Friday, January 11, 2013

ഭൂസമരത്തെ ആക്ഷേപിക്കുന്നവരേ... ഇതാ ജീവിതത്തിന്റെ നേര്‍ക്കാഴ്ച


മിച്ചഭൂമികളില്‍ കുടിലുകളുയര്‍ന്നു

പത്തുദിവസമായി നടക്കുന്ന ഭൂമിക്കുവേണ്ടിയുള്ള പോരാട്ടം പുതിയ സമരമുഖങ്ങളിലേക്ക്. സ്വന്തമായി മണ്ണില്ലാത്ത ആയിരങ്ങള്‍ വെള്ളിയാഴ്ച മിച്ചഭൂമികളില്‍ പ്രവേശിച്ച് കുടില്‍കെട്ടി അവകാശം സ്ഥാപിച്ചു. പതിനാലും ജില്ലകളിലും വിതരണം ചെയ്യാതെ കിടക്കുന്ന മിച്ചഭൂമികളിലാണ് കര്‍ഷകത്തൊഴിലാളികളും പട്ടികവിഭാഗക്കാരുമടങ്ങിയ സമരസഞ്ചയം കൈയ്യേറിയത്. സര്‍ക്കാര്‍ നടപടി സ്വീകരിക്കാത്ത പക്ഷം ഈ ഭൂമികളില്‍ കൃഷിയാരംഭിക്കും. അറസ്റ്റുചെയ്താല്‍ ജാമ്യമെടുക്കാതെ ജയിലില്‍ പോകാനാണ് സമരഭടന്‍മാരുടെ തീരുമാനം.

ഇതോടെ ജില്ലകളിലെ പതിനാല് സമരകേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ച സമരം വിവിധകേന്ദ്രങ്ങളിലേക്ക് വ്യാപിച്ചു. സമരവളന്റിയര്‍മാര്‍ ഇവര്‍ക്ക് സംരക്ഷണം നല്‍കും. പ്രക്ഷോഭം പത്തുനാള്‍ പിന്നിട്ടിട്ടും സര്‍ക്കാര്‍ നടപടിയൊന്നും സ്വീകരിക്കാത്ത സാഹചര്യത്തിലാണ് കുടില്‍ കെട്ടി അവകാശം സ്ഥാപിച്ചത്. സമരം ഒത്തുതീര്‍ക്കുന്നതിന് ചര്‍ച്ചയ്ക്ക് വിളിക്കാന്‍പോലും സര്‍ക്കാര്‍ സന്നദ്ധമാകാത്തതിനെതിരെ ജനരോഷം ശക്തമായി. ഭഭൂരഹിതര്‍ക്ക് സമയബന്ധിതമായി ഭഭൂമി നല്‍കുക, ഭഭൂവിതരണത്തില്‍ പട്ടികജാതിവിഭാഗത്തിന് മുന്‍ഗണന നല്‍കുക, പട്ടികവര്‍ഗ കുടുംബത്തിന് ചുരുങ്ങിയത് ഒരേക്കര്‍ ഭഭൂമി നല്‍കുക തുടങ്ങിയ ആവശ്യങ്ങളാണ് ഭഭൂസമരത്തിലൂടെ മുന്നോട്ടുവയ്ക്കുന്നത്.

ഭൂസമരത്തെ ആക്ഷേപിക്കുന്നവരേ... ഇതാ ജീവിതത്തിന്റെ നേര്‍ക്കാഴ്ച

പെരുമ്പാവൂര്‍: ആദിവാസി കുടിലുകളെപ്പോലും നാണിപ്പിക്കുന്ന ഒറ്റമുറി ഷെഡുകള്‍. ഇവയില്‍ അമ്മയും അച്ഛനും മകനും ഭാര്യയും പേരക്കുട്ടികളും. സ്ത്രീകള്‍ക്കു വസ്ത്രം മാറണമെങ്കില്‍ പുരുഷന്മാര്‍ പുറത്തുനില്‍ക്കണം. പ്ലാസ്റ്റിക്ഷീറ്റുകളും ആസ്ബറ്റോസ്ഷീറ്റും കൊണ്ടുള്ള മേച്ചിലുകള്‍. ഷെഡില്‍ ഏതുനിമിഷവും ഇഴജന്തുക്കള്‍ കയറാവുന്ന സ്ഥിതി... പെരുമ്പാവൂര്‍ നഗരത്തിന്റെ ഹൃദയഭാഗത്താണ് ഈ ദുരിതക്കാഴ്ച. നഗരസഭാ ഓഫീസിന്റെ വിളിപ്പാടകലെ ഏഴാംവാര്‍ഡില്‍ മേലേടത്ത് ലെയ്നില്‍. പെരിയാര്‍വാലി ബ്രാഞ്ചുകനാല്‍ പുറമ്പോക്കില്‍ ഇത്തരത്തിലുള്ള ഒമ്പതു വീടുകളാണുള്ളത്. 10 സെന്റ് സ്ഥലത്ത് ഒമ്പതു വീടുകളിലായി 33 പേരാണ് താമസക്കാര്‍. സാമൂഹ്യനീതി നിഷേധിക്കപ്പെട്ട ഇവര്‍ ഇവിടെ ജീവിതം തുടങ്ങിയിട്ട് 30 വര്‍ഷം പിന്നിട്ടു. കുടിലുകള്‍ പൊളിച്ചുമാറ്റാന്‍ പെരിയാര്‍വാലി അധികൃതര്‍ നോട്ടീസ് നല്‍കിയെങ്കിലും ഇവര്‍ കൂട്ടാക്കിയില്ല. ഇതിനിടെ ഇവരെ ഒഴിപ്പിക്കാന്‍ നഗരസഭ അധികൃതരും കുറച്ചുനാള്‍മുമ്പ് രംഗത്തുവന്നിരുന്നു. റോഡ്വികസനത്തിന്റെ പേരിലായിരുന്നു കണ്ണില്‍ ചോരയില്ലാത്ത ഈ നീക്കം. പുനരധിവാസത്തിനു സൗകര്യമൊരുക്കിയാലേ ഇവിടെനിന്ന് ഒഴിയൂവെന്ന നിലപാടിലാണ് താമസക്കാര്‍.

എല്‍ഡിഎഫ് ഭരിക്കുമ്പോഴാണ് ഇവര്‍ക്ക് നഗരസഭയില്‍നിന്ന് കെട്ടിടനമ്പര്‍ അനുവദിച്ചത്. അതുവഴി വൈദ്യുതി കണക്ഷനും റേഷന്‍കാര്‍ഡും ലഭിച്ചു. കിണറില്ലാത്തതുമൂലം പൈപ്പുവെള്ളമാണ് ആശ്രയം. അടച്ചുറപ്പില്ലാത്ത വീട്ടില്‍ ഭയപ്പാടോടെയാണ് ഇവര്‍ രാവും പകലും കഴിഞ്ഞുകൂടുന്നത്. ആറുമാസംമുമ്പ് അച്ഛനും അമ്മയും പണിക്കുപോയ സന്ദര്‍ഭം നോക്കി സാമൂഹ്യവിരുദ്ധര്‍ ഒരു വീട്ടില്‍ കയറി ഒറ്റയ്ക്കായിരുന്ന പെണ്‍കുട്ടിയെ കടന്നുപിടിച്ചു. ഭയന്നുവിറച്ച കുട്ടി ഇപ്പോള്‍ മാനസികാരോഗത്തിന് ചികിത്സയിലാണ്. കേരളത്തിലെ രണ്ടരലക്ഷത്തോളംഭൂരഹിതര്‍ക്ക് മിച്ചഭൂമി വിതരണംചെയ്യണമെന്നാവശ്യപ്പെട്ടു നടക്കുന്ന ജനകീയപ്രക്ഷോഭത്തെ പരിഹസിക്കുന്നവര്‍ക്കുള്ള ഉത്തമമറുപടിയാണ് വേദനമൂടിയ ഈ ജീവിതക്കാഴ്ചകള്‍. പള്ളിക്കൂടത്തില്‍ പുത്തന്‍വീട് ഹനീഫ, മൂലേക്കുടി മുരളി, കല്ലൂഴത്തില്‍ ഗോപി, ഈരേഴത്ത് ഭവാനി, പറമ്പാത്ത് കൃഷ്ണന്‍, പാലമൂട്ടില്‍ കുട്ടപ്പന്‍, കൊച്ചുകുഞ്ഞ്, തട്ടാമ്പറമ്പില്‍ രാധാകൃഷ്ണന്‍, ഷണ്‍മുഖന്‍ എന്നിവരുടെ കുടിലുകളാണ് ഇവിടെയുള്ളത്.
(എം ഐ ബീരാസ്)

സമരമുഖത്ത് ഇടിമിന്നല്‍ശബ്ദമായി വിവേകാനന്ദന്‍

അരിപ്പ (കുളത്തൂപ്പുഴ): എഴുപതുകളിലെ മിച്ചഭൂമി സമരത്തിന്റെ ആവേശം ഇന്നും വിവേകാനന്ദന്റെ സിരകളിലുണ്ട്. വര്‍ഷങ്ങള്‍ക്കുശേഷം അരിപ്പയിലെ സമരകേന്ദ്രത്തില്‍ വിവേകാനന്ദന്‍ ഉച്ചത്തില്‍ മുഴക്കിയ മുദ്രാവാക്യങ്ങള്‍ക്കും അതേ ഊര്‍ജവും ആവേശവും. അരിപ്പയിലെ ഭൂസമരകേന്ദ്രത്തില്‍ സജീവ സാന്നിധ്യമായ ഈ അറുപതുകാരന് അധഃസ്ഥിതന്റെ അവകാശപോരാട്ടങ്ങള്‍ക്ക് എന്നും ആവേശമാകുന്നത് നീണ്ടകര നീലേശ്വരം തോപ്പിലെ അഞ്ചേക്കറില്‍ അവകാശം സ്ഥാപിക്കാനായി എന്‍ ശ്രീധരന്റെയും വി സാംബശിവന്റെയും സി കെ തങ്കപ്പന്റെയും നേതൃത്വത്തില്‍നടന്ന പ്രക്ഷോഭമാണ്. യുവാവായ വിവേകാനന്ദന്‍ അന്നു വിളിച്ച മുദ്രാവാക്യങ്ങള്‍ സമരസഖാക്കള്‍ക്കു പകര്‍ന്നുനല്‍കിയ ആവേശംചെറുതല്ല. ജില്ലയിലെ പ്രക്ഷോഭ മുഖങ്ങളില്‍ പ്രാക്കുളം തൃക്കരുവ സരസ്വതിഭവനില്‍ വിവേകാനന്ദന്റെ ഇടിമുഴക്കം പോലുള്ള മുദ്രാവാക്യങ്ങള്‍ ഇന്നും കേള്‍ക്കാം.

കര്‍ഷകത്തൊഴിലാളികളായ ചെല്ലപ്പന്റെയും തങ്കമ്മയുടെയും മകനായ വിവേകാനന്ദന്‍ ഒമ്പതാമത്തെ വയസ്സില്‍ കശുവണ്ടിത്തൊഴിലാളിയായ മുതിര്‍ന്ന സഹോദരി ഓമനയുടെ കൈപിടിച്ചാണ് ആദ്യമായി സമരരംഗത്തിറങ്ങിയത്. കശുവണ്ടിത്തൊഴിലാളികളോടുള്ള അച്യുതമേനോന്‍ സര്‍ക്കാരിന്റെ അവഗണനയ്ക്കെതിരെ കോട്ടയത്തു നടന്ന സമ്മേളനത്തില്‍ കൊച്ചു വിവേകാനന്ദന്‍ തയ്യാറാക്കിയ മുദ്രാവാക്യങ്ങള്‍ ഏറെ ശ്രദ്ധനേടി. തുടര്‍ന്നിങ്ങോട്ട് ഒരു നൂറു സമരങ്ങളുടെ തീച്ചൂളയിലൂടെയായിരുന്നു വിവേകാനന്ദന്റെ സഞ്ചാരം. അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിരാഗാന്ധിക്കെതിരെ കൊല്ലം താലൂക്ക് ഓഫീസ് പരിസരത്തുനിന്ന് മുദ്രാവാക്യം വിളിച്ചതിന് പൊലീസ് അറസ്റ്റ്ചെയ്തു. കൊല്ലം സബ് ജയിലില്‍ 90 ദിവസത്തെ തടവിനുശേഷമാണ് വിട്ടയച്ചത്. എം ജി ധനപാലനും എന്‍ പത്മലോചനുമൊക്കെ ഒപ്പം ജയിലില്‍ ഉണ്ടായിരുന്നു. അച്യുതമേനോന്‍ സര്‍ക്കാരിന്റെ കാലത്ത് കുട്ടനാട്ടെ നെല്‍പ്പാടങ്ങളില്‍ ആറിലൊന്ന് പതവും പതത്തിന്റെ നാലിലൊന്ന് തീര്‍പ്പും വേണമെന്ന് ആവശ്യപ്പെട്ട് കര്‍ഷകര്‍ നടത്തിയ ചരിത്രമെഴുതിയ പ്രക്ഷോഭത്തില്‍ വിവേകാനന്ദനും സജീവമായി പങ്കെടുത്തു. "പാടം ഞങ്ങടെ വീടാണെങ്കില്‍ കതിര്‍മണി ഞങ്ങടെ സ്വത്താണ്. വിയര്‍പ്പൊഴുക്കാതെ ഊണുകഴിക്കും വമ്പന്‍മാരെ സൂക്ഷിച്ചോ"- വിവേകാനന്ദന്റെ മുദ്രാവാക്യങ്ങള്‍ സമരം തീരുംവരെ കര്‍ഷകര്‍ ഏറ്റുചൊല്ലി. ഗാട്ടു കരാറിനെതിരെ 96 സെപ്തംബറില്‍ നടന്ന പ്രക്ഷോഭത്തില്‍ വിവേകാനന്ദന്റെ മുദ്രാവാക്യങ്ങളായിരുന്നു ശ്രദ്ധാകേന്ദ്രം.

മാറിവരുന്ന സമരങ്ങളുടെ സ്വഭാവത്തിന് അനുസരിച്ച് നിമിഷനേരംകൊണ്ട് മുദ്രാവാക്യം രൂപപ്പെടുത്താന്‍ വിവേകാനന്ദന് പ്രത്യേക കഴിവാണ്. ആദ്യഘട്ട ഭൂസമരത്തിന്റെ അവസാന ദിവസമായ വ്യാഴാഴ്ച രാവിലെ ചോഴിയക്കോട്ടുനിന്ന് ആരംഭിച്ച മാര്‍ച്ചില്‍ മുഴങ്ങിക്കേട്ടത് വിവേകാനന്ദന്റെ ആവേശം തുളുമ്പുന്ന മുദ്രാവാക്യങ്ങളാണ്. നീണ്ടകര നീലേശ്വരം തോപ്പില്‍ നടന്ന മിച്ചഭൂമി സമരത്തില്‍ വിളിച്ച മൂദ്രാവാക്യങ്ങള്‍ മനോധര്‍മം അനുസരിച്ച് മാറ്റംവരുത്തി വിളിച്ചപ്പോള്‍ ഏറെ ശ്രദ്ധേയമായി. "ഭൂസമരം സിന്ദാബാദ്, അവകാശത്തിനു സമരം ചെയ്താല്‍, അടിച്ചമര്‍ത്താന്‍ വന്നെന്നാല്‍, ബിഹാറല്ല, യുപിയല്ല, കേരളമാണെന്നോര്‍ത്തോളൂ..." ചോഴിയക്കോട്ടുനിന്ന് അരിപ്പയിലേക്കുള്ള ഒരു കിലോമീറ്റര്‍ ദൂരം നിര്‍ത്താതെ മുദ്രാവാക്യം വിളിച്ചു മാര്‍ച്ച് നയിച്ച വിവേകാനന്ദന്‍ എല്ലാവരുടെയും പ്രശംസയ്ക്കു പാത്രമായി. സമരകേന്ദ്രത്തില്‍ മിക്ക ദിവസങ്ങളിലും ഭാര്യ സരസ്വതിക്കൊപ്പം വിവേകാനന്ദന്റെ സാന്നിധ്യം ഉണ്ടായിരുന്നു.

പോരാട്ട സ്മരണകളുമായി ഇവര്‍...

പരിയാരം: ജന്മി നാടുവാഴിത്തത്തിനെതിരെ നടത്തിയ കര്‍ഷക പോരാട്ടങ്ങളുടെ അനുഭവക്കരുത്തുമായാണ് ആദ്യകാല നേതാക്കളും പ്രവര്‍ത്തകരും അവുങ്ങുംപൊയിലിലെ ഭൂസമരകേന്ദ്രത്തിലെത്തിയത്. ഭൂസമരസഹായ സമിതി ചെയര്‍മാനായ ബക്കളം കാനൂലിലെ കരിക്കന്‍ കുഞ്ഞപ്പ (69) അമ്പത് വര്‍ഷം മുമ്പ് ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ നടന്ന ഭൂസമരങ്ങളില്‍ പങ്കെടുത്തതിന്റെ അനുഭവവുമായാണ് സമരത്തില്‍ പങ്കെടുത്തത്.

70ലെ വളച്ചുകെട്ടി സമരത്തിലും 72ല്‍ മഴൂര്‍ ഈശാന്‍ നമ്പൂതിരിയുടെ കൈയ്യിലുണ്ടായിരുന്ന മിച്ചഭൂമിയിലും സമരം നടത്തി. കൊട്ടയാട് മിച്ചഭൂമി കൈയേറി കുടില്‍കെട്ടി താമസിച്ചതിന്റെ അനുഭവങ്ങള്‍ ഓര്‍മകളില്‍നിന്നും വരച്ചുകാട്ടി. 76ല്‍ കടമ്പേരി മുതിരക്കാലിലെ കരക്കാട്ടിടം നായനാരുടെ മിച്ചഭൂമിയില്‍ ഒരുവര്‍ഷം നീണ്ട സമരം മധ്യസ്ഥം പറഞ്ഞ് തീര്‍ത്ത് 96 പേര്‍ക്ക് വിതരണം ചെയ്തു. 79ല്‍ പടിയൂര്‍ മലബാര്‍ എസ്റ്റേറ്റ് സമരം, മങ്കട്ട എസ്റ്റേറ്റ് സമരം, പടിയൂര്‍ ആര്യാങ്കോട് എസ്റ്റേറ്റ് സമരം, കാസര്‍കോട് നായന്മാര്‍മൂല മിച്ചഭൂമി സമരം, കുന്നത്തൂര്‍പാടി മിച്ചഭൂമിസമരം തുടങ്ങി നിരവധി സമരപോരാട്ടങ്ങള്‍ മനസില്‍ തെളിയുകയാണ്.

സിപിഐ എം ജില്ലാകമ്മറ്റിയംഗം, കര്‍ഷകത്തൊഴിലാളി യൂണിയന്‍ ജില്ലാ പ്രസിഡന്റ്, സംസ്ഥാന ട്രഷറര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. ചെറുതാഴത്തുനിന്നുമെത്തിയ ടി വി ചന്തുക്കുട്ടി (77)യും നിരവധി സമരപോരാട്ടങ്ങള്‍ക്ക് ചുക്കാന്‍പിടിച്ചിട്ടുണ്ട്. കടുത്തവേനലിലും തളരാത്ത മനോബലമാണ് പ്രായംമറന്ന് മിച്ചഭൂമി സമരത്തിനെത്താന്‍ കാരണം.

69ല്‍ ആലപ്പുഴയില്‍ എ കെ ജി പങ്കെടുത്ത ഭൂസമര പ്രഖാപനത്തിന്റെ ഒളിമങ്ങാത്ത ഓര്‍മകളാണ് മനസ് നിറയെ. 72ല്‍ ആറോണ്‍ മിച്ചഭൂമി സമരത്തിലും, 73ല്‍ ചീമേനി മിച്ചഭൂമി സമരത്തിലും കുളപ്രം നെല്ല് സമരത്തിലും പങ്കെടുത്തു. കാസര്‍കോട് ഭാഗത്ത് ഭൂസമരം ശക്തമാക്കുന്നതിന് സഹായിക്കാന്‍ സിപിഐ എം വേളൂര്‍ പനത്തടി ലോക്കല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്നു. 70ലെ ഭൂസമരത്തിന്റെ കരുത്തുമായി പരിയാരത്തുനിന്ന് എം കെ ഗംഗാധരനും കാനൂലില്‍നിന്ന് വി പി ബാലനും കുറ്റ്യേരി വട്ടക്കൂലില്‍നിന്ന് കെ കോരനും പറശ്ശിനിക്കടവില്‍നിന്ന് കെ വി ബാലകൃഷ്ണനും പുവ്വത്തുനിന്ന് പി പി അബ്ദുള്‍ സലാം, പരിയാരം തീയ്യന്നൂരില്‍നിന്ന് പി കെ ശശീധരനും സമരത്തിനെത്തിയത്.

deshabhimani 110113

No comments:

Post a Comment