Wednesday, February 27, 2013

ജനമുന്നേറ്റം മറച്ചുവയ്ക്കാന്‍ മാധ്യമപാഴ്വേല

സിപിഐ എം സമര സന്ദേശയാത്ര മഹാജനപ്രവാഹമായി മാറുന്നത് മറച്ചുവച്ച് വിവാദം സൃഷ്ടിക്കാന്‍ മാധ്യമങ്ങളുടെ പാഴ്ശ്രമം. തിങ്കളാഴ്ച കേരളത്തിലെത്തിയ അഖിലേന്ത്യാജാഥയ്ക്ക് സംസ്ഥാന അതിര്‍ത്തിയായ കളിയിക്കാവിളയില്‍ ആവേശം ജ്വലിച്ച വരവേല്‍പ്പാണ് ലഭിച്ചത്. പതിനായിരങ്ങള്‍ ജാഥയെ എതിരേല്‍ക്കാന്‍ ഒഴുകി. സംസ്ഥാനത്ത് ആദ്യസ്വീകരണം നല്‍കിയ ആറ്റിങ്ങലിലും അടുത്ത കേന്ദ്രമായ കൊല്ലത്തും ഒരു ലക്ഷത്തിലധികം വീതം പേരാണ് അണിനിരന്നത്.

പതിവുപോലെ ഈ ജനമുന്നേറ്റവും ജാഥയില്‍ ഉയര്‍ത്തുന്ന സുപ്രധാനമായ മുദ്രാവാക്യങ്ങളും മാറ്റിവച്ച് സിപിഐ എം വിരുദ്ധ മാധ്യമങ്ങള്‍ വിവാദ നിര്‍മാണത്തില്‍ മുഴുകി. അതേസമയം ജാഥയെ ഇകഴ്ത്തിക്കാട്ടാന്‍ സൃഷ്ടിച്ച വാര്‍ത്തകള്‍ പരസ്പരവിരുദ്ധവുമായി. ജാഥയില്‍ ആരാണ് പ്രസംഗിക്കാത്തതെന്നായിരുന്നു ഇത്തവണ മാധ്യമപരിശോധന. "വി എസും പിണറായിയും പ്രസംഗിച്ചില്ല" ഇതായിരുന്നു മാതൃഭൂമിയുടെ ചൊവ്വാഴ്ചത്തെ കണ്ടെത്തല്‍. എന്നാല്‍, "വി എസ് വന്നു, പ്രസംഗിക്കാന്‍ വിളിച്ചില്ല" എന്നായി മനോരമ. അതേസമയം മാധ്യമത്തിന്റെ തലക്കെട്ടാകട്ടെ "സിപിഎം അഖിലേന്ത്യാ ജാഥ കേരളത്തില്‍, സജീവസാന്നിധ്യമായി വി എസ്" എന്നായി. ഹിന്ദുവും ഈ വഴിക്കാണ് പോയത്. ജീവിതം വഴിമുട്ടിച്ച സര്‍ക്കാരിനെതിരെ സമരസജ്ജരായി അണിചേരുന്ന ജനങ്ങളില്‍ ആശയക്കുഴപ്പം വിതയ്ക്കുകയെന്ന പതിവുജോലി കൃത്യമായി നിര്‍വഹിക്കാനാണ് മാധ്യമങ്ങള്‍ ശ്രമിച്ചത്. എന്നാല്‍, ഈ നീക്കം ദയനീയപരാജയമായി. ദൃശ്യമാധ്യമങ്ങളും ഇതേ ശ്രമം നടത്തി പരാജയപ്പെട്ടു. സിപിഐ എം ജാഥയുടെ സ്വീകരണകേന്ദ്രങ്ങളില്‍ ആരൊക്കെ പ്രസംഗിക്കണമെന്ന് തങ്ങള്‍ നേരത്തേ നിശ്ചയിച്ചിട്ടുണ്ട് എന്ന ഭാവത്തിലാണ് മാധ്യമങ്ങള്‍ വാര്‍ത്ത രചിച്ചത്. പാര്‍ടിയുടെ മുന്നേറ്റം ഇകഴ്ത്തിക്കാട്ടാനുള്ള ബദ്ധപ്പാടില്‍ ഈ വാര്‍ത്തകള്‍ പരസ്പര വിരുദ്ധമായി. സ്വീകരണകേന്ദ്രങ്ങളിലെ വന്‍ ജനപങ്കാളിത്തം പ്രാദേശിക പേജുകളിലൊതുക്കിയാണ് വിവാദത്തിലൂടെ ശ്രദ്ധതിരിക്കാനുള്ള വ്യാജസൃഷ്ടികള്‍ പ്രധാനപേജുകളില്‍ വിന്യസിച്ചത്.

 പാര്‍ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ അഖിലേന്ത്യാജാഥയ്ക്കൊപ്പം സംസ്ഥാനത്തെ എല്ലാ സീകരണകേന്ദ്രങ്ങളിലും എത്തുന്നുണ്ട്. പിബി അംഗമായ കോടിയേരി ബാലകൃഷ്ണനും പാര്‍ടി കേന്ദ്രകമ്മിറ്റി അംഗങ്ങളും വിവിധ സ്വീകരണകേന്ദ്രങ്ങളില്‍ സംസാരിക്കുന്നുമുണ്ട്. ജാഥ എത്തുന്നതിനു മുമ്പായി സ്വീകരണകേന്ദ്രങ്ങളില്‍ നേതാക്കള്‍ പ്രസംഗിക്കുന്നത് പുതിയ കാര്യമല്ല. എന്നാല്‍, പ്രാസംഗികരെ തങ്ങള്‍ തീരുമാനിച്ചിട്ടുണ്ട് എന്ന മട്ടിലാണ് പാര്‍ടിവിരുദ്ധ മാധ്യമങ്ങള്‍ പെരുമാറിയത്. അഖിലേന്ത്യാ ജാഥയെ എതിരേല്‍ക്കാന്‍ ഒഴുകിയെത്തുന്ന ജനലക്ഷങ്ങള്‍ യുഡിഎഫ് കുഴലൂത്തുകാരായ മാധ്യമങ്ങളെ തെല്ലൊന്നുമല്ല അസ്വസ്ഥരാക്കുന്നത്. ഉദ്ഘാടനസമ്മേളനം നടന്ന കന്യാകുമാരിയിലും തുടര്‍ന്ന് സ്വീകരണം ലഭിച്ച നാഗര്‍കോവിലിലും ദൃശ്യമായ ജനപങ്കാളിത്തം അത്യാവേശകരമായിരുന്നു. കേരളത്തിലെത്തിയതോടെ ജാഥാപ്രയാണം ജനങ്ങളുടെ മഹാപ്രവാഹമായി മാറി. ദുരിതങ്ങള്‍ വേട്ടയാടുന്ന ജനത പാര്‍ടി നേതൃത്വം നല്‍കുന്ന പ്രക്ഷോഭങ്ങളില്‍ ഒരേമനസ്സോടെയാണ് അണിചേരുന്നത്. തങ്ങളെ പിന്തിരിപ്പിക്കാന്‍ മാധ്യമങ്ങളുടെ കള്ളക്കഥകള്‍ക്കാവില്ലെന്ന് എത്രയോ തവണ അവര്‍ തെളിയിച്ചിട്ടുണ്ട്. എന്നിട്ടും മാധ്യമങ്ങള്‍ വ്യാജവാര്‍ത്തകള്‍ സൃഷ്ടിക്കുന്നു. പാര്‍ടിയെ ദുര്‍ബലപ്പെടുത്താന്‍ എല്ലാ ആയുധവും ഉപയോഗിച്ച് പരാജയപ്പെട്ടിട്ടും പിന്മാറാതെ പുതിയ വിവാദങ്ങളില്‍ തലപൂഴ്ത്തി സ്വയം ആശ്വസിക്കുകയാണിക്കൂട്ടര്‍.

തെളിയുന്നത് ജനകീയാടിത്തറയും സംഘാടനമികവും

കൊച്ചി: സംസ്ഥാനത്ത് മറ്റൊരു പാര്‍ടിക്കും അവകാശപ്പെടാനാകാത്ത സംഘാടനമികവിന് മകുടോദാഹരണമാവുകയാണ് സമരസന്ദേശയാത്രയുടെ ഓരോ സ്വീകരണവും. കേരളത്തിന്റെ തെക്കേ അറ്റമായ കളിയിക്കാവിളയില്‍നിന്നു തുടങ്ങി വ്യവസായ നഗരമായ കൊച്ചിയില്‍വരെ ജാഥ ഏറ്റുവാങ്ങിയ സ്വീകരണങ്ങളോരോന്നും ഒന്നിനൊന്ന് മികവുറ്റത്. ജാഥയിലൂടെ സിപിഐ എം മുന്നോട്ടുവയ്ക്കുന്ന മുദ്രാവാക്യങ്ങള്‍ ജനങ്ങള്‍ പൂര്‍ണമനസ്സോടെ ഏറ്റെടുക്കുന്നതാണ് ഇതുവരെയുള്ള അഞ്ചു ജില്ലയിലും കണ്ടത്. ജീവിതത്തെ വറുതിയുടെ എരിതീയിലേക്കു തള്ളിവിട്ട നവലിബറല്‍ നയങ്ങള്‍ക്കെതിരെ പോരാട്ടം മാത്രമാണ് പോംവഴിയെന്ന തിരിച്ചറിവാണ് സ്വീകരണകേന്ദ്രങ്ങളിലെ ജനബാഹുല്യത്തിന് നിദാനം. ഒപ്പം സിപിഐ എമ്മിനുമാത്രം അവകാശപ്പെട്ട ഉലയാത്ത ജനകീയാടിത്തറയും അന്യൂനമായ സംഘാടനമികവും പ്രതിഫലിക്കുന്നു.

സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, ജാഥയുടെ കേരളത്തിലെ മാനേജര്‍ എ കെ ബാലന്‍ എന്നിവര്‍ ജാഥയിലുടനീളം സഞ്ചരിക്കുന്നു. രണ്ടാം ദിനത്തിനൊടുവില്‍ കൊല്ലത്ത് ലഭിച്ച ഹൃദ്യമായ സ്വീകരണത്തിനുശേഷം ചൊവ്വാഴ്ച രാവിലെ ആലപ്പുഴയ്ക്ക് പുറപ്പെട്ട ജാഥയെ കൃഷ്ണപുരം മുക്കടയില്‍ ജില്ലാ സെക്രട്ടറി സി ബി ചന്ദ്രബാബുവിന്റെ നേതൃത്വത്തിലാണ് സ്വീകരിച്ചത്. സംസ്ഥാനകമ്മിറ്റി അംഗങ്ങളായ സി കെ സദാശിവന്‍ എംഎല്‍എ, സി എസ് സുജാത, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ എം സുരേന്ദ്രന്‍, സജി ചെറിയാന്‍ എന്നിവരും നേതാക്കളെ സ്വീകരിക്കാനെത്തി. ആലപ്പുഴ നഗരത്തിലെ ഇഎംഎസ് സ്റ്റേഡിയത്തില്‍ ജാഥാക്യാപ്റ്റന്‍ എസ് രാമചന്ദ്രന്‍ പിള്ളയും ജാഥാംഗം വി ശ്രീനിവാസ് റാവുവും എത്തും മുമ്പേ ജാഥാംഗങ്ങളായ എം എ ബേബിയും സുധ സുന്ദരരാമനും എത്തിയിരുന്നു. ജാഥാംഗങ്ങളെ കൂടാതെ പി ബി അംഗം കോടിയേരി ബാലകൃഷ്ണന്‍, കേന്ദ്രകമ്മിറ്റി അംഗങ്ങളായ വൈക്കം വിശ്വന്‍, ഡോ. ടി എം തോമസ് ഐസക് എന്നിവര്‍ സംസാരിച്ചു. സി ബി ചന്ദ്രബാബു സ്വാഗതം പറഞ്ഞു. സംഘാടകസമിതി ചെയര്‍മാന്‍ ജി സുധാകരന്‍ അധ്യക്ഷനായി. മുതിര്‍ന്ന നേതാവ് പി കെ ചന്ദ്രാനന്ദന്‍, സി എസ് സുജാത, എ എം ആരിഫ് എംഎല്‍എ, പ്രതിഭാഹരി, മേഴ്സി ഡയാന മരിഡോ തുടങ്ങിയവര്‍ സംബന്ധിച്ചു. ജില്ലയിലെ രക്തസാക്ഷി കുടുംബാംഗങ്ങളെ യോഗത്തില്‍ ആദരിച്ചു.

കോട്ടയത്തേക്കുള്ള യാത്ര ജില്ലാ അതിര്‍ത്തിയിലെത്തുമ്പോള്‍ ലഭിച്ച സ്വീകരണത്തില്‍ കോട്ടയം ജില്ലാ സെക്രട്ടറി കെ ജെ തോമസ് എസ്ആര്‍പിയെ ഷാളണിയിച്ചു. വി ആര്‍ ഭാസ്കരന്‍, എം ടി ജോസഫ്, പി എന്‍ പ്രഭാകരന്‍, കൃഷ്ണകുമാരി രാജശേഖരന്‍, എ വി റസ്സല്‍ എന്നിവര്‍ ചടങ്ങിനെത്തി. കോട്ടയത്തെ ആവേശകരമായ പൊതുസമ്മേളനത്തില്‍ ജാഥാക്യാപ്റ്റന്‍ എസ് ആര്‍ പി, അംഗങ്ങളായ എം എ ബേബി, സുധ സുന്ദരരാമന്‍ എന്നിവരും തോമസ് ഐസക്കും സംസാരിച്ചു. പത്തനം തിട്ട ജില്ലാ സെക്രട്ടറി അനന്തഗോപന്‍ ജാഥാംഗങ്ങള്‍ക്കും പിണറായിക്കും ആറന്മുളക്കണ്ണാടി സമ്മാനിച്ചു. കെ ജെ തോമസ്, വൈക്കം വിശ്വന്‍, സുരേഷ്കുറുപ്പ് എന്നിവരും സംബന്ധിച്ചു. വി എന്‍ വാസവന്‍ അധ്യക്ഷനായി. എറണാകുളം അതിര്‍ത്തിയായ പൂത്തോട്ടയില്‍ സ്വീകരണകേന്ദ്രത്തില്‍ ബാന്‍ഡ്വാദ്യവും റെഡ് വളണ്ടിയര്‍മാരുടെ ഗാഡ് ഓഫ് ഓണറും ആവേശകരമായി. ജില്ലാ സെക്രട്ടറി എം വി ഗോവിന്ദന്‍, കേന്ദ്രകമ്മിറ്റി അംഗം എം സി ജോസഫൈന്‍, എസ് ശര്‍മ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം. മറൈന്‍ഡ്രൈവില്‍ ചേര്‍ന്ന വന്‍ റാലിയില്‍ എസ് ആര്‍പി, എം എ ബേബി, സുധ സുന്ദരരാമന്‍, എ വിജയരാഘവന്‍ എന്നിവര്‍ക്കു പുറമെ ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യരും സംസാരിച്ചു. പി രാജീവ് അധ്യക്ഷനായി. കെ ചന്ദ്രന്‍പിള്ള സ്വാഗതം പറഞ്ഞു. എം കെ സാനു, കഥകളി നടന്‍ ഫാക്ട് പദ്മനാഭന്‍, ചിത്രകാരന്‍ കലാധരന്‍ എന്നിവരും സംബന്ധിച്ചു.

deshabhimani 270213

No comments:

Post a Comment