Saturday, February 23, 2013

സംസ്ഥാന സിനിമ അവാര്‍ഡ് വാര്‍ത്തകള്‍, കുറിപ്പുകള്‍


സെല്ലുലോയ്ഡ്: ഓര്‍മയുടെ കലാപം

കലാരംഗത്ത് ജെ സി ഡാനിയലോളം അവഗണനയുടെ കയ്പുനീര്‍ കുടിച്ചവര്‍ ഏറെയുണ്ടാവില്ല. അവസാനമെത്തിയ മലയാള സിനിമയുടെ പിതാവ് എന്ന, ആര്‍ക്കും മുടക്കില്ലാത്ത വിളിപ്പേര് അദ്ദേഹത്തിനോടുള്ള നന്ദികേടിന് പശ്ചാത്താപവുമായില്ല. എന്നാല്‍ കമല്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത "സെല്ലുലോയ്ഡ്" എന്ന ചിത്രം മറവികള്‍ക്കെതിരായ ഓര്‍മകളുടെ കലാപമാവുകയാണ്.

സിനിമയെക്കുറിച്ച് കേരളത്തിന് കേട്ടുകേള്‍വിപോലുമില്ലാതിരുന്ന 1926-28 കാലത്തായിരുന്നു ഡാനിയലിന്റെ അലച്ചിലുകള്‍. മദിരാശിയിലും മുംബൈയിലും വലിയ പ്രതിഭകള്‍ക്കുമുന്നില്‍ ഏകലവ്യനെപ്പോലെ കാത്തുകെട്ടിനിന്നു. മദിരാശിയിലെ ദുരനുഭവങ്ങള്‍ തളര്‍ത്താതിരുന്നതിനാലാണ് ഫാല്‍ക്കെയെ തേടിപ്പോയത്. കേരളത്തില്‍നിന്നുള്ള അധ്യാപകനാണെന്നും കുട്ടികളെ സിനിമയെക്കുറിച്ച് പഠിപ്പിക്കാന്‍ ആഗ്രഹിക്കുന്നുവെന്നുമുള്ള ചെറിയ കളവുപറഞ്ഞാണ് മുംബൈ അഭ്രപാളിയുടെ വിസ്മയങ്ങള്‍ ഒപ്പിയെടുക്കാന്‍ അവസരമുണ്ടാക്കിയതും. നാട്ടില്‍ തിരിച്ചെത്തിയ ഡാനിയല്‍ ദി ട്രാവന്‍കൂര്‍ നാഷണല്‍ പിക്ചേഴ്സ് എന്ന സ്റ്റുഡിയോ തുറന്നു. നാലുലക്ഷം രൂപക്ക് സ്വത്ത് വിറ്റാണ് മൂലധനം സമാഹരിച്ചത്. തിരക്കഥയും സംവിധാനവും ഫോട്ടോഗ്രാഫിയും എഡിറ്റിങ്ങും നിര്‍മാണവുമെല്ലാം തനിച്ച് ഏറ്റെടുത്തതിന്റെ ഫലപ്രാപ്തിയായിരുന്നു വിഗതകുമാരന്‍ എന്ന നിശ്ശബ്ദ സിനിമ. 1928 നവംബര്‍ ഏഴിന് തിരുവന്തപുരത്തെ കാപ്പിറ്റോള്‍ തിയേറ്ററിലെ ആദ്യപ്രദര്‍ശനം യാഥാസ്ഥിതികരുടെ അതിക്രമത്തിനിരയായി. സാമൂഹ്യ ഉള്ളടക്കംപോലെ അവരെ പ്രകോപിതരാക്കിയത് നടിയുടെ സാന്നിധ്യം. തീര്‍ന്നില്ല, ദളിതയായ പി കെ റോസി നായര്‍സ്ത്രീയെ അവതരിപ്പിച്ചത് സഹിക്കാവുന്നതിനപ്പുറമായി. അവരെ സിനിമാകൊട്ടകയില്‍ കാലെടുത്തുവയ്ക്കാന്‍പോലും അനുവദിച്ചില്ല. കല്ലേറും ബഹളവും പ്രദര്‍ശനത്തിന് തിരശ്ശീലയിട്ടു. ഡാനിയല്‍ പെട്ടി ചുമന്ന് നേരിട്ടെത്തുകയായിരുന്നു ആലപ്പുഴയിലെ സ്റ്റാര്‍ തിയേറ്ററില്‍. സാമ്പത്തികമായി തകര്‍ന്ന അദ്ദേഹം കടംവീട്ടാന്‍ സ്റ്റുഡിയോയും അനുബന്ധ ഉപകരണങ്ങളും വിറ്റുതുലച്ചിട്ടും പിടിച്ചുനില്‍ക്കാനായില്ല. റോസിയാകട്ടെ യഥാര്‍ഥ ദുരന്തനായികതന്നെയായിരുന്നു. കൂലിപ്പണിക്കാരിയായ അവള്‍ കഞ്ഞിത്തൂക്കുമായാണ് ചിത്രീകരണത്തിനെത്തിയിരുന്നത്. വൈകുന്നേരങ്ങളില്‍ കൃഷിപ്പണിക്കുപോയി. അവളുടെ കൂരയ്ക്ക് തീയിടുംവരെയെത്തി പ്രമാണിമാരുടെ അസഹിഷ്ണുത. ഈ കയറ്റിറക്കങ്ങളുടെ സന്തോഷവും ഞെട്ടലും ആഴത്തില്‍ അനുഭവവേദ്യമാക്കുന്നിടത്താണ് സെല്ലുലോയ്ഡിന്റെ സംഭാവന.

മധ്യമാര്‍ഗ സിനിമകളുടെ വിജയ സംവിധായകനായ കമല്‍ ജനകീയതയും ജനപ്രിയതയും കോര്‍ത്തിണക്കുന്നതില്‍ മികച്ച ശ്രദ്ധയാണ് പുലര്‍ത്തിയതും. ചലച്ചിത്രത്തെ ചൂഴ്ന്നുനില്‍ക്കുന്ന നിഗൂഢതകള്‍ ഒന്നൊന്നായി ഇഴപിരിച്ചെടുത്തതും പ്രധാനംതന്നെ. പൊതുസ്ഥാപനങ്ങളിലെയും പൊതുമണ്ഡലങ്ങളിലെയും വിഭാഗീയതയുടെ പരിസരം പലമട്ടില്‍ ഓര്‍മിപ്പിക്കുന്നുമുണ്ട് കമല്‍. പൃഥ്വിരാജിന് മികച്ച നടന്റെ പുരസ്കാരം നേടിക്കൊടുത്ത ഡാനിയല്‍ അയത്ന ലളിതമായ അവതരണത്തിനൊപ്പം അഗാധമായ ഗൃഹപാഠവുംകൊണ്ടാണ് പ്രേക്ഷകരെ പിന്തുടരുന്നത്. ഗൗരവമുള്ള ഫലിതത്തിന്റെ മേമ്പൊടികളും ഭാഷാപണ്ഡിതരുടെ പിന്തുണയില്‍ വികസിപ്പിച്ച സംഭാഷണങ്ങളും സെല്ലുലോയ്ഡിനെ വ്യത്യസ്തമാക്കുന്നുണ്ട്. ആധുനിക സംഗീതോപകരണങ്ങളുടെ കൈത്താങ്ങില്ലാതിരുന്ന കാലത്തെ നാടന്‍ പരിസ്ഥിതി മധുരമനോഹരമായി വിവര്‍ത്തനം ചെയ്യുന്നതായി എം ജയചന്ദ്രന്റെ സംഗീത സംവിധാനം. ആ വരികള്‍ തുറന്നുപാടിയ സിതാരയെയും എടുത്തുപറയാതെവയ്യ.

അകക്കണ്ണിന്റെ വെളിച്ചത്തില്‍ സ്വരച്ചേര്‍ച്ചയുടെ അത്ഭുതാവഹമായ യോജിപ്പ് കാണിച്ചുതന്ന വൈക്കം വിജയലക്ഷ്മിക്കൊപ്പം ശ്രീറാമും ജൂറിയുടെ പ്രത്യേക പരാമര്‍ശം നേടി. പ്രശസ്ത പത്രപ്രവര്‍ത്തകന്‍ ചേലങ്ങാട്ട് ഗോപാലകൃഷ്ണന്റെ പര്യവേക്ഷണംപോലുള്ള അന്വേഷണയാത്രകളാണ് ജെ സി ഡാനിയലിനെയും അദ്ദേഹത്തിന്റെ സിനിമാ ഭ്രമത്തെയും പുറംലോകത്തെത്തിച്ചത്.

ആ കണ്ടെത്തലിനൊന്നും ഔദ്യോഗിക സ്ഥിരീകരണമുണ്ടായില്ല. തുച്ഛമായ സാമ്പത്തിക സഹായംപോലും നിഷേധിക്കപ്പെട്ടു. അന്നത്തെ മുഖ്യമന്ത്രി കെ കരുണാകരനും സാംസ്കാരിക സെക്രട്ടറി മലയാറ്റൂര്‍ രാമകൃഷ്ണനും അവജ്ഞനിറഞ്ഞ ഒഴികഴിവുകളാണ് നിരത്തിയതും. ശ്രീനിവാസനിലൂടെ ജീവന്‍വയ്ക്കുന്ന ചേലങ്ങാട്ടുമായുള്ള ഡാനിയലിന്റെ സംസാരങ്ങള്‍ കമല്‍ സിനിമയുടെ ഹൃദയംതന്നെയാകുന്നുണ്ട്. ഒരു ശ്രമത്തിന്റെ ഭാരത്തിനിടയില്‍ ഞെരിഞ്ഞമര്‍ന്ന് സാധാരണ ജീവിതം കൈമോശംവന്ന ഡാനിയല്‍ ദന്തല്‍ പഠിച്ച് പല്ലുഡോക്ടറാവുകയുമുണ്ടായി. നഷ്ടപ്പെട്ട ജീവിതത്തിന്റെ ചില ഏടുകള്‍ തിരിച്ചുപിടിക്കുമ്പോഴേക്കും മറ്റൊരു വിളി. അതു കേള്‍ക്കാന്‍ മനുസുറപ്പിച്ചത് എല്ലാം താറുമാറാക്കുകയായിരുന്നു. യാചക സമാനമായ ജീവിതത്തിന്റെ ശുഷ്ക നാളുകളില്‍ ഭാര്യ ജാനറ്റ് എന്തൊരു ശക്തിയോടെയാണ് പിന്തുണച്ചതും. മംമ്ത മോഹന്‍ദാസിന്റെ ജാനറ്റ് അതിശക്തമായ അടിത്തറയുള്ള സ്ത്രീ കഥാപാത്രമാണ്. റോസിയായി രംഗത്തെത്തിയ ചാന്ദ്നിയും സുന്ദറായി വന്ന ശ്രീജിത്ത് രവിയും സമര്‍പ്പണ തുല്യമായ അഭിനയമാണ് കാഴ്ച വച്ചത്.
(അനില്‍കുമാര്‍ എ വി)

ആദരിക്കപ്പെട്ടത് മലയാളസിനിമയുടെ പിതാവ്

തിരു: മലയാളഭാഷയുടെ പിതാവിനെ വാഴ്ത്തുന്നതുപോലെ മലയാളി മലയാളസിനിമയുടെ പിതാവിനെ ഒരിക്കലും വാഴ്ത്തിയിട്ടില്ലായിരുന്നു. "സെല്ലുലോയ്ഡി"നെ തിയറ്ററുകളില്‍ ഹൗസ്ഫുള്ളാക്കിയും ഒടുവിലിപ്പോള്‍ അവാര്‍ഡിന്റെ പെരുമഴ സമ്മാനിച്ചും മലയാളി ആ നന്ദികേടിന് അവസാനം കുറിച്ചു. മികച്ച ചിത്രത്തിനുള്‍പ്പെടെ ഏഴ് പുരസ്കാരമാണ് മലയാള സിനിമയുടെ പിതാവ് ജെ സി ഡാനിയേലിന്റെ ജീവിതം അഭ്രപാളിയിലേക്കു പകര്‍ത്തിയ സെല്ലുലോയ്ഡിനു ലഭിച്ചത്. തനിക്കു ലഭിച്ച പുരസ്കാരം ജെ സി ഡാനിയേലിന് സമര്‍പ്പിക്കുന്നുവെന്നായിരുന്നു ഡാനിയേലിനെ സെല്ലുലോയ്ഡില്‍ അവിസ്മരണീയമാക്കിയതിലൂടെ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ട പൃഥ്വിരാജിന്റെ ആദ്യപ്രതികരണം.

എഴുത്തച്ഛനുമുമ്പ് മലയാളമുണ്ടായിരുന്നെങ്കിലും ഡാനിയേലിനുമുമ്പ് മലയാള സിനിമയുണ്ടായിരുന്നില്ല. സര്‍വതും സിനിമയ്ക്കായി സമര്‍പ്പിച്ച് ഒടുവില്‍ തമിഴ്നാട്ടിലെ ഏതോ തെങ്ങിന്‍ചുവട്ടില്‍ ആരോരുമറിയാതെ അന്ത്യവിശ്രമം കൊള്ളേണ്ടിവന്ന ആ ത്യാഗധനന്റെ വിയര്‍പ്പും സിനിമാ"ഭ്രാന്തും" ആണ് മലയാളസിനിമയ്ക്ക് ലോകത്തിനുമുന്നിലെത്താനുള്ള അടിത്തറ തീര്‍ത്തത്. ഡാനിയേലിന്റെ ജീവിതത്തിലെ അറിയപ്പെടാത്ത ഏടുകളെ സത്യസന്ധമായും കലാപരമായും ആവിഷ്കരിച്ചതിനാണ് പുരസ്കാരമെന്ന് ജൂറി വ്യക്തമാക്കി.

പി കെ റോസിയെന്ന മലയാളത്തിന്റെ ആദ്യനായികയുടെ ദുരന്തജീവിതംകൂടിയാണ് സെല്ലുലോയ്ഡിലൂടെ സംവിധായകന്‍ കമല്‍ മലയാളിയെ ഓര്‍മിപ്പിച്ചത്. പതിറ്റാണ്ടുമുമ്പ് കുരീപ്പുഴ എഴുതിയ "നായികയുടെ രാത്രി" എന്ന കവിതയില്‍ റോസിയെ വിവരിച്ചതുപോലായിരുന്നു ആദ്യ മലയാള സിനിമയുടെ ചരിത്രഭാഗധേയവും. ഡാനിയേല്‍ നിര്‍മാതാവും സംവിധായകനും നായകനുമായി പുറത്തിറങ്ങിയ "വിഗതകുമാരന്‍" എന്ന നിശബ്ദചിത്രത്തിലെ നായികയായ നായര്‍പെണ്‍കുട്ടിയായി ദളിതയായ റോസി അഭിനയിച്ചത് അക്ഷരാര്‍ഥത്തില്‍തന്നെ അന്നത്തെ സവര്‍ണ മാടമ്പിമാരുടെ രോഷാഗ്നിക്കിടയാക്കി. ആദ്യപ്രദര്‍ശനത്തില്‍തന്നെ തിയറ്റര്‍ അഗ്നിക്കിരയാക്കി. തന്റെ ആദ്യചിത്രം ഒന്നു കാണാന്‍പോലുമാകാതെ പ്രാണനും കൈയില്‍പിടിച്ച് എങ്ങോട്ടോ ഓടിമറഞ്ഞ മലയാളത്തിന്റെ ആദ്യനായികയെ മറവിയുടെ ഇരുട്ടില്‍നിന്ന് ഓര്‍മകളുടെ വെള്ളിത്തിരയിലേക്കാണ് കമല്‍ ആനയിച്ചത്. സിതാരയും വൈക്കം വിജയലക്ഷ്മിയും ശ്രീറാമും പാട്ടിന്റെ തേന്‍മഴ പെയ്യിച്ച് ചിത്രത്തിലെ ഗാനങ്ങളും മധുരതരമാക്കി.

ഷട്ടറിന് അവഗണന; ജൂറിക്ക് നിലവാരമില്ലെന്ന് സംവിധായകന്‍

തിരു: കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ മികച്ച ചിത്രത്തിനുള്ള പ്രേക്ഷക അവാര്‍ഡ് കരസ്ഥമാക്കി മലയാളത്തിന്റെ അഭിമാനമായ "ഷട്ടര്‍" സംസ്ഥാന അവാര്‍ഡ് നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടത് വിവാദമാകുന്നു. നടി സജിത മഠത്തിലിനുമാത്രമാണ് പുരസ്കാരം ലഭിച്ചത്. അതും മികച്ച രണ്ടാമത്തെ നടിയെന്നത്. കപടസദാചാരബോധത്തെ പൊളിച്ചടുക്കുന്ന ഷട്ടറിലെ കഥാപാത്രങ്ങളുടെ അഭിനയമികവും സംവിധാനമികവും ചലച്ചിത്രമേളയില്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെ സംസ്ഥാന അവാര്‍ഡ് പ്രഖ്യാപനത്തിലും ഇത് പ്രതിഫലിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു.

സിബി മലയില്‍ ഒഴികെ ജൂറിയിലെ മറ്റാര്‍ക്കും നിലവാരമില്ലായിരുന്നുവെന്ന രൂക്ഷവിമര്‍ശവുമായി പുരസ്കാരപ്രഖ്യാപനത്തിന് തൊട്ടുപുറകെ ഷട്ടറിന്റെ സംവിധായകന്‍ ജോയിമാത്യു രംഗത്തുവന്നു. ""ലോകസിനിമയോട് മത്സരിച്ചാണ് "ഷട്ടര്‍" രാജ്യാന്തരമേളയില്‍ പുരസ്കാരം നേടിയത്. സംസ്ഥാന അവാര്‍ഡ് കിട്ടില്ലെന്ന് നേരത്തെ അറിയാമായിരുന്നു. ജൂറിക്ക് അവരുടേതായ രാഷ്ട്രീയവും സെന്‍സിബിലിറ്റിയുമുണ്ട്. ജനങ്ങളുടെ അവാര്‍ഡിനാണ് താന്‍ വിലകല്‍പ്പിക്കുന്നത്""- ജോയിമാത്യു പറഞ്ഞു. ഒരു തെരുവുവേശ്യയുടെ ശരീരഭാഷ അനായാസേന അവതരിപ്പിച്ചതും ശബ്ദനിയന്ത്രണത്തിലെ മികവുമാണ് സജിതയെ പുരസ്കാരത്തിന് അര്‍ഹയാക്കിയതെന്ന് ജൂറി വിശദീകരിക്കുന്നു. എന്നാല്‍, മികച്ച നടിയായി തെരഞ്ഞെടുത്ത റീമ കല്ലിങ്കല്‍ അഭിനയിച്ച "നിദ്ര"യില്‍ അവരുടെ കഥാപാത്രത്തിന് മറ്റൊരാളാണ് ശബ്ദം നല്‍കിയത്. "നിദ്ര"യില്‍ റീമയ്ക്ക് ഭാവതീവ്രമായി ശബ്ദം നല്‍കിയ വിമ്മി മറിയം ജോര്‍ജിന് മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റിനുള്ള പുരസ്കാരവും ലഭിച്ചു. മികച്ച നടിക്കുള്ള പുരസ്കാരത്തിന് റീമയെ തെരഞ്ഞെടുക്കുന്നതില്‍ "22 ഫീമെയില്‍ കോട്ടയ"ത്തിലെ അഭിനയമികവും ജൂറി പരിഗണിച്ചു.


""ഞാലിപ്പൂങ്കദളി വാഴപ്പൂക്കളില്‍ ആകെ തേന്‍ നിറഞ്ഞൂ...""

സിനിമയെ കടന്നുപോയ പാട്ടുകളായി മാറി സെല്ലുലോയ്ഡിലെ പാട്ടുകള്‍. കേരളം ഏറ്റുപാടിയ പാട്ടുകള്‍ക്ക് സംസ്ഥാന ചലച്ചിത്രപുരസ്കാരങ്ങളുടെ അംഗീകാരപ്പെരുമഴയും. മലയാളത്തിന്റെ പ്രിയ നാടന്‍പാട്ടുകലാകാരന്‍ എഴുതി മലയാളസിനിമയുടെ മധുരമായ ജയചന്ദ്രന്‍ ഈണമിട്ട "ഏനുണ്ടോടീ അമ്പിളിച്ചന്തം" എന്ന പാട്ടിലൂടെ സിതാര മികച്ച ഗായികയായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ഇന്റര്‍നെറ്റില്‍വരെ ജനപ്രിയഗാനമായി മാറിയ "കാറ്റേ കാറ്റേ നീ പൂക്കാമരത്തില്‍" എന്ന ഗാനത്തിലൂടെ വൈക്കം വിജയലക്ഷ്മിയും ജി ശ്രീറാമും ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിനും അര്‍ഹമായി.

സെല്ലുലോയ്ഡിലെ പാട്ടുകള്‍ക്കെല്ലാം അംഗീകാരം ലഭിച്ചതോടെ മികച്ച സംഗീതസംവിധായകനായി തെരഞ്ഞെടുക്കപ്പെട്ട ജയചന്ദ്രന് അഭിനന്ദനപ്രവാഹമാണ്. റഫീഖ് അഹമ്മദ് എഴുതിയ ""കാറ്റേ കാറ്റേ നീ പൂക്കാമരത്തില്‍ പാട്ടും മൂളിവന്നോ (2) ഞാലിപ്പൂങ്കദളി വാഴപ്പൂക്കളില്‍ ആകെ തേന്‍ നിറഞ്ഞൂ..."" എന്ന വരികള്‍ വിജയലക്ഷ്മിയിലൂടെയും ശ്രീറാമിന്റെയും ശബ്ദത്തിലൂടെ പുറത്തുവന്നതിനുപിന്നിലെ കഥ ജയചന്ദ്രന്‍തന്നെ വ്യക്തമാക്കിയിട്ടുണ്ട്. പഴയകാലത്തെ തിരിച്ചുപിടിക്കാന്‍ ജയചന്ദ്രന് പൂര്‍ണസ്വാതന്ത്ര്യം കമല്‍ നല്‍കിയിരുന്നു. ഒരു നിബന്ധന മാത്രം പഴയകാലത്തോട് പൂര്‍ണമായും നീതിപുലര്‍ത്തുകയും എന്നാല്‍, ഏറ്റവും പുതിയ തലമുറയ്ക്കുവരെ ഇഷ്ടപ്പെടുകയും ചെയ്യുന്നതാകണം പാട്ട്. അനുയോജ്യമായ ശബ്ദമാധുരി വിജയലക്ഷ്മിയിലും ശ്രീറാമിലും കണ്ടെത്തുകയായിരുന്നു. ഒരു കാലഘട്ടത്തിന്റെ പുനഃസൃഷ്ടിക്കുതകുംവിധം ഗാനസംവിധാനത്തിലൂടെ സിനിമയെ സമ്പുഷ്ടമാക്കിയെന്നാണ് ജയചന്ദ്രന് അവാര്‍ഡ് പ്രഖ്യാപിച്ച് ജൂറി വിലയിരുത്തിയത്.


ദേശാഭിമാനിയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിന് പ്രത്യേക ജൂറി പുരസ്കാരം

തിരു: ദേശാഭിമാനി "സ്ത്രീ" പതിപ്പില്‍ പ്രസിദ്ധീകരിച്ച ലേഖനപരമ്പരയ്ക്ക് സംസ്ഥാന ചലച്ചിത്ര പുരസ്കാരം. ശാസ്തമംഗലം സ്വദേശിയും ചലച്ചിത്രപ്രവര്‍ത്തകനുമായ കിരണ്‍ രവീന്ദ്രന്റെ ലേഖനത്തിനാണ് ജൂറിയുടെ പ്രത്യേക പുരസ്കാരം ലഭിച്ചത്. മലയാള സിനിമയിലെ ആദ്യകാല നായികമാരെ കണ്ടെത്തുകയും സിനിമാചരിത്രത്തിലെ വിട്ടുപോയവ വിളക്കിച്ചേര്‍ക്കുകയും ചെയ്യുന്ന ദൗത്യമാണ് കിരണിന്റെ ലേഖനപരമ്പര നിര്‍വഹിച്ചതെന്ന് ജൂറി വിലയിരുത്തി. മലയാളസിനിമയിലെ ആദ്യനായിക പി കെ റോസി മുതല്‍ ദേവകിബായി, നെയ്യാറ്റിന്‍കര കോമളം, കുമാരി തങ്കം തുടങ്ങി 1955 വരെയുള്ള നായികമാരെക്കുറിച്ചാണ് അവാര്‍ഡിനര്‍ഹമായ ലേഖനപരമ്പരയില്‍ പരാമര്‍ശിക്കുന്നത്. ജെ സി ഡാനിയലിനെക്കുറിച്ച് "ലോസ്റ്റ് ചൈല്‍ഡ്"എന്ന പേരില്‍ ഡോക്യുമെന്ററി എടുത്തിട്ടുണ്ട്. സിനിമാസംബന്ധിയായി നാലു പുസ്തകവും പ്രസിദ്ധീകരിച്ചു. "പിന്നണിഗാനചരിത്രം" എന്ന പുസ്തകത്തിന് 2008ല്‍ കേരള ഫിലിം ക്രിട്ടിക്സ് അവാര്‍ഡും ലഭിച്ചു.

84 ചിത്രങ്ങള്‍; മൂന്നിലൊന്നും നിലവാരമില്ലാത്തവയെന്ന് ജൂറി

തിരു: മലയാള സിനിമയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ചിത്രങ്ങള്‍ അവാര്‍ഡിന് അപേക്ഷിച്ച വര്‍ഷമായിരുന്നു ഇത്തവണ. 84 ചിത്രങ്ങളാണ് ജൂറിക്കു മുന്നിലെത്തിയത്. എന്നാല്‍, ഇവയില്‍ മൂന്നിലൊന്നുപോലും നിലവാരമില്ലാത്തവയാണെന്നാണ് ജൂറി പ്രതികരിച്ചത്. സന്തോഷ് പണ്ഡിറ്റിന്റെ ചിത്രവും പരിഗണനയ്ക്കെത്തി. മിക്ക സിനിമകളും കടുത്ത ശിക്ഷയായിപ്പോയെന്നും ജൂറി അഭിപ്രായപ്പെട്ടു. മികച്ച ചിത്രങ്ങള്‍ എണ്ണത്തില്‍ കുറവായിരുന്നെങ്കിലും സുദീര്‍ഘവും ഗൗരവപൂര്‍ണവുമായ ചര്‍ച്ചയിലൂടെ നല്ല ചിത്രങ്ങളും പ്രകടനവും ഏകകണ്ഠമായി കണ്ടെത്താന്‍ കഴിഞ്ഞതില്‍ ചാരിതാര്‍ഥ്യമുണ്ടെന്നും ജൂറി വ്യക്തമാക്കി. അടുത്തവര്‍ഷം മുതല്‍ തല്‍സമയ ശബ്ദലേഖന മികവ്, സ്പെഷ്യല്‍ വിഷ്വല്‍ ഇഫക്റ്റ്സ് എന്നിവ കൂടി അവാര്‍ഡിനു പരിഗണിക്കണമെന്ന് ജൂറി നിര്‍ദേശിച്ചു. അവാര്‍ഡിന്റെ നിയമാവലിയില്‍ അനുശാസിക്കുന്നവിധം ഗാനങ്ങളുടെ സിഡിയും പാട്ടിന്റെ വരികളുടെ പൂര്‍ണരൂപവും ഉള്‍പ്പെടെ സമര്‍പ്പിക്കാത്ത അപേക്ഷ നിരസിക്കണമെന്നും നിലവാരമില്ലാത്ത പ്രിന്റുകള്‍ പരിഗണിക്കരുതെന്നും നിര്‍ദേശമുണ്ട്. അമ്പതില്‍ കൂടുതല്‍ ചിത്രങ്ങള്‍ വന്നാല്‍ തെരഞ്ഞെടുപ്പു സമിതിയുടെ സഹായം സ്വീകരിക്കണമെന്നും ജൂറി നിര്‍ദേശിച്ചു. അടുത്ത തവണ മുതല്‍ അപേക്ഷാ ഫീസ് ഏര്‍പ്പെടുത്തുമെന്ന് മന്ത്രി വ്യക്തമാക്കി.

മികച്ച കുട്ടികളുടെ ചിത്രമില്ല

തിരു: ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മികച്ച കുട്ടികളുടെ ചിത്രമില്ല. ബ്ലാക്ക് ഫോറസ്റ്റ് എന്ന ചിത്രംമാത്രമാണ് കുട്ടികളുടെ വിഭാഗത്തില്‍ അവാര്‍ഡിനര്‍ഹമായി ജൂറി കണ്ടെത്തിയത്. എന്നാല്‍,അവാര്‍ഡ് നിര്‍ണയ നിയമാവലിപ്രകാരം ചലച്ചിത്ര അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗങ്ങളെ വ്യക്തിഗത അവാര്‍ഡുകള്‍ക്ക് പരിഗണിക്കാന്‍ കഴിയാത്തതിനാല്‍ ഈ ചിത്രത്തെ മികച്ച ചിത്രം, സംവിധായകന്‍ എന്നീ കാറ്റഗറികളില്‍ പരിഗണിച്ചില്ല. ശബ്ദലേഖനം ആണ്‍, നൃത്തസംവിധാനം എന്നീ വിഭാഗങ്ങളിലും ആര്‍ക്കും പുരസ്കാരമില്ല. മികച്ച സിനിമാഗ്രന്ഥം- സിനിമയുടെ നേട്ടങ്ങള്‍ (കെ ഗോപിനാഥ്), സിനിമാലേഖനം- നിറങ്ങളുടെ സൗന്ദര്യരാഷ്ട്രീയങ്ങള്‍ (ഡോ. അജു കെ നാരായണന്‍, കെ ഷെറി ജേക്കബ്).

പപ്പീലിയോബുദ്ധയ്ക്ക് രണ്ട് അവാര്‍ഡ്

തിരു: ഗാന്ധിനിന്ദ നടത്തിയെന്ന ആരോപണത്തെത്തുടര്‍ന്ന് നേരത്തെ പ്രദര്‍ശനാനുമതി നിഷേധിച്ച വിവാദ ചിത്രം "പപ്പീലിയോ ബുദ്ധയ്ക്കും" സംസ്ഥാന ചലച്ചിത്ര പുരസ്കാരം.ചിത്രത്തിലെ അഭിനയത്തിന് സരിതയും സംവിധാനത്തിന് ജയന്‍ ചെറിയാനുംപ്രത്യേക ജൂറി പരാമര്‍ശം നേടി. ഇന്ത്യന്‍ സാമൂഹികാവസ്ഥയില്‍ ദളിത് സമൂഹത്തിന്റെ പാര്‍ശ്വവല്‍ക്കരണവും പ്രകൃതിവിഭവങ്ങളുടെ ചൂഷണവും സമാനതകളില്ലാതെ ധീരമായി ആവിഷ്കരിച്ചതിനാണ് പ്രത്യേക പരാമാര്‍ശമെന്ന് ജൂറി വ്യക്തമാക്കി. സിനിമയുടെ പ്രമേയം തീവ്രതയോടെ ആവിഷ്കരിക്കാന്‍ നടിയെന്ന നിലയില്‍ സരിതയുടെ അര്‍പ്പിതമായ ശ്രമത്തെ അഭിനന്ദിക്കുന്നതായും ജൂറി പറഞ്ഞു. സരിതയുടേത് നടിയെന്ന നിലയില്‍ അപാരമായ ധീരതയായിരുന്നുവെന്ന് ജൂറിയംഗവും നടിയുമായ സുരേഖ എടുത്തു പറഞ്ഞു. അമേരിക്കയില്‍ താമസിക്കുന്ന ജയന്‍ ചെറിയാന്‍ കവി കൂടിയാണ്. "ബുദ്ധശലഭങ്ങള്‍" എന്നാണ് പപ്പീലിയോ ബുദ്ധയുടെ മലയാള പരിഭാഷ. ചിത്രം ഉടന്‍ തീയറ്ററിലെത്തുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.

സെല്ലുലോയ്ഡ് സംവിധാനം ചെയ്യാനായത് വലിയ ഭാഗ്യം: കമല്‍

തിരു: അവഗണിക്കപ്പെട്ട മലയാളസിനിമയുടെ പിതാവ് ജെ സി ഡാനിയേലിന് നല്‍കുന്ന ആദരമാണ് സെല്ലുലോയ്ഡിന് ലഭിച്ച അംഗീകാരമെന്ന് സംവിധായകന്‍ കമല്‍ പറഞ്ഞു. സെല്ലുലോയ്ഡുപോലുള്ള ചിത്രംചെയ്യാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമായി കാണുന്നു. സെല്ലുലോയ്ഡിന് കിട്ടിയ ഏഴ് അവാര്‍ഡുകള്‍ അണിയറപ്രവര്‍ത്തകരായ എല്ലാവര്‍ക്കും ലഭിച്ച അംഗീകാരമാണ്. ജനങ്ങളുടെയും സര്‍ക്കാരിന്റെയും അംഗീകാരം ഒരുപോലെ ലഭിച്ചതില്‍ അഭിമാനം. മികച്ച സംവിധായകനുള്ള അവാര്‍ഡ് തനിക്കൊപ്പം പ്രവര്‍ത്തിച്ച ലാല്‍ജോസിന് ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് കമല്‍ പറഞ്ഞു.


deshabhimani 230213

No comments:

Post a Comment