Thursday, February 14, 2013

കര്‍ണാടക വിധാന്‍സൗധയിലേക്ക് സിപിഐ എം മാര്‍ച്ച്


ബംഗളൂരു: ജാതീയ അനാചാരങ്ങള്‍ക്കും ദളിത് പീഡനങ്ങള്‍ക്കുമെതിരെ സിപിഐ എം നടത്തുന്ന പോരാട്ടത്തിന്റെ തുടര്‍ച്ചയായി ബംഗളൂരുവില്‍ ദളിത്-പിന്നോക്ക വിഭാഗക്കാര്‍ വിധാന്‍സൗധ ചലോ മാര്‍ച്ച് നടത്തി. "മഡെസ്നാ", "പന്തിഭേദ" തുടങ്ങിയ അനാചാരങ്ങള്‍ ഇല്ലാതാക്കുക, വര്‍ധിച്ചുവരുന്ന ദളിത് പീഡനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുക, ദേവദാസി സമ്പ്രദായം അവസാനിപ്പിക്കുക, ദേവദാസികളെ പുനരധിവസിപ്പിക്കുക, പിന്നോക്കക്കാര്‍ക്ക് വിദ്യാഭ്യാസ സംവരണവും ജോലിസംവരണവും ഉറപ്പുവരുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു മാര്‍ച്ച്. റെയില്‍വേസ്റ്റേഷന്‍ പരിസരത്തുനിന്നാരംഭിച്ച മാര്‍ച്ചില്‍ സ്ത്രീകളടക്കം നുറുകണക്കിന് ദളിത്-പിന്നോക്ക വിഭാഗക്കാര്‍ അണിനിരന്നു. ഫ്രീഡംപാര്‍ക്ക് പരിസരത്ത് പൊലീസ് തടഞ്ഞു. സിപിഐ എം സംസ്ഥാന സെക്രട്ടറി ജി വി ശ്രീറാം റെഡ്ഡി മാര്‍ച്ച് ഉദ്ഘാടനംചെയ്തു. ദളിതര്‍ക്കും പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കും ഭരണഘടനപ്രകാരം ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ പലതും ലഭിക്കുന്നില്ലെന്നും ദളിത് ക്ഷേമത്തിനായി ഉപയോഗിക്കേണ്ട പണം വകമാറ്റി ചെലവഴിക്കുന്നതായും ശ്രീറാംറെഡ്ഡി പറഞ്ഞു. സെക്രട്ടറിയറ്റ് അംഗങ്ങളായ മാരുതിമാന്‍പടെ, വി ജെ കെ നായര്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് സിപിഐ എം നേതാക്കള്‍ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാര്‍ക്ക് നിവേദനവും നല്‍കി.

deshabhimani

No comments:

Post a Comment