Saturday, February 23, 2013

സ്ത്രീകളെ ലീഗുകാര്‍ ആക്രമിച്ച കേസ് തള്ളണമെന്ന ആവശ്യം കോടതി നിരസിച്ചു


കരിപ്പൂര്‍ വിമാനത്താവള പരിസരത്ത് ജനാധിപത്യ മഹിളാ അസോസിയേഷന്‍ പ്രവര്‍ത്തകരെ മുസ്ലിംലീഗുകാര്‍ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ പ്രതികളെ രക്ഷിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിന് തിരിച്ചടി. കേസ് പിന്‍വലിക്കണമെന്ന സര്‍ക്കാരിന്റെ ആവശ്യം മഞ്ചേരി ജെഎഫ്സിഎം കോടതി (രണ്ട്) തള്ളി. ഗുരുതരമായ കുറ്റങ്ങളടങ്ങിയ കേസ് വിചാരണകൂടാതെ പിന്‍വലിക്കാനാവില്ലെന്നു പറഞ്ഞ കോടതി അപേക്ഷ ഏകപക്ഷീയമാണെന്ന് വിലയിരുത്തി.

2004 നവംബര്‍ ഒന്നിന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിക്ക് സ്വീകരണം നല്‍കാനെത്തിയ ലീഗ് പ്രവര്‍ത്തകര്‍ മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചതിനു തൊട്ടുമുമ്പാണ് സംഭവം. മന്ത്രിക്കെതിരെ പ്രതിഷേധപ്രകടനവുമായെത്തിയ മഹിളാ അസോസിയേഷന്‍ പ്രവര്‍ത്തകരെ വിമാനത്താവളത്തിനു സമീപത്ത് ലീഗുകാര്‍ ആക്രമിക്കുകയായിരുന്നു. അസോസിയേഷന്‍ പ്രവര്‍ത്തകരായ കൊറ്റിച്ചാലില്‍ ലക്ഷ്മി, ഗീത, ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റിയംഗമായിരുന്ന പി സാജിദ എന്നിവര്‍ക്ക് പരിക്കേറ്റു. മൂക്ക് പൊട്ടിയ സാജിദക്ക് പിന്നീട് സര്‍ജറി നടത്തേണ്ടിവന്നു. വനിതാ സിവില്‍ പൊലീസ് ഓഫീസര്‍ക്ക് പരിക്കേറ്റു. പൊലീസ് ബസ് തകര്‍ത്തു. മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച സംഭവത്തില്‍ പ്രതികള്‍ ശിക്ഷിക്കപ്പെട്ടിരുന്നു. ഇതിലുള്‍പ്പെട്ട മിക്കവരും സ്ത്രീകളെ ആക്രമിച്ച കേസിലുമുണ്ട്.

പ്രതികളുടെ അഭ്യര്‍ഥനയെ തുടര്‍ന്ന് കേസ് പിന്‍വലിക്കാന്‍ ആഭ്യന്തരവകുപ്പ് തീരുമാനിക്കുകയായിരുന്നു. കേസ് പിന്‍വലിക്കുന്നതില്‍ എതിര്‍പ്പില്ലെന്നുകാട്ടി സര്‍ക്കാര്‍ അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ വഴി കോടതിയില്‍ അപേക്ഷ നല്‍കി. സാക്ഷിവിസ്താരംപോലും പൂര്‍ത്തിയാക്കാതെയായിരുന്നു ഇത്. തെളിവുകള്‍ കുറവ്, സാക്ഷികള്‍ പ്രതികളെ തിരിച്ചറിഞ്ഞില്ല, പ്രതികള്‍ വിവിധ സ്ഥലങ്ങളിലുള്ളവരാണ്, ആള്‍ക്കൂട്ടത്തിന്റെ പെട്ടെന്നുള്ള ആക്രമണമായിരുന്നു, കേസ് രാഷ്ട്രീയ പ്രേരിതമാണ്, കേസ് പ്രദേശത്തെ സമാധാനം തകര്‍ക്കും, സംഭവസ്ഥലത്തുതന്നെ അറസ്റ്റ് നടത്തിയില്ല, ജയിക്കാന്‍ സാധ്യതയില്ല തുടങ്ങിയ കാരണങ്ങള്‍ നിരത്തിയായിരുന്നു പിന്‍വലിക്കാന്‍ അപേക്ഷിച്ചത്. എന്നാല്‍ ഇത് തള്ളിയ മജിസ്ട്രേട്ട് ഡൊണാള്‍ഡ് സെക്വേറ സ്ത്രീകള്‍ക്കെതിരായ കുറ്റങ്ങള്‍ സംബന്ധിച്ച കേസിന്റെ തീരുമാനം വിചാരണയിലൂടെ തന്നെ ഉണ്ടാവണമെന്ന് ഉത്തരവിട്ടു. സംഘം ചേരല്‍, അസഭ്യം പറയല്‍, ആയുധങ്ങളുമായി ആക്രമിച്ച് പരിക്കേല്‍പ്പിക്കല്‍, അപമാനിക്കല്‍ എന്നിവക്കുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. ലീഗ് പ്രവര്‍ത്തകരായ വല്ലാഞ്ചിറ അബ്ദുള്‍മജീദ്, കയത്തിങ്കല്‍ സക്കീര്‍, ശിഹാബുദ്ദീന്‍, അബ്ദുള്ള, അബ്ദുള്‍മജീദ്, വട്ടത്തൊടിക ഹംസ, അബ്ദുള്‍റഷീദ്, അബ്ദുള്‍ മജീദ്, കാരാട്ട് ഖാലിദ്, ഏറാത്തൊടി ഫൈസല്‍, കരുങ്കുളത്ത് ശിഹാബ്, കാരാട്ട് ഷംസീര്‍, അന്‍സാര്‍, സുഹൈല്‍, നൗഫല്‍, സിറാജ് എന്നിവരാണ് പ്രതികള്‍.

deshabhimani 230213

No comments:

Post a Comment