Tuesday, February 26, 2013

ബി ജെ പിയില്‍ ഇനി ബഹിഷ്‌ക്കരണകാലം


ബി ജെ പി സംസ്ഥാന അധ്യക്ഷനായി വി മുരളീധരനെ കോണ്‍ഗ്രസ് ശൈലിയില്‍ കേന്ദ്ര നേതൃത്വം ജനാധിപത്യവിരുദ്ധമായി അടിച്ചേല്‍പ്പിച്ചതിനെതിരേ പാര്‍ട്ടിയില്‍ പുകയുന്ന കലാപം പുതിയമാനങ്ങളിലേക്ക്.

സംസ്ഥാന നേതൃത്വത്തില്‍ വലിയൊരുവിഭാഗവും മഹാഭൂരിപക്ഷം ജില്ലാ കമ്മറ്റികളും എതിര്‍പ്പിന്റെ നെടുങ്കോട്ടകള്‍ പണിതിട്ടും അതെല്ലാം തകര്‍ത്ത് മുരളീധരനെ രണ്ടാംമൂഴം നല്‍കി വാഴിച്ചത് ബി ജെ പിയുടെ മൂന്നരപതിറ്റാണ്ടോളം നീളുന്ന ചരിത്രത്തില്‍ കേന്ദ്രനേതൃത്വത്തിന്റെ ഏകാധിപത്യവാഴ്ച ഇതാദ്യമാണെന്നാണ് പാര്‍ട്ടിയിലെ കലാപകാരികളുടെ പക്ഷം.

രാഹുല്‍ഗാന്ധിയെ കിരീടാവകാശിയായി സോണിയാഗാന്ധിവാഴിച്ചപ്പോള്‍ കോണ്‍ഗ്രസിന്റെ നോമിനേഷന്‍ സംസ്‌ക്കാരത്തെ വിമര്‍ശിച്ച ബി ജെ പി കേന്ദ്ര നേതൃത്വം അതേപാതയിലൂടെ നീങ്ങുന്നതിനെ എങ്ങനെ ന്യായീകരിക്കാനാവുമെന്നായിരുന്നു തിരുവനന്തപുരം ജില്ലയിലെ ഒരു പ്രമുഖ സംസ്ഥാന നേതാവിന്റെ ചോദ്യം.പി പി മുകുന്ദനേയും കെ രാമന്‍പിള്ളയേയും പോലുള്ള വമ്പന്‍ നേതാക്കളെ ഒഴിവാക്കിയ ബി ജെ പിക്ക് എങ്ങനെ മുരളീധരന്‍ അനിവാര്യനായി എന്നായിരുന്നു ആര്‍ എസ് എസിന്റെ പ്രമുഖ നേതാക്കള്‍ ആശ്ചര്യപ്പെടുന്നത്.

ബി ജെ പി സംസ്ഥാന പ്രസിഡന്റടക്കമുള്ള നേതൃത്വത്തെ തെരഞ്ഞെടുത്തിരുന്നത് ഇതുവരെ ആര്‍ എസ് എസും വിശ്വഹിന്ദുപരിഷത്തും ബജ്‌രംഗ്ദളുമടക്കമുള്ള സംഘപരിവാര്‍ സംഘടനകളുടെ മാര്‍ഗനിര്‍ദേശമനുസരിച്ചായിരുന്നു. എന്നാല്‍ കേന്ദ്രനേതൃത്വം ഇതാദ്യമായി ആര്‍ എസ് എ സിനെ തീണ്ടാപ്പാടകലെ നിര്‍ത്തി മുരളീധരനെ വീണ്ടും അവരോധിച്ചതിലുള്ള ആര്‍ എസ് എസിന്റെ ജാള്യത പകയായി വളര്‍ന്നുകഴിഞ്ഞുവെന്നാണ് സൂചന.

ഇതിന്റെ ഭാഗമായി ആര്‍ എസ് എസിന്റെ പ്രതിനിധിയായി നേരത്തെതന്നെ സംസ്ഥാന സംഘടനാ സെക്രട്ടറിയാവുകയും ഇപ്പോഴും തുടരുകയും ചെയ്യുന്ന കെ ആര്‍ ഉമാകാന്തിനെ സ്ഥാനത്തുനിന്നും പിന്‍വലിപ്പിക്കാന്‍ ആര്‍ എസ് എസ് നേതൃത്വം നീക്കം തുടങ്ങി. ഇന്നലെ കൊച്ചിയില്‍ ചേര്‍ന്ന ആര്‍ എസ് എസ് നേതൃയോഗം ഇതുസംബന്ധിച്ചതീരുമാനം എടുത്തതായും അറിയുന്നു.പ്രസിഡന്റായി മൂന്നുവര്‍ഷം മുമ്പ് മുരളീധരന്റെ അരങ്ങേറ്റം ആര്‍ എസ് എസിന്റെ അനുഗ്രഹാശിസുകളോടെയായിരുന്നുവെങ്കില്‍ കസേരകിട്ടി ഏറെ താമസിയാതെ തന്നെ അദ്ദേഹം സംഘപരിവാറുമായി അകലുകയും പുതിയ ചങ്ങാത്തങ്ങളിലേയ്ക്ക് ചുവടുമാറ്റം നടത്തുകയും ചെയ്തുവെന്നാണ്  ആര്‍ എസ് എസ് നേതൃത്വത്തിന്റെ ആരോപണം.

സംസ്ഥാന നേതൃത്വത്തെയോ അണികളെയോ ഒന്നിച്ചുകൊണ്ടുപോകാനുള്ള എല്ലാ സാധ്യതകളും മുരളീധരന്റെ സ്ഥാനാരോഹണത്തോടെ മങ്ങിക്കഴിഞ്ഞുവെന്നു കരുതുന്ന ആര്‍ എസ് എസ് അതിന്റെ പരിപാടികളില്‍ നിന്നും ബി ജെ പി സംസ്ഥാന അധ്യക്ഷനെ ഒഴിവാക്കുന്നതിനെക്കുറിച്ചുപോലും ആലോചിക്കുന്നുണ്ടത്രേ.

ബി ജെ പിയിലെ തമ്മിലടി മൂര്‍ഛിച്ചാല്‍ ഇനി ഇടപെടേണ്ടതില്ലെന്നും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി ജെ പിയുടെ കാര്യങ്ങളില്‍ സഹായിക്കേണ്ടതില്ലെന്നും കൊച്ചിയില്‍ ചേര്‍ന്ന നേതൃയോഗത്തില്‍ ധാരണയായതായും അറിയുന്നു. മുരളീധരന്റെ സംഘടനാപാടവവും പാര്‍ട്ടിയുടെ ശക്തിവര്‍ധിപ്പിക്കാന്‍ നടത്തിയ പരിശ്രമങ്ങള്‍ ഫലം കണ്ടതുമാണ് രണ്ടാം ഊഴം നല്‍കാന്‍ പ്രേരിപ്പിച്ചതെന്ന കേന്ദ്ര നേതൃത്വത്തിന്റെ ന്യായവാദത്തെ വിമതര്‍ക്കിടയിലെ ആര്‍ എസ് എസിന്റെ ഉല്‍പ്പന്നമായ ഒരു പ്രമുഖ സംസ്ഥാന നേതാവ് പരിഹസിച്ചു തള്ളുന്നു. ''നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍ ഒ രാജഗോപാല്‍ ഗണ്യമായ വോട്ടുപിടിച്ചത് മുരളീധരന്റെ സംഘടനാശേഷികൊണ്ടൊന്നുമല്ല.

ഒരു പ്രത്യേകസാഹചര്യത്തില്‍ മുസ്‌ലിം ലീഗിന്റെ അഞ്ചാംമന്ത്രിപദത്തെചൊല്ലി എന്‍ എസ് എസിന്റേയും എസ് എന്‍ ഡി പിയുടേയും വോട്ടര്‍മാര്‍ കൂട്ടത്തോടെ രാജഗോപാലിന് വോട്ടുചെയ്യുകയായിരുന്നു. അതിന്റെ പേരില്‍ കേന്ദ്രനേതൃത്വമോ മുരളീധരനോ മേനിനടിക്കേണ്ടതില്ല''. അദ്ദേഹം ഓര്‍മ്മിപ്പിച്ചു.2004 ലെ തെരഞ്ഞെടുപ്പില്‍ ബി ജെ പി സംസ്ഥാനത്ത് 12.93 ശതമാനം വോട്ടുനേടി. മുരളീധരന്റെ 'അസാമാന്യമായ സംഘടനാ നൈപുണ്യം' മൂലം അത് 6 ശതമാനം മാത്രമായി കുത്തനെ ഇടിഞ്ഞുതാണതാണോ കേന്ദ്ര നേതൃത്വം നേട്ടമായി കാണുന്നതെന്നും അദ്ദേഹം പരിഹസിച്ചു. മുരളീധരന്‍ പ്രസിഡന്റായി സ്ഥാനമേല്‍ക്കുമ്പോള്‍ 11 പഞ്ചായത്തുകളാണ് ബി ജെ പി ഒറ്റയ്ക്കു ഭരിച്ചിരുന്നത്. 2010 ആയപ്പോള്‍ അതു രണ്ടായിചുരുങ്ങിയതാണ് നേട്ടമായി കേന്ദ്ര നേതൃത്വം വ്യാഖ്യാനിക്കുന്നതെങ്കില്‍, ആ കണക്കില്‍ സഹതപിക്കാതെ എന്തുചെയ്യുമെന്ന ചോദ്യവും അദ്ദേഹം എടുത്തെറിയുന്നു.

ബി ജെ പിയുടെ സംസ്ഥാനത്തെ ലിക്വിഡേറ്ററെയാണ് ദേശീയ നേതൃത്വം അവരോധിച്ചിരിക്കുന്നതെന്ന അഭിപ്രായവും വിമത നേതാക്കള്‍ക്കുണ്ട്. ഇതിനെതിരെ സംസ്ഥാന നേതാക്കളും ജില്ലാ നേതൃത്വവും ആരംഭിക്കുന്ന പ്രത്യാക്രമണത്തിന്റെ ഭാഗമായി മുരളീധരനെ ബഹിഷ്‌ക്കരിക്കാന്‍ വ്യാപകമായ പദ്ധതിയും പാര്‍ട്ടിയിലെ കലാപകാരികള്‍ മെനയുന്നുവെന്ന സൂചനയും ശക്തം.കാര്യങ്ങള്‍ ഇത്രവേഗം ഇത്രയധികം കലങ്ങിമറിയുമെന്ന് മുരളീധരനെ അനുകൂലിച്ച പല നേതാക്കളും കരുതിയില്ല.  പ്രതിസന്ധി മൂര്‍ഛിച്ചതോടെ മുട്ടുശാന്തിതേടി ഒ രാജഗോപാലും മുന്‍പ്രസിഡന്റുമാരായ പി എസ് ശ്രീധരന്‍പിള്ളയും പി കെ കൃഷ്ണദാസും നാളെ ബി ജെ പി അധ്യക്ഷന്‍ രാജ്‌നാഥിനെ കാണുന്നുണ്ട്.

കെ രംഗനാഥ്  janayugom 260213

No comments:

Post a Comment