Friday, January 11, 2013

ഒപ്പമുണ്ട് നാടിന്റെ പരിഛേദം


നക്ഷത്രമുദ്രയുള്ള വെള്ളപതാകയേന്തി തിരമാലകണക്കെ ഇരമ്പിയെത്തിയ യുവത. തിളച്ചുമറിയുന്ന വെയിലിനെ തോല്‍പിച്ച് കാല്‍നടയായി താണ്ടിയ തൊണ്ണൂറിലധികം കിലോമീറ്റര്‍. പാതയോരങ്ങളില്‍ അഭിവാദ്യവും ഐക്യദാര്‍ഢ്യവുമായി പതിനായിരങ്ങള്‍. കേരളം കാത്തിരുന്ന യുവജനമുന്നേറ്റമാണിതെന്ന് ചരിത്രം രേഖപ്പെടുത്തുകയാണ്. മഹിതമായ ആശയധാരക്ക് പിന്നില്‍ അണിനിരന്ന ജനമനസ് കണ്ണൂരിലെ ഏറ്റവും വലിയ യുവജനമുന്നേറ്റമായി ഈ യൂത്ത്മാര്‍ച്ചിനെ വിലയിരുത്തും. വെള്ളിയാഴ്ച രാവിലെ മാഹിയിലെ സ്വീകരണത്തോടെ ഡിവൈഎഫ്ഐ സംസ്ഥാന കമ്മറ്റി നേതൃത്വം നല്‍കുന്ന യൂത്ത്മാര്‍ച്ച് ജില്ലയിലെ പര്യടനം പൂര്‍ത്തിയാക്കും.

സമൂഹത്തിലെ നാനാതുറകളില്‍ പെട്ടവരുടെയും അഭിവാദ്യങ്ങള്‍ ഏറ്റുവാങ്ങിയാണ് യുവജനജാഥയുടെ കണ്ണൂരിലെ പര്യടനം സമാപിക്കുന്നത്. ജാതി വിവേചനങ്ങളെ തിരസ്കരിക്കുന്ന പോരാട്ടങ്ങള്‍ക്ക് തിരികൊളുത്തിയ പഴയതലമുറയിലെ കണ്ണികള്‍ മുതല്‍ വിദ്യാര്‍ഥികളും കുട്ടികളും വരെ യാത്രയുടെ ഭാഗമായി. മതനിരപേക്ഷ ജീവിതം നയിക്കുന്നവര്‍, ജനനേതാക്കള്‍, ജനപ്രതിനിധികള്‍, സാംസ്കാരിക നായകര്‍, തൊഴിലാളികള്‍ തുടങ്ങി നാടിന്റെ പരിഛേദം യുവജനയാത്രക്ക് പിന്തുണയുമായെത്തി. മുദ്രാവാക്യം മുഴക്കി യാത്ര കടന്നുപോയ വഴികളില്ലൊം ചെറുതും വലുതുമായ സംഘങ്ങള്‍ അഭിവാദ്യമര്‍പ്പിച്ചു.

വ്യാഴാഴ്ച കണ്ണൂര്‍ നഗരത്തില്‍ നിന്നാണ് യൂത്ത് മാര്‍ച്ചിന്റെ പര്യടനം തുടങ്ങിയത്. താഴെചൊവ്വയിലായിരുന്നു ആദ്യസ്വീകരണം. പുഞ്ചേന്‍ വത്സലന്‍ അധ്യക്ഷനായി. കെ വി ബിജു സ്വാഗതം പറഞ്ഞു. എടക്കാട് ഇ കെ അശോകന്‍ അധ്യക്ഷനായി. ടി സുനീഷ് സ്വാഗതം പറഞ്ഞു. ധര്‍മടത്ത് പി എം പ്രഭാകരന്‍ അധ്യക്ഷനായി. സി രാജീവന്‍ സ്വാഗതം പറഞ്ഞു. സ്വീകരണകേന്ദ്രങ്ങളില്‍ യൂത്ത്മാര്‍ച്ച് ഗായകസംഘം ആലപിച്ച വിപ്ലവഗാനവും ഉണ്ടായി. തലശേരി പുതിയ ബസ്സ്റ്റാന്റിലേക്ക് ശാരദാകൃഷ്ണയ്യര്‍ ഓഡിറ്റോറിയം പരിസരത്ത് നിന്ന് വന്‍റാലിയോടെയാണ് മാര്‍ച്ചിനെ സ്വീകരിച്ച് ആനയിച്ചത്. സമാപന പൊതുയോഗം അഖിലേന്ത്യ പ്രസിഡന്റ് എം ബി രാജേഷ് എം പി ഉദ്ഘാടനം ചെയ്തു. സി കെ രമേശന്‍ അധ്യക്ഷനായി. എം വി ജയരാജന്‍ യൂത്ത്മാര്‍ച്ച് ബ്ലോഗ് പ്രകാശനം ചെയ്തു. പാനൂര്‍ ബ്ലോക്ക് കമ്മറ്റി പുറത്തിറക്കുന്ന കലണ്ടര്‍ എം ബി രാജേഷ് പുഷ്പന് നല്‍കി പ്രകാശനം ചെയ്തു. ടി വി രാജേഷ്, എം സ്വരാജ് എന്നിവര്‍ സംസാരിച്ചു. വി പി വിജേഷ് സ്വാഗതം പറഞ്ഞു. കാഞ്ഞിലേരിയില്‍ കിണറില്‍ വീണ രണ്ട് കുട്ടികളെ രക്ഷപ്പെടുത്തി ധീരതക്കുള്ള അവാര്‍ഡിന് അര്‍ഹനായ രമിത്ത്, ഉദ്ഘാടന വേദി രൂപകല്‍പന ചെയ്ത കലാകാരന്‍ വടക്കുമ്പാടെ ശ്രീജിത്ത് എന്നിവരെ ചടങ്ങില്‍ ആദരിച്ചു.

ചോരയിരമ്പുന്ന സാന്നിധ്യമായി പുഷ്പന്‍

തലശേരി: തിളച്ചുമറിയുന്ന ആവേശമായി യൂത്ത്മാര്‍ച്ചിന്റെ വേദിയില്‍ പോരാളികളുടെ പോരാളി പുഷ്പനെത്തി. തലശേരി പുതിയ ബസ്സ്റ്റാന്റില്‍ ചേര്‍ന്ന സമാപനപൊതുയോഗത്തില്‍ പുഷ്പനെത്തിയത്. കൂത്തുപറമ്പ് വെടിവെപ്പില്‍ സുഷുമ്ന നാഡി തകര്‍ന്ന് രോഗശയ്യയിലായ പുഷ്പനെ പ്രത്യേക വാഹനത്തിലാണ് സമപാനവേദിയിലേക്ക് എത്തിച്ചത്. ആയിരക്കണക്കിന് ആളുകള്‍ എഴുന്നേറ്റ് നിന്ന് മുദ്രവാക്യം മുഴക്കിയാണ് പോരാളികളുടെ പോരാളിയെ സ്വീകരിച്ചത്. കൂത്തുപറമ്പ് രക്തസാക്ഷി റോഷന്റെ അഛന്‍ കെ വി വാസുവും വേദിയില്‍ എത്തിയിരുന്നു.

റോഷന്റെ അദൃശ്യമായ സാനിധ്യവും പുഷ്പന്റെ ത്രസിപ്പിക്കുന്ന സാനിധ്യവും യൂത്ത്മാര്‍ച്ചിനെ അങ്ങേയറ്റം അര്‍ഥപൂര്‍ണമാക്കിയതായി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ എം ബി രാജേഷ് എം പി പറഞ്ഞു. പുഷ്പനെ രാജേഷ് പൊന്നാട ചാര്‍ത്തി ആദരിച്ചു. കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ച ഡിവൈഎഫ്ഐ മുന്‍ ജില്ലാ പ്രസിഡന്റ് കാരായി രാജന്‍ ജയിലില്‍ നിന്നയച്ച സന്ദേശം ജില്ലാ സെക്രട്ടറി പി സന്തോഷ് വായിച്ചു. ജാതീയതക്കും വര്‍ഗീയതക്കുമെതിരെ പ്രതിരോധത്തിന്റെ നെടുങ്കന്‍ കോട്ടകളുയര്‍ത്തി മുന്നേറുന്ന സഖാക്കളെ ഹൃദയം തൊട്ട് അഭിവാദ്യം ചെയ്യുന്നതായി കാരായി സന്ദേശത്തില്‍ പറഞ്ഞു. നിയമത്തിന്റെ ഏതറ്റം വരെയും ചെന്ന് സഖാവിനെ മോചിപ്പിക്കാന്‍ പ്രതിജ്ഞാബദ്ധമാണ് പിന്മുറക്കാരെന്ന മുദ്രാവാക്യം മുഴക്കിയാണ് സന്ദേശത്തെ പൗരാവലി സ്വീകരിച്ചത്.

പ്രധാനമന്ത്രി വാ തുറക്കുന്നത് വിലകൂട്ടല്‍ പ്രഖ്യാപിക്കാന്‍ മാത്രം: എം ബി രാജേഷ്

തലശേരി: ഇടതുപക്ഷത്തിന് കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിലും നിയമസഭ തെരഞ്ഞെടുപ്പിലും ഉണ്ടായ ബലക്ഷയത്തിന്റെ വിലയാണ് നാട് ഇപ്പോള്‍ നല്‍കിക്കൊണ്ടിരിക്കുന്നതെന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് എം ബി രാജേഷ് എം പി പറഞ്ഞു. കേരളത്തില്‍ നിന്ന് ഇടതുപക്ഷം 4 സീറ്റില്‍ ഒതുങ്ങിയതും നിയമസഭയില്‍ രണ്ടായിരം വോട്ടുകള്‍ക്ക് അധികാരം നഷ്ടപ്പെടുത്തിയതിനും എന്ത് വിലയാണ് നല്‍കേണ്ടി വരുന്നതെന്ന് ഇനിയും കാണാനിരിക്കുന്നതെയുള്ളൂ. എല്‍ഡിഎഫ് പരാജയപ്പെട്ടപ്പോള്‍ സന്തോഷിച്ചവര്‍ ഇരിക്കുന്ന കൊമ്പാണ് മുറിച്ചതെന്ന് തിരിച്ചറിയുന്നത് ഇപ്പോഴാണെന്നും തലശേരിയില്‍ യൂത്ത്മാര്‍ച്ച് സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യവെ രാജേഷ് പറഞ്ഞു.

കണ്ണില്‍ച്ചോരയില്ലാത്ത വിധം ജനദ്രോഹനയങ്ങള്‍ കൊാണ്ട് ംൂടകയാണ് കേന്ദ്ര-കേരളസര്‍ക്കാരുകള്‍. പ്രധാനമന്ത്രി വാ തുറക്കുമ്പോള്‍ ജനത്തിന് പേടിയാണ് ഇപ്പോള്‍. സബ്സിഡി വെട്ടിക്കുറക്കാനും വിലകൂട്ടല്‍ പ്രഖ്യാപിക്കാനും മാത്രമാണ് മന്‍മോഹന്‍ സിംഗ് ഉരിയാടുന്നത്. സാമ്രാജ്വ്യത്വത്തോട് മാത്രമാണ് പ്രധാനമന്ത്രിയുടെ വിധേയത്വം. സബ്സിഡി നല്‍കാന്‍ പണം കായ്ക്കുന്ന മരമില്ലെന്ന് ജനത്തെ പരിഹസിക്കുന്ന പ്രധാനമന്ത്രി വിജയ്മല്യയുടെയും അംബാനിയുടെയും കടവും നികുതിപ്പണവും എഴുതിത്തള്ളിയത് ഏത് മരത്തില്‍ കായ്ച പണം ഉപയോഗിച്ച പണം കൊണ്ടാണെന്ന് വ്യക്തമാക്കണം. ഇതുവരെ ഒരു പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പോലും മത്സരിച്ചിട്ടില്ലാത്ത പ്രധാനമന്ത്രിയാണ് ഇന്ത്യയുടെ ശാപം. ജനങ്ങളോട് വിധേയത്വമില്ലാത്തതും അവരെ അഭിമുഖീകരിക്കാത്തതുമായ ആളാണ് പ്രധാനമന്ത്രി. അമേരിക്ക കീ കൊടുത്തുവിട്ട പാവയായി മന്‍മോഹന്‍ അധപതിച്ചു. പാചകവാതക സബ്സിഡി വെട്ടിക്കുറച്ച് പ്രഖ്യാപനം ഉണ്ടായതിന്റെ രണ്ടാംനാള്‍ റിലയന്‍സ് കേരളത്തിലെ പാചകവാതക മേഖലയിലേക്ക് ഇറങ്ങുന്നതായി പ്രഖ്യാപിച്ചിരിക്കുന്നു. റിലയന്‍സിന് വേണ്ടിയാണ് മന്‍മോഹന്റെ പ്രഖ്യാപനമെന്ന് ബോധ്യമായിരിക്കുന്നുവെന്നും രാജേഷ് പറഞ്ഞു.

deshabhiani 110113

No comments:

Post a Comment