Monday, February 25, 2013

അന്വേഷണസംഘം വെറുംകൈയോടെ തിരിച്ചെത്തി


ഹെലികോപ്റ്റര്‍ കോഴയുടെ വിശദാംശം തേടി ഇറ്റലിക്കു പോയ അന്വേഷണസംഘം വെറുംകൈയോടെ ഇന്ത്യയില്‍ മടങ്ങിയെത്തി. ഇടപാടിനെ സംബന്ധിച്ച് ഇറ്റലിയില്‍ തുടങ്ങിയ അന്വേഷണം തുടരുമെന്ന ഉറപ്പുപോലും അന്വേഷണസംഘത്തിന് ലഭിച്ചിട്ടില്ല. കാര്യമായ വിവരമൊന്നും ലഭിക്കാത്ത സാഹചര്യത്തില്‍ പ്രതിരോധ മന്ത്രാലയം ഉത്തരവിട്ടിരിക്കുന്ന സിബിഐ അന്വേഷണം ഇഴയുമെന്നുറപ്പായി.

ഇറ്റാലിയന്‍ കമ്പനിയായ ഫിന്‍മെക്കാനിക്കയുടെ ഉപസ്ഥാപനമായ അഗസ്ത വെസ്റ്റ്ലാന്‍ഡുമായുള്ള ഹെലികോപ്റ്റര്‍ ഇടപാടിന്റെ വിവരം ശേഖരിക്കാനാണ് സംഘം ഇറ്റലിക്കു പോയത്. സിബിഐ ഉദ്യോഗസ്ഥന്‍, പ്രതിരോധ മന്ത്രാലയം ജോയിന്റ് സെക്രട്ടറി, നിയമവിദഗ്ധന്‍ എന്നിവരായിരുന്നു സംഘത്തില്‍. തങ്ങള്‍ ആരംഭിച്ച അന്വേഷണം തുടരണോ വേണ്ടയോ എന്ന് ഇനിയും തീരുമാനിക്കേണ്ടിയിരിക്കുന്നുവെന്നാണ് ഇറ്റാലിയന്‍ പ്രോസിക്യൂട്ടര്‍ സംഘത്തെ അറിയിച്ചത്. 90 ദിവസത്തിനകം ഇക്കാര്യത്തില്‍ തീരുമാനമുണ്ടാവും. അതുവരെ ഇടപാടുമായി ബന്ധപ്പെട്ട ഔദ്യോഗിക രേഖകള്‍ ഇന്ത്യയ്ക്ക് കൈമാറില്ലെന്നും ഇറ്റാലിയന്‍ പ്രോസിക്യൂട്ടര്‍ അറിയിച്ചു. രേഖകള്‍ ഇന്ത്യയ്ക്ക് നല്‍കാന്‍ കഴിയില്ലെന്ന് നേരത്തെ ഇറ്റാലിയന്‍ കോടതിയും വിധിച്ചിരുന്നു. അതേസമയം ആഭ്യന്തര സാമ്പത്തിക കണക്കെടുപ്പുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇന്ത്യയ്ക്ക് കൈമാറാമെന്ന് ഫിന്‍മെക്കാനിക്ക സമ്മതിച്ചിട്ടുണ്ട്. ഇടപാടില്‍ അനധികൃതമായി ഒന്നും നടന്നിട്ടില്ലെന്ന് കണക്കെടുപ്പില്‍ വ്യക്തമായെന്നാണ് കമ്പനിയുടെ അവകാശവാദം. ഈ സാഹചര്യത്തില്‍ ഫിന്‍മെക്കാനിക്ക കൈമാറുന്ന വിവരങ്ങളുടെ ആധികാരികത സംശയാസ്പദമാണ്. ഇടനിലക്കാരനായി പ്രവര്‍ത്തിച്ച ഗിഡോ റാള്‍ഫ് ഹാഷ്കെയുടെ ഇടപാടുകളെക്കുറിച്ചുള്ള വിവരം നല്‍കാമെന്ന് ഫിന്‍മെക്കാനിക്ക അറിയിച്ചു.

ഹെലികോപ്റ്റര്‍ ഇടപാടില്‍ സോഫ്റ്റ് വെയര്‍ കമ്പനിയുടെ മറവില്‍ ഇന്ത്യയിലേക്ക് കോഴപ്പണത്തിന്റെ ഓഹരി എത്തിച്ച ഇടനിലക്കാരില്‍ ഒരാളാണ് കോണ്‍ഗ്രസ് നേതൃത്വവുമായി ബന്ധം പുലര്‍ത്തുന്ന ഹാഷ്കെ. കോണ്‍ഗ്രസ് വൈസ്പ്രസിഡന്റ് രാഹുല്‍ ഗാന്ധിയുടെ സെക്രട്ടറി കനിഷ്ക സിങ്ങിന്റെ കുടുംബം നടത്തുന്ന എമ്മാര്‍ എംജിഎഫ് റിയല്‍ എസ്റ്റേറ്റ് കമ്പനിയില്‍ ഹാഷ്കെ ഡയറക്ടറായിരുന്നു. ചണ്ഡീഗഢ് കേന്ദ്രമായ സോഫ്റ്റ്വെയര്‍ കമ്പനികളായ ഐഡിഎഫ് ഇന്‍ഫോടെക്, എയ്റോമാട്രിക്സ് എന്നിവയുമായി നടത്തിയ ഇടപാടുകളെക്കുറിച്ചുള്ള രേഖകള്‍ നല്‍കണമെന്ന് അന്വേഷണസംഘം ഫിന്‍മെക്കാനിക്കയോട് ആവശ്യപ്പെട്ടു. അഗസ്ത വെസ്റ്റ്ലാന്‍ഡിനു വേണ്ടി ഹാഷ്കെ കോഴപ്പണം ഇന്ത്യയില്‍ എത്തിച്ചത് ഈ കമ്പനികളുടെ മറപിടിച്ചാണെന്നാണ് വിവരം.

deshabhimani

No comments:

Post a Comment