ് ഇപ്പോള്‍ പറയുന്നത്. സമുദായങ്ങള്‍ പരസ്പരമുള്ള തമ്മിലടിയാണ് എന്‍എസ്എസിന്റെ പ്രഖ്യാപനത്തിനു പിന്നിലുള്ളത്. മുസ്ലിംലീഗിന്റെ നേതാവ് ഒരു ഗര്‍ജനം നടത്തുമ്പോള്‍ മറ്റൊരു സാമുദായിക നേതാവ് മറ്റൊരു ഗര്‍ജനം നടത്തുകയാണെന്നും വി എസ് പറഞ്ഞു

എന്‍എസ്എസിനെ എതിര്‍ക്കാതെ ചെന്നിത്തല

തിരു: കോൺഗ്രസ് പാര്ട്ടിയെ ശക്തിപ്പെടുത്തുക മാത്രമാണ് തന്റെ അജണ്ടയെന്നും മറ്റൊര് അജണ്ടയും മുന്നിലില്ലെന്നും കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല. കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് തുടരുമെന്നും എൻഎസ്എസിന്റെ പരാമർശങ്ങളോട് പ്രതികരിക്കാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിന് പാര്ട്ടിയെ സജ്ജമാക്കുകയാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം സമുദായ സംഘടനകളല്ല, കോണ്‍ഗ്രസ് ഹൈക്കമാന്‍ഡാണ് മന്ത്രിസഭ പുനഃസംഘടന തീരുമാനിക്കുന്നതെന്ന് യുഡിഎഫ് കണ്‍വീനര്‍ പി പി തങ്കച്ചന്‍ പറഞ്ഞു. സി എം സ്റ്റീഫന്‍ ഫൗണ്ടേഷന്റെ അവാര്‍ഡ് ദാനം ഉദ്ഘാടനം ചെയ്ത ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എഐസിസിയെ സമീപിക്കുമെന്ന എന്‍എസ്എസ് നിലപാട് പ്രതികരണം അര്‍ഹിക്കുന്നില്ല. സമുദായ സംഘടനകളുടെ ആവശ്യങ്ങളിലും അഭിപ്രായങ്ങളിലും ഉള്‍ക്കൊള്ളേണ്ടത് ഉള്‍ക്കൊള്ളും. ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ഒരു മതവിഭാഗത്തിന്റെയും പ്രതിനിധികളല്ല. പുനഃസംഘടന ഇപ്പോള്‍ യുഡിഎഫിന്റെ അജണ്ടയിലില്ലെന്നും തങ്കച്ചന്‍ പറഞ്ഞു.

സുകുമാരൻ നായരുടെ പ്രസ്താവനയെ പി സി വിഷ്ണുനാഥ്, രാജ് മോഹൻ ഉണ്ണിത്താൻ, വി ടി ബലറാം എന്നിവരും എതിർത്തു. എന്നാൽ കേന്ദ്രമന്ത്രി കെ സി വേണുഗോപാൽ പ്രതികരിക്കാൻ വിസമ്മതിച്ചു

അധികാരത്തിലെത്തിക്കുന്നത് സമുദായ സംഘടനകളല്ല: മുനീര്‍

കോഴിക്കോട്: അധികാരത്തിലെത്തിക്കുന്നതും ഇറക്കുന്നതും സമുദായ സംഘടനകളല്ലെന്ന് മന്ത്രി എം കെ മുനീര്‍ പറഞ്ഞു. എല്ലാ വിഷയങ്ങളെയും ജാതീയമായും വര്‍ഗീയമായും കാണുന്നതിനോട് യോജിപ്പില്ല. ഒരു ഭാഗത്ത് സാമൂഹിക നീതി നിഷേധിക്കുന്നു എന്നു പറയുമ്പോള്‍ മറുഭാഗത്തെ നീതിനിഷേധം കാണാതിരുന്നുകൂടാ. മന്ത്രിസഭാ പുനഃസംഘടനയൊന്നും ഇപ്പോള്‍ ചര്‍ച്ചചെയ്തിട്ടില്ല. 33 അണ്‍എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് എയ്ഡഡ് പദവി നല്‍കുന്നത് ലീഗ് വിഷയമല്ലെന്നും മുനീര്‍ പറഞ്ഞു.

അധിക്ഷേപം കേട്ടിരുന്ന നേതാക്കള്‍ അപമാനം

തിരു: എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍നായര്‍ മുഖ്യമന്ത്രിയെയും കെപിസിസി പ്രസിഡന്റിനെയും അധിക്ഷേപിക്കുന്നത് ഖദറുമുടുത്ത് മിണ്ടാപ്രാണികളെപ്പോലെ കേട്ടിരുന്ന മന്ത്രിമാരും നേതാക്കളും കോണ്‍ഗ്രസിന് അപമാനമാണെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍. സുകുമാരന്‍നായര്‍ അധിക്ഷേപിക്കുമ്പോള്‍ പ്രതികരിക്കാന്‍ കഴിവില്ലെങ്കില്‍ എഴുന്നേറ്റുപോകാനുള്ള സാമാന്യമര്യാദയെങ്കിലും കാണിക്കണമായിരുന്നു എന്നും ഉണ്ണിത്താന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സുകുമാരന്‍നായരുടെ അധിക്ഷേപം പദവിക്കു ചേര്‍ന്നതല്ല. എന്‍എസ്എസുമായി ചേര്‍ന്നതുകൊണ്ടാണ് 120 സീറ്റ് കിട്ടേണ്ട സ്ഥാനത്ത് യുഡിഎഫിന് 72 മാത്രമായത്. യോഗ്യത മാനദണ്ഡമാക്കി സ്ഥാനാര്‍ഥികളെ നിശ്ചയിക്കാത്തതിനാലാണ് ഗ്രഹണസമയത്തെ നീര്‍ക്കോലികളെപ്പോലെ ചിലര്‍ തലപൊക്കുന്നതെന്നും ഉണ്ണിത്താന്‍ പറഞ്ഞു.

സാമുദായിക സംഘടനകള്‍ ഇടപെടേണ്ട: മുല്ലപ്പള്ളി

കോഴിക്കോട്: കോണ്‍ഗ്രസിന്റെ ആഭ്യന്തരകാര്യങ്ങള്‍ കോണ്‍ഗ്രസ് തീരുമാനിക്കുമെന്ന് കേന്ദ്രസഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ഇത്തരം കാര്യങ്ങളില്‍ സാമുദായിക സംഘടനകള്‍ ഇടപെടുന്നത് നല്ല കീഴ്വഴക്കമല്ല. മന്ത്രിസഭാ പുനഃസംഘടനയെക്കുറിച്ച് തീരുമാനിക്കേണ്ടത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ഹൈക്കമാന്‍ഡുമാണ്്. ജനാധിപത്യപാര്‍ടിയെന്ന നിലയ്ക്ക് എല്ലാ ഘടകകക്ഷികളുടെയും അഭിപ്രായവും സ്വീകരിക്കും. ഒരു സാമുദായിക സംഘടനയെയും പ്രത്യേകമായി പരിഗണിക്കുന്ന പാര്‍ടിയല്ല കോണ്‍ഗ്രസ്. പ്രത്യേക സമുദായത്തിനായി കോണ്‍ഗ്രസ് തീരുമാനമെടുക്കില്ലെന്നും മുല്ലപ്പള്ളി വാര്‍ത്താലേഖകരോട് പറഞ്ഞു.

എന്‍എസ്എസ് പ്രതികരണം അര്‍ഹിക്കുന്നില്ല: തങ്കച്ചന്‍

കൊച്ചി: സമുദായ സംഘടനകളല്ല, കോണ്‍ഗ്രസ് ഹൈക്കമാന്‍ഡാണ് മന്ത്രിസഭ പുനഃസംഘടന തീരുമാനിക്കുന്നതെന്ന് യുഡിഎഫ് കണ്‍വീനര്‍ പി പി തങ്കച്ചന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. എഐസിസിയെ സമീപിക്കുമെന്ന എന്‍എസ്എസ് നിലപാട് പ്രതികരണം അര്‍ഹിക്കുന്നില്ല. ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ഒരു മതവിഭാഗത്തിന്റെയും പ്രതിനിധികളല്ല. പുനഃസംഘടന ഇപ്പോള്‍ യുഡിഎഫിന്റെ അജന്‍ഡയിലില്ലെന്നും തങ്കച്ചന്‍ പറഞ്ഞു.

എന്‍എസ്എസിനെ കോണ്‍ഗ്രസ്സ് തള്ളിപ്പറയണം: ജമാ അത്ത് കൗണ്‍സില്‍

ആലപ്പുഴ: യുഡിഎഫ് ഭരണത്തിലെത്തുമ്പോള്‍ അനാവശ്യവിവാദങ്ങളും സമ്മര്‍ദ്ദങ്ങളും ചെലുത്തി ചുളിവില്‍ ആനുകൂല്യങ്ങള്‍ നേടിയെടുക്കുക എന്ന എന്‍എസ്എസ് സ്വീകരിക്കുന്ന വിലകുറഞ്ഞ നിലപാടിനെ തള്ളിപ്പറയാന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറാകണമെന്ന് കേരള ജമാ അത്ത് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി അഡ്വ. എ പൂക്കുഞ്ഞ് ആവശ്യപ്പെട്ടു. കേരള ജനസംഖ്യയില്‍ 12 ശതമാനം മാത്രമുള്ള നായര്‍വിഭാഗത്തില്‍ പകുതിയില്‍താഴെയുള്ളവരേ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്നുള്ളു. രമേശ് ചെന്നിത്തലയെ ഉപമുഖ്യമന്ത്രിയാക്കാന്‍ എന്‍എസ്എസിന്റെ വക്കാലത്ത് ആവശ്യമുണ്ടോയെന്ന് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കണം. ഭരണത്തില്‍ പിന്‍സീറ്റ് നിയന്ത്രണത്തിന് ശ്രമിക്കുന്ന എന്‍എസ്എസ്സിന്റെയും മറ്റു സമുദായ സംഘടനാ നേതൃത്വങ്ങളുടെ നിലപാടുകളെ പിന്തുണയ്ക്കുന്ന സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിന്റെയും സമീപനത്തില്‍ പ്രതിഷേധിച്ച് മന്ത്രിസഭയില്‍നിന്ന് വിട്ടുനില്‍ക്കാന്‍ മുസ്ലിംലീഗ് ആലോചിക്കണമെന്നും അദ്ദേഹം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

deshabhimani 290113

No comments:

Post a Comment