Wednesday, February 13, 2013

വയലാര്‍ രവിക്കെതിരെ നിയമനടപടി വേണം


സ്വകാര്യമായി ഖേദം പ്രകടിപ്പിച്ചതുകൊണ്ട് പൊറുക്കാവുന്നതല്ല വയലാര്‍ രവി ചെയ്ത അപരാധം. കേരളത്തിലെ ഉന്നതശീര്‍ഷരായ നേതാക്കളിലാണ് രവിയുടെ സ്ഥാനം. രാജ്യം ഭരിക്കുന്ന സീനിയര്‍ മന്ത്രിയാണദ്ദേഹം. അങ്ങനെയൊരു മനുഷ്യന്‍, അദ്ദേഹത്തിന്റെതന്നെ ഭാഷയില്‍ തന്റെ കൊച്ചുമകളുടെ പ്രായംപോലുമില്ലാത്ത മാധ്യമപ്രവര്‍ത്തകയോട് പരസ്യമായി പറഞ്ഞ വാക്കുകളും പെരുമാറിയ രീതിയും സംസ്കാരം തൊട്ടുതീണ്ടാത്തതാണ് എന്ന് പറയുന്നത് അതിശയോക്തിയാവില്ല. തന്റെ പാര്‍ടിയിലെ മറ്റൊരു നേതാവ് ലൈംഗികാരോപണത്തില്‍ തകര്‍ന്നടിയുമ്പോള്‍ രക്ഷിക്കാനുള്ള സന്നദ്ധതയും വെപ്രാളവും വയലാര്‍ രവിക്കുണ്ടാകുന്നതില്‍ ആരും കുറ്റംപറയില്ല. ആ ബാധ്യതയാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിമുതല്‍ കെപിസിസി എക്സിക്യൂട്ടീവ് അംഗംകൂടിയായ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍സ് ആസഫ് അലിവരെയുള്ളവര്‍ ലജ്ജാശൂന്യമായി നിറവേറ്റുന്നത്.

കുര്യന്‍ തന്നെ പീഡിപ്പിച്ചു എന്ന് ഇര ആവര്‍ത്തിച്ച് വിളിച്ചുപറയുന്നത് കേള്‍ക്കാതെ, ആ വിലാപം ശരിവയ്ക്കുന്ന കുറ്റസമ്മതങ്ങളും സാക്ഷിമൊഴികളും അവഗണിച്ച് കുര്യന് വിശുദ്ധപട്ടം ചാര്‍ത്തിക്കൊടുക്കാനുള്ള മത്സരമാണവര്‍ നടത്തുന്നത്. ആ കോറസില്‍ സഭ്യതയുടെ അതിരുകള്‍ ഭേദിച്ചാണ് വയലാര്‍ രവി പങ്കാളിയായത്. പി ജെ കുര്യനെതിരായ ആരോപണം നാട്ടിലാകെ ചര്‍ച്ചചെയ്യുമ്പോള്‍ വയലാര്‍ രവിയുടെ അഭിപ്രായമാരാഞ്ഞ മാധ്യമപ്രവര്‍ത്തക തന്റെ കര്‍ത്തവ്യമാണ് നിര്‍വഹിച്ചത്. അതുകൊണ്ടുതന്നെ തൊഴില്‍ ചെയ്യാനുള്ള അവകാശത്തിന്മേലുള്ള കടന്നുകയറ്റമാണ് വയലാര്‍ രവിയുടേത്. ചോദ്യമുന്നയിച്ചത് വനിതയാകുമ്പോള്‍ അത് മറ്റൊരര്‍ഥത്തിലും കുറ്റകരമാകുന്നു.

ഇവിടെ ഒരു മാധ്യമപ്രവര്‍ത്തക സമുന്നത രാഷ്ട്രീയ നേതാവിനാല്‍ നേരിട്ട് അധിക്ഷേപിക്കപ്പെട്ടിരിക്കയാണ്. സ്വതന്ത്രവും നിര്‍ഭയവുമായി മാധ്യമ പ്രവര്‍ത്തനം നടത്തുന്നവരോട് രാഷ്ട്രീയ നേതൃത്വം ഇവ്വിധം പെരുമാറുമ്പോള്‍ ജനാധിപത്യത്തിന്റെ അടിസ്ഥാനമൂല്യങ്ങള്‍തന്നെയാണ് തച്ചുതകര്‍ക്കപ്പെടുന്നത്. അതുകൊണ്ടുതന്നെ, വനിതാ മാധ്യമപ്രവര്‍ത്തകരുടെമാത്രം പ്രശ്നമായി ഇതിനെ ചുരുക്കിക്കാണാതെ, മാധ്യമ രംഗത്ത് പ്രവര്‍ത്തിക്കുന്ന സംഘടനകളും പൊതുസമൂഹമാകെയും ഗൗരവമായി ഈ വിഷയം ഏറ്റെടുക്കേണ്ടതുണ്ട്. വയലാര്‍ രവിയുടെ അധിക്ഷേപവും, സംസ്കാരവും സഭ്യതയും കൈവിട്ട പെരുമാറ്റവും ഒരു വ്യക്തിയോടുള്ളതുമാത്രമായി നിസ്സാരവല്‍ക്കരിക്കാനാവില്ല. രവിയുടെ ടെലിഫോണ്‍ ഖേദപ്രകടനത്തിന് അതുകൊണ്ടുതന്നെ വിലയുമില്ല. രാജ്യത്ത് നിലവിലുള്ള നിയമങ്ങളനുസരിച്ച് അദ്ദേഹത്തിനെതിരെ നടപടിയെടുക്കാന്‍ അധികൃതര്‍ തയ്യാറാകണം. രവിയില്‍നിന്ന് പരസ്യമായ ഖേദപ്രകടനവുമുണ്ടാകണം.

deshabhimani editorial

No comments:

Post a Comment