Monday, January 28, 2013

നാല്‍പ്പാടി വാസു വധക്കേസ്: പുനരന്വേഷണം ഒഴിവാക്കിയത് സുധാകരന്റെ ഭീഷണിക്ക് വഴങ്ങി


നാല്‍പ്പാടി വാസു വധക്കേസില്‍ പുനരന്വേഷണമില്ല

തിരു: നാല്‍പ്പാടി വാസു വധക്കേസില്‍ പുനരന്വേഷണം ആവശ്യമില്ലെന്ന് ആഭ്യന്തരവകുപ്പ്. ഇനിയൊരു അന്വേഷണത്തിന് സാധ്യതയില്ലെന്ന "നിയമോപദേശത്തിന്റെ" അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് ആഭ്യന്തരവകുപ്പ് പറയുന്നു. പുനരന്വേഷണം ആവശ്യപ്പെട്ട് വാസുവിന്റെ സഹോദരന്‍ നല്‍കിയ അപേക്ഷ പരിശോധിച്ചശേഷമാണ് നടപടി. കേസില്‍ കെ സുധാകരന്‍ എംപിക്ക് പങ്കുണ്ടെന്ന് അദ്ദേഹത്തിന്റെ ഡ്രൈവര്‍ പ്രശാന്ത്ബാബു വെളിപ്പെടുത്തിയതോടെയാണ് വീണ്ടും അന്വേഷിക്കണമെന്ന ആവശ്യം ഉയര്‍ന്നത്. ഡ്രൈവറുടെ വെളിപ്പെടുത്തലോടെ പുതിയ തെളിവുകള്‍ പുറത്തുവന്നു. ഇതേക്കുറിച്ച് അന്വേഷിക്കാന്‍ ഐജിയുടെ നേതൃത്വത്തില്‍ അന്വേഷണസംഘത്തെ ചുമതലപ്പെടുത്തിയെങ്കിലും തുടര്‍നടപടി ഉണ്ടായില്ല. നിയമം നിയമത്തിന്റെ വഴിയേ പോകുമെന്നും നാല്‍പ്പാടി വാസുവിന്റെ ബന്ധുക്കളടക്കമുള്ളവര്‍ നിവേദനം നല്‍കിയാല്‍ പുനരന്വേഷണം നടത്തുമെന്നും ആഭ്യന്തരമന്ത്രി പ്രസ്താവന നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ഡിസംബര്‍ 18ന്ബന്ധുക്കള്‍ വീണ്ടും നിവേദനം നല്‍കുകയായിരുന്നു.

നാല്‍പ്പാടി വാസു വധക്കേസ്: പുനരന്വേഷണം ഒഴിവാക്കിയത് സുധാകരന്റെ ഭീഷണിക്ക് വഴങ്ങി

കണ്ണൂര്‍: നാല്‍പ്പാടി വാസു വധക്കേസ് പുനരന്വേഷിക്കേണ്ടെന്ന ആഭ്യന്തരവകുപ്പിന്റെ തീരുമാനം കെ സുധാകരന്‍ എംപിയുടെ ഭീഷണിക്ക് വഴങ്ങി. പുനരന്വേഷിച്ചാല്‍ യുഡിഎഫ് സര്‍ക്കാരിനെ വീഴ്ത്തുമെന്ന ഭീഷണിയാണ് സുധാകരന്‍ ഉയര്‍ത്തിയത്. കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയാണ്, സുധാകരന്‍ പറയുന്നതുപോലെ ചെയ്താല്‍ മതിയെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് നിദേശം നല്‍കിയത്. സര്‍ക്കാരിന് കുഴപ്പമുണ്ടാകാതിരിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ഇത് അംഗീകരിച്ചു. സിപിഐ എം പ്രവര്‍ത്തകരോ നേതാക്കളോ പ്രതികളായ കേസുകളില്‍മാത്രം പുനരന്വേഷണമെന്ന സര്‍ക്കാര്‍ നിലപാട് ഇവിടെ ആവര്‍ത്തിച്ചുറപ്പിക്കുകയാണ്.

നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് നാല്‍പ്പാടി വാസു വധക്കേസ് പുനരന്വേഷിക്കേണ്ടെന്ന് ആഭ്യന്തരവകുപ്പ് തീരുമാനിച്ചതത്രെ. പുനരന്വേഷണം ആവശ്യപ്പെട്ട് വാസുവിന്റെ സഹോദരന്‍ നാല്‍പ്പാടി രാജന്‍ സര്‍ക്കാരിനു പരാതി നല്‍കിയിരുന്നു. വാസു വധക്കേസ് പുനരന്വേഷിക്കേണ്ടെന്ന് തീരുമാനിച്ച ആഭ്യന്തരവകുപ്പ്, എന്തടിസ്ഥാനത്തിലാണ് യുവമോര്‍ച്ച നേതാവ് കെ ടി ജയകൃഷ്ണന്‍ വധക്കേസ് പുനരന്വേഷിക്കുന്നതെന്ന് വ്യക്തമാക്കേണ്ടിവരും. ജയകൃഷ്ണന്‍ വധക്കേസില്‍ സുപ്രീംകോടതി ഒരാളെ ശിക്ഷിക്കുകയും നാലുപേരെ വെറുതെവിടുകയും ചെയ്തു. ശിക്ഷിക്കപ്പെട്ടയാള്‍ കലാവധി കഴിഞ്ഞ് പുറത്തിറങ്ങിയശേഷമാണ് പുനരന്വേഷണം. ടി പി ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് പിടിയിലായ ടി കെ രജീഷിനെ കടുത്ത പീഡനമുറകള്‍ക്ക് ഇരയാക്കി, ജയകൃഷ്ണനെ വധിച്ചവരെയല്ല പ്രതികളാക്കിയതെന്ന് പൊലീസ് പറയിക്കുകയായിരുന്നു. രജീഷ് ഇക്കാര്യം കോടതിയില്‍ പറഞ്ഞിട്ടുണ്ട്. ചില പൊലീസ് ഓഫീസര്‍മാരുടെ സഹായത്തോടെ വലതുപക്ഷ മാധ്യമങ്ങള്‍ സൃഷ്ടിച്ച കള്ളക്കഥകളെ അടിസ്ഥാനമാക്കിയാണ് ജയകൃഷ്ണന്‍ വധക്കേസ് വീണ്ടും അന്വേഷിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. നാല്‍പ്പാടി വാസു വധക്കേസ് പുനരന്വേഷിക്കുന്നതിന് നിയമസാധുതയില്ലെന്നുപറയുന്ന ആഭ്യന്തരവകുപ്പാണ് ജയകൃഷ്ണന്‍ വധക്കേസ് വീണ്ടും അന്വേഷിക്കുന്നതിന് ഉത്തരവിട്ടത്. സുപ്രീം കോടതി തീര്‍പ്പുകല്‍പ്പിച്ച കേസില്‍ പുനരന്വേഷണം നടത്താന്‍ എവിടെനിന്നാണ് നിയമോപദേശം കിട്ടിയതെന്ന് വെളിപ്പെടുത്തുന്നില്ല.
(പി സുരേശന്‍)

deshabhimani 280113

No comments:

Post a Comment