Monday, February 25, 2013

കോര്‍പറേഷനും ജില്ലാപഞ്ചായത്തും ചെലവഴിച്ചത് 10 ശതമാനത്തില്‍ത്താഴെ തുക


തൃശൂര്‍ ജില്ലാ പഞ്ചായത്തിലും തൃശൂര്‍ കോര്‍പറേഷനിലും പദ്ധതിവിഹിതം ചെലവഴിച്ചത് പത്തു ശതമാനത്തില്‍ താഴെ മാത്രം. തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി രൂപീകരണം സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ നിലപാടിലെ അപാകവും ഭരണമുന്നണിയിലെ ചേരിപ്പോരുമാണ് വികസന പദ്ധതികള്‍ക്ക് തുരങ്കംവച്ചത്. പദ്ധതി പൂര്‍ത്തീകരണത്തിന് ഒരു മാസം മാത്രം ബാക്കിനില്‍ക്കെ രണ്ടിടത്തും പല പദ്ധതികളും അവതാളത്തിലാകും. തദ്ദേശ സ്ഥാപനങ്ങള്‍ ആദ്യം അഞ്ചുവര്‍ഷ പദ്ധതികള്‍ തയ്യാറാക്കണമെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവ്. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകദേശം അന്ത്യഘട്ടത്തില്‍ എത്തിയപ്പോഴാണ് വീണ്ടും വാര്‍ഷിക പദ്ധതികള്‍ തയ്യാറാക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവുവന്നത്. ഇത് ത്രിതല പഞ്ചായത്തുകളുടെ പദ്ധതി പ്രവര്‍ത്തനം താളംതെറ്റിച്ചു.

ജില്ലാ പഞ്ചായത്തിന് പദ്ധതിവിഹിതമായി 14,87,53,705 രൂപയാണ് എട്ടു ഗഡുവായി അനുവദിച്ചത്. ജനറല്‍ വിഭാഗത്തില്‍ 92,43,059 രൂപയും എസ്സി വിഭാഗത്തില്‍ 10,75,371 രൂപയുമാണ് ചെലവഴിച്ചത്. പദ്ധതിപൂര്‍ത്തിയാക്കാനുള്ള ശ്രമമില്ലാത്തതിനാല്‍ ഭവനപദ്ധതികള്‍ ഉള്‍പ്പെടെ പലതും താറുമാറാകും. പദ്ധതി നടത്തിപ്പപിലെ മെല്ലെപ്പോക്കിനിടെയാണ് നിര്‍മാണപ്രവര്‍ത്തനങ്ങളില്‍ അഴിമതി അരങ്ങേറുന്നത്. ഇതിനെച്ചൊല്ലി യുഡിഎഫില്‍ ചേരിപ്പോരുമാണ്. സിഎംപിയും കോണ്‍ഗ്രസും തമ്മിലുള്ള ചേരിപ്പോരില്‍ മരാമത്ത് പണികളെല്ലാം സ്തംഭിച്ചിരിക്കുകയാണ്.

ജില്ലാ പഞ്ചായത്ത് ഭരണനേതൃത്വത്തിന്റെ കെടുകാര്യസ്ഥതയും യുഡിഎഫ് ചേരിപ്പോരുമാണ് പദ്ധതിനിര്‍വഹണത്തില്‍ വന്‍വീഴ്ച വരുത്തിയിട്ടുള്ളതെന്ന് പ്രതിപക്ഷനേതാവ് പി കെ ഡേവിസ് പറഞ്ഞു. എന്നാല്‍ പദ്ധതികള്‍ പൂര്‍ത്തീകരിക്കാന്‍ സര്‍ക്കാര്‍ സമയം ദീര്‍ഘിപ്പിച്ചു നല്‍കുമെന്നും പദ്ധതികള്‍ പൂര്‍ത്തീകരിക്കാനാവുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി ദാസന്‍ പറഞ്ഞു. തൃശൂര്‍ കോര്‍പറേഷനിലും പത്തു ശതമാനത്തില്‍ത്താഴെ മാത്രമാണ് പദ്ധതിനിര്‍വഹണം. പദ്ധതികള്‍ പലതും ഇനിയും അംഗീകരിച്ചു കിട്ടിയിട്ടില്ല. 663 പദ്ധതിക്കാണ് അംഗീകാരം കിട്ടാനുള്ളതെന്ന് കോര്‍പറേഷന്‍ വൃത്തങ്ങള്‍ അറിയിച്ചു. മരാമത്ത് പണികള്‍ ചിലതു നടത്തി പദ്ധതിനിര്‍വഹണം നടത്തിയെന്നു വരുത്തിത്തീര്‍ക്കാനുള്ള ശ്രമത്തിലാണ് കോര്‍പറേഷന്‍ ഭരണനേതൃത്വം. പാവപ്പെട്ടവര്‍ക്ക് ഭൂമി നല്‍കുന്ന പദ്ധതിയും ഭവനിര്‍മാണപദ്ധതികളും തകിടംമറിയുമെന്നാണ് നില. കുടിവെള്ളവിതരണത്തില്‍ വിജിലന്‍സ് അന്വേഷണം നേരിടുകയാണ്. ഡിസിസി പ്രസിഡന്റ് സ്ഥാനത്തെച്ചൊല്ലിയുള്ള എ-ഐ ഗ്രൂപ്പ് തര്‍ക്കം കോര്‍പറേഷന്‍ ഭരണത്തെയും ബാധിച്ചിരിക്കുകയാണ്. ഭരണനേതൃത്വത്തിന്റെ പിടിപ്പുകേടുമൂലം നഗരത്തിന്റെ വികസനം തകിടംമറിഞ്ഞിരിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് പി എ പുരുഷോത്തമന്‍ പറഞ്ഞു. എന്നാല്‍ പദ്ധതികള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നും സമയം ദീര്‍ഘിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടികളുണ്ടാകുമെന്നും മേയര്‍ ഐ പി പോള്‍ പറയുന്നു.

deshabhimani 250213

No comments:

Post a Comment