Sunday, January 13, 2013

ഏഴാമതും ഇടതുപക്ഷത്തെ തെരഞ്ഞെടുക്കാന്‍ ത്രിപുര


ത്രിപുരയില്‍ ഏഴാംവട്ടവും ഇടതുമുന്നണി സര്‍ക്കാരിനെ അധികാരത്തിലേറ്റാന്‍ ജനമൊരുങ്ങി. ഫെബ്രുവരി 14ന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ഇടതുമുന്നണി സജ്ജമായി. ഇടതുമുന്നണിയുടെയും സിപിഐ എം വര്‍ഗബഹുജന സംഘടനകളുടെയും വന്‍ റാലികള്‍ ഡിസംബറില്‍ ത്രിപുരയില്‍ നടന്നു. അതേസമയം, കോണ്‍ഗ്രസ് സ്ഥാനാര്‍ഥിപ്പട്ടികയെച്ചൊല്ലിയുള്ള തര്‍ക്കം തീര്‍ന്നിട്ടില്ല.

1978ലാണ് ത്രിപുരയില്‍ ആദ്യമായി ഇടതുമുന്നണി സര്‍ക്കാരിനെ ജനം അധികാരത്തിലേറ്റിയത്. ജനതയുടെ അഭിലാഷങ്ങള്‍ക്കു വിരുദ്ധമായി തെരഞ്ഞെടുപ്പ് അട്ടിമറിച്ച് 1988ല്‍ കോണ്‍ഗ്രസ്-ടിയുജെഎസ് സര്‍ക്കാരിനെ കേന്ദ്രസര്‍ക്കാര്‍ വാഴിച്ചു. പിന്നീടൊരിക്കലും കോണ്‍ഗ്രസിന് ത്രിപുര ഭരിക്കാന്‍ കഴിഞ്ഞിട്ടില്ല. തുടര്‍ച്ചയായി നാലാം ഇടതു സര്‍ക്കാരാണ് മണിക് സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ഇപ്പോള്‍ ത്രിപുര ഭരിക്കുന്നത്. 1988ലെപ്പോലെ തീവ്രവാദ ആദിവാസി സംഘടനകളെ കൂട്ടുപിടിച്ച് ഇടതുമുന്നണിയെ തോല്‍പ്പിക്കാമെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്. ഐഎന്‍പിടി (ഇന്‍ഡജീനസ് നാഷണലിസ്റ്റ് പാര്‍ടി ഓഫ് ത്രിപുര) എന്ന സംഘടനയുമായി കോണ്‍ഗ്രസ് കൈകോര്‍ത്തു. ഈ സഖ്യത്തിന് എല്ലാ പിന്തുണയും നല്‍കാന്‍ നിരോധിക്കപ്പെട്ട നാഷണല്‍ ലിബറേഷന്‍ ഫ്രണ്ട് ഓഫ് ത്രിപുരയും രംഗത്തെത്തി. ഇവരുടെ രഹസ്യയോഗം ഒക്ടോബറില്‍ ബംഗ്ലാദേശില്‍ നടന്നിരുന്നു. കോണ്‍ഗ്രസ് കൈകോര്‍ത്ത ആദിവാസി സംഘടനകള്‍ക്കൊന്നും ജനങ്ങള്‍ക്കിടയില്‍ സ്വാധീനമില്ല. എന്നാല്‍, ആദിവാസികള്‍ക്കിടയില്‍ വിഘടനവാദത്തിന്റെ ആശയങ്ങള്‍ ശക്തിപ്പെടുത്തി ത്രിപുരയെ വീണ്ടും ചോരക്കളമാക്കാനാണ് ഈ സഖ്യം ലക്ഷ്യമിടുന്നത്. ഇടതുമുന്നണി പ്രഖ്യാപിച്ച 59 സ്ഥാനാര്‍ഥികളില്‍ 12 പേര്‍ പുതുമുഖങ്ങളാണ്. ആരോഗ്യകാരണങ്ങളാല്‍ മൂന്ന് മുന്‍ മന്ത്രിമാരാടക്കമുള്ള ഏഴ് എംഎല്‍എമാര്‍ ഇക്കുറി മത്സരിക്കുന്നില്ല.

സിപിഐ എം 55 സീറ്റിലാണ് മത്സരിക്കുന്നത്. സിപിഐയും ആര്‍എസ്പിയും രണ്ട് സീറ്റില്‍വീതം. ഫോര്‍വേഡ് ബ്ലോക്ക് ഒരു സീറ്റിലാണ് മത്സരിക്കുന്നത്. മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍ ധാന്‍പുര്‍ മണ്ഡലത്തില്‍നിന്ന് ജനവിധി തേടുന്നു. ധനമന്ത്രി ബാദല്‍ ചൗധരി ഋഷിമുഖിലും ഗതാഗതമന്ത്രി മണിക് ദേ മജ്ലിസ്പുരിലും അഘോര്‍ ദേബ്ബ്രഹ്മ ആശാറാംഭരിയിലും മത്സരിക്കും. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിനിര്‍ണയത്തില്‍ നീതിയില്ലെന്ന് ആരോപിച്ച് പ്രവര്‍ത്തകര്‍ അഗര്‍ത്തലയിലെ കോണ്‍ഗ്രസ് ഭവന്‍ ഉപരോധിച്ചു. മൂന്ന് മുന്‍ കോണ്‍ഗ്രസ് മന്ത്രിമാര്‍ക്ക് വീണ്ടും സീറ്റ് നല്‍കുക, ജയസാധ്യതയുള്ളവരെ സ്ഥാനാര്‍ഥികളാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് പിസിസി പ്രസിഡന്റ് സുധീപ്റോയ് ബര്‍മന്റെ എതിര്‍വിഭാഗം പല സ്ഥലങ്ങളിലും കോണ്‍ഗ്രസ് ഓഫീസുകള്‍ പൂട്ടിയിട്ടു. 2008ലെ തെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെയാണ് ഇടതുമുന്നണി അധികാരത്തിലെത്തിയത്. രാജ്യത്തെതന്നെ ഏറ്റവും ഉയര്‍ന്ന പോളിങ് ശതമാനം (92) രേഖപ്പെടുത്തിയ തെരഞ്ഞെടുപ്പില്‍ ആകെയുള്ള 60 സീറ്റില്‍ 49 എണ്ണം ഇടതുമുന്നണി നേടി.

2003ലെ തെരഞ്ഞെടുപ്പില്‍ 41 സീറ്റാണ് ഇടതുമുന്നണിക്ക് ലഭിച്ചത്. രാജ്യത്ത് കോണ്‍ഗ്രസിനും യുപിഎ സര്‍ക്കാരിനുമെതിരായ ജനരോഷത്തെ ശക്തിപ്പെടുത്തുന്നതാകും ത്രിപുരയിലെ ജനവിധിയെന്ന് ഇടതുമുന്നണി വ്യക്തമാക്കുന്നു. പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രചരിപ്പിച്ച "പരിബൊര്‍തന്‍" ആണ് ഇടതുമുന്നണിക്കെതിരെ ത്രിപുരയിലും കോണ്‍ഗ്രസിന് ആയുധം. പക്ഷേ, ഏതു വിധേനയും ഇടതുസര്‍ക്കാരിനെ താഴെയിറക്കുമെന്ന് പ്രഖ്യാപിച്ച കോണ്‍ഗ്രസിന് സ്വന്തം പാളയത്തില്‍പ്പോലും ഐക്യമുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. 1988ല്‍ അധികാരത്തില്‍ വന്ന കോണ്‍ഗ്രസ്-ടിയുജെഎസ് സര്‍ക്കാരിന്റെ ഭീകരവാഴ്ച ഓര്‍മയുള്ള ജനത അത്തരമൊരു സംവിധാനം മടക്കിക്കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നുമില്ല.
(വി ജയിന്‍)


മണിക് സര്‍ക്കാര്‍ വീണ്ടും മത്സരിക്കും

അഗര്‍ത്തല: ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി മണിക് സര്‍ക്കാരും 12 മന്ത്രിസഭാംഗങ്ങളും വീണ്ടും മത്സരിക്കും. അറുപതംഗ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഇടതുമുന്നണി സ്ഥാനാര്‍ഥികളുടെ പട്ടിക കണ്‍വീനര്‍ ഖഗന്‍ദാസും സിപിഐ എം സംസ്ഥാന സെക്രട്ടറി ബിജന്‍ധറും വാര്‍ത്താസമ്മേളനത്തില്‍ പ്രസിദ്ധീകരിച്ചു. സിപിഐ എം 55 സീറ്റിലും ആര്‍എസ്പിയും സിപിഐയും രണ്ടു സീറ്റില്‍ വീതവും ഫോര്‍വേഡ് ബ്ലോക് ഒരു സീറ്റിലും മത്സരിക്കും. സ്ഥാനാര്‍ഥികളില്‍ അഞ്ച് വനിതകളുമുണ്ട്. 59 സ്ഥാനാര്‍ഥികളുടെ പട്ടികയാണ് പ്രഖ്യാപിച്ചത്. സിപിഐയുടെ ഒരു സ്ഥാനാര്‍ഥിയെ പിന്നീട് പ്രഖ്യാപിക്കും.


deshabhimani 130113

No comments:

Post a Comment